ആലപ്പുഴ : മഴക്കാലം വന്നതോടെ സംസ്ഥാനത്തെ കുട വിപണി സജീവമായി. സിക്സ് ഫോഡ്, പീപ്പിയുള്ളത്, പേരെഴുതുവാന്‍ സ്ഥലം ഉള്ളത്, വെയില്‍ കൊണ്ടാല്‍ നിറം മാറുന്നത്, അങ്ങിനെ നിറത്തിലും, വലിപ്പത്തിലും, രൂപത്തിലും എല്ലാം വൈവിധ്യം നിറഞ്ഞ കുടകളുടെ ഒരു വന്‍ ശ്രേണി തന്നെ വിവിധ ബ്രാന്റുകള്‍ രംഗത്തിറക്കിയിരിക്കുന്നു.
മഴക്കാലം തുടങ്ങുന്നതിനു മുന്‍പു തന്നെ കുടകളുടെ പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ ഇടം പിടിച്ചു. പോപ്പിയും, ജോണ്‍സുമാണ് വിപണിയിലെ പരസ്യ മത്സരത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത്. തങ്ങളുടെ ബ്രാന്റ് നാമം ഉപഭോക്താക്കള്‍ക്ക് ഇടയില്‍ പരമാവധി പ്രചരിപ്പിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ ആണ് ഓരോരുത്തരും നടത്തുന്നത്. കുട്ടികളേയും ചെറുപ്പക്കാരേയും ആണ് മിക്ക കമ്പനികളും നോട്ടമിടുന്നത്. അതിനനുസരിച്ചുള്ള ഡിസൈനുകളും വിപണന തന്ത്രങ്ങളും അവര്‍ പുറത്തെടുക്കുന്നു. ഓരോ വര്‍ഷവും പുതുമയുള്ള മോഡലുകള്‍ ആണ് കേരളത്തിലെ വിപണിയില്‍ എത്തുന്നത്. ഇത് പുതിയ കുടകള്‍ വാങ്ങുവാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. ചെറിയ ഒരു കാലയളവിനുള്ളില്‍ പരമാവധി ലാഭം കൊയ്യാം എന്നതാണ് കുട വിപണിയുടെ പ്രത്യേകത.
നൂറു മുതല്‍ അറുനൂറു രൂപ വരെ ആണ് വിവിധ കമ്പനികളുടെ കുടകളുടെ വില. സ്പെഷ്യല്‍ കുടകള്‍ക്ക് വില ഇതിലും കൂടും. കേരളത്തില്‍ വിറ്റഴിയുന്ന കുടകളുടെ അസംസ്കൃത വസ്തുക്കള്‍ അധികവും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും ആണ് വരുന്നത്. കുട വിപണി വമ്പന്‍ ബ്രാന്റുകള്‍ കയ്യടക്കിയതോടെ ചെറുകിട സംരംഭകര്‍ക്ക് അതൊരു തിരിച്ചടിയായി, എങ്കിലും ചെറിയ സംരംഭകരുടെ കുടകളും വിപണിയില്‍ വിറ്റു പോകുന്നുണ്ട്.
- ജെ.എസ്.
(അയച്ചു തന്നത് : എസ്. കുമാര്‍)