ന്യൂയോര്‍ക്ക് : വൈദ്യുതിയുടെ ആവശ്യം കുറവുള്ള സമയങ്ങളില്‍ അത് ശേഖരിച്ച് വെയ്ക്കുവാനും ആവശ്യം കൂടുന്ന അവസരങ്ങളില്‍ അത് വൈദ്യുത ഗ്രിഡിലേക്ക് ആവശ്യാനുസരണം തിരികെ നല്‍കാനും ഉപകരിക്കുന്ന ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ന്യൂ യോര്‍ക്ക് സിറ്റി നടത്തിയ അന്താരാഷ്ട്ര മത്സരത്തില്‍ വിജയികളായി. ന്യൂ യോര്‍ക്ക് സിറ്റി കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച ഗ്ലോബല്‍ ബിസിനസ് പ്ലാന്‍ മത്സരത്തിലാണ് ഇന്ത്യന്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് ടെക്നോളജി (ഐ. ഐ. ടി.) മദ്രാസിലെ മൂന്ന് വിദ്യാര്‍ത്ഥികളായ വിനയ ശങ്കര്‍ കുല്‍ക്കര്‍ണി, ശ്രീറാം കല്യാണ രാമന്‍, ആഷിഷ് ദത്താനി (ഫോട്ടോയില്‍ ഇടത്തു നിന്നും ക്രമത്തില്‍) എന്നിവര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇവരുടെ കമ്പനിയായ ഗ്രീന്‍ ടെക്നോളജി സൊല്യൂഷന്‍സിന് 20,000 ഡോളര്‍ സമ്മാന തുകയായി ലഭിക്കും.
ഇവര്‍ പ്രാവര്‍ത്തികമാക്കിയ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വൈദ്യുതി ഉപഭോഗം കുറഞ്ഞ സമയത്ത് ഉപയോഗിക്കാന്‍ ആവാതെ പാഴായി പോവുന്ന ഊര്‍ജ്ജം സംഭരിച്ചു വെയ്ക്കുവാനും, ഇത്തരത്തില്‍ സംഭരിച്ചു വെച്ച ഊര്‍ജ്ജം വൈദ്യുത ഉപഭോഗം കൂടുതല്‍ ആകുന്ന അവസരത്തില്‍ ഉപയോഗപ്പെടുത്തുവാനും കഴിയും.
സമ്മാന തുക ഉപയോഗിച്ച് ഇവര്‍ ന്യൂ യോര്‍ക്കില്‍ ഈ സാങ്കേതിക വിദ്യ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. എന്നാല്‍ ദീര്‍ഘ കാല അടിസ്ഥാനത്തില്‍ ഈ സാങ്കേതിക വിദ്യ വൈദ്യുതി കമ്മി അനുഭവപ്പെടുന്ന ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ക്ക് തന്നെയാവും കൂടുതല്‍ പ്രയോജനം ചെയ്യുക.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, electricity, technology