പണ്ടേ എനിക്ക് മടിയുള്ള ഒരു പണിയാണ് തേങ്ങാ പാല്‍ പിഴിയുക. വലിയ ബുദ്ധിമുട്ടുള്ള കാര്യം ഒന്നും അല്ല. എന്നാലും ഒരു മടി. എന്നാല്‍ തേങ്ങാ പാല്‍ ചേര്‍ത്ത നാടന്‍ കറികള്‍ വലിയ ഇഷ്ട്ടമാണ് താനും. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓലന്‍. വീട്ടില്‍ സാധാരണ ഓണസദ്യയ്ക്ക് മാത്രമേ ഓലന്‍ ഉണ്ടാക്കാറുള്ളൂ.. അന്നാണെങ്കിലോ ഒരുപാട് കറികള്‍ ഉള്ളത് കാരണം ഓലനെ ആസ്വദിച്ചു കഴിക്കാനും പറ്റാറില്ല. കുറച്ചു ദിവസമായി നല്ല കുത്തരി ചോറും ഓലനും പപ്പടവും കഴിക്കാന്‍ വല്ലാത്ത മോഹം. ആഡംബരമായി തേങ്ങാ പാല്‍ ഒന്നും പിഴിയാന്‍ എനിക്ക് വയ്യ. ഏതായാലും ഞാന്‍ ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. കൊക്കനട്ട് മില്‍ക്ക് പൌഡര്‍ ഉണ്ടല്ലോ.. :-) അവനെ വച്ച് ഒരു ഒപ്പിക്കല്സ് നടത്താം. ഏതായാലും മോശം ആയില്ല. നല്ല കട്ടിക്ക് തേങ്ങാ പാല്‍ ഉണ്ടാക്കി ചേര്‍ത്തു. വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തപ്പോള്‍ എന്താ ഒരു സുഗന്ധം!!! അപ്പൊ ശരി വേഗം തയ്യാറായിക്കോ, ഇന്ന് ഉച്ചയ്ക്ക് ഓലന്‍ ആവട്ടെ കറി.
ചേരുവകള്‍
വന്‍പയര്‍ – അര കപ്പ്
വെള്ളം – അര കപ്പ്
കുമ്പളങ്ങ കഷണങ്ങളാക്കിയത് – ഒരു കപ്പ്
പച്ചമുളക് കുറുകെ പിളര്‍ന്നത് – 3 എണ്ണം
ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് – 3-4 എണ്ണം
ഉപ്പ് – പാകത്തിന്
തേങ്ങാപ്പാല്‍ – ഒരു കപ്പ് (കൊക്കനട്ട് മില്‍ക്ക് പൌഡര്‍ ആണ് എങ്കില്‍ ഒരു കപ്പു ചൂട് വെള്ളത്തില്‍ 2 ടേബിള്‍സ്പൂണ്‍ പൌഡര്‍ ചേര്‍ത്ത് ഇളക്കുക.)
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 11/2 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യേണ്ട വിധം
വന്‍പയര്‍ ആറു മണിക്കൂര്‍ എങ്കിലും വെള്ളത്തില്‍ കുതിര്‍ത്ത് എടുക്കുക. ഇത് നികക്കെ വെള്ളം ഒഴിച്ച് ഉപ്പും ചേര്‍ത്ത് കുക്കറില്‍ 5 മിനിറ്റ് വേവിക്കുക. ആവി പോയി കഴിയുമ്പോള്‍ തുറന്നു ഇതിലേക്ക് കുമ്പളങ്ങ, പച്ചമുളക്, ചെറിയ ഉള്ളി, അര കപ്പ് വെള്ളം ആവശ്യമെങ്കില്‍ ഉപ്പ് എന്നിവ ചേര്‍ത്ത് 2 വിസില്‍ വരുന്നത് വരെ വേവിക്കുക. ആവി പോയി കഴിയുമ്പോള്‍ വീണ്ടും തുറന്നു തേങ്ങാപ്പാല്‍ ഒഴിച്ച് ചെറുതീയില്‍ ചൂടാക്കുക. അതിനുശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് വാങ്ങിവയ്ക്കുക. ഓലന്‍ റെഡി. :-) ചോറിനും ചപ്പാത്തിക്കും നല്ലതാണ്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: vegetarian, കേരളാ സ്പെഷ്യല്‍