ദുബായ് : ബര്‍ദുബായ് ഷിന്‍ഡഗയിലുള്ള ഹെറിറേറജ് വില്ലേജ് അങ്കണത്തില്‍ നടന്ന സ്നേഹ സംവാദം ഏറെ ശ്രദ്ധേയമായി. ദുബായ് ടൂറിസം & കൊമേര്‍സ് ഡിപാര്‍ട്ട്‌മന്റും ബര്‍ദുബൈ ഇന്ത്യന്‍ ഇസ്ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ എല്ലാ മത വിഭാഗങ്ങളില്‍ പെട്ടവരും ശ്രോതാക്കളായെത്തി. ചോദ്യങ്ങള്‍ ചോദിച്ചും സംശയ നിവാരണം നടത്തിയും സ്നേഹ സംവാദം ചര്‍ച്ചയുടെ ലോകത്തേക്ക് വാതില്‍ തുറന്നു.
നിച്ച് ഓഫ് ട്രൂത്ത് കോര്‍ഡിനേററര്‍ സുബൈര്‍ പീടിയേക്കല്‍ സ്നേഹ സംവാദത്തിനു നേതൃത്വം നല്‍കി.
എല്ലാ കാലത്തും നില നിന്നിരുന്ന യഥാര്‍ത്ഥ്യമാണ് ഏക ദൈവ വിശ്വാസമെന്നും, ഇസ്ലാമിലാണ് അതിന്റെ അവക്രമായ രൂപം ദര്‍ശിക്കുകയെന്നും സുബൈര്‍ പീടിയേക്കല്‍ പറഞ്ഞു. എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ദര്‍ശനമാണതെന്നും മുഹമ്മദ് നബിയാണ് ഈ മഹദ് ദര്‍ശനം പരിചയ പ്പെടുത്തുവാന്‍ ദൈവം നിശ്ചയിച്ച അവസാനത്തെ പ്രതിനിധിയെന്നും അദ്ദേഹം പറഞ്ഞു. ഏക ദൈവ വിശ്വാസം സത്യസന്ധമായി ഉദ്ഘോഷിക്കുന്ന ദൈവിക വചനങ്ങളാണ് ഖുര്‍ആണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യോത്തര സെഷനുമുണ്ടായിരുന്നു.
യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികളായ പി. സി. കുഞ്ഞഹമ്മദ് മാസ്റ്റര്‍, ആരിഫ് സൈന്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ദുബായ് ടൂറിസം & കൊമേര്‍സ് വിഭാഗം സീനിയര്‍ എക്സിക്യകൂട്ടീവ് അര്‍ഷദ് ഖാന്‍ സംസാരിച്ചു.
ഷാര്‍ജ, അല്‍മനാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച സ്നേഹ സംവാദ പരിപാടിക്കും സുബൈര്‍ നേതൃത്വം നല്‍കി. ജനുവരി ആദ്യ വാരം കോട്ടക്കലില്‍ നടക്കുന്ന എം. എസ്. എം. കേരള സ്റ്റുഡന്‍സ് കോണ്‍ഫ്രന്‍സ് പ്രചരണത്തിന്റെ ഭാഗമായാണ് യു. എ. ഇ. യില്‍ സ്നേഹ സംവാദം സംഘടിപ്പിച്ചത്.