നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ

May 27th, 2014

green-planet-epathram

വാഷിങ്ങ്ടൺ: നിങ്ങളുടെ പൂന്തോട്ടത്തിലെ ചെടികളെ നിരീക്ഷിക്കാനുള്ള പ്രത്യേക ഉപഗ്രഹ സംവിധാനങ്ങൾ ഒരുക്കുന്ന പദ്ധതിയിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഇപ്പോൾ. ഓർബിറ്റിങ്ങ് കാർബൺ ഒബ്സർവേറ്റൊറി – 2 എന്ന് അറിയപ്പെടുന്ന ഈ ഉപഗ്രഹം നിങ്ങളുടെ പൂന്തോട്ടത്തിൽ നിന്ന് ഉയരുന്ന പ്രത്യേക തരം വെളിച്ചമാണ് നിരീക്ഷിക്കുന്നത്.

ഭൂമിയിലെ കാർബൺ സ്രോതസ്സുകളും കാർബൺ സംഭരണികളും തിരിച്ചറിയുക വഴി ഭൂമിയിലെ സസ്യജാലങ്ങളുടെ കാർബൺ ഉപഭോഗം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുകയാണ് നാസയുടെ ലക്ഷ്യം.

പ്രകാശ സംശ്ളേഷണം വഴി അന്തരീക്ഷത്തിലെ കാർബൺ വലിച്ചെടുക്കുന്ന സസ്യങ്ങൾ അതോടൊപ്പം സൂര്യ വെളിച്ചവും ഒപ്പി എടുക്കും. ഈ വെളിച്ചത്തെ പിന്നീട് മറ്റൊരു ഫ്രീക്വൻസിയിൽ പുറത്ത് വിടുന്നതിനെയാണ് ഫോട്ടോസിന്തറ്റിൿ ഫ്ളൂറസെൻസ് എന്ന് പറയുന്നത്. ബഹിരാകാശത്തിൽ നിന്ന് ഭൂമിയിലേക്ക് ഉറ്റുനോക്കുന്ന ഉപഗ്രഹത്തിന് ഈ വെളിച്ചം തിരിച്ചറിയാനാവും. അത് വഴി ഭൂമിയിലെ സസ്യജാലങ്ങൾ എത്രത്തോളം കാർബൺ വലിച്ചെടുക്കുന്നു എന്ന് കണക്ക് കൂട്ടാനും കഴിയും. ഇത്തരം കണക്കുകൾ പാരിസ്ഥിതിക സംരക്ഷണ പദ്ധതികൾക്ക് ഏറെ സഹായകരമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ

April 22nd, 2013

perspiring-earth-epathram

“ഭൂമിക്കു മേല്‍ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികള്‍ക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടേതല്ല മനുഷ്യന്‍ ഭൂമിയുടേതാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവന്‍ ചെയ്യുന്നതെന്തോ അത് അവന്‍ അവനോട് തന്നെയാണ് ചെയ്യുന്നത്”

റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനയച്ച കത്തിലെ വരികളാണിത്. നാം അപരിഷ്കൃതരെന്ന് വിശേഷിപ്പിച്ച ഒരു സമൂഹത്തിന്റെ തലവന്‍ എഴുതിയ ഈ മഹത്തായ വരികള്‍ക്കിന്നും പ്രസക്തി ഏറി വരികയാണ്. എന്നാല്‍ ഏറെ പുരോഗതി കൈവരിച്ചു എന്നവകാശപ്പെടുന്ന നാം ചെയ്യുന്നതോ? കത്തിയമരാന്‍ പോകുന്ന ഈ ജീവന്റെ ഗോളത്തെ പറ്റി ഇനിയും കാര്യമായി ചിന്തിച്ചില്ലെങ്കില്‍ ഇങ്ങനെ ഒരു ഗോളം ഉണ്ടായിരുന്നെന്ന് പറയാന്‍ പോലും മനുഷ്യ വര്‍ഗം ബാക്കിയുണ്ടാവില്ല എന്ന കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ ഇതാ ഒരു ഭൌമ ദിനം കൂടി കടന്നു വന്നിരിക്കുന്നു. “The Face of Climate Change” എന്നാണ് ഇത്തവണത്തെ ഭൌമദിന വാക്യം. പൊള്ളുന്ന നമ്മുടെ ഭൂമിയെ തണുപ്പിക്കാൻ നമുക്കാവില്ലേ? ഒരു ശ്രമം നമുക്ക് നടത്തിക്കൂടേ? ബാക്കിയായ ഹരിത വലയത്തിനെയെങ്കിലും കാത്ത് സൂക്ഷിക്കാൻ എല്ലാവരും ചേർന്ന് നമുക്കൊരു നയം ഉണ്ടാക്കികൂടേ?

ശാസ്ത്രം അതിന്റെ ശുദ്ധമായ ഉത്സാഹത്തോടെ കണ്ടെത്തിയ കാര്യങ്ങളെ ഗുണകരമായി മാറ്റേണ്ടതിനു പകരം പലപ്പോഴും കച്ചവട താല്പര്യത്തിന്റെയും ലാഭക്കൊതിയുടെയും ഇടയില്‍ മനുഷ്യന്റെ തന്നെ നാശത്തിലേക്ക് നയിക്കുന്ന തരത്തില്‍ നീങ്ങിയതിന്റെ ഫലമായി നിരവധി ദുരന്തങ്ങള്‍ വിവിധ ഇടങ്ങളിലായി നാം കണ്ടു കഴിഞ്ഞു. ഈ ഭൌമ ദിനത്തില്‍ നാം കൂടുതല്‍ ചിന്തിക്കേണ്ടത് ഏത് തരത്തിലുള്ള ഊര്‍ജ്ജമാണ് ഇനി നാം പ്രയോജനപ്പെടുത്തേണ്ടത് എന്നും എതെല്ലാം നാം തിരസ്ക്കരിക്കണം എന്നുമാണ്.

ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയങ്ങളില്‍ നിന്നും ആണവ വികിരണങ്ങള്‍ അന്തരീക്ഷത്തിലേക്കും സമുദ്രത്തിലേക്കും കലര്‍ന്നു കൊണ്ടിരിക്കുന്നു. ചെര്‍ണോബിലിനേക്കാള്‍ വലിയ അപകടാവസ്ഥ നിലനില്‍ക്കുന്നു. ഏറെ സാങ്കേതിക മികവു പുലര്‍ത്തുന്ന ജപ്പാന്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. ഇന്ത്യയില്‍ ജോതാപൂരില്‍ ആണവ നിലയത്തിനെതിരെ മുറവിളി കൂട്ടുന്ന ജനങ്ങളെ സര്‍ക്കാര്‍ അടിച്ചൊതുക്കുന്നു. കൂടംകുളത്ത് എല്ലാ പ്രതിഷേധങ്ങളെയും കാറ്റിൽ പറത്തി ആണവ നിലയം കമ്മീഷൻ ചെയ്യുമെന്നു സർക്കാർ തന്നെ പറയുന്നു.

ആണവോര്‍ജ്ജം തന്നെ ഇനി ലോകത്തിനു വേണ്ട എന്ന് ചിന്തിക്കേണ്ട സമയത്തും നാം ആണവോര്‍ജ്ജ ഉല്പാദനത്തെ വാനോളം പുകഴ്ത്തിപ്പാടുന്നു. വരാനിരിക്കുന്ന നാളുകള്‍ കൂടുതല്‍ കറുത്തതാക്കാനേ ഈ നയം ഉപകരിക്കൂ എന്ന് ധൈര്യപൂര്‍വ്വം ആര് വിളിച്ച് പറയും?

ഭൂമി അതിന്റെ സംഹാര താണ്ഡവമാടാന്‍ തുടങ്ങിയാല്‍ നാം ഇക്കാലമത്രയും നേടിയെടുത്ത ഒരറിവും, ഒരു ശക്തിയും ഒന്നിനും കൊള്ളാത്ത ഒന്നായി മാറുമെന്ന കാര്യം മനുഷ്യന്‍ മറക്കുന്നു. ജപ്പാനിലുണ്ടായ സുനാമി അതിന്റെ ഒരു മുന്നറിയിപ്പാണ്. ആഗോള താപനത്താല്‍ ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പൊള്ളുന്ന പകലിനെ ചെറുക്കാനാകാതെ പിടയുന്ന നാം എത്ര നിസ്സാരരാണെന്ന് ചിന്തിക്കണം. ഭൂമിക്ക് എന്തു സംഭവിക്കുന്നു എന്ന് നമുക്കിന്ന് കൃത്യമായി പ്രവചിക്കാനാവും. അതിനുള്ള ശാസ്ത്ര ജ്ഞാനം നാം നേടിക്കഴിഞ്ഞു. ഇനി ഭാവി തലമുറയ്ക്ക് എങ്ങിനെ ഈ ഭൂമിയെ സുരക്ഷിതമായി കൈമാറാമെന്ന് ചിന്തിക്കേണ്ടതിനു പകരം കൂടുതല്‍ കൂടുതല്‍ നാശത്തിലേക്കാണ് നാം പോയി കൊണ്ടിരിക്കുന്നത്. വരും തലമുറ നമ്മെ ശപിക്കപ്പെട്ടവരാക്കി മാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട.

സാങ്കേതിക ജ്ഞാനത്തെ പ്രകൃതിക്കും മനുഷ്യനും ഒരു പോലെ ഗുണകരമാകുന്ന തരത്തില്‍ പ്രയോജനപ്പെടുത്തണം. പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള ഒരു വികസനമാണ് നാം പിന്തുടരുന്നത്. ഈ നില തുടര്‍ന്നാല്‍ വരുന്ന അമ്പത് വര്‍ഷത്തിനകം ഈ ജീവന്റെ ഗോളത്തില്‍ നിന്നും ജീവന്‍ എന്ന മഹത്തായ പ്രതിഭാസം എന്നെന്നേക്കുമായി ഇല്ലാതായാല്‍ അത്ഭുതപ്പെടേണ്ട എന്നാണ് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്സ് അഭിപ്രായപ്പെട്ടത്. ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂർത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നു കൊണ്ടിരിക്കുന്നു. തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള താപനം (Global Warming), ആഗോള ഇരുളല്‍ (Glogal Dimming) എന്നീ ദുരന്തങ്ങള്‍ ക്കരികിലാണ് ഭൂമി. ആഗോള താപനത്തിന്റെ ദുരന്ത ഫലങ്ങള്‍ അങ്ങിങ്ങായി പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവജാലങ്ങളും അതിജീവിക്കുവാനായി പാടുപെടുകയാണ്. WWFന്റെ കണക്കു പ്രകാരം ആഗോള താപനം മൂലം ഏകദേശം 1,60,000 പേര്‍ മരിക്കുന്നു. 2025 ആകുന്നതോടെ ഇത് മൂന്നു ലക്ഷം കവിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മനുഷ്യ വംശം അതിന്റെ ഊര്‍ജ്ജം നേടുന്നത് പ്രകൃതിയില്‍ നിന്നാണ്. സംസ്കാരങ്ങള്‍ വേരാഴ്ത്തുന്നതും പ്രകൃതിയില്‍ തന്നെ. അതിനാല്‍ പ്രകൃതിയെ നാശത്തില്‍ നിന്നും രക്ഷിച്ചേ മതിയാകൂ. രാ‍ഷ്ട്രങ്ങള്‍ ഇതിനായി ഒന്നിക്കേണ്ടതുണ്ട്. ഐക്യ രാഷ്ട്ര സഭ തയ്യാറാക്കിയ ചാര്‍ട്ടറില്‍ ഇങ്ങനെ പറയുന്നുണ്ടെങ്കിലും സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ചൂഷണത്തെ തടുക്കാന്‍ പാകത്തിലുള്ള ശക്തി ഇന്ന് ഐക്യ രാഷ്ട്ര സഭക്ക് ഇല്ല എന്ന സത്യം നിലനില്‍ക്കുന്നു. ഉച്ചകോടികളും സമ്മേളനങ്ങളും അതാത് കാലത്ത് നടക്കുന്നു. ഭൂമിക്കു മേലുള്ള പ്രഹരം ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിക്കു മേലുള്ള ഈ കടന്നാക്രമണത്തെ ഭൂമിയെ സ്നേഹിക്കുന്ന നാം ഓരോരുത്തരും മനസിലാക്കി പ്രവര്‍ത്തിക്കേണ്ട കാലമാണിത്. അണ്ണാറ കണ്ണനും തന്നാലായത് എന്ന പോലെ നാം ഓരോരുത്തരും ചിന്തിച്ചാല്‍ വരാനിരിക്കുന്ന കറുത്ത നാളെയെ കുറച്ചെങ്കിലും അകറ്റാന്‍ സാധിച്ചേക്കും.

നാം നല്ലതെന്ന് കണ്ടെത്തി ഉപയോഗിച്ച പലതും പില്‍കാലത്ത് നമുക്ക് ഏറെ ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ആണവോര്‍ജ്ജം. വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യ ത്തിനാണെങ്കില്‍ പോലും ഈ അപകട കാരിയായ പദാര്‍ത്ഥം നാം എവിടെ സുരക്ഷിതമായി കൊണ്ടു വെയ്ക്കുമെന്ന ചോദ്യം ഏവരേയും കുഴക്കുന്നതാണ്. എന്തു കൊണ്ട് നമുക്കിത് വേണ്ട എന്ന് തീര്‍ത്ത് പറയാന്‍ കഴിയാതെ പോകുന്നു?

ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ചീത്ത ശീലത്തെ നമ്മുടെ ജീവിതത്തോട് ഒപ്പം ചേര്‍ത്തു പിടിച്ചതു മുതലാണ് ഭൂമിയില്‍ മാലിന്യങ്ങള്‍ കുന്നു കൂടാന്‍ തുടങ്ങിയത്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും, വ്യവസായ ശാലകള്‍ തുപ്പുന്ന വിഷപ്പുകയും, ജലാശയ ങ്ങളിലേക്ക് തുറന്നു വിടുന്ന വിഷ ദ്രാവകങ്ങളും, കൃഷിയിടങ്ങളില്‍ അടിക്കുന്ന കീടനാശിനികളും എല്ലാം തന്നെ ഇതിനകം ഭൂമിയെ കാര്‍ന്നു തിന്നു കഴിഞ്ഞു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ മാലിന്യം തള്ളാന്‍ വേണ്ടി മാത്രം ഭൂമിയോളം വലിപ്പമുള്ള മറ്റൊരു ഗോളം നാം കണ്ടെത്തേണ്ടി വരും. പ്രകൃതിയെ ആവശ്യത്തിനും അനാവശ്യത്തിനും ആര്‍ത്തിക്കും വേണ്ടി ചൂഷണം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് കാല്‍കീഴിലെ മണ്ണാണെന്ന് മനുഷ്യന്‍ മറക്കുന്നു. 2025 ആകുന്നതോടെ അന്തരീക്ഷ താപനില 1.4 മുതല്‍ 8.9 വരെ വര്‍ദ്ധിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്ന് പഠനങ്ങള്‍ പറയുന്നു. ഇപ്പോള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 383 PPM (Parts Per Million) ആണ്. വ്യവസായ യുഗത്തിന് മുന്‍പ്‌ ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

എന്തായാലും വരാനിരിക്കുന്ന നാളുകള്‍ നാം കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരും എന്ന ബോധം ഈ ഭൌമ ദിനത്തില്‍ ഡെമോക്ലീസിന്റെ വാളായി നാം ഓരോരുത്തരുടെയും തലക്കു മീതെ തൂങ്ങിക്കിടക്കുന്നുണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. കാലാവസ്ഥ വ്യതിയാനം നമ്മെ കൂടുതൽ കൂടുതൽ ചിന്തിപ്പിക്കാൻ, പ്രവർത്തിപ്പിക്കാൻ പ്രേരിപ്പിക്കട്ടെ എന്ന് മാത്രം ഈ ദിനത്തിൽ ഓർമ്മപ്പെടുത്തുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »

ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക

February 7th, 2013

solar-energy-india-epathram

ജനീവ : പാരിസ്ഥിതിക ആഘാതം തീരെ കുറഞ്ഞ ഊർജ്ജ സ്രോതസ്സായ സൌരോർജ്ജം വ്യാപകമാക്കുന്നത് ലക്ഷ്യമിട്ട് ഇന്ത്യ നടപ്പിലാക്കി വരുന്ന ജവഹർലാൽ നെഹ്രു ദേശീയ സൌരോർജ്ജ ദൌത്യം എന്ന പദ്ധതിക്ക് എതിരെ അമേരിക്ക ലോക വ്യാപാര സംഘടനയിൽ ചോദ്യം ചെയ്തു. ലോക വ്യാപാര സംഘടനയുടെ ചട്ടം അനുസരിച്ച് ഒരു പരാതി നല്കാനുള്ള ആദ്യ നടപടിയായി ഇന്ത്യയുമായി വിഷയം ചർച്ച ചെയ്യണം എന്നാണ് അമേരിക്കയുടെ ആവശ്യം. ഇന്ത്യയുമായി വർഷങ്ങളായി നടത്തി വരുന്ന ഉഭയകക്ഷി ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. സംഘടനയുടെ നിയമങ്ങൾ പ്രകാരം സംഘടനാതല ചർച്ചകളിൽ 60 ദിവസത്തിനകം പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ തർക്ക പരിഹാര സമിതി പ്രശ്നം ഏറ്റെടുക്കും.

ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാവുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗ്ഗമനം കുറയ്ക്കുവാനായി ഫോസിൽ ഇന്ധനത്തിന്റെ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തിനായി സൌരോർജ്ജം പോലുള്ള ക്ലീൻ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം വർദ്ധിപ്പിക്കുക എന്ന അമേരിക്ക അടക്കമുള്ള ലോക രാഷ്ട്രങ്ങളുടെ ശ്രമങ്ങൾ പുരോഗമിക്കവെയാണ് അമേരിക്കൻ വ്യവസായികളുടെ സമ്മർദ്ദത്തിന് വഴങ്ങി അമേരിക്കൻ സർക്കാർ ഈ നടപടിക്ക് ഒരുങ്ങിയത് എന്നത് ശ്രദ്ധേയമാണ്.

സൌരോർജ്ജ ഉപയോഗം പ്രോൽസാഹിപ്പിക്കുവാനായി ഇന്ത്യ തുടങ്ങിയ ദേശീയ സൌരോർജ്ജ ദൌത്യമാണ് അമേരിക്കൻ വ്യവസായികളെ പ്രകോപിപ്പിച്ചത്. പാരിസ്ഥിതിക ആഘാതങ്ങൾ നന്നെ കുറവുള്ളതും അങ്ങേയറ്റം സുരക്ഷിതവുമാണെങ്കിലും നിർമ്മാണ ചിലവ് ഏറെ ഉള്ള ഊർജ്ജ സ്രോതസ്സാണ് സൌരോർജ്ജം. ഇന്ത്യ വിഭാവനം ചെയ്ത പദ്ധതി നടപ്പിലാക്കണമെങ്കിൽ കുറഞ്ഞ ചിലവിലുള്ള സൌര പാളികൾ വികസിപ്പിച്ചെടുക്കാൻ ആവശ്യമായ ഗവേഷണം, പാളികൾ തദ്ദേശീയമായി നിർമ്മിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം എന്നിവ അനിവാര്യമാണ്. എന്നാൽ ഇത്തരത്തിൽ തദ്ദേശീയമായി സൌരോർജ്ജ പാളികൾ നിർമ്മിക്കുവാൻ സർക്കാർ സഹായിക്കുന്നതിനെയാണ് അമേരിക്കൻ സൌരോർജ്ജ പാളി നിർമ്മാണ കമ്പനികൾ എതിർക്കുന്നത്.

2050ഓടെ 200 ഗിഗാ വാട്ട്സ് സൌരോർജ്ജ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ദേശീയ സൌരോർജ്ജ ദൌത്യം ലക്ഷ്യമിടുന്നത്. 2010ൽ ലോകമെമ്പാടും ഉത്പാദിപ്പിച്ചത് വെറും 39.8 ഗിഗാ വാട്ട്സ് മാത്രമാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് ഇന്ത്യയുടെ ലക്ഷ്യത്തിന്റെ വ്യാപ്തി ബോദ്ധ്യമാകുക. ഇത്രയും വലിയ ഒരു കമ്പോളത്തിൽ തങ്ങൾക്ക് വെല്ലുവിളി നേരിടുന്നതാണ് അമേരിക്കയുടെ പ്രശ്നം. ഇന്ത്യ തദ്ദേശീയ വികസനം നടത്തുന്നതും അതിന് സാമ്പത്തിക സഹായം നൽകുന്നതും ആഗോള വ്യാപാര കരാറിന് വിരുദ്ധമാണ് എന്നാണ് അമേരിക്കയുടെ വാദം. വിദേശ ഉൽപ്പന്നങ്ങൾക്കും തദ്ദേശീയ ഉൽപ്പന്നങ്ങൾക്കും തുല്യമായ അവസരം ലഭിക്കണം എന്നും സബ്സിഡികൾ ഈ അവസരം ഇല്ലാതാക്കും എന്നും അമേരിക്ക ചൂണ്ടിക്കാണിക്കുന്നു.

സാമ്രാജ്യത്വ അധിനിവേശത്തിലൂടെ വർഷങ്ങളോളം ചൂഷണം ചെയ്ത് വികസിത രാഷ്ട്രമായി തീർന്ന അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളുടെ വളരാനുള്ള ശ്രമത്തെ തുരങ്കം വെക്കാൻ ഉപയോഗിക്കുന്ന ആയുധമാണ് ഇത്തരം സമാനമായ അവസരം വേണമെന്ന വാദം. മൂന്നാം ലോക രാഷ്ട്രങ്ങൾ എന്നും ഇവരുടെ ഉപഭോക്താക്കളായി തുടർന്നാൽ മതിയെന്ന നിലപാടിനെ പ്രതിരോധിക്കാതിരിക്കാൻ മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങളെ പണം കൊടുത്ത് സ്വാധീനിക്കാൻ നിയമപരമായി തന്നെ അനുവാദം കൊടുക്കുന്ന നിയമങ്ങളാണ് അമേരിക്കയിൽ ഉള്ളത്. ചില്ലറ വിൽപ്പന രംഗത്തെ വിദേശ നിക്ഷേപ നയത്തെ സ്വാധീനിക്കാൻ ഇന്ത്യയിൽ പണം ചിലവാക്കി എന്ന വാൾമാർട്ടിന്റെ വെളിപ്പെടുത്തൽ ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ കോളിളക്കത്തിൽ തന്നെ ഇത് ഒടുങ്ങി എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പരാജയം.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭൂമിക്ക് വേണ്ടി ഒത്തുചേരുക

April 22nd, 2012

climate-change-epathram
ഇന്ന് ലോക ഭൗമദിനം പരിസ്ഥിതിയെ പറ്റിയുള്ള ചിന്ത നമുക്കുള്ളില്‍ നിന്നും എങ്ങിനേയോ ചോര്‍ന്നു പോ‍യിരിക്കുന്നു. ചുട്ടു പൊള്ളുന്ന ഭൂമിയെ പറ്റി ചിന്തിക്കാന്‍ ആര്‍ക്കും ഇന്ന് നേരമില്ല. പ്രകൃതിയുടെ സന്തുലിതാ വസ്ഥയെ തകര്‍ക്കുന്ന തരത്തില്‍ ഹിമാലയ, സൈബീരിയ, ആര്‍ട്ടിക്ക് മേഖലകളിലെ ഹിമ പാളികള്‍ ഉരുകി കൊണ്ടിരിക്കു കയാണ്, ഇതു മൂലം സമുദ്ര നിരപ്പ് ഉയരുകയും ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തി നടിയിലാവും, തീര പ്രദേശങ്ങളും ചെറു ദ്വീപുകളും കടലിനടിയിലാകാം ഒപ്പം ആഗോള താപനത്തിന്റെ (Global Warming) ദുരന്ത ഫലങ്ങള്‍ ലോ‍കത്തിന്റെ പല ഭാഗങ്ങളിലായി പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവ ജാലങ്ങളും അതിജീവിക്കാ നാവാതെ ഉരുകി ഇല്ലാതാവും. ആഗോള താപന ഫലമായി സമുദ്ര നിരപ്പ് ഇനിയും ഉയര്‍ന്നേക്കാം.
പ്രകൃതി ദുരന്തങ്ങള്‍ അടിക്കടി ഉണ്ടാകുന്നു. ഭൂകമ്പങ്ങളും‍, സുനാമിയും ഭൂമിയിലെ ജീവനെ ഇല്ലാതാക്കുന്നു. യുദ്ധങ്ങള്‍, തീവ്രവാദം, അധിനിവേശം എന്നിവയാല്‍ ആയുധങ്ങള്‍ തുപ്പുന്ന വിഷം പാരിസ്ഥിതികമായ നിരവധി പ്രശ്നങ്ങള്‍ക്ക് വഴി വെക്കുന്നു. ഇതിനെ പറ്റിയൊന്നും ആകുലതയില്ലാത്ത ചിലര്‍ പുതിയ അധിനിവേശ ഇടം തേടുന്നു. ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണമായ കാലഘട്ട ത്തിലൂടെയാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇതേ നില തുടര്‍ന്നാല്‍ വരും നാളുകള്‍ കൂടുതല്‍ കറുത്തതാകുമെ ന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഈ ഓര്‍മ്മപ്പെടുത്തലാണ് ഭൂമിക്ക്‌ വേണ്ടി ഒത്തുചേരുക എന്ന ആശയത്തിലൂടെ ഈ ഭൗമദിനവും നല്‍കുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തീരുമാനമാകാതെ ഡര്‍ബന്‍ ഉച്ചകോടി സമാപിച്ചു

December 11th, 2011

carbon-footprint-epathram

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ നഗരത്തില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ 17ാമത് കാലാവസ്ഥാ വ്യതിയാന ഉച്ചകോടി കാര്‍ബണ്‍ നിയന്ത്രണത്തെ സംബന്ധിച്ച് തീരുമാനമാകാതെ സമാപിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ മുഖ്യ കാരണമായ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന ക്യോട്ടോ ഉടമ്പടിയുടെ കാലാവധി അടുത്ത വര്‍ഷത്തോടെ അവസാനിക്കാനിരിക്കെ 194 രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ കാര്‍ബണ്‍ നിയന്ത്രണത്തെ സംബന്ധിച്ച പുതിയ നിയമത്തിന് പ്രാഥമിക ധാരണ മാത്രമാണ് ഉണ്ടായ ഏക പുരോഗതി. പുതിയ നിയമത്തിന് രൂപം നല്‍കുകയായിരുന്നു ഡര്‍ബന്‍ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.

സമ്മേളനത്തിന്‍റെ തുടക്കം മുതല്‍ അമേരിക്ക, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ സ്വീകരിച്ച കടുത്ത നിലപാട് മൂലമാണ് നിയമത്തിന്റെ കരട് രൂപം മാത്രം ഉണ്ടാകാന്‍ കാരണം. ഇപ്പോഴുണ്ടായിട്ടുള്ള ധാരണയനുസരിച്ച് 2015ഓടെ കരട് നിയമം തയാറാക്കി 2020ഓടെ നടപ്പില്‍ വരുത്താനാവുകയുള്ളൂ. യൂറോപ്യന്‍ യൂനിയന്‍ സമര്‍പ്പിച്ച നിര്‍ദേശത്തിലാണ് ഇത് പറയുന്നത്. ഇതനുസരിച്ച്, ഓരോ രാജ്യങ്ങള്‍ക്കും പ്രത്യേകം കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് പരിധി നിശ്ചയിക്കും. സമ്മേളനത്തിന് ശേഷം ദക്ഷിണാഫ്രിക്കന്‍ പ്രതിനിധികള്‍ കരട് നിയമം വിതരണം ചെയ്തു. എന്നാല്‍ കരട് നിയമത്തിനു പോലും അഞ്ചു വര്ഷം കാത്തിരിക്കുക എന്നത് ഏറെ ദുരിതത്തിന് കാരണമാകുമെന്നും ഉടന്‍ ഒരു പരിഹാര മാര്‍ഗത്തെ പറ്റി ലോക രാജ്യങ്ങള്‍ നിസ്സംഗത കൈവെടിഞ്ഞില്ലെകില്‍ മാലി ദ്വീപ്‌ പോലുള്ള തൊണ്ണൂറോളം ചെറു ദ്വീപുകള്‍ ഇല്ലാതാകുമെന്ന് മാലദ്വീപ് പരിസ്ഥിതി വകുപ്പ് മന്ത്രി മുഹമ്മദ് അസ്ലം തുറന്നടിക്കുകയും ചെയ്തു.

ലോകത്തെ 90 ചെറു ദ്വീപ് രാഷ്ട്രങ്ങളെങ്കിലും മാലദ്വീപിന്‍റെ ഇതേ ആശങ്ക പങ്കുവെക്കുന്നവരാണ്. ഈ രാജ്യങ്ങളുടെ കൂട്ടായ്മയായ അലയന്‍സ് ഒഫ് സ്മാള്‍ ഐലന്‍ഡ് സ്റ്റേറ്റ്സ് (അയോസിസ്) പ്രതിനിധികളില്‍ പലരും സമ്മേളനത്തില്‍ രോഷ പ്രകടനം നടത്തുകയും ചെയ്തു.

അതിനിടെ, പുതിയ കാര്‍ബണ്‍ നിയന്ത്രണ നിയമം നടപ്പിലാക്കുന്നതില്‍ ഇന്ത്യ തടസ്സം നില്‍ക്കുന്നുവെന്ന യൂറോപ്യന്‍ യൂനിയന്‍െറ വാദം ഇന്ത്യ നിഷേധിച്ചു കൊണ്ട് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ സമാപന സമ്മേളനത്തില്‍ പുതിയ നിയമത്തെ സംബന്ധിച്ച ഇന്ത്യന്‍ നിലപാട് വ്യക്തമാക്കി. ഇക്കാര്യത്തില്‍ കാനഡ പുലര്‍ത്തുന്ന നിഷേധ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ജയന്തി നടരാജന്‍ ഇന്ത്യ താരതമ്യേന കുറച്ചു മാത്രമാണ് കാര്‍ബണ്‍ പുറത്തുവിടുന്നതെന്ന് അറിയിച്ചു. 120 കോടി ജനങ്ങള്‍ വസിക്കുന്ന രാജ്യത്ത് പ്രതിവര്‍ഷം 1.7 ടണ്‍ കാര്‍ബണ്‍ മാത്രമാണ് പുറംതള്ളുന്നത്. എന്നാല്‍, നിലവിലുള്ള കരാറില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ പിന്നീട് തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « കൂടംകുളം ആണവ വിരുദ്ധസമിതി യോഗം
Next Page » സമരത്തിന്‌ ആവേശം പകര്‍ന്ന് മേധാപട്കര്‍ മുല്ലപ്പെരിയാറില്‍ »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010