പാലക് പയര്‍ കറി

November 21st, 2011

palak lobia curry-epathram

കേരളത്തിലെ ചീരയുമായി വളരെ സാദൃശ്യമുള്ള ഈ സസ്യം ഉത്തരേന്ത്യന്‍ ഭക്ഷണത്തിലെ ഒരു പ്രധാന ഇനമാണ്. പാലക് ദാലും പാലക്‌ പനീറും പാലക് മട്ടറുമെല്ലാം ഉത്തരേന്ത്യക്കാരുടെ പ്രിയവിഭവങ്ങളാണ്. എന്നാല്‍ നമ്മള്‍ മലയാളികള്‍ ഈ ഇലക്കറിയില്‍ അധികം കൈ വയ്ക്കാറില്ല എന്ന് തോന്നുന്നു. കാരണം നമ്മുടെ നാട്ടിലെ ചീരയെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇതിനു അത്രയും സ്വാദ് പോര. മാത്രവുമല്ല ജലാംശം കൂടുതല്‍ ഉള്ളത് കൊണ്ട് തോരന്‍ വച്ചാല്‍ കുഴഞ്ഞു ഇരിക്കും.

palak-epathram

പോഷക സമൃദ്ധമായ പാലക് നൂറ് ഗ്രാമില്‍ 2 ഗ്രാം മാംസ്യം, 0.7 ഗ്രാം കൊഴുപ്പ്, 73 മി. ഗ്രാം കാല്‍സ്യം, 21 മി.ഗ്രാം ഫോസ്ഫറസ്, 1.14 മി. ഗ്രാം അയണ്‍, 2.7 മി. ഗ്രാം വിറ്റാമിന്‍, 0.26 മി. ഗ്രാം റൈബോഫ്ലേവിന്‍, 0.03 നയാമിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ബി, സി എന്നിവയുടെ കലവറയായ പാലക് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗര്‍ഭിണികളുടെ പോഷകാഹാരത്തിനും പാലക് ഉള്‍പ്പെടുത്താവുന്നതാണ്.

blackeyedpeas-epathram

ഓക്കേ ഓക്കേ .. പാലക് പുരാണം അവിടെ നില്‍ക്കട്ടെ. ഇത്രയും സവിശേഷതകള്‍ ഉള്ള ഈ പച്ചക്കറിയെ നാവിന് രുചികരമായ രീതിയില്‍ എങ്ങനെ തയ്യാറാക്കാം എന്ന് പലവിധ ഗവേഷണങ്ങള്‍ നടത്തി വരികയാണ് ഞാന്‍. :-) പാലക് ദാല്‍, പാലക് ആലൂ, പാലക് പനീര്‍ ഇവയൊക്കെ ഉണ്ടാക്കി നോക്കി. എന്നാല്‍ എനിക്കും വീട്ടില്‍ എല്ലാവര്ക്കും ഇഷ്ടമായത് പാലകിന്റെ കൂടെ കാബൂളി ചന അല്ലെങ്കില്‍ ഉണങ്ങിയ വെള്ളപയര്‍ (ഹിന്ദിയില്‍ ഇതിനെ ലോബിയ എന്നും ഇംഗ്ലീഷില്‍ ബ്ലാക്ക്‌ എയ്ഡ്‌ പീ എന്നുമാണ് പറയുക) ചേര്‍ത്ത് ഉണ്ടാക്കിയ കറിയാണ്. ഇതൊന്നു വച്ച് നോക്കു. നിങ്ങളും പാലക് ഫാന്‍ ആകും. :-)

ചേരുവകള്‍

പാലക് – ഒരു കെട്ട്
വെള്ളപ്പയര്‍ അല്ലെങ്കില്‍ കാബുളി ചന – 2 ഗ്ലാസ്‌ ( കുറഞ്ഞത് എട്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തതു)
സവാള – 2 ഇടത്തരം നേര്‍മ്മയായി അരിഞ്ഞത്
തക്കാളി – 2 ഇടത്തരം ചെറുതായി അരിഞ്ഞത്
ഇഞ്ചി ചതച്ചത് – ഒരു റ്റീ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് -ഒരു റ്റീ സ്പൂണ്‍
പച്ചമുളക് – 2 എണ്ണം
മല്ലിപ്പൊടി – ഒരു റ്റീ സ്പൂണ്‍
മുളക് പൊടി – ഒരു റ്റീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 റ്റീ സ്പൂണ്‍
ജീരകപ്പൊടി – 1/4 റ്റീ സ്പൂണ്‍
ഗരം മസാല – ഒരു റ്റീ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ- 2 റ്റേബിള്‍ സ്പൂണ്‍
ജീരകം – 1 റ്റീ സ്പൂണ്‍
മല്ലിയില – ഒരു പിടി

പാചകരീതി

കുതിര്‍ന്ന പയര്‍ വേകുവാന്‍ ആവശ്യമുള്ള വെള്ളവും ഒരു സവാളയും ഒരു തക്കാളിയും അരിഞ്ഞതും, 1/2 റ്റീ സ്പൂണ്‍ വീതം ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, മല്ലിപ്പൊടി, മുളക് പൊടി, ഗരം മസാല പൊടി, പാകത്തിന് ഉപ്പ് എന്നിവയും ചേര്‍ത്ത് ഏകദേശം 20 മിനിറ്റ് കുക്കറില്‍ വേവിക്കുക. കുക്കര്‍ തുറക്കുമ്പോള്‍ നന്നായി ഇളക്കി യോജിപ്പിക്കുക.

പാലക് കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ജീരകം വഴറ്റുക. ഇതിലേക്ക് ഒരു സവാള അരിഞ്ഞത്, 1/2 റ്റീ സ്പൂണ്‍ വീതം ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, നെടുകെ പിളര്‍ന്ന പച്ചമുളക് എന്നിവ വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോള്‍ തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. തക്കാളി ഉടഞ്ഞു കഴിയുമ്പോള്‍ ബാക്കിയുള്ള പൊടികള്‍ എല്ലാം ചേര്‍ത്ത് മൂപ്പിക്കുക. അരിഞ്ഞു വച്ചിരിക്കുന്ന പാലക് ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി അടച്ചു വച്ച് 5 മിനുറ്റ് വേവിക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പയര്‍ ഗ്രേവിയോടു കൂടെ ചേര്‍ക്കുക. നന്നായി ഇളക്കി 5 മിനിറ്റ് കൂടി ചെറുതീയില്‍ വയ്ക്കുക. വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഇളക്കുക. ചപ്പാത്തിക്കും ചോറിനും നല്ല ഒരു കറിയാണ്.

ഇതേ രീതിയില്‍ തന്നെ പയര്‍, ചന എന്നിവയ്ക്ക് പകരം വിവിധയിനം പരിപ്പുകള്‍ ഉപയോഗിച്ചും ഈ കറി തയ്യാറാക്കാം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിമ്പിള്‍ ചപ്പാത്തി

November 17th, 2011

simple-chapathi-epathram

ഓ.. ചപ്പാത്തി ഉണ്ടാക്കാനാണോ ഇത്ര വലിയ പാട്? ഇത് ഒക്കെ എഴുതി പിടിപ്പിക്കണ്ട വല്ല കാര്യോം ഉണ്ടോ, എന്ന് ഇത് വായിക്കുന്ന തരുണീമണികള്‍ ചിന്തിക്കുന്നുണ്ടാവും. ഓക്കേ, ഇത് നിങ്ങള്ക്ക് വേണ്ടിയല്ല. :-) നിങ്ങള്‍ സ്വന്തം വീടുകളിലേക്ക് അവധിക്കു പോകുമ്പോള്‍ മാത്രം അടുക്കളയില്‍ കയറുന്ന നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് ചപ്പാത്തി ഉണ്ടാക്കണം എന്ന ആശ തോന്നിയാല്‍ എന്ത് ചെയ്യും?? അല്ല, ചപ്പാത്തി ഉണ്ടാക്കാന്‍ ശ്രമിച്ചു അത് പരാജയപ്പെട്ടപ്പോള്‍ അതിനെ ഗോതമ്പ് പുട്ട് ആക്കാം എന്ന് കരുതി എന്നാല്‍ സംഗതി അതും കടന്നു ഗോതമ്പുണ്ട ആയി പോയ കഥ എന്റെ ഭര്‍ത്താവിനോട് ചോദിച്ചാല്‍ പറഞ്ഞു തരും. ചപ്പാത്തി ഉണ്ടാക്കുന്നവരെ പൂവിട്ടു പൂജിക്കണം എന്ന് ആണ് പുള്ളി പറയുന്നത് :-) അത് കൊണ്ട് എല്ലാ ഫുള്‍ടൈം ബാച്ചലെഴ്സിനും, ഭാര്യ നാട്ടില്‍ പോയിരിക്കുന്ന ഷോര്‍ട്ട് ടേം ബാച്ചലെഴ്സിനും സഹായമാവട്ടെ എന്ന് കരുതിയാണ് ഞാന്‍ ഇത് പോസ്റ്റ്‌ ചെയ്യുന്നത്. അപ്പൊ എല്ലാം റെഡി ആക്കിക്കോളൂ. ഭാര്യ ഉള്ളവര്‍ ഭാര്യയേയും ഇനി ഇല്ലാത്തവര്‍ ഭാര്യ ആകാന്‍ പോകുന്നവളെയും മനസ്സില്‍ ധ്യാനിച്ച് തുടങ്ങിക്കോളൂ. :-)

ഞങ്ങള്‍ക്ക് ഡിന്നര്‍ എന്നും ചപ്പാത്തി ആണ്. രാത്രിയില്‍ ചോറ് കഴിച്ചാല്‍ അത് ഹെവി ആകും എന്ന അഭിപ്രായക്കാരിയാണ് ഞാന്‍. 2-3 ചപ്പാത്തിയും എന്തെങ്കിലും പച്ചക്കറിയോ പരിപ്പോ കറി ഉണ്ടെങ്കില്‍ എനിക്ക് സന്തോഷമാണ്. മാത്രവുമല്ല എണ്ണ ചേര്‍ക്കാത്ത ചപ്പാത്തി ആയതുകൊണ്ട് ഡിന്നര്‍നെങ്കിലും ആരോഗ്യ സംരക്ഷണം നടത്തിയല്ലോ എന്ന സമാധാനത്തില്‍ ഉറങ്ങുകയും ചെയ്യാം.:-)

ചേരുവകള്‍

ഗോതമ്പുപൊടി – 1 ഗ്ലാസ്‌
ഉപ്പ് – അര ടീസ്പൂണ്‍
വെള്ളം – അര ഗ്ലാസ്‌

പാകം ചെയ്യുന്ന വിധം

വെള്ളം ചെറുതായി ചൂടാക്കുക. ഗോതമ്പുപൊടിയില്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. മാവ് കയ്യില്‍ ഒട്ടാന്‍ പാടില്ല. ഒറ്റ ഉരുളയാക്കി വയ്ക്കണം. വെള്ളം കുറഞ്ഞാല്‍ ഉരുള വിണ്ടു കീറും. അതനുസരിച്ച് വെള്ളം ചേര്‍ക്കണം. കുഴച്ച മാവ് അര മണിക്കൂര്‍ അടച്ചു വെയ്ക്കുക.പിന്നീട് ചെറിയ ഉരുളകളാക്കി ഉരുട്ടി ചപ്പാത്തി പലകയില്‍ ഗോതമ്പ് പൊടി വിതറി നേര്‍മ്മായ് പരത്തി എടുക്കുക. ചപ്പാത്തിക്കല്ല് ചൂടാകുമ്പോള്‍ ഓരോന്നായി ഇട്ട് തിരിച്ചും മറിച്ചുമിട്ട്‌ പൊള്ളിക്കുക. ഓരോ വശവും ഏകദേശം 10 സെക്കന്‍ഡ്‌ വീതം തിരിച്ചും മറിച്ചും ഇടണം. ഉണ്ടാക്കിയ ചപ്പാത്തി ഉടനെ തന്നെ മൂടി വയ്ക്കണം. ഇങ്ങനെ ചെയ്‌താല്‍ അത് പപ്പടം പോലെ വടിയാവാതെ, നല്ല മൃദുവായി ഇരിക്കും.

- ലിജി അരുണ്‍

വായിക്കുക: ,

1 അഭിപ്രായം »

Page 2 of 212

« Previous Page « അവിയല്‍
Next » ചിക്കന്‍ ഫ്രൈ വിത്ത്‌ റ്റൊമാറ്റോ »



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine