ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം.പരിസ്ഥിതി പ്രവര്‍ത്തനത്തിനായി ജീവിതം നീക്കിവെക്കുകയും ഇന്ന് നമ്മോടൊപ്പം ഇല്ലാത്തവരുമായ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഓര്‍മ്മക്ക് മുമ്പില്‍ പച്ച ഈ പരിസ്ഥിതി ദിനം സമര്‍പ്പിക്കുന്നു.
പ്രൊഫ:ജോണ്‍ സി ജേക്കബ്
ജീവന്റെ നിലനില്പിന് പ്രകൃതിസംരക്ഷണം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് മലയാള മനസുകളെ ആദ്യം അടുപ്പിച്ച പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ട കേരളത്തിലെ ആദ്യത്തെ Ecoclub തുടങ്ങിയ മഹാനായ പ്രൊഫ:ജോണ്‍ സി ജേക്കബ്. പരിസ്ഥിതി പ്രവര്‍ത്തനം ജീവിതം തന്നെയാണെന്ന മാതൃക നമുക്ക് ജീവിച്ചു കാണിച്ചു തന്നത് ഇദ്ദേഹമാണ്.
ഇന്ദുചൂഡന്‍മാഷ്
‘കേരളത്തിലെ പക്ഷികള്‍’ എന്ന മഹത്തായ ഗ്രന്ഥം മലയാളത്തിനായി സമ്മാനിച്ച, കേരളത്തില്‍ ഒട്ടനവധി യുവാക്കളെ പരിസ്ഥിതി പ്രസ്ഥാന ങ്ങളിലേക്ക് നയിച്ച, നിരവധി ശിഷ്യന്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ള പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഇന്ദുചൂഡന്‍മാഷ്.
ശരത് ചന്ദ്രന്‍
തന്റെ കാമറയുമായി ഇന്ത്യലാകമാനം ഓടിനടന്ന് എവിടെയെല്ലാം പ്രകൃതിയെ നശിപ്പിക്കാന്‍ ഒരുങ്ങുന്നുവോ അവിടെയെല്ലാം ചെന്ന് അക്കാര്യങ്ങള്‍ ലോകത്തിനു തുറന്നു കാണിച്ച, എത്ര വലിയ കുത്തക കമ്പനിയായാലും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയാന്‍ ചങ്കൂറ്റം കാണിച്ച, കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകര്‍ന്ന, അകാലത്തില്‍ പൊലിഞ്ഞ ശരത് ചന്ദ്രന്‍.
മയിലമ്മ
കൊക്കകോളയുടെ ജലചൂഷണ ത്തിനെതിരെ പ്ലാച്ചിമട സമരമുഖത്ത് നിറഞ്ഞുനിന്ന, “ഞങ്ങളുടെ വെള്ളമെടുത്ത് വില്‍ക്കാന്‍ നിങ്ങള്‍ക്കാര് അധികാരം തന്നു, ഇവിടെ നിന്നും ഇറങ്ങി പോകൂ” എന്ന് കൊക്കകോള എന്ന ആഗോള കുത്തക കമ്പനിയോട് ധൈര്യത്തോടെ ചോദിക്കുകയും മരണം വരെ ജലചൂഷനത്തിനെതിരെ പോരാടുകയും ചെയ്ത മയിലമ്മ.
പ്രകൃതിയുടെ ഓരോ സ്പന്ദനവും മനസിലേറ്റി മരണം വരെ പ്രകൃതിയെ പറ്റി പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്ത ‘ഒരേ ജീവന്‍ ഒരേ ഭൂമി’ എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപരായിരുന്നു ശിവപ്രസാദ് മാഷ്,
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ തളിക്കെതിരെ പൊരുതി ഇരയായി ജീവിതം തന്നെ നല്‍കേണ്ടിവന്ന നിരവധി പേര്‍,
ചാലിയാര്‍ മലിനീകരണ ത്തിനെതിരെ പൊരുതി മരിച്ച റഹ്മാന്‍ക്ക
പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്ന ശര്‍മ്മാജി,
കെ വി സുരേന്ദ്രനാഥ്
സൈലന്റ് വാലി സമരമുഖത്ത് മുന്‍നിരയിലുണ്ടായിരുന്ന കെ വി സുരേന്ദ്രനാഥ്.
ഒരു കാലത്ത് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന നിറസാന്നിദ്ധ്യങ്ങളായിരുന്ന അകാലത്തില്‍പൊലിഞ്ഞ സ്വാമിനാഥന്‍ ആള്‍ട്ടര്‍ മീഡിയ തൃശ്ശൂര്‍, ഹരിഭാസ്കാരന്‍ കൂറ്റനാട് , മൂണ്‍സ് ചന്ദ്രന്‍ നിലമ്പൂര്‍, ഡോ: സന്തോഷ് കേക തൃശ്ശൂര്‍, സുരേഷ് തൃശ്ശൂര്‍,
കേരളം മുഴുവന്‍ കവിത ചൊല്ലി നടന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരുന്ന, വനം കൊള്ളക്കെതിരെ ഒറ്റയാള്‍ സമരം നയിച്ച മഞ്ചേരി വനം സംരക്ഷണ സേനയുടെ എസ് പ്രഭാകരന്‍ നായര്‍,
അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിച്ച് പ്രാദേശിക കൂട്ടായ്മകള്‍ക്ക് സജ്ജീവ നേതൃത്വം നല്‍കിയ പങ്കജാക്ഷകുറുപ്പ്.
ജലതരംഗം മാസികയിലൂടെ ജലസംരക്ഷണത്തിന്റെ പ്രസക്തി മലയാളക്കരയില്‍ പ്രചരിപ്പിച്ച പി എസ് ഗോപിനാഥന്‍നായര്‍,
കൂടാതെ കാസര്‍ക്കോട്ട് എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ ഇരകളായി ഇല്ലാതായ കുമാരന്‍ മാഷടക്കം നിരവധി പേര്‍,
ഞങ്ങളുടെ അശ്രദ്ധകൊണ്ട് മാത്രം വിട്ടുപോയ മറ്റുള്ളവര്‍, പ്രാദേശികമായി ചെറുത്തുനില്‍പ്പുകള്‍ നടത്തി മണ്മറഞ്ഞ അതാത് മേഖലകളിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരിസ്ഥിതി ദുരന്തങ്ങളില്‍ ഇരയായവര്‍ക്കും എല്ലാവരുടെയും പാവന സ്മരണക്ക് മുമ്പില്‍ ഈ പരിസ്ഥിതി ദിനത്തില്‍ ഇപത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു