ദുബായ് : മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള 2009ലെ ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ കെ. എം. അബ്ബാസിനും (സിറാജ് ദിനപത്രം), എന്‍. എം. അബൂബക്കറിനും (മനോരമ ന്യൂസ്) സമ്മാനിച്ചു. ഇന്നലെ വൈകീട്ട് ദുബായ് ഫ്ലോറ അപ്പാര്‍ട്ട്മെന്റ്സില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ. യിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.
പ്രവാസികളുടെ പ്രശ്നങ്ങള്‍ തങ്ങളുടെ മാധ്യമം വഴി പൊതു ശ്രദ്ധയില്‍ കൊണ്ട് വരുവാനും, സഹായം അര്‍ഹിക്കുന്നവര്‍ക്ക് അത് എത്തിച്ചു കൊടുക്കുവാന്‍ സന്നദ്ധരായ സുമനസ്സുകളുടെ ഇടപെടലുകള്‍ ഉറപ്പു വരുത്താനും ഇവര്‍ വഹിച്ച പങ്ക് നിസ്തുലമാണ് എന്ന് തദവസരത്തില്‍ സംസാരിച്ച ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. ഈ മാധ്യമ ധര്‍മ്മം സ്തുത്യര്‍ഹാമാം വിധം നിര്‍വ്വഹിച്ച ഇവര്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതി.
എന്‍. എം. അബൂബക്കറിനു കെ.കെ. മൊയ്തീന്‍ കോയ ആദരഫലകം സമ്മാനിക്കുന്നു
(മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം)
യു.എ.ഇ. യിലെ നിയന്ത്രിതമായ സാഹചര്യങ്ങളിലും, തങ്ങളുടെ ഭാഗധേയം നിര്‍വ്വഹിക്കുവാന്‍ ശ്രദ്ധ പുലര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഇത്തരം അംഗീകാരങ്ങള്‍ അവര്‍ക്ക് ഏറെ പ്രചോദനമാകും എന്ന് യു.എ.ഇ. യിലെ മാധ്യമ രംഗത്തെ പ്രമുഖ സാന്നിദ്ധ്യമായ കെ. കെ. മൊയ്ദീന്‍ കോയ അഭിപ്രായപ്പെട്ടു. സാംസ്കാരിക പ്രവര്‍ത്തനം പലപ്പോഴും ഉപേക്ഷിക്കപ്പെട്ടു പോകുന്ന ഇന്നത്തെ രാഷ്ട്രീയ രംഗത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാംസ്കാരിക പ്രവര്‍ത്തനവും ഒരുപോലെ മുന്നോട്ട് കൊണ്ട് പോകുന്ന പുന്നക്കന്‍ മുഹമ്മദലിയെ പോലുള്ളവര്‍ മാതൃകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ എല്ലാ വിധ പിന്തുണയും തങ്ങള്‍ ചിരന്തനയ്ക്ക് നല്‍കും എന്നും യു.എ.ഇ. എക്സ്ചേഞ്ച് മാധ്യമ വിഭാഗം മേധാവി കൂടിയായ മൊയ്ദീന്‍ കോയ അറിയിച്ചു.
യു.എ.ഇ. യിലെ മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് സമഗ്രമായി പ്രതിപാദിച്ച അദ്ദേഹം ഓണ്‍ലൈന്‍ പത്രങ്ങളുടെ വര്‍ദ്ധിച്ച പ്രസക്തിയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. ജീവിത ശൈലിയില്‍ വന്ന മാറ്റത്തോടെ പത്രം തുറന്നു വായിക്കുന്നതിനേക്കാള്‍ വാര്‍ത്തകള്‍ പെട്ടെന്ന് അറിയുവാന്‍ ഇന്റര്‍നെറ്റ് മാധ്യമങ്ങളെയാണ് ആളുകള്‍ കൂടുതലും ആശ്രയിക്കുന്നത് എന്നതിനാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി ഏറ്റവും വര്‍ദ്ധിച്ചിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഈ നിര്‍ണ്ണായക സ്വാധീനം കണക്കിലെടുത്ത് അടുത്ത വര്ഷം മുതല്‍ ഓണ്‍ലൈന്‍ പത്രങ്ങളെ കൂടി ചിരന്തന മാധ്യമ പുരസ്കാരത്തിന് പരിഗണിക്കും എന്നും ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു.
മാധ്യമ പ്രവര്‍ത്തകരായ വിനോദ് ജോണ്‍, ഫൈസല്‍ ബിന്‍ അഹമ്മദ്, ഷീല പോള്‍, മസ്ഹര്‍, ജബ്ബാരി കെ.എ. നാസര്‍ ബേപ്പൂര്‍, മുന്‍ അക്കാഫ് ചെയര്‍മാന്‍ പോള്‍ ജോസഫ്, നിസാര്‍ തളങ്കര, ഇസ്മയീല്‍ മേലടി, ടി. പി. ബഷീര്‍, ഇല്യാസ് എ. റഹ്മാന്‍, ടി. പി. മഹമ്മൂദ് ഹാജി, ഇസ്മയീല്‍ ഏറാമല മുതലായവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.