പരിപ്പിനോടുള്ള എന്റെ സ്നേഹം ഡല്‍ഹി ജീവിതത്തില്‍ നിന്നും കിട്ടിയതാണ്. പല തരം പരിപ്പുകള്‍ പല രീതിയില്‍ പാകം ചെയ്തു ചോറിനും ചപ്പാത്തിക്കും കഴിക്കുക ഒരു ശീലമാണ് അവിടെ. പരിപ്പ് ഏതു രൂപത്തില്‍ കിട്ടിയാലും എനിക്ക് സന്തോഷം ആണ്. മാത്രവുമല്ല അത്താഴത്തിനു ചപ്പാത്തിക്ക് ഒരു നല്ല കൂട്ട് കൊടുക്കുവാന്‍ പരിപ്പിന് മാത്രമേ കഴിയൂ എന്ന് എനിക്ക് തോന്നാറുണ്ട്. :-) ഏതായാലും പയര്‍, കടല, പരിപ്പ് എന്നീ കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം കുറയ്‌ക്കാന്‍ സഹായിക്കും എന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.
ഈ ദാല്‍ ഫ്രൈ നിങ്ങള്‍ ഉദ്ദേശിക്കുന്ന ദാല്‍ ഫ്രൈ ആണോ എന്ന് എനിക്ക് പിടുത്തമില്ല. എന്തായാലും ഞാന്‍ ഉണ്ടാക്കുന്ന ദാല്‍ ഫ്രൈ ഇങ്ങനെയാണ്. ‘ലിജീസ് വേര്‍ഷന്‍’ എന്ന് വിളിക്കാം. :)
ചേരുവകള്‍
തുവര പരിപ്പ് 1/4 കപ്പ്
ചെറുപയര്‍ പരിപ്പ് 1/4 കപ്പ്
ചുവന്ന പരിപ്പ് 1/4 കപ്പ്
സവാള – 1 എണ്ണം ചെറുതായി അരിഞ്ഞത്
മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
വെളുത്തുള്ളി – അരിഞ്ഞത് ഒരു ടീസ്പൂണ്‍
പച്ച മുളക് – 4 എണ്ണം
ജീരകം – അര ടീസ്പൂണ്‍
കടുക് – അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ഒരു പിടി
എണ്ണ – ഒരു ടീസ്പൂണ്‍
വറ്റല്‍ മുളക് – 2 എണ്ണം
തയ്യാറാക്കുന്ന വിധം
പരിപ്പ് കഴുകി വൃത്തിയാക്കുക. പ്രഷര്‍കുക്കറില്‍ പരിപ്പ് ഇരട്ടി വെള്ളവും മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് 3 വിസില്‍ വരുന്നത് വരെ വേവിക്കുക. ആവി പോയി കഴിയുമ്പോള്‍ തുറന്ന് നീളത്തില്‍ കീറിയ 2 പച്ച മുളക് ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക. മറ്റൊരു പാത്രത്തില്‍ എണ്ണയൊഴിച്ച് ജീരകം, കടുക്, വറ്റല്‍മുളക് എന്നിവ വറക്കുക. ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന വെളുത്തുള്ളിയും വലിയ ഉള്ളിയും ബാക്കി മുളകും ചേര്‍ക്കുക. ഇവ ബ്രൌണ്‍ നിറം ആകുമ്പോള്‍ വേവിച്ചുവെച്ചിരിക്കുന്ന പരിപ്പിലേക്ക് ചേര്‍ക്കുക. നന്നായി ഇളക്കി തീ ഓഫ് ചെയ്യുക. മുകളില്‍ മല്ലിയില വിതറുക. ദാല്‍ ഫ്രൈ റെഡി. :)
- ലിജി അരുണ്‍