ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക

February 7th, 2013

solar-energy-india-epathram

ജനീവ : പാരിസ്ഥിതിക ആഘാതം തീരെ കുറഞ്ഞ ഊർജ്ജ സ്രോതസ്സായ സൌരോർജ്ജം വ്യാപകമാക്കുന്നത് ലക്ഷ്യമിട്ട് ഇന്ത്യ നടപ്പിലാക്കി വരുന്ന ജവഹർലാൽ നെഹ്രു ദേശീയ സൌരോർജ്ജ ദൌത്യം എന്ന പദ്ധതിക്ക് എതിരെ അമേരിക്ക ലോക വ്യാപാര സംഘടനയിൽ ചോദ്യം ചെയ്തു. ലോക വ്യാപാര സംഘടനയുടെ ചട്ടം അനുസരിച്ച് ഒരു പരാതി നല്കാനുള്ള ആദ്യ നടപടിയായി ഇന്ത്യയുമായി വിഷയം ചർച്ച ചെയ്യണം എന്നാണ് അമേരിക്കയുടെ ആവശ്യം. ഇന്ത്യയുമായി വർഷങ്ങളായി നടത്തി വരുന്ന ഉഭയകക്ഷി ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. സംഘടനയുടെ നിയമങ്ങൾ പ്രകാരം സംഘടനാതല ചർച്ചകളിൽ 60 ദിവസത്തിനകം പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ തർക്ക പരിഹാര സമിതി പ്രശ്നം ഏറ്റെടുക്കും.

ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാവുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗ്ഗമനം കുറയ്ക്കുവാനായി ഫോസിൽ ഇന്ധനത്തിന്റെ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തിനായി സൌരോർജ്ജം പോലുള്ള ക്ലീൻ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം വർദ്ധിപ്പിക്കുക എന്ന അമേരിക്ക അടക്കമുള്ള ലോക രാഷ്ട്രങ്ങളുടെ ശ്രമങ്ങൾ പുരോഗമിക്കവെയാണ് അമേരിക്കൻ വ്യവസായികളുടെ സമ്മർദ്ദത്തിന് വഴങ്ങി അമേരിക്കൻ സർക്കാർ ഈ നടപടിക്ക് ഒരുങ്ങിയത് എന്നത് ശ്രദ്ധേയമാണ്.

സൌരോർജ്ജ ഉപയോഗം പ്രോൽസാഹിപ്പിക്കുവാനായി ഇന്ത്യ തുടങ്ങിയ ദേശീയ സൌരോർജ്ജ ദൌത്യമാണ് അമേരിക്കൻ വ്യവസായികളെ പ്രകോപിപ്പിച്ചത്. പാരിസ്ഥിതിക ആഘാതങ്ങൾ നന്നെ കുറവുള്ളതും അങ്ങേയറ്റം സുരക്ഷിതവുമാണെങ്കിലും നിർമ്മാണ ചിലവ് ഏറെ ഉള്ള ഊർജ്ജ സ്രോതസ്സാണ് സൌരോർജ്ജം. ഇന്ത്യ വിഭാവനം ചെയ്ത പദ്ധതി നടപ്പിലാക്കണമെങ്കിൽ കുറഞ്ഞ ചിലവിലുള്ള സൌര പാളികൾ വികസിപ്പിച്ചെടുക്കാൻ ആവശ്യമായ ഗവേഷണം, പാളികൾ തദ്ദേശീയമായി നിർമ്മിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം എന്നിവ അനിവാര്യമാണ്. എന്നാൽ ഇത്തരത്തിൽ തദ്ദേശീയമായി സൌരോർജ്ജ പാളികൾ നിർമ്മിക്കുവാൻ സർക്കാർ സഹായിക്കുന്നതിനെയാണ് അമേരിക്കൻ സൌരോർജ്ജ പാളി നിർമ്മാണ കമ്പനികൾ എതിർക്കുന്നത്.

2050ഓടെ 200 ഗിഗാ വാട്ട്സ് സൌരോർജ്ജ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ദേശീയ സൌരോർജ്ജ ദൌത്യം ലക്ഷ്യമിടുന്നത്. 2010ൽ ലോകമെമ്പാടും ഉത്പാദിപ്പിച്ചത് വെറും 39.8 ഗിഗാ വാട്ട്സ് മാത്രമാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് ഇന്ത്യയുടെ ലക്ഷ്യത്തിന്റെ വ്യാപ്തി ബോദ്ധ്യമാകുക. ഇത്രയും വലിയ ഒരു കമ്പോളത്തിൽ തങ്ങൾക്ക് വെല്ലുവിളി നേരിടുന്നതാണ് അമേരിക്കയുടെ പ്രശ്നം. ഇന്ത്യ തദ്ദേശീയ വികസനം നടത്തുന്നതും അതിന് സാമ്പത്തിക സഹായം നൽകുന്നതും ആഗോള വ്യാപാര കരാറിന് വിരുദ്ധമാണ് എന്നാണ് അമേരിക്കയുടെ വാദം. വിദേശ ഉൽപ്പന്നങ്ങൾക്കും തദ്ദേശീയ ഉൽപ്പന്നങ്ങൾക്കും തുല്യമായ അവസരം ലഭിക്കണം എന്നും സബ്സിഡികൾ ഈ അവസരം ഇല്ലാതാക്കും എന്നും അമേരിക്ക ചൂണ്ടിക്കാണിക്കുന്നു.

സാമ്രാജ്യത്വ അധിനിവേശത്തിലൂടെ വർഷങ്ങളോളം ചൂഷണം ചെയ്ത് വികസിത രാഷ്ട്രമായി തീർന്ന അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളുടെ വളരാനുള്ള ശ്രമത്തെ തുരങ്കം വെക്കാൻ ഉപയോഗിക്കുന്ന ആയുധമാണ് ഇത്തരം സമാനമായ അവസരം വേണമെന്ന വാദം. മൂന്നാം ലോക രാഷ്ട്രങ്ങൾ എന്നും ഇവരുടെ ഉപഭോക്താക്കളായി തുടർന്നാൽ മതിയെന്ന നിലപാടിനെ പ്രതിരോധിക്കാതിരിക്കാൻ മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങളെ പണം കൊടുത്ത് സ്വാധീനിക്കാൻ നിയമപരമായി തന്നെ അനുവാദം കൊടുക്കുന്ന നിയമങ്ങളാണ് അമേരിക്കയിൽ ഉള്ളത്. ചില്ലറ വിൽപ്പന രംഗത്തെ വിദേശ നിക്ഷേപ നയത്തെ സ്വാധീനിക്കാൻ ഇന്ത്യയിൽ പണം ചിലവാക്കി എന്ന വാൾമാർട്ടിന്റെ വെളിപ്പെടുത്തൽ ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ കോളിളക്കത്തിൽ തന്നെ ഇത് ഒടുങ്ങി എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പരാജയം.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണം : എ. കെ. ബാലന്‍

May 28th, 2012

athirapally-waterfalls-epathram

തിരുവനന്തപുരം: പശ്ചിമഘട്ട മല നിരകളുടെ പരിസ്ഥിതി ക്ഷമത വിലയിരുത്താന്‍ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച മാധവ്‌ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രി എ. കെ. ബാലന്‍ രംഗത്ത്‌ വന്നു. അതിരപ്പിള്ളിയില്‍ ജല വൈദ്യുതി പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് ബാലന്റെ എതിര്‍പ്പിനു കാരണം. പ്രൊഫ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ കമ്മിറ്റി പശ്ചിമഘട്ട മലനിരകള്‍ നീണ്ടു കിടക്കുന്ന മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് തയാറാക്കി 2011 ഓഗസ്റ്റ് 31നാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ കടുത്ത എതിര്‍പ്പുകള്‍ മൂലം പ്രസിദ്ധീകരിക്കാതെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രഹസ്യമാക്കി വെച്ചിരുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ ഇടപെടലിലൂടെയാണ് പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ടില്‍ മുല്ലപ്പെരിയാറിനെയും അതിരപ്പിള്ളിയെയും അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി ഉള്‍പ്പെടുത്തിയിരുന്നു. അതിനാല്‍ അതിരപ്പിള്ളി പദ്ധതി ഒരു കാരണവശാലും നടപ്പിലാകരുത്‌ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ഇടുക്കിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും ചൂണ്ടിക്കാണിക്കുന്നു.

ak-balan-epathram

കേരളത്തിന്റെ വര്‍ധിച്ചു വരുന്ന വൈദ്യുതി ആവശ്യം പരിഹരിക്കാനാവും വിധമാണ് അതിരപ്പള്ളി വൈദ്യതി പദ്ധതി തയ്യാറാക്കിയിരിക്കുന്നത് എന്നാണ് എ. കെ. ബാലന്റെ പക്ഷം. അണക്കെട്ടിന് വിലക്ക് നിര്‍ദ്ദേശിക്കുന്നതിലൂടെ പരിസ്ഥിതിയുടെ പേരില്‍ കേരളത്തിന്റെ വികസനത്തെ പരിപൂര്‍ണമായും തകര്‍ത്ത് ഇരുട്ടിലേക്ക് കൊണ്ടു പോകുമെന്നും അതിനാല്‍ ഈ റിപ്പോര്‍ട്ട് തള്ളിക്കളയണം എന്നും ബാലന്‍ പറഞ്ഞു. മാധവ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെ പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൂടംകുളം ആണവ നിലയത്തിനെതിരെ ബ്രിട്ടീഷ്‌ എംപിമാര്‍

May 19th, 2012

koodamkulam1
ലണ്ടന്‍: കൂടംകുളം ആണവ നിലയത്തിന്റെ നിര്‍മ്മാണം അടിയന്തിരമായി നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് ബ്രിട്ടീഷ്‌ എം. പിമാര്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിങ്ങിനും തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയ്ക്കും കത്തയച്ചു. ആണവോര്‍ജ്ജ ഏജന്‍സിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഈ നിര്‍മ്മാണം തുടരുന്നതെന്നും സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ ഈ നിലയത്തിനു കഴിയില്ലെന്നും കൂടംകുളം സ്ഥിതി ചെയ്യുന്നത് സുനാമി ഭീഷണിയുള്ള തീരത്താണ് എന്നും കത്തില്‍ പറയുന്നു. ആണവ നിലയത്തിനെതിരെ സമര രംഗത്തുള്ള ഗ്രാമീണരായ ജനങ്ങളോട്‌ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട്‌ മനുഷ്യാവകാശ ലംഘനമാണ് എന്നും ഈ നിലപാടില്‍ ആശങ്കയുണ്ടെന്നും അതിനാല്‍ ഈ നിലപാടില്‍ നിന്നും പിന്തിരിയണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂടംകുളം ആണവ നിലയത്തോട് എതിര്‍പ്പില്ലെന്ന് ശ്രീലങ്ക

April 17th, 2012

koodankulam nuclear plant-epathram

കൊളംബോ:ഊര്‍ജാവശ്യത്തിനു സ്വന്തം ഭൂപ്രദേശത്ത് ആണവ നിലയം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് എല്ലാ അവകാശങ്ങളുമുണ്ട് അതിനാല്‍ കൂടംകുളം ആണവ നിലയത്തോട് എതിര്‍പ്പില്ലെന്നു ശ്രീലങ്ക. കൂടംകുളം നിലയം തങ്ങള്‍ക്കു ഭീഷണിയെന്നു ലങ്കന്‍ ഊര്‍ജ മന്ത്രി ചമ്പിക രണവക പ്രസ്താവിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ആണവോര്‍ജ അഥോറിറ്റിയുടെ വിശദീകരണം.യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കൂടംകുളം നിലയമുയര്‍ത്തുന്ന വികിരണ ഭീഷണിയെക്കുറിച്ചു ശ്രീലങ്ക പരാതിപ്പെടുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ലങ്കന്‍ ആണവോര്‍ജ അഥോറിറ്റി ചെയര്‍മാന്‍ ആര്‍. എല്‍ വിജയവര്‍ദ്ധന വ്യക്തമാക്കി. നിലവില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ അംഗങ്ങളാണ് ഇരു രാജ്യങ്ങളും.
ഐ. എ. ഇ. എ. ചെയര്‍മാനൊപ്പം രണവകയും കൂടംകുളം നിലയം സന്ദര്‍ശിച്ചിരുന്നു.ഏതെങ്കിലും തരത്തില്‍ ആണവ ചോര്‍ച്ചയുണ്ടായാല്‍ എന്തു നടപടി സ്വീകരിക്കും, ഇന്ത്യ എന്തു സഹായം നല്‍കും തുടങ്ങിയ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തുമെന്നും ലങ്കന്‍ ആണവോര്‍ജ അതോറിറ്റി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

“വെളിച്ചം ഉണ്ടാകട്ടെ”

March 31st, 2012

earth-hour-2012-epathram

മാര്‍ച്ച് 31 ശനിയാഴ്ച രാത്രി 8:30ന് ലോകത്തെ പ്രശസ്തമായ പല ഇടങ്ങളിലും എര്‍ത്ത്‌ അവര്‍ 2012 ആചരണത്തിന്റെ ഭാഗമായി വൈദ്യുത ദീപങ്ങള്‍ കണ്ണുചിമ്മും. അമേരിക്കയിലെ എമ്പയര്‍ സ്റ്റേറ്റ്‌ ബില്‍ഡിംഗ് മുതല്‍ ചൈനയിലെ വന്‍ മതില്‍ വരെ ലോകമെമ്പാടുമുള്ള സുപ്രധാന സ്ഥലങ്ങളില്‍ അത്യാവശ്യമല്ലാത്ത വൈദ്യുത ദീപങ്ങള്‍ അണയ്ക്കും.

വേള്‍ഡ്‌ വൈല്‍ഡ്‌ ലൈഫ്‌ ഫണ്ടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഭൌമ മണിക്കൂര്‍ ആചരണം ലോകമാകമാനമുള്ള ജനങ്ങളെ മാര്‍ച്ച് 31ന് ഒരു മണിക്കൂര്‍ അവരവരുടെ പ്രദേശത്തെ സമയത്ത് രാത്രി 8:30 മുതല്‍ 9:30 വരെയുള്ള സമയത്ത്‌ വൈദ്യുത ദീപങ്ങള്‍ അണയ്ക്കുവാന്‍ ആഹ്വാനം ചെയ്യുന്നു. പരിസ്ഥിതിയ്ക്ക് സഹായകരമായ പ്രവര്‍ത്തിക്ക് പിന്തുണയും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് അവബോധവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്‌ഷ്യം.

ഇത്തവണ ഭൌമ മണിക്കൂര്‍ ആചരണത്തില്‍ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രവും തങ്ങളുടെ വിളക്കുകള്‍ അണച്ചു കൊണ്ട് പങ്കെടുക്കും. ഭൂമി ഇരുട്ടില്‍ ആഴുന്നത് ബഹിരാകാശ കേന്ദ്രത്തിലെ അന്തേവാസികള്‍ ശൂന്യാകാശത്ത് നിന്ന് നോക്കി കാണും.

2007ല്‍ ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ആദ്യമായി ഭൌമ മണിക്കൂര്‍ ആചരിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് ലോകത്തിലെ നാനാ ഭാഗങ്ങളില്‍ ആചരിക്കപ്പെടുകയുണ്ടായി. കഴിഞ്ഞ വര്‍ഷം 135 രാഷ്ട്രങ്ങളിലായി 5200 പട്ടണങ്ങള്‍ ഈ ഉദ്യമത്തിന്റെ ഭാഗമായി. ഇത്തവണ 147 രാജ്യങ്ങള്‍ പങ്കെടുക്കും എന്നാണ് കരുതപ്പെടുന്നത്.

ഈ ഭൌമ മണിക്കൂറില്‍ ഇതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാര്‍ ആക്കേണ്ട ചുമതല കൂടിയുണ്ട്. വൈദ്യുത ദീപങ്ങള്‍, ടെലിവിഷന്‍ , കമ്പ്യൂട്ടര്‍ തുടങ്ങിയവ വന്‍ തോതില്‍ വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കുട്ടികള്‍ക്ക്‌ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. ഇതില്‍ ഏതെങ്കിലും ഒന്ന് ഓഫ് ചെയ്‌താല്‍ ഭൂമി ഉല്‍പ്പാദിപ്പിക്കുന്ന ഹരിത ഗൃഹ വാതകത്തിന്റെ അളവില്‍ 45 കിലോ കുറവ്‌ വരും എന്ന് അവര്‍ക്ക്‌ പറഞ്ഞു കൊടുക്കുക. 45 കിലോ എന്നുവെച്ചാല്‍ എത്ര അധികമാണ് എന്ന് വ്യക്തമാക്കാന്‍ ഇത് ഏതാണ്ട് 18 പൊതിയ്ക്കാത്ത തേങ്ങയുടെ അത്രയും വരും എന്ന് കൂടി പറഞ്ഞു കൊടുക്കുക. അവരുടെ പ്രവര്‍ത്തിയുടെ അനന്തര ഫലത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതോടെ കുട്ടികളില്‍ വൈദ്യുതി സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന ശീലം വളരുക തന്നെ ചെയ്യും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 4123...Last »

« Previous « ശരത്ചന്ദ്രന്‍ പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്
Next Page » ആണവ ദുരന്തമുണ്ടായാല്‍ ഉത്തരവാദിത്വം ഇന്ത്യക്ക് »

 • കല്ലേൻ പൊക്കുടൻ അന്തരിച്ചു
 • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
 • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
 • കൂടംകുളം ഇന്നു മുതൽ
 • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
 • അമേരിക്കൻ ചെർണോബിൽ ചോരുന്നു
 • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
 • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
 • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
 • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
 • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
 • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
 • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
 • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
 • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
 • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
 • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
 • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
 • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
 • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

 • © e പത്രം 2010