വാഷിംഗ്ടൺ : ആണവ അവശിഷ്ടങ്ങൾ എന്തു ചെയ്യും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇല്ല എന്നത് പരസ്യമായ രഹസ്യമാണ്. ഇരട്ടപ്പാളികളുള്ള ഉരുക്ക് ടാങ്കുകളിൽ അടച്ച് ഭൂമിക്കടിയിൽ കുഴിച്ചിടാം എന്നൊക്കെ പറഞ്ഞ് തടി തപ്പുന്ന ആണവ ശാസ്ത്രജ്ഞർ പക്ഷെ ഇവ നിരവീര്യമാകാൻ വേണ്ടി വരുന്ന കാലപരിധി മുഴുവൻ ഇവ സുരക്ഷിതമായി ഇരിക്കുമോ എന്ന ചോദ്യം കേൾക്കാത്ത ഭാവം നടിക്കുകയാണ് പതിവ്.
അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റിലുള്ള ഹാൻഫോർഡ് ന്യൂക്ലിയർ റിസർവേഷൻ എന്ന ആണവ കേന്ദ്രത്തിൽ 1943 മുതൽ 1988 വരെ ആണവ ആയുധങ്ങൾക്കായുള്ള പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു വന്നു. ഈ ആണവ റിയാക്ടറുകൾ തണുപ്പിക്കാൻ കൊളംബിയ നദിയിലെ ജലമാണ് ഉപയോഗിച്ചു വന്നത്. പ്ലൂട്ടോണിയം ഉത്പാദനം നിർത്തി വെച്ചെങ്കിലും വൻ ആണവ അവശിഷ്ട ശേഖരമാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്. പിന്നീടിങ്ങോട്ട് ഇവിടത്തെ പ്രധാന പ്രവർത്തനം ആണവ അവശിഷ്ട നിർമ്മാർജ്ജനം മാത്രമായിരുന്നു.
മൂന്നു നില കെട്ടിടങ്ങളുടെ വലിപ്പമുള്ള 177 ഭൂഗർഭ ടാങ്കുകളിലാണ് ഇവിടെ അണുപ്രസരണ ശേഷിയുള്ള ആണവ മാലിന്യങ്ങൾ നിക്ഷേപിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇതിൽ 70ഓളം ടാങ്കുകൾ പൊട്ടി ഒലിക്കുന്നുണ്ട്. 7 വർഷം കൊണ്ട് ഇത് ഭൂമിക്കടിയിലൂടെ സഞ്ചരിച്ച് കൊളംബിയ നദിയിൽ എത്തിച്ചേരും എന്നാണ് അനുമാനം.
ഇതിനിടെയാണ് കഴിഞ്ഞ ആഴ്ച്ച 6 ടാങ്കുകൾ പൊട്ടിയതായി അമേരിക്കൻ ആണവ ഊർജ്ജ വിഭാഗം അറിയിച്ചത്. അടിയന്തിരമായി ഇത് പൊതു ജനത്തെ ബാധിക്കില്ലെന്നും അതിനാൽ ആശങ്കക്ക് കാരണമില്ല എന്ന അറിയിപ്പും.
എന്നാൽ ഇത് എല്ലാ വാഷിംഗ്ടൺ നിവാസികൾക്കും ആശങ്ക പകരുന്ന വാർത്ത തന്നെയാണ് എന്ന് വാഷിംഗ്ടൺ ഗവർണർ ജേ ഇൻസ്ലീ പറഞ്ഞു.