ന്യൂഡല്‍ഹി: ഉത്പാദകരുടെ കൈവശം ബാക്കിയുള്ള എന്‍ഡോസള്‍ഫാന്‍ കേരളം, കര്‍ണാടകം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വിറ്റ് തീര്‍ക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്ര കൃഷി മന്ത്രാലയമാണ് സത്യവാങ്മൂലത്തിലൂടെ ഇങ്ങനെ ഒരാവശ്യം മുന്നോട്ട് വെച്ചത്. കീടനാശിനി കമ്പനികളെ അനുകൂലിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നടപടി തീര്‍ത്തും തെറ്റായി പോയെന്നും, ഈ തീരുമാനം കീടനാശിനി കമ്പനികളെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്നും വി. എം. സുധീരന്‍ പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയില്‍ 1090.596 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് ഉത്പാദകര്‍ കോടതിയെ അറിയിച്ചു. ബാക്കിയുള്ള എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു. 2011 ഒക്ടോബറിലാണ് രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ ഉത്പാദനം പൂര്‍ണമായും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്നാവശ്യപെട്ടു ഡി. വൈ. എഫ്. ഐ. നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം എൻ. സി. പി. യുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ പരിഹരിക്കാനുള്ള തന്ത്രമാണ് എന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. കൃഷി വകുപ്പ് കൈകാര്യം ചെയ്യുന്ന എൻ. സി. പി. യും കൃഷി മന്ത്രി ശരത് പവാറും മുമ്പും കീടനാശിനി കമ്പനികള്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ മടി കാണിച്ചിരുന്നില്ല. കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി കെ. വി. തോമസിന്റെ വിവാദ പ്രസ്താവനയാണ് ഈ വിഷയത്തില്‍ കൂടുതല്‍ മാധ്യമ ശ്രദ്ധ ലഭിക്കാന്‍ കാരണമായത്. അദ്ദേഹം ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടില്‍ നിന്നും മാറിയിട്ടില്ല എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: agriculture, pesticide, pollution, struggle, tragedy, victims