എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു

July 26th, 2012

endosulfan-victim-epathram

കാസർഗോഡ് : എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാര്‍ നടത്തി വരുന്ന സത്യാഗ്രഹ സമരം നൂറ് ദിവസം പിന്നിടുകയാണ്. സത്യാഗ്രഹത്തിന്റെ നൂറാം (ജൂലൈ 28നു) ദിനത്തില്‍ 100ഓളം അമ്മമാര്‍ സമരപ്പന്തലില്‍ ഉപവസിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഒന്നൊന്നായി മരിച്ചു കൊണ്ടിരിക്കുമ്പോഴും അധികാരികള്‍ തികഞ്ഞ അനാസ്ഥയാണ് കാണിച്ചു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയെയും പ്രതീക്ഷിച്ചു നിന്ന നൂറു കണക്കിനാളുകളെ അവഗണിച്ചു കൊണ്ട് സത്യാഗ്രഹികളെ സന്ദര്‍ശിക്കാതെയാണ് കാസറഗോഡ് സന്ദര്‍ശിച്ച കേരള മുഖ്യമന്ത്രി സമരപ്പന്തലിനു മുന്നിലൂടെ കടന്നു പോയത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ അതേ പടി നടപ്പിലാക്കുക, മറ്റ് ഗ്രാമങ്ങളില്‍ നിന്നുള്ള ദുരിത ബാധിതരായ ആളുകളെ കൂടി ദുരിതാശ്വാസം നല്‍കുന്നതിനായി പരിഗണിക്കുക, സമഗ്രമായ ആരോഗ്യ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങി 18ഓളം ആവശ്യങ്ങളാണ് സമര സമിതി ഉന്നയിച്ചിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നിങ്ങള്‍ക്ക് ഏതൊക്കെവിധത്തില്‍ സഹായിക്കാന്‍ കഴിയും?

എഴുന്നേറ്റു നില്‍ക്കുവാനോ പ്രാഥമിക കൃത്യങ്ങള്‍ സ്വയം നിര്‍വ്വഹിക്കുവാനോ കഴിവില്ലാത്ത നൂറ് കണക്കിന് കുഞ്ഞുങ്ങളാണ് എന്‍ഡോസള്‍ഫാന്‍ ഇരകളായി കാസറഗോഡുള്ളത്. അത്തരം കുഞ്ഞുങ്ങളെ വീട്ടിലിരുത്തി ക്കൊണ്ടാണ് ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കി കിട്ടുന്നതിനു വേണ്ടി വളരെയേറെ ത്യാഗങ്ങള്‍ സഹിച്ചു കൊണ്ട് അമ്മമാര്‍ സമരത്തിനെത്തുന്നത്. അവരെ നിങ്ങള്‍ക്ക് പല രീതീയില്‍ സഹായിക്കാം.

 1. സമര സമിതി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുക.
 2. നിങ്ങളുടെ പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നങ്ങളോട് ആഭിമുഖ്യം പ്രഖ്യാപിച്ചുകൊണ്ട് പരിപാടികള്‍ സംഘടിപ്പിക്കുക.
 3. സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ സമരത്തെക്കുറിച്ച് എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
 4. കാസറഗോഡുള്ള സമരപ്പന്തല്‍ സന്ദര്‍ശിക്കുക, അവരോടൊപ്പം സത്യാഗ്രഹത്തില്‍ പങ്കാളികളാകുക.
 5. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വളരെയധികം സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്. രോഗ ബാധിതര്‍ക്ക് അടിയന്തിരമായി ചികിത്സ ലഭിക്കേണ്ടതുണ്ട്, സത്യാഗ്രഹത്തിനെത്തുന്ന അമ്മമാര്‍ അവരുടെ ദൈനംദിന ജോലികള്‍ പോലും ഉപേക്ഷിച്ചാണ് സമരത്തിനെത്തുന്നത് അവരെ സഹായിക്കേണ്ടതുണ്ട്. ഇതിനായി സമര സമിതിയെ സാമ്പത്തികമായി സഹായിക്കാം. താഴെക്കാണുന്ന അക്കൗണ്ട് നമ്പറിലേക്ക് തുകകള്‍ അയക്കാം. നിങ്ങളുടെ പ്രദേശങ്ങളില്‍ നിന്ന് കൊച്ചു കൊച്ചു തുകകള്‍ സംഭാവനയായി പിരിച്ച് എത്തിക്കാം.

സംഭാവനകള്‍ താഴെ പറയുന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കാം:
ഇന്ത്യന്‍ ബാങ്ക്, കാഞ്ഞങ്ങാട് ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ – 6045874087 (RTGS കോഡ്: IDID000N106)

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും

July 24th, 2012

endosulfan-abdul-nasser-epathram

ന്യൂഡല്‍ഹി: ഉത്പാദകരുടെ കൈവശം ബാക്കിയുള്ള എന്‍ഡോസള്‍ഫാന്‍ കേരളം, കര്‍ണാടകം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വിറ്റ്‌ തീര്‍ക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്ര കൃഷി മന്ത്രാലയമാണ് സത്യവാങ്മൂലത്തിലൂടെ ഇങ്ങനെ ഒരാവശ്യം മുന്നോട്ട് വെച്ചത്. കീടനാശിനി കമ്പനികളെ അനുകൂലിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നടപടി തീര്‍ത്തും തെറ്റായി പോയെന്നും, ഈ തീരുമാനം കീടനാശിനി കമ്പനികളെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്നും വി. എം. സുധീരന്‍ പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയില്‍ 1090.596 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് ഉത്പാദകര്‍ കോടതിയെ അറിയിച്ചു. ബാക്കിയുള്ള എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു. 2011 ഒക്ടോബറിലാണ് രാജ്യത്ത്‌ എന്‍ഡോസള്‍ഫാന്‍ ഉത്പാദനം പൂര്‍ണമായും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ്‌ സുപ്രീം കോടതി പുറപ്പെടുവിച്ചത്‌. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്നാവശ്യപെട്ടു ഡി. വൈ. എഫ്. ഐ. നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയത്‌. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം എൻ. സി. പി. യുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ പരിഹരിക്കാനുള്ള തന്ത്രമാണ് എന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. കൃഷി വകുപ്പ് കൈകാര്യം ചെയ്യുന്ന എൻ. സി. പി. യും കൃഷി മന്ത്രി ശരത്‌ പവാറും മുമ്പും കീടനാശിനി കമ്പനികള്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ മടി കാണിച്ചിരുന്നില്ല. കേന്ദ്ര കൃഷി വകുപ്പ്‌ സഹമന്ത്രി കെ. വി. തോമസിന്റെ വിവാദ പ്രസ്താവനയാണ് ഈ വിഷയത്തില്‍ കൂടുതല്‍ മാധ്യമ ശ്രദ്ധ ലഭിക്കാന്‍ കാരണമായത്. അദ്ദേഹം ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടില്‍ നിന്നും മാറിയിട്ടില്ല എന്നതും ഇതിനോട് ചേര്‍ത്ത്‌ വായിക്കേണ്ടതാണ്.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു

February 16th, 2012

കാസര്‍ഗോഡ് : പ്ലാന്റേഷന്‍ കോര്‍പ്പൊറേഷന്‍ കശുവണ്ടി തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിക്കുന്നത് മൂലം ഉണ്ടായ രോഗങ്ങള്‍ക്ക്‌ കീഴടങ്ങി ഇരുപത്തി യഞ്ചുകാരിയായ യുവതി മരണമടഞ്ഞതിന് തൊട്ടു പിന്നാലെ ജില്ലയില്‍ മറ്റൊരു എന്‍ഡോസള്‍ഫാന്‍ മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുള്ളേരിയക്കടുത്ത് കര്‍മ്മംതൊടിയില്‍ ജയന്തി (36) യാണ് ഏറെ നാളത്തെ ചികിത്സകള്‍ക്ക് ഒടുവില്‍ മംഗലാപുരം ആശുപത്രിയില്‍ മരണത്തിന് ഇരയായത്‌. എന്‍ഡോസള്‍ഫാന്‍ കീടനാശിനി മൂലം അതീവ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അടിമയായിരുന്നു ഏറെ നാളായി രോഗ ബാധിതയായ ഇവര്‍. ജില്ലയിലെ കരടുക്ക പഞ്ചായത്തില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു പരേത.

endosulfan-abdul-nasser-epathram
ഒരു എന്‍ഡോസള്‍ഫാന്‍ ഇര
(ഫോട്ടോ : അബ്ദുള്‍ നാസര്‍, അബുദാബി)

ജനനത്തില്‍ തന്നെ രണ്ടു കാലുകള്‍ക്കും ശേഷി നഷ്ടപ്പെട്ട ജയന്തിയുടെ കരളിന് മൂന്നു വര്ഷം മുന്‍പ്‌ തകരാറ് സംഭവിച്ചതോടെയാണ് രോഗം ഗുരുതരമായത്. അടുത്ത കാലത്തായി അതി കഠിനമായ വയറുവേദനയും ഇവര്‍ക്ക്‌ അനുഭവപ്പെട്ടിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ബെല്ലൂര്‍ ഗ്രാമത്തിലെ പ്രേമ എന്ന 25കാരി എന്‍ഡോസള്‍ഫാന്‍ കീടനാശിനി മൂലം രോഗ ബാധിതയായി സര്‍ക്കാര്‍ ആശുപത്രിയില്‍ മരണമടഞ്ഞത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലണ്ടന്‍ ഒളിമ്പിക്സ്‌ : ദോ കെമിക്കല്‍സ്‌ സ്പോണ്സറായി തുടരും

January 27th, 2012

bhopal-victims-protest-epathram

ന്യൂഡല്‍ഹി : 2012ലെ ലണ്ടന്‍ ഒളിമ്പിക്സ്‌ സ്പോണ്സര്‍ ആയി ദോ കെമിക്കല്‍സ്‌ തുടരും എന്ന് ലണ്ടന്‍ ഒളിമ്പിക്‌ കമ്മിറ്റി വ്യക്തമാക്കി. ഒളിമ്പിക്‌ എത്തിക്സ് പാനല്‍ മേധാവി മെറിഡിത്ത് അലക്സാണ്ടര്‍ ദോ കെമിക്കല്‍സിന് എതിരെ തന്റെ നിലപാട്‌ വ്യക്തമാക്കി കൊണ്ട് രാജി വെച്ചിരുന്നു.

ഭോപ്പാല്‍ ദുരന്ത ഭൂമി മാലിന്യ മുക്തമാക്കേണ്ട ഉത്തരവാദിത്തം ഇന്ത്യന്‍ സര്‍ക്കാരിനാണ് എന്നാണ് ലണ്ടന്‍ ഒളിമ്പിക്സ്‌ ചീഫ്‌ എക്സിക്യൂട്ടീവ് പോള്‍ ഡേയ്റ്റണ്‍ വ്യക്തമാക്കി. ഭോപാല്‍ ദുരന്തവുമായി ബന്ധപ്പെട്ട ബാദ്ധ്യതകള്‍ ദോ കെമിക്കല്‍സ്‌ വേണ്ട വിധം കൈകാര്യം ചെയ്യുകയും തീര്‍ത്തതുമാണ്. ആ നിലയ്ക്ക് സ്പോണ്സര്‍ഷിപ്പ് വിഷയത്തില്‍ ദോ കെമിക്കല്‍സിനെതിരെ നിലപാട്‌ സ്വീകരിക്കേണ്ട കാര്യമില്ല. കമ്പനി നല്‍കിയ പണം യഥാര്‍ത്ഥത്തില്‍ എന്തിനാണ് ഇന്ത്യയില്‍ ചിലവഴിക്കപ്പെട്ടത് എന്നതാണ് ചോദിക്കേണ്ട ചോദ്യം. ദുരന്ത ഭൂമി മാലിന്യ വിമുക്തമാക്കുന്ന കാര്യത്തില്‍ ഇന്ത്യയില്‍ എന്താണ് നടക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ലെന്ന് ദോ കെമിക്കല്‍സ്‌

December 20th, 2011

dow-chemicals-epathram

ലണ്ടന്‍ : ഭോപ്പാല്‍ ഇരകളുടെയോ വേറെ ഏതെങ്കിലും പ്രതിഷേധ സ്വരത്തിന്റെയോ പേരിലല്ല ഒളിമ്പിക്സ്‌ സ്റ്റേഡിയത്തില്‍ തങ്ങള്‍ തങ്ങളുടെ പേര് പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും പിന്‍വാങ്ങിയത് എന്ന് ദോ കെമിക്കല്‍സ്‌ ന്യായീകരിച്ചു. സംഘാടകരുമായി തങ്ങള്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം തങ്ങളുടെ പേര് ഉപയോഗിക്കും എന്ന് പറഞ്ഞിരുന്നില്ല. സ്റ്റേഡിയത്തില്‍ സ്ഥാപിക്കുന്ന ചില ടെസ്റ്റ്‌ പാനലുകളില്‍ മാത്രമാണ് തങ്ങളുടെ പേര് ഉപയോഗിക്കുവാന്‍ പദ്ധതി ഉണ്ടായിരുന്നത്. ഇത് ഒളിമ്പിക്സ്‌ ആരംഭിക്കുന്നതിന് മാസങ്ങള്‍ മുന്‍പ്‌ തന്നെ നീക്കം ചെയ്യുവാന്‍ ഇരുന്നതുമാണ് എന്നും കമ്പനി വക്താക്കള്‍ വിശദീകരിച്ചു.

സ്വന്തം പേര് പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ എന്തിനു ഇത്രയേറെ പണം മുടക്കി ഒരു സ്പോണ്സര്‍ ആവാന്‍ ദോ കെമിക്കല്‍സ്‌ ഒരുങ്ങി എന്ന ചോദ്യം അവശേഷിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 7123...Last »

« Previous « പ്രതിഷേധം വിജയിച്ചു; ദോ കെമിക്കല്‍സ്‌ പിന്‍വാങ്ങി
Next Page » പ്ലാച്ചിമട സമരക്കാര്‍ ജയിലിനകത്ത് നിരാഹാര സമരത്തില്‍ »

 • കല്ലേൻ പൊക്കുടൻ അന്തരിച്ചു
 • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
 • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
 • കൂടംകുളം ഇന്നു മുതൽ
 • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
 • അമേരിക്കൻ ചെർണോബിൽ ചോരുന്നു
 • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
 • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
 • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
 • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
 • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
 • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
 • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
 • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
 • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
 • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
 • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
 • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
 • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
 • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

 • © e പത്രം 2010