
പനാജി: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നം ലോക ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച “എ പെസ്റ്ററിങ് ജേര്‍ണി” എന്ന ചലച്ചിത്രം മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള നാലാമത് ഹ്രസ്വ ചലച്ചിത്ര കേന്ദ്രം വസുധ പുരസ്‌കാരം നേടി. കെ. ആര്‍. മനോജാണ് ചിത്രം സംവിധാനം ചെയ്തത്. 2.75 ലക്ഷം രൂപയും പ്രശസ്തി പത്രവും ഷീല്‍ഡും അടങ്ങിയതാണ് പുരസ്‌കാരം. സംവിധായകന്‍ ശിവന്‍ ചെയര്‍മാനായുള്ള ജൂറിയാണ് മികച്ച ചിത്രത്തെ തിരഞ്ഞെടുത്തത്.
ഈ വര്‍ഷം മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ “എ പെസ്റ്ററിങ് ജേര്‍ണി” ഗോവയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എം. എ. റഹ്മാന്റെയും മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ മധുരാജിന്റെയും സംരംഭങ്ങളുടെ പിന്തുടര്‍ച്ചയാണ് തന്റെ ചിത്രമെന്ന് മനോജ് പറഞ്ഞു.



ന്യൂയോര്‍ക്ക് : വൈദ്യുതിയുടെ ആവശ്യം കുറവുള്ള സമയങ്ങളില്‍ അത് ശേഖരിച്ച് വെയ്ക്കുവാനും ആവശ്യം കൂടുന്ന അവസരങ്ങളില്‍ അത് വൈദ്യുത ഗ്രിഡിലേക്ക് ആവശ്യാനുസരണം തിരികെ നല്‍കാനും ഉപകരിക്കുന്ന ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ന്യൂ യോര്‍ക്ക് സിറ്റി നടത്തിയ അന്താരാഷ്ട്ര മത്സരത്തില്‍ വിജയികളായി. ന്യൂ യോര്‍ക്ക് സിറ്റി കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച ഗ്ലോബല്‍ ബിസിനസ് പ്ലാന്‍ മത്സരത്തിലാണ് ഇന്ത്യന്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് ടെക്നോളജി (ഐ. ഐ. ടി.) മദ്രാസിലെ മൂന്ന് വിദ്യാര്‍ത്ഥികളായ വിനയ ശങ്കര്‍ കുല്‍ക്കര്‍ണി, ശ്രീറാം കല്യാണ രാമന്‍, ആഷിഷ് ദത്താനി (ഫോട്ടോയില്‍ ഇടത്തു നിന്നും ക്രമത്തില്‍) എന്നിവര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇവരുടെ കമ്പനിയായ ഗ്രീന്‍ ടെക്നോളജി സൊല്യൂഷന്‍സിന് 20,000 ഡോളര്‍ സമ്മാന തുകയായി ലഭിക്കും.