കല്ലേൻ പൊക്കുടൻ അന്തരിച്ചു

September 28th, 2015

kallen-pokkudan-epathram

കണ്ണൂർ: കേരളത്തിന്റെ തീരദേശത്ത് ഒരു ലക്ഷത്തോളം കണ്ടൽ ചെടികൾ നട്ടു പിടിപ്പിച്ചു കൊണ്ട് കണ്ടൽ സംരക്ഷണത്തിന് ഒരു പുതിയ മാനം നൽകിയ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ കണ്ടൽ പൊക്കുടൻ എന്ന കല്ലേൻ പൊക്കുടൻ അന്തരിച്ചു. 78 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ കാരണങ്ങളാലാണ് അന്ത്യം. പഴയങ്ങാടിയിലെ സ്വവസതിയിലാണ് സംസ്ക്കാരം നടന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തീവ്ര വിഭാഗത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന പൊക്കുടൻ പാർട്ടി പിളർന്നതിനെ തുടർന്ന് സി. പി. ഐ. എം. ൽ പ്രവർത്തിച്ചു വന്നു. പിന്നീട് പാർട്ടി പ്രവർത്തനത്തിൽ നിന്നും മാറി നിന്ന പൊക്കുടൻ പരിസ്ഥിതി പ്രവർത്തന രംഗത്ത് സജീവമായി. കേരളത്തിലെ കണ്ടൽ കാടുകളെ സംരക്ഷിക്കുന്നത് തന്റെ ജീവിത ദൗത്യമായി ഏറ്റെടുത്ത അദ്ദേഹം തീരദേശത്ത് അങ്ങോളമിങ്ങോളം ഒരു ലക്ഷം കണ്ടൽ തൈകളാണ് നട്ടു പിടിപ്പിച്ചത്. “കണ്ടൽ വിദ്യാലയം” സ്ഥാപിച്ച് കണ്ടൽ കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യത്തെ കുറിച്ച് അഞ്ഞൂറിലേറെ സ്റ്റഡി ക്ലാസുകൾ സംഘടിപ്പിക്കുകയുണ്ടായി. പൊക്കുടൻ അവസാനമായി എഴുതിയ “കണ്ടൽ ഇനങ്ങൾ” കേരളത്തിൽ കണ്ടു വരുന്ന വിവിധ തരം കണ്ടൽ ഇനങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ഒരു പഠനമാണ്.

2102ൽ ഇറങ്ങിയ ”സ്ഥലം” പൊക്കുടന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ്. പാപ്പിലിയോ ബുദ്ധയിലും പൊക്കുടൻ ഒരു പ്രധാന കഥാപാത്രമാണ്.

അടിസ്ഥാന വിദ്യഭ്യാസം മാത്രം സിദ്ധിച്ച പൊക്കുടൻ നിരവധി പുസ്തകങ്ങൾ എഴുതി. ഇതിൽ ആത്മകഥാപരമായ “എന്റെ ജീവിതം”, “കണ്ടൽ കാടുകൾക്കിടയിൽ എന്റെ ജീവിതം” എന്നിവയ്ക്ക് പുറമെ “കണ്ടൽ ഇനങ്ങൾ”, “ചുട്ടച്ചി” എന്നിവ ഏറെ ശ്രദ്ധേയമാണ്.

2001ൽ പി. വി. തമ്പി സ്മാരക പുരസ്കാരം, 2003ൽ ഭൂമിമിത്ര പുരസ്കാരം, 2006ൽ വനമിത്ര പുരസ്കാരം എന്നിവ ലഭിച്ചു. 2010ൽ കേരള സർക്കാർ അദ്ദേഹത്തെ “ഹരിത വ്യക്തി” പുരസ്ക്കാരം നൽകി ആദരിച്ചു. പി. എസ്. ഗോപിനാഥൻ നായർ പരിസ്ഥിതി പുരസ്ക്കാരം, എ. വി. അബ്ദുൾ റഹ്മാൻ ഹാജി പുരസ്ക്കാരം, കണ്ണൂർ സർവകലാശാലയുടെ ആചാര്യ പുരസ്ക്കാരം, ബാല സാഹിത്യ ഇൻസ്റ്റിട്യൂട്ട് പുരസ്ക്കാരം എന്നിവയും കല്ലൻ പൊക്കുടനെ തേടിയെത്തി.

ചിത്രം കടപ്പാട്: പൊക്കുടൻ Kallen Pokkudan 2″ by Seena Viovin (സീന വയോവിന്‍)

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കണ്ടല്‍ക്കാട്

September 11th, 2010

mangrove-epathram

വെള്ളത്തിലും
കരയിലുമല്ലാതെ,
ഇടയ്ക്കുള്ള നില്‍പ്പ്
അപകടം തന്നെ.

എവിടെ നിന്നും
പിന്തുണയില്ലാതെ,
ഉണങ്ങാതെ ഉണക്കിയും,
മുക്കാതെ മുക്കിയും കൊല്ലും.

ചെയ്തു വെച്ച ഉപകാരങ്ങള്‍
ആരും ഓര്‍ത്തെന്നു വരില്ല.

അല്ലെങ്കിലും
ചേതമില്ലാത്ത
ഉപകാരങ്ങള്‍
ഇന്നാര്‍ക്കു വേണം.

വെള്ളത്തിനും
കരയ്ക്കുമിടയിലെ
ഇത്തിരി ഇടം
കണ്ടാലും
കണ്ടില്ലെന്നു നടിച്ചു
വെറുതെ കിടന്നോട്ടെ.

വയസ്സന്‍
പൊക്കുട* സ്വപ്നമെങ്കിലും
തകരാതെ കിടക്കട്ടെ.

(*കേരളത്തില്‍ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുകയും അവ നശിച്ചാലുള്ള ഭവിഷ്യത്തിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകനാണ് കല്ലേന്‍ പൊക്കുടന്‍)

- ഫൈസല്‍ ബാവ

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

സുന്ദര്‍ബന്സിലെ കണ്ടല്‍ക്കാടുകള്‍ക്ക് ആഗോള താപനം ഭീഷണി

June 6th, 2010

sunderbans-mangrovesകൊല്‍ക്കത്ത : ആഗോള താപനം മൂലം കടല്‍ നിരപ്പ്‌ ഉയര്‍ന്നു സുന്ദര്‍ബന്സിലെ കണ്ടല്‍ക്കാടുകളില്‍ നല്ലൊരു ഭാഗം നശിക്കാന്‍ സാധ്യതയുണ്ടെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്‍ജി മുന്നറിയിപ്പ്‌ നല്‍കി. ആഗോള താപനത്തിന്റെ ഫലമായി ബംഗാള്‍ ഉള്‍ക്കടലിലെ ജല നിരപ്പ്‌ ഉയര്‍ന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇത് മൂലം സുന്ദര്‍ബന്സിലെ ബസന്തി ഗോസാബ എന്നീ പ്രദേശങ്ങളിലെ കണ്ടല്‍ക്കാടുകളുടെ നാശം ആസന്നമാണ്. ഇതേ അവസ്ഥ തന്നെയാണ് ബംഗ്ലാദേശിലെ ചില പ്രദേശങ്ങളിലും. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബുദ്ധദേബ്.

sunderbans-royal-bengal-tiger

സുന്ദര്‍ബന്‍സ് വനത്തില്‍ കാണുന്ന റോയല്‍ ബംഗാള്‍ ടൈഗര്‍

നാലായിരത്തിലേറെ ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സുന്ദര്‍ബന്സില്‍ രണ്ടായിരത്തിലേറെ ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍ കാടുകളാണ് ഉള്ളത്. 56 ദ്വീപുകളിലായി പരന്നു കിടക്കുന്ന ഗംഗയുടെ അഴിമുഖത്താണ് കണ്ടല്‍ കാടുകളും വനവും നിറഞ്ഞു നില്‍ക്കുന്ന ഏറെ ഫലഭൂയിഷ്ഠമായ സുന്ദര്‍ബന്‍സ് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ റോയല്‍ ബംഗാള്‍ ടൈഗറിന്റെ വാസസ്ഥലമായ ഇവിടത്തെ ജൈവ വൈവിദ്ധ്യം കണക്കിലെടുത്ത് ഈ പ്രദേശത്തെ യുനെസ്കോ (UNESCO – United Nations Educational, Scientific and Cultural Organization) ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »


« ആഗോള പരിസ്ഥിതിയും ഭാവിയും
ഭോപ്പാല്‍ ദുരന്തം – ഏഴു പ്രതികള്‍ കുറ്റക്കാരെന്നു കോടതി »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010