അമേരിക്കൻ ചെർണോബിൽ ചോരുന്നു

February 26th, 2013

hanford-nuclear-reservation-epathram

വാഷിംഗ്ടൺ : ആണവ അവശിഷ്ടങ്ങൾ എന്തു ചെയ്യും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇല്ല എന്നത് പരസ്യമായ രഹസ്യമാണ്. ഇരട്ടപ്പാളികളുള്ള ഉരുക്ക് ടാങ്കുകളിൽ അടച്ച് ഭൂമിക്കടിയിൽ കുഴിച്ചിടാം എന്നൊക്കെ പറഞ്ഞ് തടി തപ്പുന്ന ആണവ ശാസ്ത്രജ്ഞർ പക്ഷെ ഇവ നിരവീര്യമാകാൻ വേണ്ടി വരുന്ന കാലപരിധി മുഴുവൻ ഇവ സുരക്ഷിതമായി ഇരിക്കുമോ എന്ന ചോദ്യം കേൾക്കാത്ത ഭാവം നടിക്കുകയാണ് പതിവ്.

അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റിലുള്ള ഹാൻഫോർഡ് ന്യൂക്ലിയർ റിസർവേഷൻ എന്ന ആണവ കേന്ദ്രത്തിൽ 1943 മുതൽ 1988 വരെ ആണവ ആയുധങ്ങൾക്കായുള്ള പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു വന്നു. ഈ ആണവ റിയാക്ടറുകൾ തണുപ്പിക്കാൻ കൊളംബിയ നദിയിലെ ജലമാണ് ഉപയോഗിച്ചു വന്നത്. പ്ലൂട്ടോണിയം ഉത്പാദനം നിർത്തി വെച്ചെങ്കിലും വൻ ആണവ അവശിഷ്ട ശേഖരമാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്. പിന്നീടിങ്ങോട്ട് ഇവിടത്തെ പ്രധാന പ്രവർത്തനം ആണവ അവശിഷ്ട നിർമ്മാർജ്ജനം മാത്രമായിരുന്നു.

മൂന്നു നില കെട്ടിടങ്ങളുടെ വലിപ്പമുള്ള 177 ഭൂഗർഭ ടാങ്കുകളിലാണ് ഇവിടെ അണുപ്രസരണ ശേഷിയുള്ള ആണവ മാലിന്യങ്ങൾ നിക്ഷേപിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇതിൽ 70ഓളം ടാങ്കുകൾ പൊട്ടി ഒലിക്കുന്നുണ്ട്. 7 വർഷം കൊണ്ട് ഇത് ഭൂമിക്കടിയിലൂടെ സഞ്ചരിച്ച് കൊളംബിയ നദിയിൽ എത്തിച്ചേരും എന്നാണ് അനുമാനം.

ഇതിനിടെയാണ് കഴിഞ്ഞ ആഴ്ച്ച 6 ടാങ്കുകൾ പൊട്ടിയതായി അമേരിക്കൻ ആണവ ഊർജ്ജ വിഭാഗം അറിയിച്ചത്. അടിയന്തിരമായി ഇത് പൊതു ജനത്തെ ബാധിക്കില്ലെന്നും അതിനാൽ ആശങ്കക്ക് കാരണമില്ല എന്ന അറിയിപ്പും.

എന്നാൽ ഇത് എല്ലാ വാഷിംഗ്ടൺ നിവാസികൾക്കും ആശങ്ക പകരുന്ന വാർത്ത തന്നെയാണ് എന്ന് വാഷിംഗ്ടൺ ഗവർണർ ജേ ഇൻസ്ലീ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക

February 7th, 2013

solar-energy-india-epathram

ജനീവ : പാരിസ്ഥിതിക ആഘാതം തീരെ കുറഞ്ഞ ഊർജ്ജ സ്രോതസ്സായ സൌരോർജ്ജം വ്യാപകമാക്കുന്നത് ലക്ഷ്യമിട്ട് ഇന്ത്യ നടപ്പിലാക്കി വരുന്ന ജവഹർലാൽ നെഹ്രു ദേശീയ സൌരോർജ്ജ ദൌത്യം എന്ന പദ്ധതിക്ക് എതിരെ അമേരിക്ക ലോക വ്യാപാര സംഘടനയിൽ ചോദ്യം ചെയ്തു. ലോക വ്യാപാര സംഘടനയുടെ ചട്ടം അനുസരിച്ച് ഒരു പരാതി നല്കാനുള്ള ആദ്യ നടപടിയായി ഇന്ത്യയുമായി വിഷയം ചർച്ച ചെയ്യണം എന്നാണ് അമേരിക്കയുടെ ആവശ്യം. ഇന്ത്യയുമായി വർഷങ്ങളായി നടത്തി വരുന്ന ഉഭയകക്ഷി ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. സംഘടനയുടെ നിയമങ്ങൾ പ്രകാരം സംഘടനാതല ചർച്ചകളിൽ 60 ദിവസത്തിനകം പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ തർക്ക പരിഹാര സമിതി പ്രശ്നം ഏറ്റെടുക്കും.

ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാവുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗ്ഗമനം കുറയ്ക്കുവാനായി ഫോസിൽ ഇന്ധനത്തിന്റെ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തിനായി സൌരോർജ്ജം പോലുള്ള ക്ലീൻ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം വർദ്ധിപ്പിക്കുക എന്ന അമേരിക്ക അടക്കമുള്ള ലോക രാഷ്ട്രങ്ങളുടെ ശ്രമങ്ങൾ പുരോഗമിക്കവെയാണ് അമേരിക്കൻ വ്യവസായികളുടെ സമ്മർദ്ദത്തിന് വഴങ്ങി അമേരിക്കൻ സർക്കാർ ഈ നടപടിക്ക് ഒരുങ്ങിയത് എന്നത് ശ്രദ്ധേയമാണ്.

സൌരോർജ്ജ ഉപയോഗം പ്രോൽസാഹിപ്പിക്കുവാനായി ഇന്ത്യ തുടങ്ങിയ ദേശീയ സൌരോർജ്ജ ദൌത്യമാണ് അമേരിക്കൻ വ്യവസായികളെ പ്രകോപിപ്പിച്ചത്. പാരിസ്ഥിതിക ആഘാതങ്ങൾ നന്നെ കുറവുള്ളതും അങ്ങേയറ്റം സുരക്ഷിതവുമാണെങ്കിലും നിർമ്മാണ ചിലവ് ഏറെ ഉള്ള ഊർജ്ജ സ്രോതസ്സാണ് സൌരോർജ്ജം. ഇന്ത്യ വിഭാവനം ചെയ്ത പദ്ധതി നടപ്പിലാക്കണമെങ്കിൽ കുറഞ്ഞ ചിലവിലുള്ള സൌര പാളികൾ വികസിപ്പിച്ചെടുക്കാൻ ആവശ്യമായ ഗവേഷണം, പാളികൾ തദ്ദേശീയമായി നിർമ്മിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം എന്നിവ അനിവാര്യമാണ്. എന്നാൽ ഇത്തരത്തിൽ തദ്ദേശീയമായി സൌരോർജ്ജ പാളികൾ നിർമ്മിക്കുവാൻ സർക്കാർ സഹായിക്കുന്നതിനെയാണ് അമേരിക്കൻ സൌരോർജ്ജ പാളി നിർമ്മാണ കമ്പനികൾ എതിർക്കുന്നത്.

2050ഓടെ 200 ഗിഗാ വാട്ട്സ് സൌരോർജ്ജ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ദേശീയ സൌരോർജ്ജ ദൌത്യം ലക്ഷ്യമിടുന്നത്. 2010ൽ ലോകമെമ്പാടും ഉത്പാദിപ്പിച്ചത് വെറും 39.8 ഗിഗാ വാട്ട്സ് മാത്രമാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് ഇന്ത്യയുടെ ലക്ഷ്യത്തിന്റെ വ്യാപ്തി ബോദ്ധ്യമാകുക. ഇത്രയും വലിയ ഒരു കമ്പോളത്തിൽ തങ്ങൾക്ക് വെല്ലുവിളി നേരിടുന്നതാണ് അമേരിക്കയുടെ പ്രശ്നം. ഇന്ത്യ തദ്ദേശീയ വികസനം നടത്തുന്നതും അതിന് സാമ്പത്തിക സഹായം നൽകുന്നതും ആഗോള വ്യാപാര കരാറിന് വിരുദ്ധമാണ് എന്നാണ് അമേരിക്കയുടെ വാദം. വിദേശ ഉൽപ്പന്നങ്ങൾക്കും തദ്ദേശീയ ഉൽപ്പന്നങ്ങൾക്കും തുല്യമായ അവസരം ലഭിക്കണം എന്നും സബ്സിഡികൾ ഈ അവസരം ഇല്ലാതാക്കും എന്നും അമേരിക്ക ചൂണ്ടിക്കാണിക്കുന്നു.

സാമ്രാജ്യത്വ അധിനിവേശത്തിലൂടെ വർഷങ്ങളോളം ചൂഷണം ചെയ്ത് വികസിത രാഷ്ട്രമായി തീർന്ന അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളുടെ വളരാനുള്ള ശ്രമത്തെ തുരങ്കം വെക്കാൻ ഉപയോഗിക്കുന്ന ആയുധമാണ് ഇത്തരം സമാനമായ അവസരം വേണമെന്ന വാദം. മൂന്നാം ലോക രാഷ്ട്രങ്ങൾ എന്നും ഇവരുടെ ഉപഭോക്താക്കളായി തുടർന്നാൽ മതിയെന്ന നിലപാടിനെ പ്രതിരോധിക്കാതിരിക്കാൻ മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങളെ പണം കൊടുത്ത് സ്വാധീനിക്കാൻ നിയമപരമായി തന്നെ അനുവാദം കൊടുക്കുന്ന നിയമങ്ങളാണ് അമേരിക്കയിൽ ഉള്ളത്. ചില്ലറ വിൽപ്പന രംഗത്തെ വിദേശ നിക്ഷേപ നയത്തെ സ്വാധീനിക്കാൻ ഇന്ത്യയിൽ പണം ചിലവാക്കി എന്ന വാൾമാർട്ടിന്റെ വെളിപ്പെടുത്തൽ ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ കോളിളക്കത്തിൽ തന്നെ ഇത് ഒടുങ്ങി എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പരാജയം.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും

January 22nd, 2013

madhav-gadgil-epathram

തിരുവനന്തപുരം: പശ്ചിമഘട്ട ജൈവ വൈവിധ്യ സംരക്ഷണം സംബന്ധിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കേരളത്തിലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടായി എതിര്‍ക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ റിപ്പോര്‍ട്ടിലെ പല ശുപാര്‍ശകളും അംഗീകരിക്കാ നാവില്ലെന്നും, സമഗ്രമായ പുനഃപരിശോധന വേണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിയമസഭ ഐകകണ്ഠേന പ്രമേയം പാസാക്കിയിരുന്നു. ഇതിനെ എല്ലാ അര്‍ത്ഥത്തിലും പിന്തുണയ്ക്കുന്നു എന്നും, മുഴുവന്‍ ഊര്‍ജവും ഉള്‍ക്കൊണ്ടായിരിക്കും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുക എന്നും അതിരപ്പള്ളി ജല വൈദ്യുത പദ്ധതിയടക്കം നിരവധി പുതിയ പദ്ധതികള്‍ തുടങ്ങുന്നതിന് പാരിസ്ഥിതികമായ അനുമതി ലഭിക്കാന്‍ ഈ റിപ്പോർട്ട് ഒരു പ്രധാന തടസമാണെന്നും അതിനാല്‍ ഇതിനെ പാടെ തള്ളിക്കളയണം എന്നുമാണ് കേരള സര്‍ക്കാരിന്റെ ആവശ്യം. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഡോ. കസ്തൂരി രംഗന്‍ അദ്ധ്യക്ഷനായ സമിതി ശനിയാഴ്ച തലസ്ഥാനത്ത് എത്തുമ്പോള്‍ ഇക്കാര്യം അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ ലക്‌ഷ്യം. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഏറെ ദോഷകരമായി ബാധിക്കുന്ന വയനാട്, ഇടുക്കി ജില്ലകളില്‍ കസ്തൂരി രംഗന്‍ സമിതി സന്ദര്‍ശിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്

January 3rd, 2013

gm-crops-epathram

ബംഗളൂരു : ജനിതക വിളകളിടെ പരീക്ഷണ കൃഷിയുടെ നിരോധനവും ബിടി ഭക്ഷ്യ വിളകൾക്ക് 10 വർഷത്തെ മോരട്ടോറിയവും പ്രഖ്യാപിക്കണം എന്ന് ഇവിടെ നടക്കുന്ന രണ്ടാമത് ഇന്ത്യൻ ജൈവ വൈവിദ്ധ്യ കോൺഗ്രസ് ആവശ്യപ്പെട്ടു. രാജ്യമെമ്പാടും നിന്നുമുള്ള ശാസ്ത്രജ്ഞരും, പ്രകൃതി സം‌രക്ഷകരും, പരിസ്ഥിതി പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും മറ്റും പങ്കെടുത്ത ത്രിദിന സമ്മേളനം ജൈവ സാങ്കേതിക പ്രക്രിയകളും ഉത്പന്നങ്ങളും ജൈവ വൈവിദ്ധ്യ നിയമത്തിന് കീഴിൽ കൊണ്ടു വരേണ്ട ആവശ്യകതയെ എടുത്തു കാട്ടി.

ജനിതക വിളകളെ രാജ്യത്തെ ഭക്ഷ്യ സുരക്ഷാ പദ്ധതികളുമായി ബന്ധപ്പെടുത്തരുത് എന്ന് ജൈവ വൈവിദ്ധ്യ കോൺഗ്രസ് ആവശ്യപ്പെട്ടു. ജനിതക വിളകൾക്ക് അംഗീകാരം നൽകുവാനായി ലക്ഷ്യമിട്ട് രാജ്യത്ത് ജൈവ സാങ്കേതിക റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം. ഇപ്പോൾ നടക്കുന്ന ബിടി പരുത്തി കൃഷിയേയും അതുണ്ടാക്കുന്ന അനന്തര ഫലങ്ങളേയും പറ്റി 10 വർഷത്തോലം പഠനം നടത്തണം എന്നും എന്നിട്ട് സുരക്ഷിതമാണ് എന്ന് കണ്ടാൽ മാത്രമേ ഇത്തരം കൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പാടുള്ളൂ എന്നും ജൈവ വൈവിദ്ധ്യ കോൺഗ്രസ് ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍

October 11th, 2012

john-c-jacob

കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിവന്ദ്യ ഗുരു ജോണ്‍ സി ജേക്കബ്‌ നമ്മെ വിട്ടകന്നിട്ട് ഇന്നേക്ക് നാലു വര്ഷം തികയുന്നു. ഋഷി തുല്യമായ ജീവിതം നയിച്ച ആ മഹാനായ പ്രക്രുതിസ്നേഹിയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഇ പത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

1936-ല്‍ കോട്ടയം ജില്ലയിലെ കുറിച്ചിയിലാണ് ജോണ്‍ സി ജേക്കബ് ജനിച്ചത്‌. മദ്രാസ്‌ കൃസ്ത്യന്‍ കോളേജില്‍ നിന്നും ഉന്നത വിദ്യാഭാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കെ തന്നെ പ്രകൃതി നിരീക്ഷണത്തില്‍ അതീവ താല്പര്യം കാണിച്ച ഇദ്ദേഹം അദ്ധ്യാപകനായിരിക്കെ സ്വന്തം വിദ്യാര്‍ഥികളെ  വനങ്ങളിലും കടല്‍ത്തീരത്തും ദ്വീപുകളിലും കൊണ്ടുപോയി പ്രകൃതിയുടെ പാഠങ്ങള്‍ പഠിപ്പിച്ചു.1977ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ പ്രകൃതി സഹവാസ ക്യാമ്പ്‌ ഏഴിമലയില്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് ദക്ഷിണേന്ത്യയിലെ വിവിധ ഇടങ്ങളില്‍ നിരവധി ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കി. 1960 മുതല്‍ 65 വരെ ദേവഗിരി കോളേജിലും പിന്നീട് 1992വരെ പയ്യന്നൂര്‍ കോളേജിലും ജന്തുശാസ്ത്ര അദ്ധ്യാപകന്‍. ഇദ്ദേഹമാണ് കേരളത്തില്‍ ആദ്യമായി ഒരു പരിസ്ഥിതി സംഘടന രൂപീകരിച്ചത്‌. 1979ല്‍ സ്ഥാപിച്ച സീക്ക് (സൊസൈറ്റി ഫോര്‍ എന്‍വിറോണ്‍മെന്റല്‍ എജ്യുക്കേഷന്‍ ഇന്‍ കേരള) കേരള പാരിസ്ഥിതിക ചരിത്രത്തില്‍ അവഗണിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ സംഘടനയാണ്. 1986ല്‍ ഒരേ ഭൂമി ഒരേ ജീവന്‍ എന്നാ പ്രസ്ഥാനവും പ്രസിദ്ധീകരണവും തുടര്‍ന്ന്  പ്രതിഷ്ഠാനം കൂട്ടായ്മയും ആരംഭിച്ചു. മലയാളത്തിലെ ആദ്യത്തെ പാരിസ്ഥിതിക കാലികമായ ‘മൈന’ തുടങ്ങിയതും ഇദ്ദേഹമാണ്. 1981 ല്‍ ആരംഭിച്ച ആദ്യത്തെ പാരിസ്ഥിതിക മാസികയായ ‘സൂചിമുഖി’ 1986ല്‍ ആരംഭിച്ച ആന്‍ഖ് മാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 1995 ല്‍ തുടങ്ങിയ പ്രസാദം മാസിക 2008 ഒക്ടോബര്‍ 11 അദ്ദേഹം മരിക്കുന്നത് വരെ തുടര്‍ന്നു. ‘ഉറങ്ങുന്നവരുടെ താഴ്വര’ എന്ന പരിസ്ഥിതി കഥകളുടെ സമാഹാരവും ഡാനിയല്‍ ക്വിന്നിന്റെ ‘ഇഷ്മായേല്‍’ ‘എന്റെ ഇഷ്മായേല്‍’ എന്നീ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു.  2004ല്‍ സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ പരിസ്ഥിതി വിദ്യാഭ്യാസം, ഇക്കോ സ്പിരിച്ച്വാലിറ്റി പുരസ്കാരം ലഭിച്ചു. 2005ല്‍ ഏര്‍പ്പെടുത്തിയ പ്രഥമ വനമിത്ര പുരസ്ക്കാരം നല്‍കി കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. 2007ല്‍ കേരള ബയോഡിവോഴ്സിറ്റി ബോര്‍ഡിന്റെ ‘ഗ്രീന്‍’ വ്യക്തികത പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഗുരുവായി ഇദ്ദേഹത്തെ വിശേഷിപ്പിക്കാം  2008 ഒക്ടോബര്‍ 11നാണ് ഇദ്ദേഹം നമ്മെ വിട്ടുപോയത്‌….

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 13123...10...Last »

« Previous Page« Previous « നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
Next »Next Page » ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ് »

 • കല്ലേൻ പൊക്കുടൻ അന്തരിച്ചു
 • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
 • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
 • കൂടംകുളം ഇന്നു മുതൽ
 • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
 • അമേരിക്കൻ ചെർണോബിൽ ചോരുന്നു
 • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
 • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
 • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
 • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
 • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
 • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
 • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
 • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
 • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
 • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
 • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
 • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
 • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
 • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

 • © e പത്രം 2010