ജനീവ : പാരിസ്ഥിതിക ആഘാതം തീരെ കുറഞ്ഞ ഊർജ്ജ സ്രോതസ്സായ സൌരോർജ്ജം വ്യാപകമാക്കുന്നത് ലക്ഷ്യമിട്ട് ഇന്ത്യ നടപ്പിലാക്കി വരുന്ന ജവഹർലാൽ നെഹ്രു ദേശീയ സൌരോർജ്ജ ദൌത്യം എന്ന പദ്ധതിക്ക് എതിരെ അമേരിക്ക ലോക വ്യാപാര സംഘടനയിൽ ചോദ്യം ചെയ്തു. ലോക വ്യാപാര സംഘടനയുടെ ചട്ടം അനുസരിച്ച് ഒരു പരാതി നല്കാനുള്ള ആദ്യ നടപടിയായി ഇന്ത്യയുമായി വിഷയം ചർച്ച ചെയ്യണം എന്നാണ് അമേരിക്കയുടെ ആവശ്യം. ഇന്ത്യയുമായി വർഷങ്ങളായി നടത്തി വരുന്ന ഉഭയകക്ഷി ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. സംഘടനയുടെ നിയമങ്ങൾ പ്രകാരം സംഘടനാതല ചർച്ചകളിൽ 60 ദിവസത്തിനകം പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ തർക്ക പരിഹാര സമിതി പ്രശ്നം ഏറ്റെടുക്കും.
ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാവുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗ്ഗമനം കുറയ്ക്കുവാനായി ഫോസിൽ ഇന്ധനത്തിന്റെ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തിനായി സൌരോർജ്ജം പോലുള്ള ക്ലീൻ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം വർദ്ധിപ്പിക്കുക എന്ന അമേരിക്ക അടക്കമുള്ള ലോക രാഷ്ട്രങ്ങളുടെ ശ്രമങ്ങൾ പുരോഗമിക്കവെയാണ് അമേരിക്കൻ വ്യവസായികളുടെ സമ്മർദ്ദത്തിന് വഴങ്ങി അമേരിക്കൻ സർക്കാർ ഈ നടപടിക്ക് ഒരുങ്ങിയത് എന്നത് ശ്രദ്ധേയമാണ്.
സൌരോർജ്ജ ഉപയോഗം പ്രോൽസാഹിപ്പിക്കുവാനായി ഇന്ത്യ തുടങ്ങിയ ദേശീയ സൌരോർജ്ജ ദൌത്യമാണ് അമേരിക്കൻ വ്യവസായികളെ പ്രകോപിപ്പിച്ചത്. പാരിസ്ഥിതിക ആഘാതങ്ങൾ നന്നെ കുറവുള്ളതും അങ്ങേയറ്റം സുരക്ഷിതവുമാണെങ്കിലും നിർമ്മാണ ചിലവ് ഏറെ ഉള്ള ഊർജ്ജ സ്രോതസ്സാണ് സൌരോർജ്ജം. ഇന്ത്യ വിഭാവനം ചെയ്ത പദ്ധതി നടപ്പിലാക്കണമെങ്കിൽ കുറഞ്ഞ ചിലവിലുള്ള സൌര പാളികൾ വികസിപ്പിച്ചെടുക്കാൻ ആവശ്യമായ ഗവേഷണം, പാളികൾ തദ്ദേശീയമായി നിർമ്മിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം എന്നിവ അനിവാര്യമാണ്. എന്നാൽ ഇത്തരത്തിൽ തദ്ദേശീയമായി സൌരോർജ്ജ പാളികൾ നിർമ്മിക്കുവാൻ സർക്കാർ സഹായിക്കുന്നതിനെയാണ് അമേരിക്കൻ സൌരോർജ്ജ പാളി നിർമ്മാണ കമ്പനികൾ എതിർക്കുന്നത്.
2050ഓടെ 200 ഗിഗാ വാട്ട്സ് സൌരോർജ്ജ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ദേശീയ സൌരോർജ്ജ ദൌത്യം ലക്ഷ്യമിടുന്നത്. 2010ൽ ലോകമെമ്പാടും ഉത്പാദിപ്പിച്ചത് വെറും 39.8 ഗിഗാ വാട്ട്സ് മാത്രമാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് ഇന്ത്യയുടെ ലക്ഷ്യത്തിന്റെ വ്യാപ്തി ബോദ്ധ്യമാകുക. ഇത്രയും വലിയ ഒരു കമ്പോളത്തിൽ തങ്ങൾക്ക് വെല്ലുവിളി നേരിടുന്നതാണ് അമേരിക്കയുടെ പ്രശ്നം. ഇന്ത്യ തദ്ദേശീയ വികസനം നടത്തുന്നതും അതിന് സാമ്പത്തിക സഹായം നൽകുന്നതും ആഗോള വ്യാപാര കരാറിന് വിരുദ്ധമാണ് എന്നാണ് അമേരിക്കയുടെ വാദം. വിദേശ ഉൽപ്പന്നങ്ങൾക്കും തദ്ദേശീയ ഉൽപ്പന്നങ്ങൾക്കും തുല്യമായ അവസരം ലഭിക്കണം എന്നും സബ്സിഡികൾ ഈ അവസരം ഇല്ലാതാക്കും എന്നും അമേരിക്ക ചൂണ്ടിക്കാണിക്കുന്നു.
സാമ്രാജ്യത്വ അധിനിവേശത്തിലൂടെ വർഷങ്ങളോളം ചൂഷണം ചെയ്ത് വികസിത രാഷ്ട്രമായി തീർന്ന അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളുടെ വളരാനുള്ള ശ്രമത്തെ തുരങ്കം വെക്കാൻ ഉപയോഗിക്കുന്ന ആയുധമാണ് ഇത്തരം സമാനമായ അവസരം വേണമെന്ന വാദം. മൂന്നാം ലോക രാഷ്ട്രങ്ങൾ എന്നും ഇവരുടെ ഉപഭോക്താക്കളായി തുടർന്നാൽ മതിയെന്ന നിലപാടിനെ പ്രതിരോധിക്കാതിരിക്കാൻ മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങളെ പണം കൊടുത്ത് സ്വാധീനിക്കാൻ നിയമപരമായി തന്നെ അനുവാദം കൊടുക്കുന്ന നിയമങ്ങളാണ് അമേരിക്കയിൽ ഉള്ളത്. ചില്ലറ വിൽപ്പന രംഗത്തെ വിദേശ നിക്ഷേപ നയത്തെ സ്വാധീനിക്കാൻ ഇന്ത്യയിൽ പണം ചിലവാക്കി എന്ന വാൾമാർട്ടിന്റെ വെളിപ്പെടുത്തൽ ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ കോളിളക്കത്തിൽ തന്നെ ഇത് ഒടുങ്ങി എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പരാജയം.