കാസർഗോഡ് : എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാര്‍ നടത്തി വരുന്ന സത്യാഗ്രഹ സമരം നൂറ് ദിവസം പിന്നിടുകയാണ്. സത്യാഗ്രഹത്തിന്റെ നൂറാം (ജൂലൈ 28നു) ദിനത്തില്‍ 100ഓളം അമ്മമാര്‍ സമരപ്പന്തലില്‍ ഉപവസിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഒന്നൊന്നായി മരിച്ചു കൊണ്ടിരിക്കുമ്പോഴും അധികാരികള്‍ തികഞ്ഞ അനാസ്ഥയാണ് കാണിച്ചു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയെയും പ്രതീക്ഷിച്ചു നിന്ന നൂറു കണക്കിനാളുകളെ അവഗണിച്ചു കൊണ്ട് സത്യാഗ്രഹികളെ സന്ദര്‍ശിക്കാതെയാണ് കാസറഗോഡ് സന്ദര്‍ശിച്ച കേരള മുഖ്യമന്ത്രി സമരപ്പന്തലിനു മുന്നിലൂടെ കടന്നു പോയത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ അതേ പടി നടപ്പിലാക്കുക, മറ്റ് ഗ്രാമങ്ങളില്‍ നിന്നുള്ള ദുരിത ബാധിതരായ ആളുകളെ കൂടി ദുരിതാശ്വാസം നല്‍കുന്നതിനായി പരിഗണിക്കുക, സമഗ്രമായ ആരോഗ്യ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങി 18ഓളം ആവശ്യങ്ങളാണ് സമര സമിതി ഉന്നയിച്ചിരിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നിങ്ങള്‍ക്ക് ഏതൊക്കെവിധത്തില്‍ സഹായിക്കാന്‍ കഴിയും?
എഴുന്നേറ്റു നില്‍ക്കുവാനോ പ്രാഥമിക കൃത്യങ്ങള്‍ സ്വയം നിര്‍വ്വഹിക്കുവാനോ കഴിവില്ലാത്ത നൂറ് കണക്കിന് കുഞ്ഞുങ്ങളാണ് എന്‍ഡോസള്‍ഫാന്‍ ഇരകളായി കാസറഗോഡുള്ളത്. അത്തരം കുഞ്ഞുങ്ങളെ വീട്ടിലിരുത്തി ക്കൊണ്ടാണ് ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കി കിട്ടുന്നതിനു വേണ്ടി വളരെയേറെ ത്യാഗങ്ങള്‍ സഹിച്ചു കൊണ്ട് അമ്മമാര്‍ സമരത്തിനെത്തുന്നത്. അവരെ നിങ്ങള്‍ക്ക് പല രീതീയില്‍ സഹായിക്കാം.
- സമര സമിതി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുക.
- നിങ്ങളുടെ പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നങ്ങളോട് ആഭിമുഖ്യം പ്രഖ്യാപിച്ചുകൊണ്ട് പരിപാടികള്‍ സംഘടിപ്പിക്കുക.
- സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ സമരത്തെക്കുറിച്ച് എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
- കാസറഗോഡുള്ള സമരപ്പന്തല്‍ സന്ദര്‍ശിക്കുക, അവരോടൊപ്പം സത്യാഗ്രഹത്തില്‍ പങ്കാളികളാകുക.
- എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വളരെയധികം സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്. രോഗ ബാധിതര്‍ക്ക് അടിയന്തിരമായി ചികിത്സ ലഭിക്കേണ്ടതുണ്ട്, സത്യാഗ്രഹത്തിനെത്തുന്ന അമ്മമാര്‍ അവരുടെ ദൈനംദിന ജോലികള്‍ പോലും ഉപേക്ഷിച്ചാണ് സമരത്തിനെത്തുന്നത് അവരെ സഹായിക്കേണ്ടതുണ്ട്. ഇതിനായി സമര സമിതിയെ സാമ്പത്തികമായി സഹായിക്കാം. താഴെക്കാണുന്ന അക്കൗണ്ട് നമ്പറിലേക്ക് തുകകള്‍ അയക്കാം. നിങ്ങളുടെ പ്രദേശങ്ങളില്‍ നിന്ന് കൊച്ചു കൊച്ചു തുകകള്‍ സംഭാവനയായി പിരിച്ച് എത്തിക്കാം.
സംഭാവനകള്‍ താഴെ പറയുന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കാം:
ഇന്ത്യന്‍ ബാങ്ക്, കാഞ്ഞങ്ങാട് ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ – 6045874087 (RTGS കോഡ്: IDID000N106)
- ജെ.എസ്.