പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക

August 16th, 2012

Fukuoka epathram

ഒറ്റ വൈക്കോല്‍ വിപ്ലവം എന്ന പ്രശസ്തമായ കൃതിയിലൂടെ പ്രകൃതി കൃഷിക്ക് ലോകത്താകമാനമുള്ളവര്‍ക്ക് പ്രചോദനമായി മാറിയ  ജപ്പാൻ സ്വദേശിയായ മസനോബു ഫുക്കുവോക്ക (Masanobu Fukuoka) എന്ന മഹാനായ പ്രകൃതി സ്നേഹി നമ്മെ വിട്ടകന്നിട്ട് നാല് വര്ഷം തികയുന്നു. 2008 ഓഗസ്റ്റ് 16ല്‍ 98-‍ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്. ജൈവ കൃഷി രീതിയുടെ ആധുനിക കാലത്തെ പ്രധാന പ്രയോക്താക്കളിൽ ഒരാളാണ്. ഭൂമി ഉഴുത് മറിക്കുകയോ, കള പറിക്കുകയോ, വള‌മോ കീടനാശിനിയോ ഉപയോഗിക്കുകയോ ചെയ്യാതെ കൃഷി നടത്തണമെന്ന് ആഹ്വാനം ചെയ്‌ത ശാസ്‌ത്രജ്ഞനാണ് ഫുക്കുവോക്ക.

മൈക്രോബയോളജിസ്‌റ്റായാണ് ഫുക്കുവോക്ക കാർഷിക രംഗത്തേക്ക് കടന്നത്. 25-‍ാം വയസ്സിൽ ആധുനികമായ കൃഷി രീതിയിൽ സംശയം പ്രകടിപ്പിച്ച അദ്ദേഹം ഗവേഷണ ശാസ്‌ത്രജ്ഞൻ എന്ന ജോലി ഉപേക്ഷിച്ച് സ്വന്തം നാടായ ‌ഷിക്കോക്കുവിൽ മടങ്ങിയെത്തി സ്വന്തം കൃഷിയിടത്തിൽ കൃഷി തുടങ്ങി. ഭൂമിയെ അതേപടി നിലനിർത്തിക്കൊണ്ട് കൃഷി ചെയ്യണമെന്ന ഫുക്കുവോക്കയുടെ താത്ത്വിക ആശയത്തെ പലരും സംശയത്തോടെ വീക്ഷിച്ചെങ്കിലും അവ പിന്നീട് ലോകപ്രശസ്‌തമായി. തൻറെ നിരീക്ഷണങ്ങളെപ്പറ്റി ഫുക്കുവോക്ക എഴുതിയ “The One-Straw Revolution” (ഒറ്റ വൈക്കോൽ വിപ്ലവം) പ്രകൃതിയിലേക്ക് മടങ്ങാന്‍ എന്നീ കൃതികള്‍ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

ഈ മഹാനായ പ്രകൃതി സ്നേഹിയുടെ ഓര്‍മ്മയ്ക്ക് മുമ്പില്‍ eപത്രം പച്ചയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും

July 24th, 2012

endosulfan-abdul-nasser-epathram

ന്യൂഡല്‍ഹി: ഉത്പാദകരുടെ കൈവശം ബാക്കിയുള്ള എന്‍ഡോസള്‍ഫാന്‍ കേരളം, കര്‍ണാടകം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വിറ്റ്‌ തീര്‍ക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്ര കൃഷി മന്ത്രാലയമാണ് സത്യവാങ്മൂലത്തിലൂടെ ഇങ്ങനെ ഒരാവശ്യം മുന്നോട്ട് വെച്ചത്. കീടനാശിനി കമ്പനികളെ അനുകൂലിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നടപടി തീര്‍ത്തും തെറ്റായി പോയെന്നും, ഈ തീരുമാനം കീടനാശിനി കമ്പനികളെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്നും വി. എം. സുധീരന്‍ പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയില്‍ 1090.596 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് ഉത്പാദകര്‍ കോടതിയെ അറിയിച്ചു. ബാക്കിയുള്ള എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു. 2011 ഒക്ടോബറിലാണ് രാജ്യത്ത്‌ എന്‍ഡോസള്‍ഫാന്‍ ഉത്പാദനം പൂര്‍ണമായും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ്‌ സുപ്രീം കോടതി പുറപ്പെടുവിച്ചത്‌. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്നാവശ്യപെട്ടു ഡി. വൈ. എഫ്. ഐ. നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയത്‌. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം എൻ. സി. പി. യുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ പരിഹരിക്കാനുള്ള തന്ത്രമാണ് എന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. കൃഷി വകുപ്പ് കൈകാര്യം ചെയ്യുന്ന എൻ. സി. പി. യും കൃഷി മന്ത്രി ശരത്‌ പവാറും മുമ്പും കീടനാശിനി കമ്പനികള്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ മടി കാണിച്ചിരുന്നില്ല. കേന്ദ്ര കൃഷി വകുപ്പ്‌ സഹമന്ത്രി കെ. വി. തോമസിന്റെ വിവാദ പ്രസ്താവനയാണ് ഈ വിഷയത്തില്‍ കൂടുതല്‍ മാധ്യമ ശ്രദ്ധ ലഭിക്കാന്‍ കാരണമായത്. അദ്ദേഹം ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടില്‍ നിന്നും മാറിയിട്ടില്ല എന്നതും ഇതിനോട് ചേര്‍ത്ത്‌ വായിക്കേണ്ടതാണ്.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം

July 14th, 2012

kerala-wetlands-epathram

തിരുവനന്തപുരം : തണ്ണീര്‍ത്തടം നികത്തല്‍ തീരുമാനം നടപ്പിലായാല്‍ പ്രതിവര്‍ഷം കേരളത്തിന് 1,22,868 കോടി രൂപക്ക് തുല്യമായ നഷ്ടമുണ്ടാകുമെന്നു റിപ്പോര്‍ട്ട്. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനും തൃശൂരിലെ സലിം അലി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. വി. എസ്. വിജയന്റെ നേതൃത്വത്തിൽ നടന്ന പഠനമാണ് ഈ വിവരം പുറത്ത് കൊണ്ടു വന്നത്. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പദ്ധതിയുടെ ഭാഗമായി രാജ്യത്തെ തണ്ണീര്‍ത്തടങ്ങളെ പറ്റി നടത്തിയ പഠനത്തിലാണ് ഈ വിവരം ഉള്ളത്. ഈ നിയമം നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ 1.61 ലക്ഷം ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങൾ ഇല്ലാതാകാന്‍ സാധ്യത ഏറെയാണെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2011ല്‍ ദി ഇക്കണോമിക്സ് ഓഫ് ഇക്കോ സിസ്റ്റംസ് ആന്‍ഡ് ബയോ ഡൈവേഴ്സിറ്റി (‘ടീബ്’) എന്ന സ്ഥാപനം രാജ്യത്തെ തണ്ണീര്‍ത്തടങ്ങളുടെ പാരിസ്ഥിതിക മൂല്യത്തെപ്പറ്റി വിശദ പഠനം നടത്തിയിരുന്നു. തണ്ണീര്‍ത്തടങ്ങളുടെ നാശം ‍കിണറുകളിലും കുളങ്ങളിലും വെള്ളമില്ലാതാക്കും. ഇതോടെ കടുത്ത കുടിവെള്ള ക്ഷാമവും കൃഷി ആവശ്യത്തിന് വെള്ളം ഇല്ലാതാവുകയും ചെയ്യും. കാലാവസ്ഥാ ക്രമീകരണം, മണ്ണ് സംരക്ഷണം, മണ്ണൊലിപ്പ് തടയല്‍, ഭൂജല നിരപ്പ് സംരക്ഷണം തുടങ്ങിവയും തണ്ണീര്‍ത്തടങ്ങളുടെ സംഭാവനകളാണ്. ഈ തണ്ണീര്‍തടങ്ങള്‍ നികത്തിയാല്‍ സംഭവിക്കുന്ന ഭയാനക നഷ്ടത്തിന്റെ സാമ്പത്തിക മൂല്യം മാത്രം 1,22,868 കോടി രൂപയോളം വരും. ഒരു ഹെക്ടര്‍ തണ്ണീര്‍ത്തടം നികത്തിയാല്‍ പ്രതിവര്‍ഷം 22,24,380 രൂപക്ക് തുല്യമായ നഷ്ടമുണ്ടാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ തണ്ണീര്‍ത്തടങ്ങള്‍ ഏറെ സമ്പുഷ്ടമാണ്. അതുകൊണ്ട് യഥാര്‍ത്ഥ നഷ്ടം ഇതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടിയാകുമെന്ന് സലിം അലി ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു .

റിപ്പോര്‍ട്ട് നേരത്തേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറിയിരുന്നു. ഈ പഠനം കൈയിലിരിക്കെയാണ് ഏറെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ 2005 വരെ അനധികൃതമായി നികത്തിയതടക്കമുള്ള തണ്ണീര്‍ത്തടങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

ഇപ്പോള്‍ തന്നെ പ്രതിവര്‍ഷം 40 ലക്ഷം ടണ്‍ അരി ആവശ്യമുള്ള കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത് വെറും 6 ലക്ഷം ടണ്‍ മാത്രം. നെല്‍കൃഷിയിടത്തിന്റെ വിസ്തൃതി ആപത്കരമാംവിധം കുറയുകയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് 2,34,000 ഹെക്ടര്‍ വയലും 1,60,590 ഹെക്ടര്‍ തണ്ണീര്‍ത്തടവും മാത്രമാണ് ഉള്ളത്. കേരളത്തിലെ കോള്‍നിലങ്ങള്‍ ഒട്ടുമിക്കവയും റാംസര്‍ സൈറ്റ് ആയി പ്രഖ്യാപിച്ചതാണ്. എന്നിട്ടും വയല്‍ നികത്തല്‍ വര്‍ദ്ധിച്ചു വരുന്നു. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് മന്ത്രിസഭയുടെ തീരുമാനം. എന്നാൽ നീര്‍ത്തടം നികത്തലിന് നിയമ സാധുത നല്‍കാന്‍ നിലവിലുള്ള നിയമമനുസരിച്ച് സംസ്ഥാന മന്ത്രിസഭക്ക് പോലും അധികാരമില്ലെന്ന് നിയമ വിദഗ്ദ്ധർ വ്യക്തമാക്കുന്നുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന സംഗമം

April 21st, 2012

water-act-india-epathram
എടപ്പാള്‍: കേരള ജൈവ കര്‍ഷക സമിതി ഇരുപതാമത്‌  സംസ്ഥാന സംഗമം മെയ്‌ 11, 12, 13 (1187 മേടം  28,29,30) തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ എടപ്പാള്‍ വള്ളത്തോള്‍ വിദ്യാ പീഠത്തില്‍ വെച്ചു നടക്കും, മൂന്നു ദിവസം നീട് നില്‍ക്കുന്ന സംഗമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പരിസ്ഥിതി പഠനം, വ്യക്തിത്വ വികസനം‌, വിത്ത് സംരക്ഷണവും പരിപാലനവും എങ്ങനെ തുടങ്ങിയ ക്ലാസുകള്‍ ഉണ്ടായിരിരിക്കും. സെമിനാറുകള്‍, കൃഷിയനുഭവങ്ങള്‍, പാരിസ്ഥിതിക സമരാനുഭവങ്ങള്‍, കലാ-സാംസ്കാരിക പരിപാടികള്‍,  കൂടാതെ നാട്ടു ഭക്ഷ പ്രദര്‍ശനം, ഔഷധ സസ്യ പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, നാടന്‍ വിത്തുകള്‍, തൈകള്‍ എന്നിവയുടെ പ്രദര്‍ശനം – വില്പന , പുസ്തക പ്രദര്‍ശനം, നല്ല ഭക്ഷണം പ്രസ്ഥാനം കൃഷി ചെയ്ത  രാസവളം കീടനാശിനി എന്നിവ ഉപയോഗിക്കാത്ത കാര്‍ഷിക വിഭവങ്ങളുടെ നാട്ടുചന്ത, കേരളത്തിലെ വിവിധ ഇടങ്ങളിലുള്ള ജൈവ കര്‍ഷകര്‍ ഉത്പാദിപ്പിച്ച ഫലസസ്യങ്ങളുടെ പ്രദര്‍ശനം, ബാല കര്‍ഷക സംഗമം എന്നിവയും ഉണ്ടായിരിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് 8086821374, 9747737331, 9037675741 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന സംഗമം

February 21st, 2012

പൊന്നാനി: മേയ്11,12,13- മൂന്നു ദിവസങ്ങളിലായി നടക്കുന്ന കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന സംഗമത്തിനായി  സ്വാഗതസംഘം രൂപീകരിച്ചു. സെമിനാറുകള്‍, കൃഷി അനുഭവങ്ങള്‍, സമരാനുഭവങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, നാട്ടുഭക്ഷണ പ്രദര്‍ശനം, നാടന്‍വിത്ത് കലവറ, ജൈവ ഉല്‍പ്പന്നങ്ങളുടെ നാട്ടുച്ചന്ത, ഫോട്ടോ പ്രദര്‍ശനം, പോസ്റ്റര്‍ പ്രദര്‍ശനം, യോഗ പരിശീലനം, നാടന്‍ കര കൌശല പ്രദര്‍ശനം, പുസ്തക പ്രദര്‍ശനം, ബാല കര്‍ഷകസംഗമം തുടങ്ങിയവയും സംഗമത്തോടനുബന്ധിച്ച് ഉണ്ടായിരിക്കും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

1 of 3123

« Previous « എന്‍ഡോസള്‍ഫാന്‍ : ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു
Next Page » കൂടംകുളം സമരത്തിനെതിരെ അമേരിക്കയും റഷ്യയും മന്‍മോഹന്‍ സിങ്ങും കൈകോര്‍ക്കുന്നു »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010