ന്യൂഡൽഹി : ഭോപ്പാൽ യൂണിയൻ കാർബൈഡ് ഫാക്ടറി അവശേഷിപ്പിച്ച മാലിന്യങ്ങൾ 6 മാസങ്ങൾക്കുള്ളിൽ നിർമ്മാർജ്ജനം ചെയ്യണം എന്ന് സുപ്രീം കോടതി വിധിച്ചു. കേന്ദ്ര സർക്കാരും മദ്ധ്യ പ്രദേശ് സർക്കാരും ഇത് ഉറപ്പ് വരുത്തണം. ഫാക്ടറിയിലും പരിസര പ്രദേശങ്ങളിലും ഇപ്പോഴും വൻ തോതിൽ മാലിന്യം കിടപ്പുണ്ട് എന്നത് സത്യമാണ് എന്ന് കോടതി നിരീക്ഷിച്ചു. ഇത് വൻ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത് എത്രയും പെട്ടെന്ന് ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിനാൽ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് റിസേർച്ച് ഇൻ എൻവയേണ്മെന്റ് ഹെൽത്ത്, ഉപദേശക സമിതി, എംപവേർഡ് മോണിറ്ററിങ്ങ് കമ്മിറ്റി എന്നിവയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ഈ മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ കേന്ദ്ര സർക്കാരും മദ്ധ്യപ്രദേശ് സർക്കാരും എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കണം എന്ന് ജസ്റ്റിസ് എസ്. എച്ച്. കപാഡിയയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് വിധിച്ചു.
- ജെ.എസ്.