ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക

February 7th, 2013

solar-energy-india-epathram

ജനീവ : പാരിസ്ഥിതിക ആഘാതം തീരെ കുറഞ്ഞ ഊർജ്ജ സ്രോതസ്സായ സൌരോർജ്ജം വ്യാപകമാക്കുന്നത് ലക്ഷ്യമിട്ട് ഇന്ത്യ നടപ്പിലാക്കി വരുന്ന ജവഹർലാൽ നെഹ്രു ദേശീയ സൌരോർജ്ജ ദൌത്യം എന്ന പദ്ധതിക്ക് എതിരെ അമേരിക്ക ലോക വ്യാപാര സംഘടനയിൽ ചോദ്യം ചെയ്തു. ലോക വ്യാപാര സംഘടനയുടെ ചട്ടം അനുസരിച്ച് ഒരു പരാതി നല്കാനുള്ള ആദ്യ നടപടിയായി ഇന്ത്യയുമായി വിഷയം ചർച്ച ചെയ്യണം എന്നാണ് അമേരിക്കയുടെ ആവശ്യം. ഇന്ത്യയുമായി വർഷങ്ങളായി നടത്തി വരുന്ന ഉഭയകക്ഷി ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. സംഘടനയുടെ നിയമങ്ങൾ പ്രകാരം സംഘടനാതല ചർച്ചകളിൽ 60 ദിവസത്തിനകം പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ തർക്ക പരിഹാര സമിതി പ്രശ്നം ഏറ്റെടുക്കും.

ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാവുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗ്ഗമനം കുറയ്ക്കുവാനായി ഫോസിൽ ഇന്ധനത്തിന്റെ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തിനായി സൌരോർജ്ജം പോലുള്ള ക്ലീൻ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം വർദ്ധിപ്പിക്കുക എന്ന അമേരിക്ക അടക്കമുള്ള ലോക രാഷ്ട്രങ്ങളുടെ ശ്രമങ്ങൾ പുരോഗമിക്കവെയാണ് അമേരിക്കൻ വ്യവസായികളുടെ സമ്മർദ്ദത്തിന് വഴങ്ങി അമേരിക്കൻ സർക്കാർ ഈ നടപടിക്ക് ഒരുങ്ങിയത് എന്നത് ശ്രദ്ധേയമാണ്.

സൌരോർജ്ജ ഉപയോഗം പ്രോൽസാഹിപ്പിക്കുവാനായി ഇന്ത്യ തുടങ്ങിയ ദേശീയ സൌരോർജ്ജ ദൌത്യമാണ് അമേരിക്കൻ വ്യവസായികളെ പ്രകോപിപ്പിച്ചത്. പാരിസ്ഥിതിക ആഘാതങ്ങൾ നന്നെ കുറവുള്ളതും അങ്ങേയറ്റം സുരക്ഷിതവുമാണെങ്കിലും നിർമ്മാണ ചിലവ് ഏറെ ഉള്ള ഊർജ്ജ സ്രോതസ്സാണ് സൌരോർജ്ജം. ഇന്ത്യ വിഭാവനം ചെയ്ത പദ്ധതി നടപ്പിലാക്കണമെങ്കിൽ കുറഞ്ഞ ചിലവിലുള്ള സൌര പാളികൾ വികസിപ്പിച്ചെടുക്കാൻ ആവശ്യമായ ഗവേഷണം, പാളികൾ തദ്ദേശീയമായി നിർമ്മിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം എന്നിവ അനിവാര്യമാണ്. എന്നാൽ ഇത്തരത്തിൽ തദ്ദേശീയമായി സൌരോർജ്ജ പാളികൾ നിർമ്മിക്കുവാൻ സർക്കാർ സഹായിക്കുന്നതിനെയാണ് അമേരിക്കൻ സൌരോർജ്ജ പാളി നിർമ്മാണ കമ്പനികൾ എതിർക്കുന്നത്.

2050ഓടെ 200 ഗിഗാ വാട്ട്സ് സൌരോർജ്ജ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ദേശീയ സൌരോർജ്ജ ദൌത്യം ലക്ഷ്യമിടുന്നത്. 2010ൽ ലോകമെമ്പാടും ഉത്പാദിപ്പിച്ചത് വെറും 39.8 ഗിഗാ വാട്ട്സ് മാത്രമാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് ഇന്ത്യയുടെ ലക്ഷ്യത്തിന്റെ വ്യാപ്തി ബോദ്ധ്യമാകുക. ഇത്രയും വലിയ ഒരു കമ്പോളത്തിൽ തങ്ങൾക്ക് വെല്ലുവിളി നേരിടുന്നതാണ് അമേരിക്കയുടെ പ്രശ്നം. ഇന്ത്യ തദ്ദേശീയ വികസനം നടത്തുന്നതും അതിന് സാമ്പത്തിക സഹായം നൽകുന്നതും ആഗോള വ്യാപാര കരാറിന് വിരുദ്ധമാണ് എന്നാണ് അമേരിക്കയുടെ വാദം. വിദേശ ഉൽപ്പന്നങ്ങൾക്കും തദ്ദേശീയ ഉൽപ്പന്നങ്ങൾക്കും തുല്യമായ അവസരം ലഭിക്കണം എന്നും സബ്സിഡികൾ ഈ അവസരം ഇല്ലാതാക്കും എന്നും അമേരിക്ക ചൂണ്ടിക്കാണിക്കുന്നു.

സാമ്രാജ്യത്വ അധിനിവേശത്തിലൂടെ വർഷങ്ങളോളം ചൂഷണം ചെയ്ത് വികസിത രാഷ്ട്രമായി തീർന്ന അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളുടെ വളരാനുള്ള ശ്രമത്തെ തുരങ്കം വെക്കാൻ ഉപയോഗിക്കുന്ന ആയുധമാണ് ഇത്തരം സമാനമായ അവസരം വേണമെന്ന വാദം. മൂന്നാം ലോക രാഷ്ട്രങ്ങൾ എന്നും ഇവരുടെ ഉപഭോക്താക്കളായി തുടർന്നാൽ മതിയെന്ന നിലപാടിനെ പ്രതിരോധിക്കാതിരിക്കാൻ മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങളെ പണം കൊടുത്ത് സ്വാധീനിക്കാൻ നിയമപരമായി തന്നെ അനുവാദം കൊടുക്കുന്ന നിയമങ്ങളാണ് അമേരിക്കയിൽ ഉള്ളത്. ചില്ലറ വിൽപ്പന രംഗത്തെ വിദേശ നിക്ഷേപ നയത്തെ സ്വാധീനിക്കാൻ ഇന്ത്യയിൽ പണം ചിലവാക്കി എന്ന വാൾമാർട്ടിന്റെ വെളിപ്പെടുത്തൽ ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ കോളിളക്കത്തിൽ തന്നെ ഇത് ഒടുങ്ങി എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പരാജയം.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍

October 11th, 2012

john-c-jacob

കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിവന്ദ്യ ഗുരു ജോണ്‍ സി ജേക്കബ്‌ നമ്മെ വിട്ടകന്നിട്ട് ഇന്നേക്ക് നാലു വര്ഷം തികയുന്നു. ഋഷി തുല്യമായ ജീവിതം നയിച്ച ആ മഹാനായ പ്രക്രുതിസ്നേഹിയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഇ പത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

1936-ല്‍ കോട്ടയം ജില്ലയിലെ കുറിച്ചിയിലാണ് ജോണ്‍ സി ജേക്കബ് ജനിച്ചത്‌. മദ്രാസ്‌ കൃസ്ത്യന്‍ കോളേജില്‍ നിന്നും ഉന്നത വിദ്യാഭാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കെ തന്നെ പ്രകൃതി നിരീക്ഷണത്തില്‍ അതീവ താല്പര്യം കാണിച്ച ഇദ്ദേഹം അദ്ധ്യാപകനായിരിക്കെ സ്വന്തം വിദ്യാര്‍ഥികളെ  വനങ്ങളിലും കടല്‍ത്തീരത്തും ദ്വീപുകളിലും കൊണ്ടുപോയി പ്രകൃതിയുടെ പാഠങ്ങള്‍ പഠിപ്പിച്ചു.1977ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ പ്രകൃതി സഹവാസ ക്യാമ്പ്‌ ഏഴിമലയില്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് ദക്ഷിണേന്ത്യയിലെ വിവിധ ഇടങ്ങളില്‍ നിരവധി ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കി. 1960 മുതല്‍ 65 വരെ ദേവഗിരി കോളേജിലും പിന്നീട് 1992വരെ പയ്യന്നൂര്‍ കോളേജിലും ജന്തുശാസ്ത്ര അദ്ധ്യാപകന്‍. ഇദ്ദേഹമാണ് കേരളത്തില്‍ ആദ്യമായി ഒരു പരിസ്ഥിതി സംഘടന രൂപീകരിച്ചത്‌. 1979ല്‍ സ്ഥാപിച്ച സീക്ക് (സൊസൈറ്റി ഫോര്‍ എന്‍വിറോണ്‍മെന്റല്‍ എജ്യുക്കേഷന്‍ ഇന്‍ കേരള) കേരള പാരിസ്ഥിതിക ചരിത്രത്തില്‍ അവഗണിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ സംഘടനയാണ്. 1986ല്‍ ഒരേ ഭൂമി ഒരേ ജീവന്‍ എന്നാ പ്രസ്ഥാനവും പ്രസിദ്ധീകരണവും തുടര്‍ന്ന്  പ്രതിഷ്ഠാനം കൂട്ടായ്മയും ആരംഭിച്ചു. മലയാളത്തിലെ ആദ്യത്തെ പാരിസ്ഥിതിക കാലികമായ ‘മൈന’ തുടങ്ങിയതും ഇദ്ദേഹമാണ്. 1981 ല്‍ ആരംഭിച്ച ആദ്യത്തെ പാരിസ്ഥിതിക മാസികയായ ‘സൂചിമുഖി’ 1986ല്‍ ആരംഭിച്ച ആന്‍ഖ് മാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 1995 ല്‍ തുടങ്ങിയ പ്രസാദം മാസിക 2008 ഒക്ടോബര്‍ 11 അദ്ദേഹം മരിക്കുന്നത് വരെ തുടര്‍ന്നു. ‘ഉറങ്ങുന്നവരുടെ താഴ്വര’ എന്ന പരിസ്ഥിതി കഥകളുടെ സമാഹാരവും ഡാനിയല്‍ ക്വിന്നിന്റെ ‘ഇഷ്മായേല്‍’ ‘എന്റെ ഇഷ്മായേല്‍’ എന്നീ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു.  2004ല്‍ സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ പരിസ്ഥിതി വിദ്യാഭ്യാസം, ഇക്കോ സ്പിരിച്ച്വാലിറ്റി പുരസ്കാരം ലഭിച്ചു. 2005ല്‍ ഏര്‍പ്പെടുത്തിയ പ്രഥമ വനമിത്ര പുരസ്ക്കാരം നല്‍കി കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. 2007ല്‍ കേരള ബയോഡിവോഴ്സിറ്റി ബോര്‍ഡിന്റെ ‘ഗ്രീന്‍’ വ്യക്തികത പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഗുരുവായി ഇദ്ദേഹത്തെ വിശേഷിപ്പിക്കാം  2008 ഒക്ടോബര്‍ 11നാണ് ഇദ്ദേഹം നമ്മെ വിട്ടുപോയത്‌….

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക

August 16th, 2012

Fukuoka epathram

ഒറ്റ വൈക്കോല്‍ വിപ്ലവം എന്ന പ്രശസ്തമായ കൃതിയിലൂടെ പ്രകൃതി കൃഷിക്ക് ലോകത്താകമാനമുള്ളവര്‍ക്ക് പ്രചോദനമായി മാറിയ  ജപ്പാൻ സ്വദേശിയായ മസനോബു ഫുക്കുവോക്ക (Masanobu Fukuoka) എന്ന മഹാനായ പ്രകൃതി സ്നേഹി നമ്മെ വിട്ടകന്നിട്ട് നാല് വര്ഷം തികയുന്നു. 2008 ഓഗസ്റ്റ് 16ല്‍ 98-‍ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്. ജൈവ കൃഷി രീതിയുടെ ആധുനിക കാലത്തെ പ്രധാന പ്രയോക്താക്കളിൽ ഒരാളാണ്. ഭൂമി ഉഴുത് മറിക്കുകയോ, കള പറിക്കുകയോ, വള‌മോ കീടനാശിനിയോ ഉപയോഗിക്കുകയോ ചെയ്യാതെ കൃഷി നടത്തണമെന്ന് ആഹ്വാനം ചെയ്‌ത ശാസ്‌ത്രജ്ഞനാണ് ഫുക്കുവോക്ക.

മൈക്രോബയോളജിസ്‌റ്റായാണ് ഫുക്കുവോക്ക കാർഷിക രംഗത്തേക്ക് കടന്നത്. 25-‍ാം വയസ്സിൽ ആധുനികമായ കൃഷി രീതിയിൽ സംശയം പ്രകടിപ്പിച്ച അദ്ദേഹം ഗവേഷണ ശാസ്‌ത്രജ്ഞൻ എന്ന ജോലി ഉപേക്ഷിച്ച് സ്വന്തം നാടായ ‌ഷിക്കോക്കുവിൽ മടങ്ങിയെത്തി സ്വന്തം കൃഷിയിടത്തിൽ കൃഷി തുടങ്ങി. ഭൂമിയെ അതേപടി നിലനിർത്തിക്കൊണ്ട് കൃഷി ചെയ്യണമെന്ന ഫുക്കുവോക്കയുടെ താത്ത്വിക ആശയത്തെ പലരും സംശയത്തോടെ വീക്ഷിച്ചെങ്കിലും അവ പിന്നീട് ലോകപ്രശസ്‌തമായി. തൻറെ നിരീക്ഷണങ്ങളെപ്പറ്റി ഫുക്കുവോക്ക എഴുതിയ “The One-Straw Revolution” (ഒറ്റ വൈക്കോൽ വിപ്ലവം) പ്രകൃതിയിലേക്ക് മടങ്ങാന്‍ എന്നീ കൃതികള്‍ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

ഈ മഹാനായ പ്രകൃതി സ്നേഹിയുടെ ഓര്‍മ്മയ്ക്ക് മുമ്പില്‍ eപത്രം പച്ചയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹൃദയത്തില്‍ പച്ചപ്പ്‌ സൂഷിച്ചവരുടെ ഓര്‍മ്മക്ക്

June 4th, 2012

world env day-epathram

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം.പരിസ്ഥിതി പ്രവര്‍ത്തനത്തിനായി ജീവിതം നീക്കിവെക്കുകയും ഇന്ന് നമ്മോടൊപ്പം ഇല്ലാത്തവരുമായ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഓര്‍മ്മക്ക് മുമ്പില്‍ പച്ച ഈ പരിസ്ഥിതി ദിനം സമര്‍പ്പിക്കുന്നു.

പ്രൊഫ:ജോണ്‍ സി ജേക്കബ്‌

john c jacob-epathram

ജീവന്റെ നിലനില്പിന് പ്രകൃതിസംരക്ഷണം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് മലയാള മനസുകളെ ആദ്യം അടുപ്പിച്ച പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ട കേരളത്തിലെ ആദ്യത്തെ Ecoclub തുടങ്ങിയ മഹാനായ പ്രൊഫ:ജോണ്‍ സി ജേക്കബ്‌.  പരിസ്ഥിതി പ്രവര്‍ത്തനം ജീവിതം തന്നെയാണെന്ന മാതൃക നമുക്ക് ജീവിച്ചു കാണിച്ചു തന്നത് ഇദ്ദേഹമാണ്.

ഇന്ദുചൂഡന്‍മാഷ്

birds of kerala-epathram

‘കേരളത്തിലെ പക്ഷികള്‍’ എന്ന മഹത്തായ ഗ്രന്ഥം മലയാളത്തിനായി സമ്മാനിച്ച, കേരളത്തില്‍ ഒട്ടനവധി യുവാക്കളെ പരിസ്ഥിതി പ്രസ്ഥാന ങ്ങളിലേക്ക് നയിച്ച, നിരവധി ശിഷ്യന്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ള പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഇന്ദുചൂഡന്‍മാഷ്.

ശരത് ചന്ദ്രന്‍

sarath-chandran-epathram

തന്റെ കാമറയുമായി ഇന്ത്യലാകമാനം ഓടിനടന്ന് എവിടെയെല്ലാം പ്രകൃതിയെ നശിപ്പിക്കാന്‍ ഒരുങ്ങുന്നുവോ അവിടെയെല്ലാം ചെന്ന് അക്കാര്യങ്ങള്‍ ലോകത്തിനു തുറന്നു കാണിച്ച, എത്ര വലിയ കുത്തക കമ്പനിയായാലും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയാന്‍ ചങ്കൂറ്റം കാണിച്ച, കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകര്‍ന്ന, അകാലത്തില്‍ പൊലിഞ്ഞ ശരത് ചന്ദ്രന്‍.

മയിലമ്മ

mayilamma-epathram

കൊക്കകോളയുടെ ജലചൂഷണ ത്തിനെതിരെ പ്ലാച്ചിമട സമരമുഖത്ത്‌ നിറഞ്ഞുനിന്ന, “ഞങ്ങളുടെ വെള്ളമെടുത്ത് വില്‍ക്കാന്‍ നിങ്ങള്‍ക്കാര് അധികാരം തന്നു, ഇവിടെ നിന്നും ഇറങ്ങി പോകൂ” എന്ന് കൊക്കകോള എന്ന ആഗോള കുത്തക കമ്പനിയോട് ധൈര്യത്തോടെ ചോദിക്കുകയും മരണം വരെ ജലചൂഷനത്തിനെതിരെ പോരാടുകയും ചെയ്ത മയിലമ്മ.

ore bhoomi ore jeevan-epathram

പ്രകൃതിയുടെ ഓരോ സ്പന്ദനവും മനസിലേറ്റി മരണം വരെ പ്രകൃതിയെ പറ്റി പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്ത ‘ഒരേ ജീവന്‍ ഒരേ ഭൂമി’ എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപരായിരുന്നു ശിവപ്രസാദ് മാഷ്,

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ തളിക്കെതിരെ പൊരുതി ഇരയായി ജീവിതം തന്നെ നല്‍കേണ്ടിവന്ന നിരവധി പേര്‍‍,

ചാലിയാര്‍ മലിനീകരണ ത്തിനെതിരെ പൊരുതി മരിച്ച റഹ്മാന്‍ക്ക

പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്ന ശര്‍മ്മാജി,

കെ വി സുരേന്ദ്രനാഥ്

kv-surendranath-epathram
സൈലന്റ് വാലി സമരമുഖത്ത്‌ മുന്‍നിരയിലുണ്ടായിരുന്ന കെ വി സുരേന്ദ്രനാഥ്.

ഒരു കാലത്ത്‌ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന നിറസാന്നിദ്ധ്യങ്ങളായിരുന്ന അകാലത്തില്‍പൊലിഞ്ഞ സ്വാമിനാഥന്‍ ആള്‍ട്ടര്‍ മീഡിയ തൃശ്ശൂര്‍, ഹരിഭാസ്കാരന്‍ കൂറ്റനാട് ‍, മൂണ്‍സ് ചന്ദ്രന്‍ നിലമ്പൂര്‍, ഡോ: സന്തോഷ്‌ കേക തൃശ്ശൂര്‍, സുരേഷ് തൃശ്ശൂര്‍,

കേരളം മുഴുവന്‍ കവിത ചൊല്ലി നടന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരുന്ന, വനം കൊള്ളക്കെതിരെ ഒറ്റയാള്‍ സമരം നയിച്ച മഞ്ചേരി വനം സംരക്ഷണ സേനയുടെ എസ് പ്രഭാകരന്‍ നായര്‍,
അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിച്ച് പ്രാദേശിക കൂട്ടായ്മകള്‍ക്ക് സജ്ജീവ നേതൃത്വം നല്‍കിയ പങ്കജാക്ഷകുറുപ്പ്‌.
ജലതരംഗം മാസികയിലൂടെ ജലസംരക്ഷണത്തിന്റെ പ്രസക്തി മലയാളക്കരയില്‍ പ്രചരിപ്പിച്ച പി എസ് ഗോപിനാഥന്‍നായര്‍,

കൂടാതെ കാസര്‍ക്കോട്ട് എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ ഇരകളായി ഇല്ലാതായ കുമാരന്‍ മാഷടക്കം നിരവധി പേര്‍,

ഞങ്ങളുടെ അശ്രദ്ധകൊണ്ട് മാത്രം വിട്ടുപോയ മറ്റുള്ളവര്‍, പ്രാദേശികമായി ചെറുത്തുനില്‍പ്പുകള്‍ നടത്തി മണ്മറഞ്ഞ അതാത് മേഖലകളിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരിസ്ഥിതി ദുരന്തങ്ങളില്‍ ഇരയായവര്‍ക്കും എല്ലാവരുടെയും പാവന സ്മരണക്ക് മുമ്പില്‍ ഈ പരിസ്ഥിതി ദിനത്തില്‍ ഇപത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പദ്ധതികള്‍ പാടില്ല: ബോംബെ കോടതി

May 12th, 2012

Mumbai-High-Court-epathram

മുംബൈ: റയ്ഗഢിലെ കൊന്‍ദാനെ ഡാം പദ്ധതി നുറുകണക്കിന് ഏക്കര്‍ വന ഭുമിയെ പ്രതികൂലമായി ബാധിക്കും. പരിസ്ഥിതിക്ക് ഹിതകരമല്ലാത്ത ഇതുപോലുള്ള  പദ്ധതികളുമായി മുന്നോട്ടുപോകരുതെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു  . ഇപ്പോള്‍ ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്ന റയ്ഗഢിലെ കൊന്‍ദാനെ ഡാം പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ചേര്‍ന്നുനല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി. ഡി. സിന്‍ഹ ഇക്കാര്യം പറഞ്ഞത്.  കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഈ പദ്ധതിക്ക് ഇല്ലാത്തതിനാലും, ഗുഹകളെ ബാധിക്കുമെന്നതിനാലും പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ആര്‍ക്കി യോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നോട്ടീസ് നല്‍കിയിട്ടുള്ള കാര്യം പരിഗണിച്ചും ഈ പദ്ധതി നിര്‍ത്തിവേക്കണമെന്നു  പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വേണ്ടി  ഹാജരായ അഡ്വ. മിഹിര്‍ ദേശായ് കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ്‌ കോടതി പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പദ്ധതികള്‍ പാടില്ല എന്ന് പറഞ്ഞത്

- ഫൈസല്‍ ബാവ

വായിക്കുക: , , ,

Comments Off on പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പദ്ധതികള്‍ പാടില്ല: ബോംബെ കോടതി

1 of 3123

« Previous « അണു ബോംബിനെക്കാള്‍ വിനാശകാരിയായ പ്ലാസ്റ്റിക് നിരോധിക്കണം : സുപ്രീംകോടതി
Next Page » കൂടംകുളം ആണവ നിലയത്തിനെതിരെ ബ്രിട്ടീഷ്‌ എംപിമാര്‍ »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010