യു.എ.ഇ. യില്‍ അവയവ ദാനത്തിന് പുതിയ മാനദണ്ഡം നിലവില്‍ വന്നു. യു. എ. ഇ. ഹെല്‍ത്ത് കൗണ്‍സില്‍ ആണ് ഇത് സംബന്ധിച്ച് നേരത്തെ നിലവില്‍ ഉണ്ടായിരുന്ന ഫെഡറല്‍ നിയമം പുനപരിശോധിച്ച് പുതിയ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തിയത്. നേരത്തെ ഉണ്ടായിരുന്ന നിയമ പ്രകാരം, ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ നിയമ പ്രകാരം രണ്ടു തരം അവയവ ദാനം അനുവദനീയമാണ് – ജീവനുള്ള ദാതാവിനും മരണാനന്തരവും അവയവ ദാനം നടത്താനാവും.
ജീവനുള്ള ദാതാവ് 21 വയസ്സിനു മുകളില്‍ പ്രായമുള്ള ആരോഗ്യമുള്ള ആളായിരിക്കണം. മാത്രമല്ല, ഒരേ രക്ത ഗ്രൂപ്പില്‍ പെട്ട ആളുമാവണം. ദാതാവ് രണ്ട് സാക്ഷികള്‍ ഒപ്പ് വെച്ച സമ്മതി പത്രം ഒപ്പിട്ട് നല്‍കണം എന്നും നിയമം അനുശാസിക്കുന്നു. ഏതെല്ലാം അവയവങ്ങളാണ് ഇത്തരത്തില്‍ ജീവനുള്ള ദാതാവിന് ദാനം ചെയ്യാന്‍ കഴിയുക എന്ന് നിയമത്തില്‍ പ്രത്യേകം എടുത്തു പറയുന്നില്ല.
എന്നാല്‍, മരിച്ച വ്യക്തിയുടെ അവയവങ്ങളും പുതിയ നിയമ പ്രകാരം ദാനം ചെയ്യാന്‍ കഴിയും. മരിച്ച വ്യക്തി മരണത്തിന് മുന്‍പ് അവയവ ദാനത്തിനുള്ള സമ്മതി പത്രം ഒപ്പിടുകയോ അല്ലെങ്കില്‍ മരിച്ച വ്യക്തിയുടെ ഏറ്റവും അടുത്ത ബന്ധുക്കളുടെ സമ്മതമോ ഉണ്ടെങ്കില്‍ ഇനി അവയവങ്ങള്‍ ദാനം ചെയ്യാനാവും. മരിച്ച വ്യക്തിയുടെ സമ്മതം ഇല്ലെങ്കിലും അടുത്ത ബന്ധുക്കള്‍ ഒപ്പിട്ട് നല്‍കുന്ന സമ്മതി പത്രം മൂലം ഇത്തരത്തില്‍ അവയവ ദാനം നടത്താനാവും എന്നതാണ് പുതിയ നിയമത്തിലെ സവിശേഷത. കരള്‍, ശ്വാസകോശം, ഹൃദയം, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളുടെ ദാനം ഇങ്ങനെ നടത്താനാവും.
ആരോഗ്യ മന്ത്രി ഡോ. ഹനീഫ് ഹസന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യു. എ. ഇ. ഹെല്‍ത്ത് കൗണ്‍സില്‍ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
ആരോഗ്യ മന്ത്രാലയം 566 – 2010 സര്‍ക്കുലര്‍ നമ്പറില്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി കഴിഞ്ഞു.
അവയവ മാറ്റ ശസ്ത്രക്രിയകള്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതിയുള്ള ആശുപത്രികളില്‍ മാത്രമേ നടത്താവൂ എന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നുണ്ട്.
അവയവ മാറ്റം ഈ നൂറ്റാണ്ടിലെ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ അനുഗ്രഹമാണ്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ ഇത് മെച്ചപ്പെടുത്തിയിട്ടുണ്ട് എന്ന് ഇത് സംബന്ധിച്ച് ദേശീയ അവയവ മാറ്റ കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡോ. അലി അബ്ദുള്‍ കരീം അല്‍ ഒബൈദി അഭിപ്രായപ്പെട്ടു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യു.എ.ഇ., വൈദ്യശാസ്ത്രം