ഷാര്‍ജ : തൊഴില്‍ ഉടമയാല്‍ കബളിപ്പിക്കപ്പെട്ട ഒരു കൂട്ടം തൊഴിലാളികള്‍ക്ക് സാന്ത്വനമായി സഹായ വാഗ്ദാനങ്ങള്‍ എത്തി തുടങ്ങി. 6 മാസത്തോളം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭക്ഷണത്തിന് പോലും വകയില്ലാതായ ആയിരത്തിലേറെ തൊഴിലാളികളുടെ കഥ മാധ്യമങ്ങള്‍ പ്രവാസി ജനതയുടെ മുന്‍പില്‍ തുറന്നു കാണിച്ചതോടെ ഇവരുടെ താമസ സ്ഥലത്തേയ്ക്ക് സഹായം എത്തി തുടങ്ങി.
കേരളത്തിലെ എഞ്ചിനിയര്‍മാരുടെ യു.എ.ഇ. യിലെ സംഘടനയായ കേര (Kerala Engineers Association) വിവരം അറിഞ്ഞയുടന്‍ യോഗം ചേരുകയും, തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു എന്ന് കേര പ്രസിഡണ്ട് രെവികുമാര്‍ അറിയിച്ചു.
ഇതിനെ തുടര്‍ന്ന് പാലക്കാട് എഞ്ചിനിയറിംഗ് കോളജ് പൂര്‍വ വിദ്യാര്‍ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയും പ്രശ്നത്തില്‍ സജീവമായി ഇടപെടുകയും സഹായ പാക്കേജുമായി എത്തുകയും ചെയ്തു. സംഘടനയുടെ ഭാരവാഹികള്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയുമായും ഈ കാര്യം ചര്‍ച്ച ചെയ്യുകയും തൊഴിലാളികളുടെ മടങ്ങി പോക്കിലുള്ള അനിശ്ചിതാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തതായി ദര്‍ശന യു.എ.ഇ. യുടെ അദ്ധ്യക്ഷന്‍ കൃഷ്ണകുമാര്‍ അറിയിച്ചു.
ഹിറ്റ് എഫ്. എം. 96.7 തങ്ങളുടെ ഹെല്‍പ് ലൈന്‍ സര്‍വീസ് വഴി തൊഴിലാളികള്‍ക്ക് സഹായം എത്തിക്കുവാന്‍ വേണ്ട പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. റേഡിയോയില്‍ വാര്‍ത്ത കേട്ട ആയിരക്കണക്കിന് ശ്രോതാക്കള്‍ ഈ സംരംഭത്തില്‍ സഹകരിക്കുവാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്ന് ഹിറ്റ് എഫ്. എം. അറിയിച്ചു.
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും യു.എ.ഇ. യിലെ സാമൂഹ്യ സേവന രംഗത്തെ സജീവ സാന്നിദ്ധ്യവുമായ നിസാര്‍ സെയ്ദ് റേഡിയോ ഏഷ്യ യിലെ തന്റെ സായാഹ്ന പരിപാടിയില്‍ തൊഴിലാളികളുടെ അവസ്ഥ അവതരിപ്പിച്ചതിനെ തുടര്‍ന്ന് സഹായ വാഗ്ദാനങ്ങളുടെ കാരുണ്യ പ്രവാഹം തന്നെയായിരുന്നു. പരിപാടി തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ദുബായ് ആസ്ഥാനമായുള്ള നെല്ലറ ഫുഡ് പ്രോഡക്ട്സ് മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ദീന്‍ തൊഴിലാളികള്‍ക്ക് ആവശ്യമുള്ള അരി എത്തിച്ചു കൊടുക്കാം എന്ന വാഗ്ദാനവുമായി മുന്പോട്ട് വന്നു. തുടര്‍ന്ന് അലൈന്‍ ഡയറി പ്രോഡക്ട്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശശികുമാര്‍ മേനോന്‍ ഇവര്‍ക്ക് ജ്യൂസ് എത്തിച്ചു കൊടുക്കാം എന്ന് അറിയിച്ചു. രാത്രി തന്നെ ഇതിനുള്ള ക്രമീകരണങ്ങള്‍ തങ്ങള്‍ തുടങ്ങിയതായും ഇദ്ദേഹം അറിയിച്ചു. ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കില്‍ ഉള്ള റംല സൂപ്പര്‍മാര്‍ക്കറ്റ് ഇവര്‍ക്കാവശ്യമുള്ള അരിയും പരിപ്പും എത്തിക്കാം എന്ന് അറിയിച്ചു. ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും അബൂബക്കര്‍ മൌലാന ബസ്മതി റൈസ്, സല്‍മ റൈസ് എന്നിവര്‍ അരി വാഗ്ദാനം ചെയ്തു.
ഇതിനു പുറമേ അനേകം വ്യക്തികളും തങ്ങള്‍ക്ക് ആവും വിധം സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. തങ്ങളുടെ കഷ്ടപ്പാടുകള്‍ മറന്ന് നിരവധി സന്മനസ്സുള്ള ശ്രോതാക്കള്‍ 100 ദിര്‍ഹം മുതല്‍ ഉള്ള സംഖ്യകള്‍ ഇവര്‍ക്കുള്ള സഹായ നിധിയിലേക്ക് നല്‍കാം എന്ന് അറിയിച്ചു.
കെ. വൈ. സി. സി. എന്ന സംഘടന ഈ സഹായങ്ങള്‍ തൊഴിലാളികള്‍ക്ക് എത്തിച്ചു കൊടുക്കുന്നതിന് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രവര്‍ത്തന നിരതരാണ്.
സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ഇവര്‍ക്കായുള്ള സഹായങ്ങള്‍ ഒഴുകുമ്പോഴും, ഇന്ത്യാക്കാരുടെ ഇത്തരം പ്രശ്നങ്ങളില്‍ സ്വമേധയാ ഇടപെട്ട് ഇവര്‍ക്കായുള്ള സഹായം എത്തിക്കേണ്ട കര്‍ത്തവ്യമുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി (Indian Community Welfare Committee) എന്ന സംഘടനയുടെ യാതൊരു വിധ ഇടപെടലുകളും ഇവരുടെ കാര്യത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ കൊണ്സുലെറ്റിന്റെ ആഭിമുഖ്യത്തില്‍ സഹായം ആവശ്യമുള്ള ഇന്ത്യാക്കാരെ സഹായിക്കാനായി രൂപം കൊടുത്ത ഇന്ത്യന്‍ സംഘടനകളുടെ ഒരു കൂട്ടായ്മയാണ് ICWC. പ്രശ്നം ഇവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു സഹായവും ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ഒരു സംഘം തൊഴിലാളികള്‍ നേരിട്ട് ഇവരെ കാണുവാന്‍ പോയി. കടക്കെണിയില്‍ മുങ്ങി നില്‍ക്കുന്ന തൊഴിലാളികള്‍ ടാക്സിക്ക് കാശും മുടക്കി ശനിയാഴ്ച ദുബായിലുള്ള ഇന്ത്യന്‍ കൊണ്സുലെറ്റില്‍ എത്തിയെങ്കിലും ഇന്ന് അവധിയാണ് എന്നും ആരെയും കാണാനാവില്ല എന്നുമുള്ള മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ അംബാസഡര്‍, ICWC ഭാരവാഹികള്‍, മറ്റ് കൊണ്സുലെറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന വിരുന്നിന്റെ വേദിയായ നക്ഷത്ര ഹോട്ടലില്‍ ഇവര്‍ എത്തിയെങ്കിലും, വിരുന്ന് കഴിയുന്നത് വരെ കാത്ത് നില്‍ക്കാനായിരുന്നു ഇവര്‍ക്ക് ലഭിച്ച ഉപദേശം. ഇവരുടെ താമസ സ്ഥലം സന്ദര്‍ശിച്ചു പ്രശ്നങ്ങള്‍ നേരിട്ട് കണ്ടു ബോധ്യപ്പെടണം എന്ന് പറയാന്‍ തുടങ്ങിയിട്ട് നാളുകള്‍ കഴിഞ്ഞെങ്കിലും ഒന്നും ഇതു വരെ നടന്നില്ല. ഇതിനെ തുടര്‍ന്നാണ് ഇവരുടെ പ്രശ്നം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെട്ടതും മാധ്യമങ്ങള്‍ ഇവരുടെ കാര്യത്തില്‍ സജീവമായി ഇടപെട്ടതും.