റിയാദ്: മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ട്രെയിനില്‍ നിന്ന് വീണു മരിച്ച പ്രശസ്ത പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ സി. ശരത് ചന്ദ്രന്റെ അനുസ്മരണാര്‍ഥം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) ‘ശരത്കാല ഓര്‍മ്മകള്‍’ എന്ന പേരില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും ആശയ സംവാദവും സംഘടിപ്പിക്കുന്നു. ഈ മാസം 16ന് റിയാദില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പരിസ്ഥിതിയെ കുറിച്ച് അദ്ദേഹം തയ്യാറാക്കിയിട്ടുള്ള ഡോക്യുമെന്ററി ഫിലിമുകളില്‍ നിന്ന് തെരഞ്ഞെടുത്ത മൂന്നെണ്ണം പ്രദര്‍ശിപ്പിക്കും.
ഡോക്യുമെന്ററികളെ അടിസ്ഥാന പ്പെടുത്തിയുള്ള തുറന്ന സംവാദവും നടക്കും. കൂടാതെ ബ്രിട്ടീഷ് കൌണ്‍സില്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ റിയാദില്‍ 10 വര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ചിട്ടുള്ള ശരത് ചന്ദ്രനെ കുറിച്ച് അദ്ദേഹത്തിന്റെ റിയാദിലെ സുഹൃത്തുക്കളും ആസ്വാദകരും ഓര്‍മ്മകള്‍ പങ്കു വെയ്ക്കും.
പ്ലാച്ചിമട, ചാലിയാര്‍, ചാലക്കുടി മുതല്‍ ഭൂവനേശ്വറിലെ പോസ്കോ വിരുദ്ധ സമരം വരെ പാരിസ്ഥിതിക മനുഷ്യാവകാശ വിഷയങ്ങളില്‍ ഒരു ആക്ടിവിസ്റ്റ് എന്ന നിലയിലും ഡോക്യുമെന്ററി സംവിധായകനെന്ന നിലയിലും മുന്‍നിര പ്രവര്‍ത്തകനായി സജീവമായി നിലയുറപ്പിച്ചിരുന്ന ശരത് തികഞ്ഞ മനുഷ്യ സ്നേഹിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്നു.
പ്ലാച്ചിമട സമരത്തെ കുറിച്ചുള്ള ‘ഒരു സ്വപ്നവും ആയിരം ദിവസവും’, ‘ചാലിയാര്‍ അന്തിമ പോരാട്ടം’, സേവ് വെസ്റ്റേണ്‍ ഘട്ട്സ് മാര്‍ച്ച്, വയനാട്ടിലെ ആദിവാസി ശിശുക്കളെ കുറിച്ചുള്ള ‘കനവ്’, സൈലന്റ് വാലിയെ കുറിച്ചുള്ള ‘ഒണ്‍ലി ഒണ്‍ ആക്സ്വേ’, ജോണ്‍ എബ്രഹാമിനെ കുറിച്ചുള്ള ‘യുവേഴ്സ് ട്രൂലി ജോണ്‍’, ചെങ്ങറ ഭൂ സമരം വിഷയമായ ‘ഭൂമിക്ക് വേണ്ടി മരിക്കുക’, മുത്തങ്ങ സമരത്തെ ആസ്പദമാക്കിയ ‘എവിക്റ്റഡ് ഫ്രം ജസ്റ്റീസ്’ തുടങ്ങി നിരവധി ഡോക്യുമെന്ററികളിലൂടെ രാജ്യാന്തര പ്രശസ്തിയിലേക്കുയര്‍ന്ന ശരത് ചന്ദ്രന്‍ പ്രവാസികളെ കുറിച്ചുള്ളതടക്കം നിരവധി ഡോക്യുമെന്ററി സംരംഭങ്ങള്‍ പാതി വഴിയിലാക്കിയാണ് രണ്ട് മാസം മുമ്പ് വിധിക്ക് കീഴടങ്ങിയത്.
തൃശൂരില്‍ നിന്ന് എറണാകുള ത്തേയ്ക്കുള്ള യാത്രയ്ക്കിടെ, കൊടകരക്ക് സമീപം ട്രെയിനില്‍ നിന്ന് മറ്റൊരാളോടൊപ്പം വീണു മരിക്കുകയായിരുന്നു. കേരളത്തിലെ പ്രശസ്തമായ വീഡിയോ ഫിലിം ഫെസ്റ്റിവലായ ‘വിബ്ജിയോര്‍’ന്റെ സ്ഥാപകരില്‍ ഒരാളും, മുന്‍ നിര പ്രവര്‍ത്തകനുമായിരുന്നു. ശരത്തിന്റെ പേരില്‍ മികച്ച പാരിസ്ഥിതിക ലേഖനങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും ദൃശ്യ മാധ്യമ റിപ്പോര്‍ട്ടിംഗിനും റിയാദ് മീഡിയ ഫോറം ഏര്‍പ്പെടുത്തുന്ന പുരസ്കാരം സംബന്ധിച്ച പ്രഖ്യാപനം ഈ പരിപാടിയില്‍ നടക്കും. മുന്‍ കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പരിപാടിയില്‍ പ്രവേശനം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും നജിം കൊച്ചുകലുങ്ക് (0568467926), ഷഖീബ് കൊളക്കാടന്‍ (0502859984) എന്നിവരുമായി ബന്ധപ്പെടണമെന്ന് റിംഫ് ഭാരവാഹികള്‍ അറിയിച്ചു.


റിയാദ്: നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന ദേശാഭിമാനി റിയാദ് ലേഖകന്‍ മുഹമ്മദ് ഹാഷിമിന് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) യാത്രയയപ്പ് നല്‍കി. പ്രസിഡണ്ട് കെ. യു. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ പ്രമുഖ യുവ ഗായകന്‍ അന്‍സാര്‍ കൊച്ചിന്‍ ആശംസാ ഗാനം ആലപിച്ചു. നാസര്‍ കാരക്കുന്ന്, നരേന്ദ്രന്‍ ചെറുകാട്, ബഷീര്‍ പാങ്ങോട്, നാസര്‍ കാരന്തൂര്‍, ഐ. സമീല്‍, നജിം സൈനുദ്ദീന്‍, ജലീല്‍ ആലപ്പുഴ, അക്ബര്‍ വേങ്ങാട്ട് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. സംഘടനയുടെ ഉപഹാരം പ്രസിഡണ്ട് മുഹമ്മദ് ഹാഷിമിന് കൈമാറി. ശഖീബ് കൊളക്കാടന്‍ സ്വാഗതവും മുഹമ്മദ് ഹാഷിം നന്ദിയും പറഞ്ഞു.
റിയാദ് : സ്നേഹതീരത്തു കൂടി യാത്ര ചെയ്യുന്ന പ്രവാസി കള്‍ക്കിടയില്‍ നിന്ന് നല്ല സാഹിത്യം ഉണ്ടാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമന്‍. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം. പ്രവാസ ലോകത്ത് സമകാലീന വിഷയങ്ങളെ ക്കുറിച്ച് ചര്‍ച്ചകള്‍ സജീമായി നടക്കുന്നുണ്ടെങ്കിലും സമകാലീന സാഹിത്യം വായിക്കുന്നവര്‍ കുറവാണെന്നും, പത്രങ്ങളും മാസികകളും മാത്രം വായിച്ചാല്‍ പോരെന്നും സാഹിത്യ കൃതികള്‍ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റിയാദ് : ഒളിച്ച് വെക്കാനുള്ളതല്ല വിളിച്ച് പറയാനുള്ളതാണ് കവിതയെന്ന് കവി മുരുകന്‍ കാട്ടാക്കട. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി എഴുത്തുകാരെ സ്വീകരിക്കാനുള്ള വിമുഖത കാണിക്കുന്ന പ്രവണത മലയാള മുഖ്യാധാരാ സാഹിത്യത്തിലുണ്ടെന്നും മുരുകന്‍ കാട്ടാക്കട പറഞ്ഞു. മീഡിയ ഫോറം പ്രസിഡന്‍റ് കെ. യു. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് വേങ്ങാട്ട്, എസ്. എന്‍. ചാലക്കോടന്‍ എന്നിവര്‍ പ്രസംഗിച്ചു.



















