അബൂദാബി: യു. എ. ഇ. യില്‍ ബ്ലാക്ക്‌ബെറി സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തു വാന്‍ ഉള്ള തീരുമാനം പിന്‍വലിച്ചു. ഒക്ടോബര്‍ 11 മുതല്‍ ബ്ലാക്ക്‌ബെറി ക്കുള്ള നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒക്ടോബര്‍ 11 ന് ശേഷവും എല്ലാ സര്‍വ്വീസുകളും തുടരും എന്ന് ടെലി കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ) അറിയിച്ചു.
ബ്ലാക്ബെറി യിലൂടെ ഉള്ള ഇ-മെയില്‍, വെബ് ബ്രൌസിംഗ്, മെസഞ്ചര്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് എന്നിവ നിര്‍ത്തലാക്കുവാന്‍ ആയിരുന്നു ആഗസ്റ്റ് ഒന്നിന് തീരുമാനിച്ചിരുന്നത്. എന്നാല്‍ ബ്ലാക്ക്‌ബെറി യുടെ സേവനം പൂര്‍ണ്ണമായും യു. എ. ഇ. നിയമ ങ്ങള്‍ക്ക് വിധേയ മാക്കുന്നത് സംബന്ധിച്ച് ടെലി കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ ബ്ലാക്ക്‌ബെറി നിര്‍മ്മാതാക്കളായ കാനഡ യിലെ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) അംഗീകരിച്ച സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിച്ചത്.
ബ്ലാക്ക്‌ബെറി സര്‍വ്വീസുകള്‍ യു. എ. ഇ. യില്‍ നിരീക്ഷിക്കാന്‍ സംവിധാനം ഇല്ലാത്ത സാഹചര്യത്തില്‍ ഇത് രാജ്യ സുരക്ഷക്ക് കടുത്ത ഭീഷണി ഉയര്‍ത്തുവാന്‍ സാദ്ധ്യത ഉണ്ടെന്നുള്ള നിഗമനത്തിലായിരുന്നു തീരുമാനം. ബ്ലാക്ക്‌ബെറി യുടെ സംവിധാനം അനുസരിച്ച് എല്ലാ സര്‍വ്വീസുകളും ‘റിം’ സ്ഥാപിച്ച കേന്ദ്രീകൃത സര്‍വ്വറി ലൂടെയാണ് പോകുന്നത്. അതു കൊണ്ട് ബ്ലാക്ക്‌ബെറി ഫോണുകളിലൂടെ യുള്ള ഒരു സന്ദേശ കൈമാറ്റവും നിരീക്ഷിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇക്കാര്യത്തില്‍ ‘ട്രാ’ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ‘റിം’ പാലിക്കാത്ത സാഹചര്യത്തിലാണ് ഒക്ടോബര്‍ 11 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.
എന്നാല്‍, ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ വിപണിയെന്ന നിലയിലും ലോകത്തെ പ്രമുഖ വ്യാപാര കേന്ദ്രം എന്ന നിലയിലും യു. എ. ഇ. യില്‍ നിയന്ത്രണം ഉണ്ടാകുന്നത് തങ്ങളെ പ്രതികൂലമായി ബാധിക്കും എന്നുള്ളത് ‘റിം’ തിരിച്ചറിഞ്ഞതാണ് ‘ട്രാ’ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിത രാക്കിയത്. നേരത്തെ, സൗദി അറേബ്യ യിലും ഇതേ രീതിയില്‍ ബ്ലാക്ക്‌ബെറി നിയന്ത്രണ നീക്കം ഒഴിവാക്കി യിരുന്നു.
-