ഉപ്പുമാവോ??? അമ്മയ്ക്ക് ഇതല്ലാതെ വേറെ ഒന്നും ഉണ്ടാക്കാനില്ലേ??? ഇത് വായിക്കുന്ന നിങ്ങളില്‍ പലരും ചെറുപ്പത്തില്‍ എങ്കിലും ഉപ്പുമാവിനെ കുറിച്ച് ഇങ്ങനെ ഒന്ന് പുച്ഛത്തോടെ സംസാരിക്കാതിരുന്നിട്ടുണ്ടാവില്ല. :-) സത്യം പറയാമല്ലോ ഉപ്പുമാവ് എനിക്കും ഇഷ്ടമല്ല. ഹോസ്റ്റലില്‍ ജീവിച്ചിട്ടുള്ള ആര്‍ക്കും ഉപ്പുമാവ് ഇഷ്ടമായിരിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. എഞ്ചിനീയറിംഗിന് പഠിക്കുമ്പോള്‍ ഹോസ്റ്റലിലെ ആ വരണ്ട ഉപ്പുമാവും നീണ്ട പയര്‍ കറിയും കണ്ടു എത്ര ദിവസം നെടുവീര്‍പ്പിട്ടിട്ടുണ്ട്!! എന്നാല്‍ ഉപ്പുമാവ് വളരെ ഇഷ്ടമുള്ള ഒരുപാട് പേരെയും എനിക്ക് അറിയാം. എന്റെ നേരെ ഇളയ അനിയത്തി ടിന ഒരു ഉപ്പുമാവ് ഫാന്‍ ആണ്. അവള്‍ക്കു ഉപ്പുമാവ് കഴിക്കാന്‍ പഴം, പഞ്ചസാര, കറി എന്നിവ ഒന്നും വേണ്ടാ എന്നുള്ളതാണ് അത്ഭുതം. ഇവിടെ ഞങ്ങള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം ഉപ്പുമാവ് ആയിരിക്കും. ഏതു ഭക്ഷണത്തിലും അല്പം പച്ചക്കറികള്‍ ചേര്‍ത്താല്‍ എനിക്ക് സന്തോഷമാണ് എന്ന് ഞാന്‍ ഇതിനു മുന്‍പ് ഏതോ ഒരു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എന്റെ ശത്രുവായ ഉപ്പുമാവിനെയും ഞാന്‍ അല്പം പച്ചക്കറികള്‍ ചേര്‍ത്ത് മെരുക്കിയെടുത്തു എന്ന് വേണമെങ്കില്‍ പറയാം.
ചേരുവകള്‍
റവ വറുത്തത്ത് – 1 കപ്പ്
സവാള – 1 വലുത് ചെറുതായി അരിഞ്ഞത്
ഇഞ്ചി – ഒരിഞ്ചു കഷ്ണം പൊടിയായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം ചെറുതായി അരിഞ്ഞത്
കാരറ്റ് – ഒരു ചെറുത് ചെറുതായി അരിഞ്ഞത്
ബീന്‍സ് – 3-4 എണ്ണം ചെറുതായി അരിഞ്ഞത്
ഫ്രഷ് ഗ്രീന്‍പീസ്- കാല്‍ കപ്പ്
നിലക്കടല – കാല്‍ കപ്പ്
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 2 കപ്പ്
എണ്ണ – 2 ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
നെയ്യ് – ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, ഇഞ്ചി, പച്ചമുളക്, കാരറ്റ്, ബീന്‍സ്, ഫ്രഷ് ഗ്രീന്‍പീസ്, നിലക്കടല, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. പച്ചക്കറികള്‍ ചെറുതായി വഴന്നു കഴിയുമ്പോള്‍ 2 കപ്പ് വെള്ളം, നെയ്യ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് വെള്ളം തിളയ്ക്കുന്നതു വരെ മൂടി വയ്ക്കുക. വെള്ളം തിളച്ചു കൊണ്ടിരിക്കുമ്പോള്‍ തീ നന്നായി കുറച്ചു വച്ച്, പതിയെ റവ ചേര്‍ത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക. വെള്ളം വറ്റി കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: breakfast, vegetarian, കേരളാ സ്പെഷ്യല്‍, ലിജി
verry good.well done.i like a lot.thanks a lot.i wl test all thse…………may god help u attain all pleasures.