ടോക്യോ : ഫുക്കുഷിമയിലെ ദായി ഇച്ചി ആണവ നിലയം തകര്‍ന്നു വന്‍ തോതില്‍ ആണവ വികിരണ ചോര്‍ച്ച നേരിട്ട ജപ്പാന്‍ തങ്ങളുടെ ഊര്‍ജ സ്രോതസായി ആണവോര്‍ജം ഉപയോഗിക്കാനുള്ള പദ്ധതിയില്‍ നിന്നും പിന്‍വാങ്ങി. രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യത്തിന്റെ പകുതി ആണവോര്‍ജത്തില്‍ നിന്നും ലഭിക്കും എന്നായിരുന്നു ജപ്പാന്റെ ഊര്‍ജ്ജ പദ്ധതി. ഇപ്പോള്‍ മൊത്തം ഊര്‍ജ്ജ ഉല്‍പ്പാദനത്തിന്റെ മുപ്പത് ശതമാനമാണ് ജപ്പാനില്‍ ആണവോര്‍ജ്ജം. ഇത് അമ്പതു ശതമാനം ആക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ സുനാമിയില്‍ ആണവ നിലയങ്ങളുടെ സുരക്ഷിതത്വം തകരാറിലായ സാഹചര്യത്തില്‍ ഇനിയും ആണവോര്‍ജ്ജത്തെ ആശ്രയിക്കാന്‍ ആവില്ല എന്നാ നിഗമനത്തിലാണ് ജപ്പാന്‍.
ആണവോര്‍ജ്ജത്തിന് പകരം പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിക്കുന്നതില്‍ ജപ്പാന്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് ജപ്പാന്‍ പ്രധാനമന്ത്രി നവോട്ടോ കാന്‍ അറിയിച്ചു. സൌരോര്‍ജ്ജം, കാറ്റ്, ബയോ മാസ്, എന്നിങ്ങനെയുള്ള ഊര്‍ജ്ജ സ്രോതസ്സുകള്‍ കൂടുതലായി ഉപയോഗിക്കും.
ആണവോര്‍ജ്ജം കൂടുതലായി ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഫുക്കുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ശമ്പളം അടുത്ത മാസം മുതല്‍ വെട്ടിച്ചുരുക്കുവാനും അദ്ദേഹം തയ്യാറായിട്ടുണ്ട്.
- ജെ.എസ്.