അബുദാബി: കേരള യൂത്ത് കള്‍ച്ചറല്‍ ക്ലബ്ബ്, അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടത്തിയ പ്രഥമ ‘കേരള സെവന്‍സ് 2010’ ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍, കോപ്പി കോര്‍ണര്‍ ദുബായ് ജേതാക്കളായി. മിനാ ബ്രദേഴ്‌സ് അബുദാബിയെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കോപ്പി കോര്‍ണര്‍ പരാജയപ്പെടുത്തിയത്.
യു. എ. ഇ. യിലെ പല നമ്പര്‍ വണ്‍ പ്രവാസി ടീമുകളെയും തോല്‍പ്പിച്ചുകൊണ്ടാണ് ഇരു ടീമുകളും ഫൈനലിലെത്തിയത്. സെമിഫൈനലില്‍ മികച്ച കളി കാഴ്ച്ചവെച്ച ഡൈവ്‌ടെക് ദുബായിയെയും ഇഞ്ചോടിഞ്ച് പോരാടി നിന്ന തൈസി ദുബായിയെയും മലര്‍ത്തിയടിച്ചാണ് ഇരു ടീമുകളും ഫൈനല്‍ ഉറപ്പാക്കിയത്.
കേരള യൂത്ത് കള്‍ച്ചറല്‍ ക്ലബ് (കെ. വൈ. സി. സി.) അബുദാബി ഘടകം ഒരുക്കിയ കേരള സെവന്‍സ് 2010 ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ 24 ടീമുകള്‍ മാറ്റുരച്ചിരുന്നു. അതില്‍ രണ്ട് ഗോവന്‍ ടീമുകളും പങ്കെടുത്തിരുന്നു. എന്നാല്‍ മലയാളി ടീമുകള്‍ക്ക് മുമ്പില്‍ ഗോവന്‍ ടീമുകളായ ഔട്ട്‌സൈഡേ്‌ഴ്‌സ് കാനകോനയും, ചിക്കാലിംഗ് ബോയ്‌സ് വാസ്‌കോയും പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍തന്നെ പരാജയപ്പെട്ടു.
അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലെ രണ്ട് ഗ്രൗണ്ടുകളിലായി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച പ്രാഥമിക റൗണ്ട് രാത്രി എട്ടുമണിവരെ നീണ്ടു നിന്നു.


അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന “വിന്‍റര്‍ സ്പോര്‍ട്സ്- 2010” ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ് ഫെബ്രുവരി അഞ്ചിന് വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതല്‍, മുസഫ പാലത്തിനു സമീപമുള്ള ഡിഫന്‍സ് സ്റ്റേഡിയത്തില്‍ നടക്കും. 12 ഗ്രൂപ്പുകളിലായി വിവിധ മത്സരങ്ങള്‍ ഉണ്ടായിരിക്കും.
അബുദാബി : നാല്പതോളം പ്രാദേശിക ക്ലബുകള്‍ ഏറ്റുമുട്ടുന്ന 25 – 25 ക്രിക്കറ്റ് ടൂര്‍ണമെന്റിന് അബുദാബിയില്‍ വേദിയൊരുങ്ങുന്നു. അബുദാബി ക്രിക്കറ്റ് കൗണ്‍സില്‍, അബുദാബി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരുക്കുന്ന ടൂര്‍ണമെന്റിന്റെ സംഘാടകര്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്ററാണ്.
അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച് യു. എ. ഇ. ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ്, ജനുവരി 22ന് വെള്ളിയാഴ്‌ച്ച രാവിലെ 9 മണി മുതല്‍ അബുദാബി മുസഫാ പാലത്തിന് സമീപം ഉള്ള മിലിറ്ററി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. യു. എ. ഇ യിലെ വിവിധ എമിറേറ്റുകളിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുമായി അഞ്ഞൂറില്‍ പരം കായിക താരങ്ങള്‍ ഈ മത്സരങ്ങളില്‍ പങ്കെടുക്കും.



















