
ദുബായ് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെയും സംഘടനാ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പ് യു.എ.ഇ. എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി രൂപം കൊണ്ട കൂട്ടായ്മയില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, മലബാറിലെ സംഘടനകള്‍, വിശിഷ്യാ കാസര്‍കോടുകാരുടെ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു. ദുരിത ബാധിതര്‍ക്ക് ആശ്വാസം എത്തിക്കാന്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ കൂട്ടായ്മയില്‍ വാഗ്ദാനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ നിരുല്‍സാഹപ്പെടുത്തിയ അനുഭവങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന് എതിരെ നിരാഹാര സമരം അനുഷ്ഠിച്ച ശശി തോരോത്ത് ചടങ്ങില്‍ സംസാരിക്കവെ സദസ്സുമായി പങ്കു വെച്ചു.

പ്രവാസി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ഈ സദുദ്യമത്തിന് ഉണ്ടാവും എന്ന് കൂട്ടായ്മയെ അഭിസംബോധന ചെയ്ത പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ നിസാര്‍ സയിദ് പ്രത്യാശ പ്രകടിപ്പിച്ചു. ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കാനുള്ള ശ്രമങ്ങളില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാഗമാവും എന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കര അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരായ കെ. എം. അബ്ബാസ്, സാദിഖ് കാവില്‍, മസ്ഹര്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങിനു മുന്‍പായി e പത്രം പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ കഥ ചിത്രീകരിക്കുന്ന “പുനര്‍ജനിക്കായി” എന്ന ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചു.