എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി കണ്‍വെന്‍ഷന്‍

June 25th, 2011

എറണാകുളം: എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിയുടെ എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ ജൂണ്‍ 26 ഞായറാഴ്ച എറണാകുളം അച്യുതമേനോന്‍ ഹാളില്‍ വെച്ച് നടക്കും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക : യേശുദാസ്- 0091 9846441262

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് 25 വയസ്സ്

April 28th, 2011

radiation-hazard-epathram

കീവ് : 1986 ഏപ്രില്‍ 26നാണ് ലോകത്തെ നടുക്കിയ ഏറ്റവും വലിയ ആണവ ദുരന്തമായ ചെര്‍ണോബില്‍ അപകടം ഉണ്ടായത്. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിന്‍-ബലാറസ് അതിര്‍ത്തിയില്‍ ആണ് ചെര്‍ണോബില്‍ ആണവനിലയം സ്ഥിതി ചെയ്തിരുന്നത്. പ്ലാന്റില്‍ ഒരു സുരക്ഷാ ടെസ്റ്റ് നടത്തിയത്തിലെ ക്രമക്കേടുകള്‍ ആയിരുന്നു ഈ വന്‍ ദുരന്തത്തിന് കാരണം. ആവശ്യത്തിന് നിയന്ത്രണ ദണ്ഡുകള്‍ ഇല്ലാത്തതിനാലും ശീതീകരണ സംവിധാനം തകരാറിലായാതിനാലും ഒരു റിയാക്ടരിലെ ആണവ ഇന്ധനം ക്രമാതീതമായിചൂടാകുകയും, റിയാക്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ദുരന്തത്തിന്റെ പരിണതഫലമായി മാരകശേഷിയുള്ള റേഡിയോ ആക്ടീവ് വികിരണങ്ങള്‍ സോവിയറ്റ് റഷ്യയിലെ വിവിധ സ്ഥലങ്ങളിലും പടിഞ്ഞാറന്‍ യൂറോപ്പിന്റെ അതിരുകളിലേക്കും പടര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിരോഷിമ കണ്ടതിനേക്കാള്‍ 400 മടങ്ങ്‌ അധികം അണുവികിരണമാണ് അന്ന് ലോകം കണ്ടത്.
chernobyl reactor-epathram

ചെര്‍ണോബില്‍ ആണവ നിലയത്തിലെ തകര്‍ന്ന റിയാക്ടര്‍

ആണവ നിലയത്തിലുണ്ടായിരുന്ന ജോലിക്കാരെല്ലാം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഒട്ടേറെ രക്ഷാപ്രവര്‍ത്തകര്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ വികിരണത്തിന്റെ തീവ്രതകൊണ്ട് മരിച്ചു. ഉക്രൈനിലെയും ബെലാറുസിലെയും റഷ്യയിലെയും അമ്പതു ലക്ഷത്തിലധികം പേര്‍ ആണവവികീരണത്തിന് ഇരയായതായാണ് കണക്കാക്കുന്നത്. പതിനായിരത്തിലധികം പേര്‍ മരണമടഞ്ഞു. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയും വനഭൂമിയും ഇപ്പോഴും ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുകയാണ്. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് ചെര്‍ണോബില്‍ നിലയത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍നിന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു.

pripyat-epathram

മനുഷ്യവാസം ഇല്ലാത്ത പ്രിപ്യറ്റ്‌

ചെര്‍ണോബിലില്‍ നിന്നും 18 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന പ്രിപ്യറ്റ്‌ എന്ന കൊച്ചു പട്ടണം നാമാവശേഷമായി. ആളൊഴിഞ്ഞ കെട്ടിടങ്ങളും, തകര്‍ന്ന വീടുകളും സ്കൂളുകളും ഒക്കെ ഒരു മഹാദുരന്തത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മകളാകുന്നു. ഒരു മനുഷ്യ ജീവി പോലുമില്ല ഇവിടെ. കെട്ടിടങ്ങളില്‍ നിന്നും ആണ് പ്രസരണം ഉണ്ടായതിനെ തുടര്‍ന്ന്, ഇവയെല്ലാം തകര്‍ത്ത് കുഴിച്ചു മൂടിയിരുന്നു. എന്നാല്‍ മണ്ണിനടിയില്‍ പോലും വികിരണങ്ങള്‍ക്ക് വിശ്രമമില്ല എന്ന് പിന്നീട് കണ്ടെത്തി. ഇപ്പോഴും ദുരന്ത സ്‌ഥലത്തിനു 30 കിലോമീറ്റര്‍ ചുറ്റളവ്‌ അപകടമേഖലയാണ്‌. ഈ പ്രദേശത്തേക്ക് മനുഷ്യര്‍ക്ക്‌ പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

Red_Forest__Chernobyl-epathram

ചെര്‍ണോബിലിലെ ചുവന്ന കാട്

പ്രിപ്യറ്റിലെ പ്രധാന ജലസ്രോതസ്സായ പ്രിപ്യറ്റ്‌ നദിയിലേക്ക് അണുവികിരണം പടര്‍ന്നു. അനേകം മത്സ്യങ്ങളും ജല ജീവികളും ചത്തുപൊങ്ങി. മരങ്ങള്‍ക്കും ചെടികള്‍ക്കും നിറംമാറ്റം സംഭവിച്ചു. ജനിതക വൈകല്യങ്ങള്‍ കാരണം വിചിത്രങ്ങളായ മൃഗങ്ങളും പക്ഷികളും ഉണ്ടായി. ഭൂഗര്‍ഭജലവും മണ്ണും മലിനമാക്കപ്പെട്ടു. അണുബാധയേറ്റ കൃഷിയിടങ്ങളിലെ വിളകള്‍ ഭക്ഷ്യയോഗ്യമല്ലാതായി. വായുവിലും വെള്ളത്തിലും ഭക്ഷണപദാര്‍ഥങ്ങളിലും വികിരണം കണ്ടെത്തി. ഇപ്പോഴും ഈ സ്ഥിതി നിലനില്‍ക്കുകയാണ്.
liquidators-epathram

ലിക്ക്വിഡേറ്റെഴ്സിനെ ആണവനിലയത്തിലേക്ക് കൊണ്ടുപോകുന്നു

മരണത്തിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും പതിനായിരങ്ങള്‍ മരിച്ചിട്ടുണ്ടെന്നും ഇന്നും ആളുകള്‍ ദുരന്തത്തിന്റെ
ബാക്കിപത്രമായി ജീവിച്ചിരിപ്പുണ്ടെന്നും യു.എന്‍ പറയുന്നു. ദുരന്ത നിവാരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ‘ലിക്ക്വിഡേറ്റെഴ്സ്’
എന്നറിയപ്പെടുന്ന രക്ഷാപ്രവര്‍ത്തകരാണ് ഇവരില്‍ പ്രധാനികള്‍. ഏകദേശം 8 ലക്ഷത്തോളം വരുന്ന ഇവര്‍ സ്വജീവന്‍ പണയപ്പെടുത്തി ആണവ നിലയം ശുചിയാക്കുന്നത് മുതല്‍ റിയാക്ടറിന് കോണ്‍ക്രീറ്റ്‌ കവചം തീര്‍ക്കുന്നത് വരെയുള്ള പണികളില്‍ ഏര്‍പ്പെട്ടിരുന്നു. സാധാരണ ജോലിക്കാര്‍ മുതല്‍ അഗ്നിശമന സേനാ പ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും ഒക്കെ ഈ സംഘത്തില്‍പെട്ടിരുന്നു. സ്ഫോടനം ഉണ്ടായ ഉടനെ തന്നെ അഗ്നിശമനസേനയെ അറിയിച്ചിരുന്നു. എന്നാല്‍ ആണവ റിയാക്ടറിനാണ് തീ പിടിച്ചിരിക്കുന്നത് എന്ന് അഗ്നിശമന പ്രവര്‍ത്തകരെ അധികൃതര്‍ അറിയിച്ചിരുന്നില്ല.പതിയിരിക്കുന്ന മരണമറിയാതെ അവര്‍ പണി തുടര്‍ന്നു. സ്വജീവിതവും തങ്ങളുടെ തുടര്‍ന്നുള്ള വംശാവലിയെ പോലും അപകടത്തിലാക്കി അവര്‍ തങ്ങളുടെ രാജ്യത്തിനും ജനങ്ങളുടെ സുരക്ഷക്കും വേണ്ടി പോരാടി. ഒടുവില്‍ മരണത്തിനും തീരാ രോഗങ്ങള്‍ക്കും സ്വയം കീഴടങ്ങി. ലിക്ക്വിഡേറ്റെഴ്സിനു സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ കടുത്ത മാനസികപ്രശ്നങ്ങള്‍ മുതല്‍ വിവിധതരം ക്യാന്‍സറുകള്‍ വരെ പിടിപെട്ടിരിക്കുന്ന ഇവരില്‍ പലര്‍ക്കും മരുന്നിനു പോലും ഈ തുക തികയുന്നില്ല. ഇവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ പ്രായാധിക്യത്താല്‍ ആണ് എന്ന് സര്‍ക്കാര്‍ വിധിയെഴുതുന്നു. ഇപ്പോഴും ജനിതക വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍ റഷ്യന്‍ മണ്ണില്‍ പിറന്നു വീഴുന്നു.

chernobyl human effects-epathram

16 വയസ്സുള്ള ഇരട്ട സഹോദരന്മാരായ വ്ലാദിമിറും മൈക്കിളും. വ്ലാദിമിറിനു ഹൈഡ്രോസേഫാലസ് ആണ് രോഗം.

2000 നവംബറില്‍ ചെര്‍ണോബില്‍ ആണവ നിലയം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാക്കി സര്‍ക്കാര്‍ ഉത്തരവ് വന്നു. എന്നാല്‍ ഇപ്പോഴും ഇവിടുത്തെ അണുപ്രസരണം നിലച്ചിട്ടില്ല. റിയാക്ടര്‍ അവശിഷ്ടങ്ങള്‍ കോണ്‍ക്രീറ്റ് കൊണ്ട് മൂടി എങ്കിലും അതിനെയെല്ലാം എതിരിട്ടു വികിരണം പുറത്തേക്കു വന്നു കൊണ്ടിരുന്നു. കാറ്റായും മഴയായും അത് യുറോപ്പിലെയും അമേരിക്കന്‍ ഐക്യ നാടുകളിലെയും ജനതകളെയും പിന്തുടര്‍ന്നു. തകര്‍ന്ന സോവിയറ്റ് യൂണിയന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിട്ടാണ് ചെര്‍ണോബില്‍ ദുരന്തം വിശേഷിപ്പിക്കപ്പെടുന്നത്.

ജപ്പാനിലെ ഫുകുഷിമ ആണവദുരന്തവും ചെര്‍ണോബില്‍ ദുരന്തവും നല്‍കുന്ന പാഠങ്ങള്‍ നാം വിസ്മരിക്കരുത്.ആണവ ഊര്‍ജത്തിനെതിരെ ലോകവ്യാപകമായി എതിര്‍പ്പ് വളര്‍ന്നുവരുമ്പോഴും ഇന്ത്യയില്‍ പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നത് അത്യന്തം ഭീതിജനകമാണ്. വായുവും, മണ്ണും, ജലവും വികിരണ വിമുക്തമാക്കുവാന്‍ നമ്മുക്ക് പതിറ്റാണ്ടുകള്‍ വേണ്ടി വരും എന്ന സത്യം നാം എന്ന് ഉള്‍ക്കൊള്ളും?

- ലിജി അരുണ്‍

വായിക്കുക: , , , , , ,

1 അഭിപ്രായം »

ഡെങ്കിപ്പനിക്കെതിരെ ജനിതക കൊതുക്

October 12th, 2010

aedes-aegypti-mosquitoകൊലാലമ്പൂര്‍ : നിയന്ത്രണാതീതമായി പെരുകുന്ന ഡെങ്കിപ്പനിയെ നേരിടാന്‍ ഒരു നവീന തന്ത്രം പയറ്റാന്‍ ഒരുങ്ങുകയാണ് മലേഷ്യ. ഈഡിസ്‌ ഈജിപ്റ്റി വര്‍ഗ്ഗത്തിലെ പെണ്‍ കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇവയെ നേരിടാന്‍ ജനിതകമായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഈഡിസ്‌ ഈജിപ്റ്റി വര്‍ഗ്ഗത്തിലെ ആണ്‍ കൊതുകുകളെ ഉപയോഗിക്കുവാനാണ് പുതിയ പദ്ധതി. ഈ ആണ്‍ കൊതുകുകള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ആയുസ് വളരെ കുറവാണ് എന്നതാണ് ഇവയുടെ പ്രത്യേകത. അങ്ങനെ അല്‍പ നാളുകള്‍ കൊണ്ട് കൊതുകുകളുടെ പുതിയ തലമുറ നശിക്കും എന്നാണ് കണക്ക് കൂട്ടല്‍.

ഈ വര്‍ഷം ഡെങ്കിപ്പനി മൂലമുള്ള മരണത്തില്‍ 53 ശതമാനം വര്‍ദ്ധനവാണ് മലേഷ്യയില്‍ രേഖപ്പെടുത്തിയത്‌.

ആദ്യ ഘട്ടത്തില്‍, ജനിതകമായി പരിവര്‍ത്തനം ചെയ്യപ്പെട്ട മൂവായിരം ആണ്‍ കൊതുകുകളെയാണ് പുറത്തിറക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് മലേഷ്യന്‍ ആരോഗ്യ മന്ത്രി അറിയിച്ചു.

എന്നാല്‍ ജനിതക പരിവര്‍ത്തനം ചെയ്യപ്പെട്ട കൊതുകുകള്‍ ഉണ്ടാക്കിയേക്കാവുന്ന വിപത്തുകളെ പറ്റി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ആശങ്കകള്‍ ഉണ്ട്. ഇനിയും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതും അറിയപ്പെടാത്ത അപകടങ്ങള്‍ പതിയിരിക്കുന്നതുമായ ഒരു സാങ്കേതിക വിദ്യയാണ് ജനിതക പരിവര്‍ത്തനം എന്നിരിക്കെ അനേക വര്‍ഷങ്ങളുടെ നിരീക്ഷണവും പഠനവും ഇല്ലാതെ ഇത്തരം കൊതുകുകളെ തുറന്നു വിടുന്നത് അത്യന്തം ആപല്‍ക്കരം ആയിരിക്കും എന്ന് ഇവര്‍ വെളിപ്പെടുത്തി. മാത്രമല്ല ഈ കൊതുകുകളുടെ ലാര്‍വകള്‍ “ടെട്രാസൈക്ലിന്‍” എന്ന ആന്റിബയോട്ടിക്കിന്റെ സാന്നിധ്യത്തില്‍ നശിക്കുകയില്ല എന്നതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മൃഗങ്ങളിലും മനുഷ്യരിലും സര്‍വ സാധാരണമായി ഉപയോഗിക്കപ്പെടുന്ന ഒരു ആന്റിബയോട്ടിക് ആണ് “ടെട്രാസൈക്ലിന്‍” എന്നത് ഈ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്ലാസ്റ്റിക് സഞ്ചികള്‍ സമ്പൂര്‍ണ്ണമായി നിരോധിക്കുക

July 4th, 2010

no-plastic-bags-epathramതിരുവനന്തപുരം : ലോകമെമ്പാടും അന്താരാഷ്‌ട്ര പ്ലാസ്റ്റിക് സഞ്ചി വിരുദ്ധ ദിനം ആചരിച്ചപ്പോള്‍ തലസ്ഥാന നഗരമായ തിരുവനന്തപുരവും അതില്‍ പങ്കു ചേര്‍ന്നു. “തണല്‍”, “സീറോ വെയിസ്റ്റ്‌ സെന്റര്‍” എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഒട്ടേറെ പരിസ്ഥിതി സംഘങ്ങളും പരിസ്ഥിതി സ്നേഹികളും നഗരത്തില്‍ ഒത്തു കൂടി ഈ ദിനാചരണത്തില്‍ പങ്കെടുത്തു. പ്ലാസ്റ്റിക് സഞ്ചിക്ക് പകരമായി ഉപയോഗിക്കാവുന്ന കടലാസു സഞ്ചികള്‍, തുണി സഞ്ചികള്‍ എന്നിങ്ങനെയുള്ള പരിസ്ഥിതി സൌഹൃദ സാമഗ്രികള്‍ ഇവര്‍ കൂട്ടായ്മയില്‍ പ്രദര്‍ശിപ്പിച്ചു. പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ സുലഭമായി ലഭ്യമാണ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രകൃതി ദത്തമായ സാമഗ്രികള്‍ കൊണ്ട് നിര്‍മ്മിക്കുന്ന സഞ്ചികള്‍ പ്രചാരത്തില്‍ വരണമെങ്കില്‍ ആദ്യം പ്ലാസ്റ്റിക് സഞ്ചികള്‍ സമ്പൂര്‍ണ്ണമായി നിരോധിക്കണം. ഇത്തരം സഞ്ചികളുടെ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ തലത്തില്‍ നിന്നും ആവശ്യമായ പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്‌. ഇത് പ്രാദേശികമായി ഒട്ടേറെ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും.

പ്ലാസ്റ്റിക് മലിനീകരണം നമ്മുടെ ഭൂ പ്രദേശത്തെയാകെ ബാധിച്ചിരിക്കുന്നു. മരുഭൂമികള്‍ മുതല്‍ ആഴക്കടലുകളില്‍ വരെ പ്ലാസ്റ്റിക് നിറഞ്ഞിരിക്കുന്നു. മണ്ണിലും ജലത്തിലും മാത്രമല്ല, ജീവജാലങ്ങളുടെ കുടല്‍ മാലയില്‍ വരെ പ്ലാസ്റ്റിക് നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് വരെ ഭീഷണിയാണ്.

cow-eating-plastic-epathram

വിനയറിയാതെ പ്ലാസ്റ്റിക് സഞ്ചി ചവച്ചിറക്കുന്ന പശു

പ്ലാസ്റ്റിക് സഞ്ചികള്‍ തുണി, തുകല്‍, മണ്ണ്, മുള, മരം, കയര്‍, ചണ എന്നിങ്ങനെ ഒട്ടേറെ പരമ്പരാഗത പ്രകൃതി സൌഹൃദ വസ്തുക്കളെ പുറംതള്ളി. ഇതോടൊപ്പം ഈ രംഗത്ത്‌ പ്രവര്‍ത്തിച്ചു ഉപജീവനം കഴിച്ചു പോന്ന ഒട്ടേറെ താഴ്ന്ന വരുമാനക്കാരെയും.

ഇരുപതു ലക്ഷം പ്ലാസ്റ്റിക് സഞ്ചികളാണ് ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള പ്ലാസ്റ്റിക് സഞ്ചിയുടെ ഉപഭോഗ നിരക്ക് പ്രതി നിമിഷം 10 ലക്ഷം സഞ്ചികളാണ്. ഈ ലോകത്ത് ഒരാള്‍ ഒരു വര്ഷം കൊണ്ട് 150 സഞ്ചികള്‍ ഉപയോഗിക്കുന്നു എന്നര്‍ത്ഥം. ഇന്ത്യയും ഈ കാര്യത്തില്‍ ലോകത്തിനൊപ്പമാണ്. ഇന്ത്യയിലെ പ്രതിശീര്‍ഷ പ്ലാസ്റ്റിക് സഞ്ചി ഉപയോഗവും 150 തന്നെ.

ഓടകളിലും ഓവുചാലുകളിലും നിറഞ്ഞ പ്ലാസ്റ്റിക് സഞ്ചികള്‍ കേരളത്തില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ്. മഴവെള്ളത്തിന്റെ ഒഴുക്കിനെ തടഞ്ഞു നിര്‍ത്തുന്ന ഈ മാലിന്യങ്ങള്‍ കൊതുകുകളുടെയും മറ്റ് രോഗാണുക്കളുടെയും വളര്‍ച്ചയ്ക്കും പകര്ച്ചയ്ക്കും അനുകൂലമായ സാഹചര്യം ഒരുക്കി കേരളത്തില്‍ പകര്‍ച്ചപ്പനി ഒരു വാര്‍ഷിക വിപത്ത് തന്നെയാക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« പ്ലാസ്റ്റിക് സഞ്ചി വിരുദ്ധ ദിനം
പരിസ്ഥിതി പ്രവര്‍ത്തകരുടെ e ഡയറക്ടറി »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010