ലണ്ടൻ : ഭോപ്പാൽ ദുരന്തത്തിന്റെ ഇരകളോട് മനുഷ്യത്വ രഹിതമായ സമീപനം സ്വീകരിച്ച് കുപ്രസിദ്ധി നേടിയ ദോ കെമിക്കൽസിന്റെ പണം സ്വീകരിച്ചത് ലണ്ടൻ ഒളിമ്പിക്സിനും അപകീർത്തികരമായി എന്ന് ലണ്ടനിലെ രാഷ്ട്രീയ നേതൃത്വം പ്രസ്താവിച്ചു. അന്താരാഷ്ട്ര ഒളിമ്പിൿ സമിതിയും, ലണ്ടൻ ഒളിമ്പിക്സ് സംഘാടകരും കമ്പനികളുമായി ഇടപാടുകൾ നടത്തുന്നതിന് മുൻപ് അവരുടെ പാരിസ്ഥിതികവും, സാമൂഹികവും, നൈതികവുമായ ചരിത്ര പശ്ചാത്തലം കൂടി കണക്കിലെടുക്കണം എന്ന് ലണ്ടൻ അസംബ്ലി അംഗങ്ങൾ നിർദ്ദേശിച്ചു. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതിൽ ലണ്ടനിലെ ജനങ്ങൾ ആവേശഭരിതരാണ്. എന്നാൽ ദോ കെമിക്കൽസ് പോലുള്ള കമ്പനികൾ ഒളിമ്പിക്സുമായി ബന്ധപ്പെടുന്നത് ഇതിനെ പ്രതികൂലമായി ബാധിക്കും. ഇത്തരം തെറ്റുകൾ ഇനിയും ആവർത്തിക്കാതിരിക്കാൻ നിയമങ്ങൾ കർശനമാക്കേണ്ടതുണ്ട്.
1984 ഡിസംബര്‍ മൂന്നിനു പുലര്‍ച്ചെയാണ് ദുരന്തതിനാസ്പദമായ വാതക ചോര്‍ച്ച യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ ഉണ്ടായത്. 72 മണിക്കൂറിനുള്ളില്‍ 15000 ഓളം പേരാണ് ഭോപ്പാല്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ചതായി കണക്കാക്കപ്പെടുന്നു. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി.
സംഭവത്തെ കുറിച്ച് നടന്ന സി. ബി. ഐ. അന്വേഷണത്തില്‍ 12 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ ഇതിനിടെ മരണമടഞ്ഞു.
പ്രതിയായ യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഇപ്പോള്‍ നിലവില്‍ ഇല്ല. 2001ല്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയെ അമേരിക്കയിലെ ദോ കെമിക്കല്‍സ് എന്ന സ്ഥാപനം വിലയ്ക്ക് വാങ്ങി. 1989ല്‍ ഇന്ത്യന്‍ സര്‍ക്കാരുമായി യൂണിയന്‍ കാര്‍ബൈഡ് കമ്പനി 470 മില്യന്‍ ഡോളറിനു കേസ് ഒത്തുതീര്‍പ്പാക്കി യതാണ് എന്നും അതിനാല്‍ തങ്ങള്‍ക്കു ഇതില്‍ യാതൊരു ബാധ്യതയുമില്ല എന്നുമാണ് ദോ കെമിക്കല്‍സിന്റെ നിലപാട്.
- ജെ.എസ്.