ന്യൂഡല്‍ഹി: ഇന്ത്യയില്‍ കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. രണ്ടാമത് കടുവാ സെന്‍സസ് റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ കഴിഞ്ഞ തവണത്തെ സെന്‍സസിനേക്കാള്‍ 295 കടുവകളുടെ വര്‍ദ്ധനവുണ്ടെന്ന് പറയുന്നത്. 1706 കടുവകളാണ് രാജ്യത്ത് ഉള്ളത്. മുമ്പ് 2007-ല്‍ നടത്തിയ കടുവ സെന്‍സസ് പ്രകാരം 1411 കടുവകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരുന്നത്.
രാജ്യത്തെ 35 കടുവാ സംരക്ഷണ കേന്ദ്രങ്ങളില്‍ നിന്നും ഉള്ള കണക്കുകളാണ് പുതിയ റിപ്പോര്‍ട്ടിന് ആധാരം. ഇതില്‍ കേരളത്തിലും ഉള്‍പ്പെടുന്ന പശ്ചിമ ഘട്ട വന മേഖലയില്‍ 177 കടുവകള്‍ ഉണ്ടെന്നും കണക്കാക്കുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേഷാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.