ബീഫ്‌ ബിരിയാണി

December 10th, 2011

beef biriyani-epathram

ഞാന്‍ ഒരു ബീഫ്‌ പ്രേമി അല്ലാ. എന്നാല്‍ ഒരു തികഞ്ഞ ബിരിയാണി പ്രേമിയാണ്… :-) എന്റെ ഭര്‍ത്താവ് അരുണ്‍ ആണെങ്കില്‍ ബീഫ്‌ എന്ന് കേട്ടാല്‍ കമന്നടിച്ചു വീഴും. :-) എനിക്ക് അത്ര പിടുത്തമല്ലാത്തതു കൊണ്ട് പാവം, തന്റെ ബീഫ്‌ മോഹങ്ങള്‍ ഉപേക്ഷിച്ചിരിക്കുകയാണ്.. അപ്പൊ എല്ലാവര്ക്കും സ്വീകാര്യമായ രീതിയില്‍ ബീഫിനെ അവതരിപ്പിക്കേണ്ടത് എന്റെ വലിയ ഒരു ആവശ്യമായി.. ബിരിയാണി ഏതായാലും ശരി, എനിക്ക് വലിയ ഇഷ്ടമാ..  ചിക്കന്‍, മട്ടണ്‍, ഫിഷ്‌, പ്രോണ്‍സ്, എഗ്ഗ് ഒക്കെ ട്രൈ ചെയ്തു വിജയിച്ച ചരിത്രം എനിക്കുണ്ട്. :-) എന്നാല്‍ ബീഫ്‌ ബിരിയാണി മാത്രം ഇതുവരെ പരീക്ഷിച്ചിട്ടില്ല. എന്നാല്‍ രസം ഇതല്ല. എന്റെ സ്വന്തം വീട്ടില്‍ , അതായത് വാഴക്കുളത്ത് ഏതാണ്ട് എല്ലാ ദിവസവും തന്നെ ബീഫ്‌ ഉണ്ടാകാറുണ്ട്. ലോകത്ത് ഏറ്റവും നല്ല ബീഫ്‌ കിട്ടുന്നത് അവിടെയാണ് എന്ന് ഞാന്‍ പൊങ്ങച്ചം പറയാറുണ്ട്. സത്യമാണ് കേട്ടോ. നല്ല മൃദുവായ ബീഫ്‌ ആണ് അവിടെ ലഭിക്കുന്നത്. എന്റെ മമ്മിയുടെ ബീഫ്‌ ഫ്രൈ പ്രസിദ്ധമാണ്. എന്നാല്‍ അന്നൊന്നും ബീഫ്‌ ബിരിയാണി എന്ന ആശയം തലയില്‍ ഉദിചിരുന്നില്ല.. ഇവിടെ ദുബായില്‍ കിട്ടുന്ന ബീഫ്‌ കഴുകി കഴിയുമ്പോള്‍ വെളുത്തിരിക്കും.. ചിലപ്പോ ബോണ്‍ലെസ്സ് ചിക്കന്‍ ആണോ എന്ന് സംശയം തോന്നും,.. വച്ച് കഴിഞ്ഞാല്‍ റബ്ബര്‍ പോലെ ഇരിക്കുകയും ചെയ്യും.. എന്തായാലും ശരി. ബീഫ്‌ ബിരിയാണി ഒന്ന് ട്രൈ ചെയ്തിട്ട് തന്നെ കാര്യം.. നെറ്റിലോക്കെ സെര്‍ച്ച്‌ ചെയ്തു ബീഫ്‌ ബിരിയാണി റെസിപ്പികള്‍ ഒക്കെ ഒന്ന് റെഫര്‍ ചെയ്തു. എന്തൊക്കെ ചെയ്യണം എന്ന് നോക്കി വച്ചു.. ഒരു വെള്ളിയാഴ്ച രാവിലെ പണി തുടങ്ങി..പല പല റെസിപ്പികളില്‍ നിന്നും ഞാന്‍ എന്റേതായ ഒരു വേര്‍ഷന്‍ അങ്ങ് ട്രൈ ചെയ്തു. 2 മണിക്കൂറില്‍ സംഗതി റെഡി.. കഴിച്ചു കഴിഞ്ഞപ്പോള്‍, മറ്റേതു ബിരിയാണിയെക്കാളും ഇത് കിടിലന്‍ ആയിട്ടുണ്ട് എന്ന് അരുണ്‍ന്റെ വക കമന്റും കിട്ടി.. അപ്പൊ ഈ വെള്ളിയാഴ്ചത്തെ ബിരിയാണി, ബീഫ്‌ ബിരിയാണി ആയിക്കോട്ടെ.. അല്ലെ? :-)

ചേരുവകള്‍

ചെറിയ ബസ്മതി അരി – 1 കിലോ ( 4 ഗ്ലാസ്)
ബീഫ്‌  – 1 കിലോ
സവാള – 6 വലുത് നേര്‍മ്മയായി അരിഞ്ഞത്
തക്കാളി – 4 വലുത് ചെറിയ കഷ്ണങ്ങള്‍ ആക്കിയത്
പച്ചമുളക് ചതച്ചത്  – 10 -12 എണ്ണം (എരിവ് അനുസരിച്ച് )
ഇഞ്ചി ചതച്ചത്- 1 ടേബിള്‍ സ്പൂണ്‍
വെളുത്തുളളി ചതച്ചത് – 2 ടേബിള്‍ സ്പൂണ്‍
പുതീനയില – 10 ഇല
മല്ലിയില അരിഞ്ഞത് – ഒരു കപ്പ്‌
നാരങ്ങനീര്- 2 ടീ സ്പൂണ്‍
ഗരം മസാല പൊടി-  3 ടേബിള്‍സ്പൂണ്‍
ചുവന്ന മുളക്പൊടി – 2 ടീ സ്പൂണ്‍
മല്ലിപ്പൊടി – 1 ടീ സ്പൂണ്‍
കുരുമുളക്പൊടി –  1 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീ സ്പൂണ്‍
തൈര് – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്
കറുവപ്പട്ട- 4
ഗ്രാമ്പൂ-4
ഏലയ്ക്കാ-5
തക്കോലം – 2
കുരുമുളക് – ഒരു ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് – 2 ടേബിള്‍ സ്പൂണ്‍
കിസ്മിസ് – 2 ടേബിള്‍ സ്പൂണ്‍
നെയ്യ്- 5 ടേബിള്‍സ്പൂണ്‍
എണ്ണ – 4 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ബീഫ്‌ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങള്‍ ആയി നുറുക്കുക. ഇതിലേക്ക് അര ടേബിള്‍സ്പൂണ്‍ വെളുത്തുള്ളി ചതച്ചത്, ഒരു ടേബിള്‍സ്പൂണ്‍ ഗരം മസാലപൊടി, 2 ടീ സ്പൂണ്‍ ചുവന്ന മുളക്പൊടി, 1 ടീ സ്പൂണ്‍ മല്ലിപ്പൊടി, 1 ടീ സ്പൂണ്‍ കുരുമുളക്പൊടി, അര ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടീ സ്പൂണ്‍ നാരങ്ങനീര്,  ഒരു ടേബിള്‍സ്പൂണ്‍ മല്ലിയില അരിഞ്ഞത്, 2 ടേബിള്‍സ്പൂണ്‍ തൈര്, ഉപ്പ് എന്നിവ ചേര്‍ത്ത് കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. ഇത് ഒരു മണിക്കൂര്‍ ഇങ്ങനെ വയ്ക്കുക.

ഈ സമയം കൊണ്ട് സാവാള അരിയാം. ഇനി ചോറ് തയ്യാറാക്കാം.
ഒരു പാത്രത്തില് 2 ടേബിള്‍സ്പൂണ്‍ നെയ്യൊഴിച്ച് ചൂടാക്കുക. കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ, തക്കോലം, കുരുമുളക് എന്നിവ ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക. ഇത് പൊട്ടി തുടങ്ങുമ്പോള്‍ ചെറുതായി അരിഞ്ഞ ഒരു സവാള ഇതിലെക്കിട്ട് നന്നായി വഴറ്റുക. ബ്രൌണ്‍ കളര്‍ ആകുന്നതിനു മുന്‍പേ കഴുകി വാരി വച്ചിരിക്കുന്ന അരി ചേര്‍ത്ത് ഇളക്കുക. ഒരു 2 മിനുറ്റ് ചെറുതീയില്‍ അരി വറക്കുക. 8 ഗ്ലാസ്‌ വെള്ളം അളന്നെടുത്തു ഇതിലേക്ക് ഒഴിക്കുക. പാകത്തിന് ഉപ്പും ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത് ഇളക്കി മൂടി വച്ച് വേവിക്കുക. വെള്ളം വറ്റി അരി പാകത്തിന് വേവാകുമ്പോള്‍ തീ ഓഫ്‌ ചെയ്യുക. ഫോര്‍ക്ക് കൊണ്ട് അരി ഒന്ന് ഇളക്കി എടുക്കുക. കുഴയരുത്. മൂടി വയ്ക്കണ്ട. ചോറ് ഒന്ന് തണുത്താല്‍ കട്ട കെട്ടാതെ ഇരിക്കും.

ഒരു പ്രഷര്‍കുക്കര്‍ ചൂടാക്കി അതിലേക്കു എണ്ണ ഒഴിച്ച് അരിഞ്ഞ് വച്ചിരിക്കുന്ന സവാള ഇട്ടു വഴറ്റുക. സാവാള ഒന്ന് വഴന്നു കഴിയുമ്പോള്‍ ഇതിലേക്ക് പച്ചമുളകും ഇഞ്ചിയും വെളുള്ളിയും ഇട്ട് നന്നായി ഇളക്കുക. ഇത് നല്ല ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ക്കുക. തക്കാളി നന്നായി വാടിയ ശേഷം ഒരു ടേബിള്‍സ്പൂണ്‍ ഗരംമസാലപ്പൊടിയും 2 ടേബിള്‍സ്പൂണ്‍ മല്ലിയിലയും പുതിനയില അരിഞ്ഞതും ചേര്‍ത്ത് ഇളക്കുക. ഇത് മൂത്ത് വരുമ്പോള് അതിലേയ്ക്ക് മസാല പുരട്ടി വച്ചിരിക്കുന്ന ബീഫ്‌ കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. അര കപ്പ് വെള്ളം ഒഴിച്ച് വെയിറ്റ് ഇട്ടു അടച്ച് വെച്ച് പത്തു മിനുറ്റ് വേവിക്കുക. ആവി പോയിക്കഴിഞ്ഞു കുക്കര്‍ തുറന്നു ഗ്രേവി അധികമായി ഉള്ളത് ചെറുതീയില്‍ കുക്കര്‍ തുറന്നു വച്ച് ഇളക്കി വറ്റിച്ചെടുക്കുക. അതിനു ശേഷം ബാക്കി ഗരം മസാല, നാരങ്ങാ നീര് , ഒരു പിടി മല്ലിയില എന്നിവ ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കുക.

ബിരിയാണി ബേക് ചെയ്യാനുള്ള പാത്രത്തില്‍ അടിയില്‍ അല്പം നെയ്യൊഴിച്ച് ചുറ്റിച്ചു, 2-3 ലെയറുകള്‍ ആയി ചോറും ബീഫും ഇട്ടു 20 മിനുട്ട് വളരെ ചെറിയ തീയില്‍ ബേക്ക് ചെയ്തു എടുക്കുക. നെയ്യില്‍ വറുത്ത കിസ്മിസും, അണ്ടിപരിപ്പും, സവാളയും ചേര്‍ത്ത് അലങ്കരിക്കുക. അച്ചാര്‍, പപ്പടം, സാലഡ്‌, ചമ്മന്തി എന്നിവ ചേര്‍ത്ത് കഴിക്കുക.

- ലിജി അരുണ്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

വെജിറ്റബിള്‍ ഖിച്ടി

October 23rd, 2011

ഒരു വടക്കേയിന്ത്യന്‍ വിഭവമാണ് ഖിച്‌ടി. അരിയും പരിപ്പും ആണ് ഇതിന്റെ പ്രധാന ചേരുവകള്‍. ബാക്കിയൊക്കെ നമ്മുടെ ഇഷ്ടം പോലെ ചേര്‍ക്കാം. വെള്ളം അധികം ചേര്‍ത്ത് നന്നായി വേവിച്ചതാണ് ഒറിജിനല്‍ ഖിച്ടി. എന്നാല്‍ എന്റെ വീട്ടില്‍ എല്ലാവര്ക്കും താല്‍പ്പര്യം അധികം നീളാത്ത പുലാവ് പോലെ ഇരിക്കുന്ന ഖിച്ടി ആണ്. ധാരാളം പച്ചക്കറികളും പരിപ്പും ചേര്‍ക്കുന്നതിനാല്‍ നല്ല പോഷക സമൃദ്ധമായ ഒരു വിഭവമാണ് ഇത്.

ചേരുവകള്‍

ഉരുളക്കിഴങ്ങ് – ഒന്ന്
കാരറ്റ് –  ഒന്ന്
ബീന്‍സ് – 7-8 എണ്ണം
ഗ്രീന്‍പീസ് – ഒരു കപ്പ്‌
തക്കാളി ഒന്ന്
സവാള – ഒന്ന്
വെളുത്തുള്ളി – ആറു അല്ലി
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പച്ചമുളക് – രണ്ട്
ഏലയ്ക്ക – രണ്ടെണ്ണം
പട്ട – ചെറിയ കഷണം
ഗ്രാമ്പൂ നാലെണ്ണം
ഉപ്പ് – ആവശ്യത്തിന്
ജീരകം – കാല്‍ ടീസ്പൂണ്‍
പെരുംജീരകം  – കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
മുളക് പൊടി – കാല്‍ ടീസ്പൂണ്‍
നെയ്യ് – 2 ടേബിള്‍സ്പൂണ്‍
ബിരിയാണി അരി – ഒരു കപ്പ്
ചെറു പയര്‍ പരിപ്പ് – അരക്കപ്പ്
ചുവന്ന പരിപ്പ് (മസൂര്‍ ദാല്‍ ) – അരക്കപ്പ്
മല്ലിയില – ഒരു പിടി

തയ്യാറാക്കുന്ന വിധം

പച്ചക്കറികള്‍ എല്ലാം ചെറുതായി നുറുക്കുക. പച്ചമുളക് നെടുകെ കീറുക, ഇഞ്ചി, വെളുത്തുള്ളി പൊടിയായി അരിഞ്ഞെടുക്കുക. ഒരു കുക്കര്‍ അടുപ്പത്ത് വച്ച് 2 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ചു ചൂടാക്കുക. ജീരകവും പെരുംജീരകവും ഏലയ്ക്ക പട്ട ഗ്രാമ്പു എന്നിവയും ഇടുക. ഇവ പൊട്ടി കഴിയുമ്പോള്‍  സവാള ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും മുളക്പൊടിയും ചേര്‍ത്ത് വഴറ്റുക. തക്കാളി ചേര്‍ത്ത് നന്നായി ഉടയ്ക്കണം. ഇതിലേക്ക് കഴുകി വാരിയ അരിയും പരിപ്പുകളും ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി പച്ചക്കറികള്‍ ചേര്‍ക്കാം. ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. 2 കപ്പ്‌ വെള്ളം ചേര്‍ത്ത് കുക്കര്‍ അടച്ചു വെച്ച് 2 വിസില്‍ വരെ വേവിക്കാം. തുറക്കുമ്പോള്‍  മല്ലിയില ചേര്‍ക്കുക. സാലഡും അച്ചാറും പപ്പടവും ചേര്‍ത്ത് കഴിക്കാം.

കുറിപ്പ്‌ : കഞ്ഞി പോലെയുള്ള ഖിച്ടി ഇഷ്ടമുള്ളവര്‍ക്ക് വേവിക്കുമ്പോള്‍ അര കപ്പ് വെള്ളവും കൂടെ ചേര്‍ക്കാം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 2 of 212

« Previous Page « ഫിഷ്‌ മോളി
Next » ചീര തോരന്‍ »



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine