എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു

July 26th, 2012

endosulfan-victim-epathram

കാസർഗോഡ് : എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാര്‍ നടത്തി വരുന്ന സത്യാഗ്രഹ സമരം നൂറ് ദിവസം പിന്നിടുകയാണ്. സത്യാഗ്രഹത്തിന്റെ നൂറാം (ജൂലൈ 28നു) ദിനത്തില്‍ 100ഓളം അമ്മമാര്‍ സമരപ്പന്തലില്‍ ഉപവസിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഒന്നൊന്നായി മരിച്ചു കൊണ്ടിരിക്കുമ്പോഴും അധികാരികള്‍ തികഞ്ഞ അനാസ്ഥയാണ് കാണിച്ചു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയെയും പ്രതീക്ഷിച്ചു നിന്ന നൂറു കണക്കിനാളുകളെ അവഗണിച്ചു കൊണ്ട് സത്യാഗ്രഹികളെ സന്ദര്‍ശിക്കാതെയാണ് കാസറഗോഡ് സന്ദര്‍ശിച്ച കേരള മുഖ്യമന്ത്രി സമരപ്പന്തലിനു മുന്നിലൂടെ കടന്നു പോയത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ അതേ പടി നടപ്പിലാക്കുക, മറ്റ് ഗ്രാമങ്ങളില്‍ നിന്നുള്ള ദുരിത ബാധിതരായ ആളുകളെ കൂടി ദുരിതാശ്വാസം നല്‍കുന്നതിനായി പരിഗണിക്കുക, സമഗ്രമായ ആരോഗ്യ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങി 18ഓളം ആവശ്യങ്ങളാണ് സമര സമിതി ഉന്നയിച്ചിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നിങ്ങള്‍ക്ക് ഏതൊക്കെവിധത്തില്‍ സഹായിക്കാന്‍ കഴിയും?

എഴുന്നേറ്റു നില്‍ക്കുവാനോ പ്രാഥമിക കൃത്യങ്ങള്‍ സ്വയം നിര്‍വ്വഹിക്കുവാനോ കഴിവില്ലാത്ത നൂറ് കണക്കിന് കുഞ്ഞുങ്ങളാണ് എന്‍ഡോസള്‍ഫാന്‍ ഇരകളായി കാസറഗോഡുള്ളത്. അത്തരം കുഞ്ഞുങ്ങളെ വീട്ടിലിരുത്തി ക്കൊണ്ടാണ് ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കി കിട്ടുന്നതിനു വേണ്ടി വളരെയേറെ ത്യാഗങ്ങള്‍ സഹിച്ചു കൊണ്ട് അമ്മമാര്‍ സമരത്തിനെത്തുന്നത്. അവരെ നിങ്ങള്‍ക്ക് പല രീതീയില്‍ സഹായിക്കാം.

  1. സമര സമിതി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുക.
  2. നിങ്ങളുടെ പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നങ്ങളോട് ആഭിമുഖ്യം പ്രഖ്യാപിച്ചുകൊണ്ട് പരിപാടികള്‍ സംഘടിപ്പിക്കുക.
  3. സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ സമരത്തെക്കുറിച്ച് എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
  4. കാസറഗോഡുള്ള സമരപ്പന്തല്‍ സന്ദര്‍ശിക്കുക, അവരോടൊപ്പം സത്യാഗ്രഹത്തില്‍ പങ്കാളികളാകുക.
  5. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വളരെയധികം സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്. രോഗ ബാധിതര്‍ക്ക് അടിയന്തിരമായി ചികിത്സ ലഭിക്കേണ്ടതുണ്ട്, സത്യാഗ്രഹത്തിനെത്തുന്ന അമ്മമാര്‍ അവരുടെ ദൈനംദിന ജോലികള്‍ പോലും ഉപേക്ഷിച്ചാണ് സമരത്തിനെത്തുന്നത് അവരെ സഹായിക്കേണ്ടതുണ്ട്. ഇതിനായി സമര സമിതിയെ സാമ്പത്തികമായി സഹായിക്കാം. താഴെക്കാണുന്ന അക്കൗണ്ട് നമ്പറിലേക്ക് തുകകള്‍ അയക്കാം. നിങ്ങളുടെ പ്രദേശങ്ങളില്‍ നിന്ന് കൊച്ചു കൊച്ചു തുകകള്‍ സംഭാവനയായി പിരിച്ച് എത്തിക്കാം.

സംഭാവനകള്‍ താഴെ പറയുന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കാം:
ഇന്ത്യന്‍ ബാങ്ക്, കാഞ്ഞങ്ങാട് ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ – 6045874087 (RTGS കോഡ്: IDID000N106)

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും

July 24th, 2012

endosulfan-abdul-nasser-epathram

ന്യൂഡല്‍ഹി: ഉത്പാദകരുടെ കൈവശം ബാക്കിയുള്ള എന്‍ഡോസള്‍ഫാന്‍ കേരളം, കര്‍ണാടകം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വിറ്റ്‌ തീര്‍ക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്ര കൃഷി മന്ത്രാലയമാണ് സത്യവാങ്മൂലത്തിലൂടെ ഇങ്ങനെ ഒരാവശ്യം മുന്നോട്ട് വെച്ചത്. കീടനാശിനി കമ്പനികളെ അനുകൂലിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നടപടി തീര്‍ത്തും തെറ്റായി പോയെന്നും, ഈ തീരുമാനം കീടനാശിനി കമ്പനികളെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്നും വി. എം. സുധീരന്‍ പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയില്‍ 1090.596 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് ഉത്പാദകര്‍ കോടതിയെ അറിയിച്ചു. ബാക്കിയുള്ള എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു. 2011 ഒക്ടോബറിലാണ് രാജ്യത്ത്‌ എന്‍ഡോസള്‍ഫാന്‍ ഉത്പാദനം പൂര്‍ണമായും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ്‌ സുപ്രീം കോടതി പുറപ്പെടുവിച്ചത്‌. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്നാവശ്യപെട്ടു ഡി. വൈ. എഫ്. ഐ. നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയത്‌. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം എൻ. സി. പി. യുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ പരിഹരിക്കാനുള്ള തന്ത്രമാണ് എന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. കൃഷി വകുപ്പ് കൈകാര്യം ചെയ്യുന്ന എൻ. സി. പി. യും കൃഷി മന്ത്രി ശരത്‌ പവാറും മുമ്പും കീടനാശിനി കമ്പനികള്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ മടി കാണിച്ചിരുന്നില്ല. കേന്ദ്ര കൃഷി വകുപ്പ്‌ സഹമന്ത്രി കെ. വി. തോമസിന്റെ വിവാദ പ്രസ്താവനയാണ് ഈ വിഷയത്തില്‍ കൂടുതല്‍ മാധ്യമ ശ്രദ്ധ ലഭിക്കാന്‍ കാരണമായത്. അദ്ദേഹം ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടില്‍ നിന്നും മാറിയിട്ടില്ല എന്നതും ഇതിനോട് ചേര്‍ത്ത്‌ വായിക്കേണ്ടതാണ്.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

July 12th, 2012

dow-chemicals-criminals-epathram

ലണ്ടൻ : ഭോപ്പാൽ ദുരന്തത്തിന്റെ ഇരകളോട് മനുഷ്യത്വ രഹിതമായ സമീപനം സ്വീകരിച്ച് കുപ്രസിദ്ധി നേടിയ ദോ കെമിക്കൽസിന്റെ പണം സ്വീകരിച്ചത് ലണ്ടൻ ഒളിമ്പിക്സിനും അപകീർത്തികരമായി എന്ന് ലണ്ടനിലെ രാഷ്ട്രീയ നേതൃത്വം പ്രസ്താവിച്ചു. അന്താരാഷ്ട്ര ഒളിമ്പിൿ സമിതിയും, ലണ്ടൻ ഒളിമ്പിക്സ് സംഘാടകരും കമ്പനികളുമായി ഇടപാടുകൾ നടത്തുന്നതിന് മുൻപ് അവരുടെ പാരിസ്ഥിതികവും, സാമൂഹികവും, നൈതികവുമായ ചരിത്ര പശ്ചാത്തലം കൂടി കണക്കിലെടുക്കണം എന്ന് ലണ്ടൻ അസംബ്ലി അംഗങ്ങൾ നിർദ്ദേശിച്ചു. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതിൽ ലണ്ടനിലെ ജനങ്ങൾ ആവേശഭരിതരാണ്. എന്നാൽ ദോ കെമിക്കൽസ് പോലുള്ള കമ്പനികൾ ഒളിമ്പിക്സുമായി ബന്ധപ്പെടുന്നത് ഇതിനെ പ്രതികൂലമായി ബാധിക്കും. ഇത്തരം തെറ്റുകൾ ഇനിയും ആവർത്തിക്കാതിരിക്കാൻ നിയമങ്ങൾ കർശനമാക്കേണ്ടതുണ്ട്.

1984 ഡിസംബര്‍ മൂന്നിനു പുലര്‍ച്ചെയാണ് ദുരന്തതിനാസ്പദമായ വാതക ചോര്‍ച്ച യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്ടറിയില്‍ ഉണ്ടായത്. 72 മണിക്കൂറിനുള്ളില്‍ 15000 ഓളം പേരാണ് ഭോപ്പാല്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ചതായി കണക്കാക്കപ്പെടുന്നു. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി.

സംഭവത്തെ കുറിച്ച് നടന്ന സി. ബി. ഐ. അന്വേഷണത്തില്‍ 12 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ ഇതിനിടെ മരണമടഞ്ഞു.

പ്രതിയായ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനി ഇപ്പോള്‍ നിലവില്‍ ഇല്ല. 2001ല്‍ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയെ അമേരിക്കയിലെ ദോ കെമിക്കല്‍സ്‌ എന്ന സ്ഥാപനം വിലയ്ക്ക് വാങ്ങി. 1989ല്‍ ഇന്ത്യന്‍ സര്‍ക്കാരുമായി യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനി 470 മില്യന്‍ ഡോളറിനു കേസ്‌ ഒത്തുതീര്‍പ്പാക്കി യതാണ് എന്നും അതിനാല്‍ തങ്ങള്‍ക്കു ഇതില്‍ യാതൊരു ബാധ്യതയുമില്ല എന്നുമാണ് ദോ കെമിക്കല്‍സിന്റെ നിലപാട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹൃദയത്തില്‍ പച്ചപ്പ്‌ സൂഷിച്ചവരുടെ ഓര്‍മ്മക്ക്

June 4th, 2012

world env day-epathram

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം.പരിസ്ഥിതി പ്രവര്‍ത്തനത്തിനായി ജീവിതം നീക്കിവെക്കുകയും ഇന്ന് നമ്മോടൊപ്പം ഇല്ലാത്തവരുമായ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഓര്‍മ്മക്ക് മുമ്പില്‍ പച്ച ഈ പരിസ്ഥിതി ദിനം സമര്‍പ്പിക്കുന്നു.

പ്രൊഫ:ജോണ്‍ സി ജേക്കബ്‌

john c jacob-epathram

ജീവന്റെ നിലനില്പിന് പ്രകൃതിസംരക്ഷണം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് മലയാള മനസുകളെ ആദ്യം അടുപ്പിച്ച പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ട കേരളത്തിലെ ആദ്യത്തെ Ecoclub തുടങ്ങിയ മഹാനായ പ്രൊഫ:ജോണ്‍ സി ജേക്കബ്‌.  പരിസ്ഥിതി പ്രവര്‍ത്തനം ജീവിതം തന്നെയാണെന്ന മാതൃക നമുക്ക് ജീവിച്ചു കാണിച്ചു തന്നത് ഇദ്ദേഹമാണ്.

ഇന്ദുചൂഡന്‍മാഷ്

birds of kerala-epathram

‘കേരളത്തിലെ പക്ഷികള്‍’ എന്ന മഹത്തായ ഗ്രന്ഥം മലയാളത്തിനായി സമ്മാനിച്ച, കേരളത്തില്‍ ഒട്ടനവധി യുവാക്കളെ പരിസ്ഥിതി പ്രസ്ഥാന ങ്ങളിലേക്ക് നയിച്ച, നിരവധി ശിഷ്യന്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ള പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഇന്ദുചൂഡന്‍മാഷ്.

ശരത് ചന്ദ്രന്‍

sarath-chandran-epathram

തന്റെ കാമറയുമായി ഇന്ത്യലാകമാനം ഓടിനടന്ന് എവിടെയെല്ലാം പ്രകൃതിയെ നശിപ്പിക്കാന്‍ ഒരുങ്ങുന്നുവോ അവിടെയെല്ലാം ചെന്ന് അക്കാര്യങ്ങള്‍ ലോകത്തിനു തുറന്നു കാണിച്ച, എത്ര വലിയ കുത്തക കമ്പനിയായാലും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയാന്‍ ചങ്കൂറ്റം കാണിച്ച, കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകര്‍ന്ന, അകാലത്തില്‍ പൊലിഞ്ഞ ശരത് ചന്ദ്രന്‍.

മയിലമ്മ

mayilamma-epathram

കൊക്കകോളയുടെ ജലചൂഷണ ത്തിനെതിരെ പ്ലാച്ചിമട സമരമുഖത്ത്‌ നിറഞ്ഞുനിന്ന, “ഞങ്ങളുടെ വെള്ളമെടുത്ത് വില്‍ക്കാന്‍ നിങ്ങള്‍ക്കാര് അധികാരം തന്നു, ഇവിടെ നിന്നും ഇറങ്ങി പോകൂ” എന്ന് കൊക്കകോള എന്ന ആഗോള കുത്തക കമ്പനിയോട് ധൈര്യത്തോടെ ചോദിക്കുകയും മരണം വരെ ജലചൂഷനത്തിനെതിരെ പോരാടുകയും ചെയ്ത മയിലമ്മ.

ore bhoomi ore jeevan-epathram

പ്രകൃതിയുടെ ഓരോ സ്പന്ദനവും മനസിലേറ്റി മരണം വരെ പ്രകൃതിയെ പറ്റി പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്ത ‘ഒരേ ജീവന്‍ ഒരേ ഭൂമി’ എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപരായിരുന്നു ശിവപ്രസാദ് മാഷ്,

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ തളിക്കെതിരെ പൊരുതി ഇരയായി ജീവിതം തന്നെ നല്‍കേണ്ടിവന്ന നിരവധി പേര്‍‍,

ചാലിയാര്‍ മലിനീകരണ ത്തിനെതിരെ പൊരുതി മരിച്ച റഹ്മാന്‍ക്ക

പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്ന ശര്‍മ്മാജി,

കെ വി സുരേന്ദ്രനാഥ്

kv-surendranath-epathram
സൈലന്റ് വാലി സമരമുഖത്ത്‌ മുന്‍നിരയിലുണ്ടായിരുന്ന കെ വി സുരേന്ദ്രനാഥ്.

ഒരു കാലത്ത്‌ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന നിറസാന്നിദ്ധ്യങ്ങളായിരുന്ന അകാലത്തില്‍പൊലിഞ്ഞ സ്വാമിനാഥന്‍ ആള്‍ട്ടര്‍ മീഡിയ തൃശ്ശൂര്‍, ഹരിഭാസ്കാരന്‍ കൂറ്റനാട് ‍, മൂണ്‍സ് ചന്ദ്രന്‍ നിലമ്പൂര്‍, ഡോ: സന്തോഷ്‌ കേക തൃശ്ശൂര്‍, സുരേഷ് തൃശ്ശൂര്‍,

കേരളം മുഴുവന്‍ കവിത ചൊല്ലി നടന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരുന്ന, വനം കൊള്ളക്കെതിരെ ഒറ്റയാള്‍ സമരം നയിച്ച മഞ്ചേരി വനം സംരക്ഷണ സേനയുടെ എസ് പ്രഭാകരന്‍ നായര്‍,
അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിച്ച് പ്രാദേശിക കൂട്ടായ്മകള്‍ക്ക് സജ്ജീവ നേതൃത്വം നല്‍കിയ പങ്കജാക്ഷകുറുപ്പ്‌.
ജലതരംഗം മാസികയിലൂടെ ജലസംരക്ഷണത്തിന്റെ പ്രസക്തി മലയാളക്കരയില്‍ പ്രചരിപ്പിച്ച പി എസ് ഗോപിനാഥന്‍നായര്‍,

കൂടാതെ കാസര്‍ക്കോട്ട് എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ ഇരകളായി ഇല്ലാതായ കുമാരന്‍ മാഷടക്കം നിരവധി പേര്‍,

ഞങ്ങളുടെ അശ്രദ്ധകൊണ്ട് മാത്രം വിട്ടുപോയ മറ്റുള്ളവര്‍, പ്രാദേശികമായി ചെറുത്തുനില്‍പ്പുകള്‍ നടത്തി മണ്മറഞ്ഞ അതാത് മേഖലകളിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരിസ്ഥിതി ദുരന്തങ്ങളില്‍ ഇരയായവര്‍ക്കും എല്ലാവരുടെയും പാവന സ്മരണക്ക് മുമ്പില്‍ ഈ പരിസ്ഥിതി ദിനത്തില്‍ ഇപത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഫുക്കുഷിമ ഒരു വർഷം പിന്നിടുമ്പോൾ അണിയറയിലെ തൊഴിലാളികൾ വൻ അപകടത്തിൽ

March 12th, 2012

fukushima-nuclear-cleanup-epathram

ടോക്യോ : ഫുക്കുഷിമയെ തകർത്തു തരിപ്പണമാക്കിയ സുനാമിയും തുടർന്നുണ്ടായ ആണവ നിലയ സ്ഫോടനവും നടന്നിട്ട് ഒരു വർഷം തികയുമ്പോൾ ഫുക്കുഷിമയിൽ ഇപ്പോഴും ആണവ അവശിഷ്ടങ്ങളുടെ ശുദ്ധീകരണ പ്രക്രിയ തുടർന്നു കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത്‌ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായിരുന്ന കടൽ തീരം ഇന്ന് വിജനമാണ്. ആണവ റിയാക്ടറിന്റെ ശീതീകരണ സംവിധാനം തകരാറിൽ ആയതിനെ തുടർന്ന് റിയാക്ടർ തണുപ്പിക്കാനായി വൻ തോതിൽ ജലം കടലിൽ നിന്നും പമ്പ് ചെയ്യുകയും അണു പ്രസരണ തോത് ഏറെ കൂടുതലുള്ള ജലം കടലിൽ എത്തിച്ചേരുകയും ചെയ്തതിനെ തുടർന്ന് കടലിലെ ജലം സുരക്ഷിതമല്ല എന്ന ഭീതിയാണ് ഇവിടെ നിന്നും വിനോദ സഞ്ചാരികളെ അകറ്റി നിർത്തുന്നത്.

അയിരക്കണക്കിന് കരാർ തൊഴിലാളികളാണ് ഇപ്പോൾ ഫുക്കുഷിമ ദായിചി ആണവ നിലയങ്ങൾ ശുദ്ധീകരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഇവരുടെ സുരക്ഷിതത്വം ഒരു വലിയ ചോദ്യ ചിഹ്നമായി നിൽക്കുന്നു. ഇവർക്ക് മതിയായ ആണവ സുരക്ഷാ പരിശീലനമോ മാർഗ്ഗ നിർദ്ദേശങ്ങളോ നൽകിയിട്ടില്ല എന്നാണ് ഇവിടെ നിന്നും രഹസ്യമായി കിട്ടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മാദ്ധ്യമ പ്രവർത്തകർക്കും ക്യാമറകൾക്കും ഈ സ്ഥലങ്ങളിൽ കർശ്ശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികൾക്കും മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിന് വിലക്കുണ്ട്.

ആണവ നിലയത്തിലെ ഉദ്യോഗസ്ഥരോ എഞ്ചിനിയർമാരോ ഇവിടെ ജോലി ചെയ്യുന്നില്ല. പകരം 600ഓളം കരാറുകാരുടെ ജോലിക്കാരാണ് ഇവിടെയുള്ളത്. ഇവരുടെ സുരക്ഷാ ക്രമീകരണങ്ങളോ മാനദണ്ഡങ്ങളോ മേൽനോട്ടം വഹിക്കുവാൻ സംവിധാനവുമില്ല. അണു പ്രസരണത്തിൽ നിന്നും രക്ഷ നേടാനുള്ള ആവരണങ്ങളും പ്രത്യേക സുരക്ഷാ വേഷ വിധാനങ്ങളും ഇവർക്ക് നൽകിയിട്ടുണ്ടെങ്കിലും ഇവ എങ്ങനെ ഉപയോഗിക്കണം എന്നതിൽ മതിയായ പരിശീലനം തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്ന് തൊഴിലാളികൾ വ്യക്തമാക്കുന്നു.

പലപ്പോഴും ഇവർ ഈ സുരക്ഷാ കവചങ്ങൾ ഊരി മാറ്റിയാണ് പരസ്പരം സംസാരിക്കുന്നത്. തൊഴിലാളികളുടെ കൈവശം അണു പ്രസരണ മാപിനി എപ്പോഴും കരുതണം എന്നാണ് ചട്ടം. ഈ മാപിനികൾ ഇവർക്ക് ഏൽക്കുന്ന അണു പ്രസരണതിന്റെ തോത് വ്യക്തമാക്കുന്നു. ഇത് അനുവദനീയമായ തോതിലും കൂടുതലായാൽ ഇവരെ ജോലിക്ക് പ്രവേശിപ്പിക്കില്ല എന്നതിനാൽ പലരും ഈ മാപിനികൾ അഴിച്ചു വെച്ചാണ് ജോലിക്ക് കയറുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ തങ്ങൾ നേരിടുന്ന അപകടത്തിന്റെ ഭീകരതയെ കുറിച്ച് അജ്ഞരാണ് എന്നതാണ് എറ്റവും സങ്കടകരം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 8123...Last »

« Previous « പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.പി.കെ. മുഹമ്മദലി അന്തരിച്ചു
Next Page » പ്ളാസ്റ്റിക്ക് ഭക്ഷിക്കുന്ന ഫംഗസിനെ കണ്ടെത്തി »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010