മസാല ദോശയ്ക്ക് ആഗോള അംഗീകാരം

July 13th, 2012

masaladosa-epathram

ന്യൂയോർക്ക് : മരിക്കുന്നതിന് മുൻപ് ഒരിക്കലെങ്കിലും സ്വാദ് അറിഞ്ഞിരിക്കേണ്ട പത്ത് വിഭവങ്ങളുടെ പട്ടികയിൽ ദക്ഷിണേന്ത്യൻ വിഭവമായ മസാല ദോശയും ഇടം പിടിച്ചു. ഹഫിംഗ്ടൺ പോസ്റ്റിന്റെ യാത്രാ ബ്ലോഗിലാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടികയിൽ നാലാം സ്ഥാനമാണ് മസാല ദോശയ്ക്ക്. ഒരു മാംസഭുക്ക് ഹോട്ടലിൽ കയറി ഒരു സസ്യാഹാരം ആവശ്യപ്പെടുകയാണെങ്കിൽ അത് മിക്കവാറും മസാല ദോശയായിരിക്കും എന്നാണ് മസാല ദോശയെ പറ്റി ഈ പട്ടികയിൽ വിവരിക്കുന്നത്. ചൈനയിൽ നിന്നുമുള്ള പൊരിച്ച താറാവ് വിഭവമായ പെക്കിങ്ങ് ഡക്ക്, ഒച്ചിനെ പാകം ചെയ്ത് ഉണ്ടാക്കുന്ന ഫ്രെഞ്ച് വിഭവമായ എസ്കർഗോ, മാംസവും വഴുതനങ്ങയും പാളികളായി ചീസും മറ്റ് മസാലകളുമിട്ട് നിർമ്മിക്കുന്ന ഗ്രീക്ക് വിഭവമായ മൂസാക്ക, സുക്കിനി പൂക്കൾ വറുത്തെടുത്ത ഇറ്റാലിയൻ വിഭവം, ചുട്ട മാംസം കൊണ്ടുണ്ടാക്കുന്ന ജപ്പാൻകാരുടെ ടെപ്പന്യാകി, മലേഷ്യാക്കാരുടെ സീഫുഡ് വിഭവമായ ലക്സ കറി, പച്ച പപ്പായ കൊണ്ട് തായ്ലൻഡുകാർ തയ്യാറാക്കുന്ന സോം താം, ഓസ്ട്രേലിയാക്കാരും ന്യൂസീലാൻഡുകാരും തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന മധുരമൂറുന്ന പാവ്ലോവ, പോർക്കിന്റെ വാരിയെല്ലുകൾ കനലിൽ ചുട്ട് തയ്യാറാക്കുന്ന അമേരിക്കക്കാരുടെ ബാർബെക്യു റിബ്സ് എന്നിവയാണ് പട്ടികയിൽ സ്ഥാനം പിടിച്ച മറ്റു വിഭവങ്ങൾ.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാങ്ങാ പച്ചടി

May 10th, 2012

manga pachadi-epathram
നാട്ടില്‍ നിന്നും നല്ല കിടിലന്‍ മൂവാണ്ടന്‍ മാങ്ങകള്‍ കുറെ കിട്ടിയെന്നിരിക്കട്ടെ, നിങ്ങള്‍ എന്തൊക്കെ ഉണ്ടാക്കും അതുകൊണ്ട്?? ;-) ആദ്യത്തെ ദിവസം ചമ്മന്തി അരച്ചു, പിന്നത്തെ ദിവസം മീന്‍ മാങ്ങായിട്ട് കറി വച്ചു. ഇനി എന്താ മാങ്ങാ ഐറ്റം?? കടുമാങ്ങ എന്നൊക്കെ പറഞ്ഞാല്‍ അതൊക്കെ തല നരച്ചവര്‍ ഇട്ടാലേ ശരിയാവൂ എന്ന പക്ഷക്കാരിയാണ് ഞാന്‍. പക്ഷെ ഇതെന്റെ കഥ അല്ല കേട്ടോ.. കൊച്ചിന്‍ യുണിവേഴ്സിറ്റിയില്‍ എന്റെ സുഹൃത്തായിരുന്ന മേരി ആണ് ഇവിടുത്തെ കഥാനായിക. ബംഗ്ലൂരിലെ ലക്ഷക്കണക്കിന് വരുന്ന സോഫ്റ്റ്‌വെയര്‍ ഫാമിലീസില്‍ ഒന്നാണ് അവളുടേത്. എന്നാലും തിരക്ക് പിടിച്ച ജീവിതത്തിനിടയിലും തനി മലയാളി ഭക്ഷണം ഉണ്ടാക്കുന്ന കാര്യത്തില്‍ എക്സ്പേര്‍ട്ട് ആണ് കക്ഷി. ഈ മാങ്ങാ പച്ചടി അവള്‍ടെ സ്വന്തം റെസിപ്പി ആണ്. നല്ല കുത്തരി ചോറിന് ഒരടിപൊളി കോമ്പിനേഷന്‍ ആണ് ഇത്… ഓര്‍ക്കുമ്പോഴേ വായില്‍ വെള്ളം വരുന്നു.. അടുത്ത തവണ മാങ്ങാ കിട്ടട്ടെ ഇതൊന്നു വച്ചിട്ട് തന്നെ കാര്യം.. :-) തല്‍ക്കാലം നിങ്ങള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ..

ചേരുവകള്‍

മാങ്ങാ – ഒരെണ്ണം
ഇഞ്ചി – ഒരു ചെറിയ കഷണം
ചെറിയ ഉള്ളി – 12 അല്ലി
പച്ചമുളക് – 3 എണ്ണം
തേങ്ങാ – അര കപ്പ്‌
കടുക്‌ – കാല്‍ ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

മാങ്ങ തീരെ ചെറുതായി കൊത്തി അരിഞ്ഞു ഉപ്പ് പുരട്ടി വയ്ക്കുക. ഉള്ളി, ഇഞ്ചി, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞെടുക്കുക. തേങ്ങാ കടുക് ചേര്‍ത്ത് അല്‍പ്പം വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. തേങ്ങാ അരച്ചത്‌ ഇതിലേക്ക് ചേര്‍ത്ത് ചൂടാക്കി എടുക്കുക. അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങയിലേക്ക് ഈ കൂട്ട് ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. കറിവേപ്പില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വെണ്ടയ്ക്കാ മസാല

May 6th, 2012

bhindi masala-epathram

എപ്പോ നോക്കിയാലും ഒരു വെണ്ടയ്ക്കാ മെഴുക്കുപുരട്ടി, അതാണെങ്കില്‍ ആകെ കുഴഞ്ഞു കുഴ കുഴാന്ന് ഇരിക്കും..എന്റെ ഒരു ഇഷ്ട്ടക്കാരിയായ വേണ്ടയ്ക്കയെ കുറിച്ചാണ് അരുണ്‍ന്റെ ഈ അപവാദം..:-( എങ്ങനെ പറയാതിരിക്കും എന്റെ വെണ്ടയ്ക്കാ മെഴുക്കുപുരട്ടി കഴിക്കുമ്പോള്‍ എനിക്ക് തന്നെ വേണ്ടയ്ക്കയോട് സഹതാപം തോന്നും. അത്രയ്ക്ക് ‘ഹോപ്പ് ലെസ്സ്’ ആണ് സംഗതി. പക്ഷെ കുക്കിംഗില്‍ എന്റെ ഗുരുക്കന്മാരായ അമ്മയ്ക്കും അമ്മായിയമ്മയ്ക്കും ഒക്കെ നല്ല വെണ്ടയ്ക്കാ മെഴുക്കുപുരട്ടി വയ്ക്കാന്‍ അറിയാം കേട്ടോ.. പിന്നെ ഞാന്‍ എന്റെ മമ്മിയില്‍ നിന്നും ഒരു സംഗതി മനസ്സിലാക്കി നല്ല പോലെ എണ്ണ ഒഴിച്ച് ചെറുതീയില്‍ കുറച്ചു അധികം നേരം വരട്ടി എടുത്താല്‍ വേണ്ടയ്ക്കയ്ക്ക് നല്ല സ്വാദാണ്, അല്പം തൈര് ചേര്‍ത്താല്‍ കുഴയുകയുമില്ല. വേണ്ട, വേണ്ട അങ്ങനെ അധികം എണ്ണ ഉപയോഗിച്ചുള്ള സ്വാദ് വേണ്ട.. അത് കൊണ്ട് ഞാന്‍ തന്നെ ഒരു പുതിയ കറി അങ്ങ് പരീക്ഷിച്ചു. വെണ്ടയ്ക്കാ മസാല. എന്റെ പാചക പണിപ്പുരയില്‍ രൂപം കൊണ്ട ‘ലേറ്റസ്റ്റ് ഐറ്റം’ ആണ്. എന്തായാലും എല്ലാര്‍ക്കും ഇഷ്ടമായി. ഇനി വെണ്ടയ്ക്കാ അടിക്കടി വാങ്ങാന്‍ ഒരു കാരണമായല്ലോ. ചപ്പാത്തിക്കും ഇത് ഒരടിപൊളി കറിയാണ്.. :-)

ചേരുവകള്‍
വെണ്ടയ്ക്ക ഒരിഞ്ചു നീളത്തില്‍ നുറുക്കിയത് – അര കിലോ
സവാള – ഒരു വലുത് നീളത്തില്‍ അരിഞ്ഞത്
തക്കാളി – ഒരു വലുത് നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി – ഒരിഞ്ചു കഷ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി – 5-6 അല്ലി ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം നെടുകെ പിളര്‍ന്നത്
മുളകു പൊടി – 2 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
വെജിടബില്‍/എഗ്ഗ്/മീറ്റ്‌ മസാല – ഒരു ടീസ്പൂണ്‍ (ഉണ്ടെങ്കില്‍ / വേണമെങ്കില്‍ മാത്രം)
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു നോണ്‍ സ്റ്റിക് പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് വഴന്നു കഴിയുമ്പോള്‍ പൊടികളും മസാലയും ചേര്‍ത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക. മുറിച്ചു വച്ചിരിക്കുന്ന വെണ്ടയ്ക്കാ ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി, (കുഴയരുത്) മൂടി വച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. വെന്തു കഴിയുമ്പോള്‍ മൂടി മാറ്റി തുറന്നു വച്ച്, ചെറുതീയില്‍ 5 മിനുറ്റ് കൂടി വഴറ്റി എടുക്കുക. ചപ്പാത്തിക്കും ചോറിനും നല്ലതാണ്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആലു-മേത്തി-ഗാജര്‍

February 24th, 2012

alu-methi-gajar-epathram
പേര് വായിച്ചപ്പോ തന്നെ ഒന്ന് ഡല്‍ഹി വരെ പോയി വന്ന പോലെ തോന്നുന്നുണ്ടാവും അല്ലെ?? സ്വാഭാവികം!! എന്നും ഈ പച്ചമലയാള കറികള്‍ കഴിക്കുന്ന നമ്മുക്ക് ഒരു ചേഞ്ച്‌ വേണമല്ലോ.. മാത്രവുമല്ല ആരോഗ്യപരമായ കാര്യങ്ങള്‍ എവിടെ കണ്ടാലും കൈ കടത്തുന്ന ആളാണ്‌ ഞാന്‍.. ;-) മേത്തിയ്ക്ക് കയ്പ്പുണ്ടെങ്കിലും അതിന്റെ ഗുണഗണങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് കോരിത്തരിക്കും.. ;-) ഉലുവയും ഉലുവയുടെ ഇലയും രക്തത്തിലേ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കുന്നതിനും കൊളസ്ട്രോള്‍ രോഗികളില്‍ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും സഹായിക്കും. പച്ചിലകള്‍ ദിനചര്യയില്‍ ഉള്‍‌പ്പെടുത്തുന്നത് വിളര്‍ച്ച തടയുന്നതിനു നല്ലതാണ്.പിന്നെ മറ്റൊരു കാര്യം ഞാന്‍ കണ്ടു പിടിച്ചു. കാരറ്റ്‌ ചേര്‍ത്താല്‍ ഉലുവാ ഇലയുടെ കയ്പ്പ് നന്നായി കുറയും. ഉലുവ നന്നാക്കുന്നത് അല്‍പ്പം മെനക്കെട് പിടിച്ച പണിയാണ്. പക്ഷെ പോഷണം!!! അപ്പൊ അങ്ങനെ വെറുതെ വിടണ്ട.. ഇടയ്ക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ….

ചേരുവകള്‍

ചേരുവകള്‍

ഉരുളക്കിഴങ്ങ് – 2 എണ്ണം ഇടത്തരം കഷ്ണങ്ങള്‍ ആയി നുറുക്കിയത്
കാരറ്റ് –  1എണ്ണം ഇടത്തരം കഷ്ണങ്ങള്‍ ആയി നുറുക്കിയത്
ഉലുവയില -2 കെട്ട്
സവാള – 2 എണ്ണം നേര്‍മ്മയായി അരിഞ്ഞത്
വെളുത്തുള്ളി ചതച്ചത്  – ഒരു ടീസ്പൂണ്‍
ഇഞ്ചി ചതച്ചത്  – ഒരു ടീസ്പൂണ്‍
പച്ചമുളക് – 2 എണ്ണം നെടുകെ കീറിയത്
ഉപ്പ് – ആവശ്യത്തിന്
ജീരകം – ഒരു ടീസ്പൂണ്‍
പെരുംജീരകം  – കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
മുളക് പൊടി – കാല്‍ ടീസ്പൂണ്‍
ഗരംമസാലപ്പൊടി – കാല്‍ ടീസ്പൂണ്‍
എണ്ണ – 2 ടേബിള്‍സ്പൂണ്‍
മല്ലിയില – ഒരു പിടി

തയ്യാറാക്കുന്ന വിധം

കിഴങ്ങും കാരറ്റും അല്‍പ്പം വെള്ളം, ഉപ്പ്, മുളക്പൊടി എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിച്ചു എടുക്കുക. ഉലുവയില കഴുകി വൃത്തിയാക്കി തണ്ടോടു കൂടി ചെറുതായി അരിഞ്ഞു എടുക്കുക. ഒരു പാന്‍ ചൂട് ആകുമ്പോള്‍  2 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ചു ചൂടാക്കുക. ജീരകവും പെരുംജീരകവും ഇടുക. ഇവ പൊട്ടി കഴിയുമ്പോള്‍  സവാള ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഉലുവയിലയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. മൂടി വച്ച് വേവിക്കുക. ഇല കടുംപച്ച നിറം ആകുന്നതാണ് പാകം.  ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കിഴങ്ങ് – കാരറ്റ്‌ ചേര്‍ത്ത് നന്നായി ഇളക്കുക. മല്ലിയില ചേര്‍ത്ത് വാങ്ങാം. ചപ്പാത്തി ചോറ് എന്നിവയ്ക്കൊപ്പം കഴിക്കാം.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മത്തങ്ങാ മെഴുക്കുപുരട്ടി

January 21st, 2012

mathanga-mezhukkupuratti-epathram
മത്തങ്ങാ കൊണ്ട് ഞാന്‍ ഒരേയൊരു ഐറ്റം മാത്രമേ ഇത് വരെ പരീക്ഷിച്ചിട്ടുള്ളൂ.. മത്തങ്ങാ വന്‍പയര്‍ എരിശ്ശേരി..അതും അമ്മായിയമ്മ റെസിപ്പി ആണ്.. എന്റെ സ്വന്തം വീട്ടില്‍ മത്തങ്ങയുടെ ഏര്‍പ്പാട് ഇല്ല. അതിനു മധുരം ആണത്രേ.. ഏതായാലും ദുബായില്‍ ഞങ്ങള്‍ക്ക് ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ഒരു കറിയാണ് എരിശ്ശേരി. മത്തങ്ങാ എടുത്താല്‍ ഉറപ്പിക്കാം അന്ന് എരിശ്ശേരി ആണ് എന്ന്.. കഴിഞ്ഞ ദിവസം ഓഫീസില്‍ നിന്നും ഫോണ്‍ വിളിച്ചപ്പോള്‍ മമ്മിയോട് ചോദിച്ചു ഇന്ന് എന്താ ലഞ്ചിനു പച്ചക്കറി എന്ന്.. മമ്മി പറയുന്നു ഏതോ പഴയ കറി ഇരിപ്പുണ്ട്, അത് വച്ച് അഡ്ജസ്റ്റ് ചെയ്യണം, അല്ലെങ്കില്‍ പിന്നെ ഇരിക്കുന്നത് മത്തങ്ങാ ആണ്. അതിനാണ് എങ്കില്‍ പയര്‍ വെള്ളത്തില്‍ ഇട്ടിട്ടില്ല താനും.. ആഹാ.. മത്തങ്ങയെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.. പയറിന്റെ കൂട്ടില്ലാതെ ഉണ്ടാക്കാന്‍ പറ്റില്ല എന്ന അഹങ്കാരം ഇന്ന് തീര്‍ക്കാം. ഉടനടി ഒരു റെസിപ്പി അങ്ങ് ഫോണില്‍ കൂടെ ഡിസ്കസ് ചെയ്തു. മത്തങ്ങാ മെഴുക്കുപുരട്ടി.. :-) മത്തങ്ങാ മെഴുക്കുപുരട്ടിയോ ?? ഞാന്‍ ഇത് വരെ കേട്ടിട്ടേ ഇല്ലാ.. മമ്മി കൈ മലത്തുന്നു..:-) ഒന്ന് വച്ച് നോക്ക് മമ്മി.. ഇതിഷ്ടാകും..ഉറപ്പ്‌… എന്റെ ഉറപ്പിന്മേല്‍ മമ്മി അതുണ്ടാക്കി. വൈകുന്നേരം എത്തിയപ്പോള്‍ അതാ കോമ്പ്ലിമെന്റ്സ്.. മെഴുക്കുപുരട്ടി സൂപ്പര്‍..:)

mathanga-mezhukkupuratti-with rice-epathram
ചേരുവകള്‍

മത്തങ്ങാ – അര ഇഞ്ചു നീളത്തില്‍ ചെറിയ കഷ്ണങ്ങള്‍ ആക്കിയത് – 2 കപ്പ്
ചുവന്നുള്ളി – 12 എണ്ണം
വെളുത്തുള്ളി – 6-7 അല്ലി
വറ്റല്‍ മുളക് – 8 എണ്ണം
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 2-3 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ചുവന്നുള്ളി, വെളുത്തുള്ളി, വറ്റല്‍ മുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ ചതച്ചു എടുക്കുക. അരയരുത്. ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ എണ്ണ ചൂടാക്കി ചതച്ച കൂട്ട് അതിലേക്കു ചേര്‍ത്ത് ഇളക്കുക. നന്നായി വഴന്നു കഴിയുമ്പോള്‍ മത്തങ്ങാ അരിഞ്ഞതും ഉപ്പും ബാക്കിയുള്ള കറിവേപ്പിലയും, ഒരു ടേബിള്‍സ്പൂണ്‍ വെള്ളവും കൂടി ചേര്‍ത്ത് നന്നായി ഇളക്കി, അടച്ചു വച്ച് ചെറുതീയില്‍ വേവിക്കുക. മത്തങ്ങാ വെന്തു കഴിഞ്ഞാല്‍ പാത്രം തുറന്നു വച്ച് ഇടയ്ക്ക് ഇളക്കി കൊടുത്തു 5 മിനുട്ട് കൂടി വരട്ടി എടുക്കുക. മെഴുക്കുപുരട്ടി റെഡി. കഞ്ഞിക്കും ചോറിനും ചപ്പാത്തിക്കും നല്ലതാണ്.

- ലിജി അരുണ്‍

വായിക്കുക: , , , ,

1 അഭിപ്രായം »

Page 1 of 3123

« Previous « മിന്‍സ്ഡ് ബീഫ്‌ ബിരിയാണി
Next Page » പോര്‍ക്ക്‌ റോസ്റ്റ്‌ »



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine