പാലക് മട്ടണ്‍

March 23rd, 2012

palak-mutton-epathram
എന്തിന്റെ കൂടെ ആണെങ്കിലും അല്‍പ്പം ഇറച്ചിയോ മീനോ ഉണ്ടെങ്കില്‍ അത് അകത്താക്കാന്‍ വിഷമമില്ല എന്നാണു അരുണിന്റെ അഭിപ്രായം. പാലക് മാര്‍കെറ്റില്‍ നിന്നും വാങ്ങുമ്പോള്‍ തന്നെ ആള്‍ക്ക് പേടിയാണ്.. :-) സാധാരണ പാലക് ദാല്‍ ആണ് വയ്ക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഒരു ചെയ്ഞ്ചിന് അല്പം മട്ടണ്‍ കൂടി എടുത്തു. പാലക് മട്ടണ്‍ എന്ന ഒരു ആശയം തലയില്‍ കയറിയിട്ടുണ്ട്. എന്റെ ഓഫീസിലെ ഒരു ഹൈദരാബാദുകാരന്‍ ഇയ്യിടെ കല്യാണം കഴിച്ചു. ഭര്‍ത്താവിനു പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കുക എന്നതാണ് കക്ഷിയുടെ ഭാര്യയുടെ പ്രാധാന പരിപാടി. പുള്ളിയുടെ ലഞ്ച് ബോക്സില്‍ ആണ് ഈ ഐറ്റം ആദ്യമായി കണ്ടത്. അന്നേ ഉറപ്പിച്ചു, അടുത്ത തവണ പാലക് എടുക്കുമ്പോള്‍ ഇത് തന്നെ ഉണ്ടാക്കണം. ഏതായാലും നന്നായിരുന്നു. രുചികരവും അതില്‍ കൂടുതല്‍ പാലക് ഉള്ളില്‍ ചെന്നല്ലോ എന്ന സമാധാനവും കിട്ടി. :-)

ചേരുവകള്‍

പാലക് – ഒരു കെട്ട്
മട്ടണ്‍ – അര കിലോ ചെറിയ കഷ്ണങ്ങള്‍ ആക്കിയത്
സവാള – 2 ഇടത്തരം നേര്‍മ്മയായി അരിഞ്ഞത്
തക്കാളി – 2 ഇടത്തരം ചെറുതായി അരിഞ്ഞത്
ഇഞ്ചി ചതച്ചത് – ഒരു റ്റീ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് -ഒരു റ്റീ സ്പൂണ്‍
പച്ചമുളക് – 2 എണ്ണം
മല്ലിപ്പൊടി – ഒരു റ്റീ സ്പൂണ്‍
മുളക് പൊടി – ഒരു റ്റീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 റ്റീ സ്പൂണ്‍
ഗരം മസാല – ഒരു റ്റീ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ- 2 റ്റേബിള്‍ സ്പൂണ്‍
മല്ലിയില – ഒരു പിടി

പാചകരീതി

മട്ടണ്‍ കഴുകി വൃത്തിയാക്കി വെള്ളം വാര്‍ന്നു കളയുക. ഇത് ഒരു സവാളയും ഒരു തക്കാളിയും അരിഞ്ഞതും, 1/2 റ്റീ സ്പൂണ്‍ വീതം ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, മല്ലിപ്പൊടി, മുളക് പൊടി, ഗരം മസാല പൊടി, പാകത്തിന് ഉപ്പ് എന്നിവയും ചേര്‍ത്ത് ഏകദേശം 10 മിനിറ്റ് കുക്കറില്‍ വേവിക്കുക. കുക്കര്‍ തുറക്കുമ്പോള്‍ നന്നായി ഇളക്കി യോജിപ്പിക്കുക.

പാലക് കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ഒരു സവാള അരിഞ്ഞത്, 1/2 റ്റീ സ്പൂണ്‍ വീതം ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, നെടുകെ പിളര്‍ന്ന പച്ചമുളക് എന്നിവ വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോള്‍ തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. തക്കാളി ഉടഞ്ഞു കഴിയുമ്പോള്‍ ബാക്കിയുള്ള പൊടികള്‍ എല്ലാം ചേര്‍ത്ത് മൂപ്പിക്കുക. അരിഞ്ഞു വച്ചിരിക്കുന്ന പാലക് ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി അടച്ചു വച്ച് 5 മിനുറ്റ് വേവിക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന മട്ടണ്‍ ഗ്രേവിയോടു കൂടെ ചേര്‍ക്കുക. നന്നായി ഇളക്കി 5 മിനിറ്റ് കൂടി ചെറുതീയില്‍ വയ്ക്കുക. വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഇളക്കുക. ചപ്പാത്തിക്കും ചോറിനും നല്ലതാണ്.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on പാലക് മട്ടണ്‍

ആലു-മേത്തി-ഗാജര്‍

February 24th, 2012

alu-methi-gajar-epathram
പേര് വായിച്ചപ്പോ തന്നെ ഒന്ന് ഡല്‍ഹി വരെ പോയി വന്ന പോലെ തോന്നുന്നുണ്ടാവും അല്ലെ?? സ്വാഭാവികം!! എന്നും ഈ പച്ചമലയാള കറികള്‍ കഴിക്കുന്ന നമ്മുക്ക് ഒരു ചേഞ്ച്‌ വേണമല്ലോ.. മാത്രവുമല്ല ആരോഗ്യപരമായ കാര്യങ്ങള്‍ എവിടെ കണ്ടാലും കൈ കടത്തുന്ന ആളാണ്‌ ഞാന്‍.. ;-) മേത്തിയ്ക്ക് കയ്പ്പുണ്ടെങ്കിലും അതിന്റെ ഗുണഗണങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് കോരിത്തരിക്കും.. ;-) ഉലുവയും ഉലുവയുടെ ഇലയും രക്തത്തിലേ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കുന്നതിനും കൊളസ്ട്രോള്‍ രോഗികളില്‍ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും സഹായിക്കും. പച്ചിലകള്‍ ദിനചര്യയില്‍ ഉള്‍‌പ്പെടുത്തുന്നത് വിളര്‍ച്ച തടയുന്നതിനു നല്ലതാണ്.പിന്നെ മറ്റൊരു കാര്യം ഞാന്‍ കണ്ടു പിടിച്ചു. കാരറ്റ്‌ ചേര്‍ത്താല്‍ ഉലുവാ ഇലയുടെ കയ്പ്പ് നന്നായി കുറയും. ഉലുവ നന്നാക്കുന്നത് അല്‍പ്പം മെനക്കെട് പിടിച്ച പണിയാണ്. പക്ഷെ പോഷണം!!! അപ്പൊ അങ്ങനെ വെറുതെ വിടണ്ട.. ഇടയ്ക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ….

ചേരുവകള്‍

ചേരുവകള്‍

ഉരുളക്കിഴങ്ങ് – 2 എണ്ണം ഇടത്തരം കഷ്ണങ്ങള്‍ ആയി നുറുക്കിയത്
കാരറ്റ് –  1എണ്ണം ഇടത്തരം കഷ്ണങ്ങള്‍ ആയി നുറുക്കിയത്
ഉലുവയില -2 കെട്ട്
സവാള – 2 എണ്ണം നേര്‍മ്മയായി അരിഞ്ഞത്
വെളുത്തുള്ളി ചതച്ചത്  – ഒരു ടീസ്പൂണ്‍
ഇഞ്ചി ചതച്ചത്  – ഒരു ടീസ്പൂണ്‍
പച്ചമുളക് – 2 എണ്ണം നെടുകെ കീറിയത്
ഉപ്പ് – ആവശ്യത്തിന്
ജീരകം – ഒരു ടീസ്പൂണ്‍
പെരുംജീരകം  – കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
മുളക് പൊടി – കാല്‍ ടീസ്പൂണ്‍
ഗരംമസാലപ്പൊടി – കാല്‍ ടീസ്പൂണ്‍
എണ്ണ – 2 ടേബിള്‍സ്പൂണ്‍
മല്ലിയില – ഒരു പിടി

തയ്യാറാക്കുന്ന വിധം

കിഴങ്ങും കാരറ്റും അല്‍പ്പം വെള്ളം, ഉപ്പ്, മുളക്പൊടി എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിച്ചു എടുക്കുക. ഉലുവയില കഴുകി വൃത്തിയാക്കി തണ്ടോടു കൂടി ചെറുതായി അരിഞ്ഞു എടുക്കുക. ഒരു പാന്‍ ചൂട് ആകുമ്പോള്‍  2 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ചു ചൂടാക്കുക. ജീരകവും പെരുംജീരകവും ഇടുക. ഇവ പൊട്ടി കഴിയുമ്പോള്‍  സവാള ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഉലുവയിലയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. മൂടി വച്ച് വേവിക്കുക. ഇല കടുംപച്ച നിറം ആകുന്നതാണ് പാകം.  ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കിഴങ്ങ് – കാരറ്റ്‌ ചേര്‍ത്ത് നന്നായി ഇളക്കുക. മല്ലിയില ചേര്‍ത്ത് വാങ്ങാം. ചപ്പാത്തി ചോറ് എന്നിവയ്ക്കൊപ്പം കഴിക്കാം.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ചീര തോരന്‍

October 25th, 2011

cheera thoran-epathram

ചീരകള്‍ പലതരം ഉണ്ട്‌. പെരുംചീര, വേലിചീര, കുപ്പചീര, മുള്ളന്‍ചീര, ചുവന്ന ചീര, സാമ്പാര്‍ ചീര. ഇത്രയുമേ എനിക്ക് അറിയൂ. എന്റെ വീട്ടില്‍ ധാരാളം ചീര ഉണ്ടായിരുന്നു. ഇതില്‍ കൂടുതലും വേലി ചീരയും ചുവന്ന ചീരയും ആയിരുന്നു. പുറത്തു നിന്നും വാങ്ങുന്ന പച്ചക്കറികള്‍ വീട്ടില്‍ സ്വതവേ ഉപയോഗിക്കുന്നത് കുറവാണ്. അതിനാല്‍ ഈ ചീരകളൊക്കെ മാറി മാറി ഊണ് മേശയില്‍ സ്ഥാനം പിടിച്ചിരുന്നു. സ്വാദ് കൂടുതല്‍ വേലി ചീരയ്ക്കാണ് എന്നാണ് എന്റെ അഭിപ്രായം.

ചീരയുടെ കൂടെ മുട്ട, പരിപ്പ്, ചക്കക്കുരു എന്നിവയൊക്കെ ചേര്‍ത്ത് വ്യത്യസ്തമാക്കം. ഏതായാലും താഴെ പറയുന്ന ചീര തോരന്‍ ഒരു സിമ്പിള്‍ തോരന്‍ ആണ്. ചുവന്ന ചീര തോരന്‍ :-)

ചേരുവകള്‍

ചീര – അര കിലോ
തേങ്ങ ചിരവിയത് – ഒരു കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത് – മൂന്ന്
സവാള ചെറുതായി അരിഞ്ഞത് – രണ്ട്
ചുവന്നുള്ളി – 4 എണ്ണം
വെളുത്തുള്ളി – 3 അല്ലി
മുളക്പൊടി – ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കടുക് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
എണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

ചീര ചെറുതായി അരിഞ്ഞെടുക്കുക. എണ്ണ ചൂടാക്കി കടുക് വറക്കുക. ഇതിലേക്ക് കറിവേപ്പില, ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുളകുപൊടിയും മഞ്ഞള്‍പൊടിയും ചേര്‍ക്കുക. പൊടികള്‍ മൂത്തു കഴിയുമ്പോള്‍ ചെറുതായി ഒന്ന് ചതച്ച തേങ്ങയും അരിഞ്ഞ സവാളയും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ചീരയിലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി മൂടി വച്ച് വേവിക്കുക. പാകത്തിന് ചീര വെന്തുകഴിഞ്ഞാല്‍ വാങ്ങി വയ്ക്കാം.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« വെജിറ്റബിള്‍ ഖിച്ടി
സോയാ വെജിറ്റബിള്‍ മിക്സ് »



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine