ചെന്നൈ: ഏറെ പ്രതിഷേധം നിലനിൽക്കെ തന്നെ ആണവ നിലയം കമ്മീഷന്‍ ചെയ്യുന്നത് തടയണമെന്ന ഹര്‍ജി തള്ളിക്കൊണ്ട് കൂടംകുളം ആണവ നിലയത്തിൽ ഊര്‍ജോല്‍പാദനത്തിന്റെ ആദ്യ പ്രക്രിയയായ ചെയിന്‍ റിയാക്ഷന്റെ പ്രവര്‍ത്തനം അര്‍ദ്ധ രാത്രിയോടെ ഔദ്യോഗികമായി ആരംഭിച്ചു. ഈ പ്രക്രിയ വിജയകരമായാൽ രണ്ടു മാസത്തിനകം കൂടംകുളത്ത് വൈദ്യുത ഉല്‍പ്പാദനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ കൂടംകുളം നിലയത്തിന്റെ സുരക്ഷയെ കുറിച്ച് പ്രദേശവാസികളും ആണവ ശാസ്ത്രജ്ഞന്മാരിൽ ഒരു വിഭാഗവും ഉയര്‍ത്തിയ ആശങ്കകള്‍ ഇപ്പോഴും പരിഹരിക്കപ്പെടുകയോ സമര സമിതി സമരം പിൻവലിക്കുകയോ ചെയ്തിട്ടില്ല. സമരം തുടരുമെന്ന് സമരത്തിനു നേതൃത്വം നൽകുന്ന എസ്. പി. ഉദയകുമാർ അറിയിച്ചു.
പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
April 22nd, 2013“ഭൂമിക്കു മേല്‍ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികള്‍ക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടേതല്ല മനുഷ്യന്‍ ഭൂമിയുടേതാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവന്‍ ചെയ്യുന്നതെന്തോ അത് അവന്‍ അവനോട് തന്നെയാണ് ചെയ്യുന്നത്”
റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനയച്ച കത്തിലെ വരികളാണിത്. നാം അപരിഷ്കൃതരെന്ന് വിശേഷിപ്പിച്ച ഒരു സമൂഹത്തിന്റെ തലവന്‍ എഴുതിയ ഈ മഹത്തായ വരികള്‍ക്കിന്നും പ്രസക്തി ഏറി വരികയാണ്. എന്നാല്‍ ഏറെ പുരോഗതി കൈവരിച്ചു എന്നവകാശപ്പെടുന്ന നാം ചെയ്യുന്നതോ? കത്തിയമരാന്‍ പോകുന്ന ഈ ജീവന്റെ ഗോളത്തെ പറ്റി ഇനിയും കാര്യമായി ചിന്തിച്ചില്ലെങ്കില്‍ ഇങ്ങനെ ഒരു ഗോളം ഉണ്ടായിരുന്നെന്ന് പറയാന്‍ പോലും മനുഷ്യ വര്‍ഗം ബാക്കിയുണ്ടാവില്ല എന്ന കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ ഇതാ ഒരു ഭൌമ ദിനം കൂടി കടന്നു വന്നിരിക്കുന്നു. “The Face of Climate Change” എന്നാണ് ഇത്തവണത്തെ ഭൌമദിന വാക്യം. പൊള്ളുന്ന നമ്മുടെ ഭൂമിയെ തണുപ്പിക്കാൻ നമുക്കാവില്ലേ? ഒരു ശ്രമം നമുക്ക് നടത്തിക്കൂടേ? ബാക്കിയായ ഹരിത വലയത്തിനെയെങ്കിലും കാത്ത് സൂക്ഷിക്കാൻ എല്ലാവരും ചേർന്ന് നമുക്കൊരു നയം ഉണ്ടാക്കികൂടേ?
ശാസ്ത്രം അതിന്റെ ശുദ്ധമായ ഉത്സാഹത്തോടെ കണ്ടെത്തിയ കാര്യങ്ങളെ ഗുണകരമായി മാറ്റേണ്ടതിനു പകരം പലപ്പോഴും കച്ചവട താല്പര്യത്തിന്റെയും ലാഭക്കൊതിയുടെയും ഇടയില്‍ മനുഷ്യന്റെ തന്നെ നാശത്തിലേക്ക് നയിക്കുന്ന തരത്തില്‍ നീങ്ങിയതിന്റെ ഫലമായി നിരവധി ദുരന്തങ്ങള്‍ വിവിധ ഇടങ്ങളിലായി നാം കണ്ടു കഴിഞ്ഞു. ഈ ഭൌമ ദിനത്തില്‍ നാം കൂടുതല്‍ ചിന്തിക്കേണ്ടത് ഏത് തരത്തിലുള്ള ഊര്‍ജ്ജമാണ് ഇനി നാം പ്രയോജനപ്പെടുത്തേണ്ടത് എന്നും എതെല്ലാം നാം തിരസ്ക്കരിക്കണം എന്നുമാണ്.
ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയങ്ങളില്‍ നിന്നും ആണവ വികിരണങ്ങള്‍ അന്തരീക്ഷത്തിലേക്കും സമുദ്രത്തിലേക്കും കലര്‍ന്നു കൊണ്ടിരിക്കുന്നു. ചെര്‍ണോബിലിനേക്കാള്‍ വലിയ അപകടാവസ്ഥ നിലനില്‍ക്കുന്നു. ഏറെ സാങ്കേതിക മികവു പുലര്‍ത്തുന്ന ജപ്പാന്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. ഇന്ത്യയില്‍ ജോതാപൂരില്‍ ആണവ നിലയത്തിനെതിരെ മുറവിളി കൂട്ടുന്ന ജനങ്ങളെ സര്‍ക്കാര്‍ അടിച്ചൊതുക്കുന്നു. കൂടംകുളത്ത് എല്ലാ പ്രതിഷേധങ്ങളെയും കാറ്റിൽ പറത്തി ആണവ നിലയം കമ്മീഷൻ ചെയ്യുമെന്നു സർക്കാർ തന്നെ പറയുന്നു.
ആണവോര്‍ജ്ജം തന്നെ ഇനി ലോകത്തിനു വേണ്ട എന്ന് ചിന്തിക്കേണ്ട സമയത്തും നാം ആണവോര്‍ജ്ജ ഉല്പാദനത്തെ വാനോളം പുകഴ്ത്തിപ്പാടുന്നു. വരാനിരിക്കുന്ന നാളുകള്‍ കൂടുതല്‍ കറുത്തതാക്കാനേ ഈ നയം ഉപകരിക്കൂ എന്ന് ധൈര്യപൂര്‍വ്വം ആര് വിളിച്ച് പറയും?
ഭൂമി അതിന്റെ സംഹാര താണ്ഡവമാടാന്‍ തുടങ്ങിയാല്‍ നാം ഇക്കാലമത്രയും നേടിയെടുത്ത ഒരറിവും, ഒരു ശക്തിയും ഒന്നിനും കൊള്ളാത്ത ഒന്നായി മാറുമെന്ന കാര്യം മനുഷ്യന്‍ മറക്കുന്നു. ജപ്പാനിലുണ്ടായ സുനാമി അതിന്റെ ഒരു മുന്നറിയിപ്പാണ്. ആഗോള താപനത്താല്‍ ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പൊള്ളുന്ന പകലിനെ ചെറുക്കാനാകാതെ പിടയുന്ന നാം എത്ര നിസ്സാരരാണെന്ന് ചിന്തിക്കണം. ഭൂമിക്ക് എന്തു സംഭവിക്കുന്നു എന്ന് നമുക്കിന്ന് കൃത്യമായി പ്രവചിക്കാനാവും. അതിനുള്ള ശാസ്ത്ര ജ്ഞാനം നാം നേടിക്കഴിഞ്ഞു. ഇനി ഭാവി തലമുറയ്ക്ക് എങ്ങിനെ ഈ ഭൂമിയെ സുരക്ഷിതമായി കൈമാറാമെന്ന് ചിന്തിക്കേണ്ടതിനു പകരം കൂടുതല്‍ കൂടുതല്‍ നാശത്തിലേക്കാണ് നാം പോയി കൊണ്ടിരിക്കുന്നത്. വരും തലമുറ നമ്മെ ശപിക്കപ്പെട്ടവരാക്കി മാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട.
സാങ്കേതിക ജ്ഞാനത്തെ പ്രകൃതിക്കും മനുഷ്യനും ഒരു പോലെ ഗുണകരമാകുന്ന തരത്തില്‍ പ്രയോജനപ്പെടുത്തണം. പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള ഒരു വികസനമാണ് നാം പിന്തുടരുന്നത്. ഈ നില തുടര്‍ന്നാല്‍ വരുന്ന അമ്പത് വര്‍ഷത്തിനകം ഈ ജീവന്റെ ഗോളത്തില്‍ നിന്നും ജീവന്‍ എന്ന മഹത്തായ പ്രതിഭാസം എന്നെന്നേക്കുമായി ഇല്ലാതായാല്‍ അത്ഭുതപ്പെടേണ്ട എന്നാണ് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്സ് അഭിപ്രായപ്പെട്ടത്. ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂർത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നു കൊണ്ടിരിക്കുന്നു. തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള താപനം (Global Warming), ആഗോള ഇരുളല്‍ (Glogal Dimming) എന്നീ ദുരന്തങ്ങള്‍ ക്കരികിലാണ് ഭൂമി. ആഗോള താപനത്തിന്റെ ദുരന്ത ഫലങ്ങള്‍ അങ്ങിങ്ങായി പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവജാലങ്ങളും അതിജീവിക്കുവാനായി പാടുപെടുകയാണ്. WWFന്റെ കണക്കു പ്രകാരം ആഗോള താപനം മൂലം ഏകദേശം 1,60,000 പേര്‍ മരിക്കുന്നു. 2025 ആകുന്നതോടെ ഇത് മൂന്നു ലക്ഷം കവിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മനുഷ്യ വംശം അതിന്റെ ഊര്‍ജ്ജം നേടുന്നത് പ്രകൃതിയില്‍ നിന്നാണ്. സംസ്കാരങ്ങള്‍ വേരാഴ്ത്തുന്നതും പ്രകൃതിയില്‍ തന്നെ. അതിനാല്‍ പ്രകൃതിയെ നാശത്തില്‍ നിന്നും രക്ഷിച്ചേ മതിയാകൂ. രാഷ്ട്രങ്ങള്‍ ഇതിനായി ഒന്നിക്കേണ്ടതുണ്ട്. ഐക്യ രാഷ്ട്ര സഭ തയ്യാറാക്കിയ ചാര്‍ട്ടറില്‍ ഇങ്ങനെ പറയുന്നുണ്ടെങ്കിലും സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ചൂഷണത്തെ തടുക്കാന്‍ പാകത്തിലുള്ള ശക്തി ഇന്ന് ഐക്യ രാഷ്ട്ര സഭക്ക് ഇല്ല എന്ന സത്യം നിലനില്‍ക്കുന്നു. ഉച്ചകോടികളും സമ്മേളനങ്ങളും അതാത് കാലത്ത് നടക്കുന്നു. ഭൂമിക്കു മേലുള്ള പ്രഹരം ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിക്കു മേലുള്ള ഈ കടന്നാക്രമണത്തെ ഭൂമിയെ സ്നേഹിക്കുന്ന നാം ഓരോരുത്തരും മനസിലാക്കി പ്രവര്‍ത്തിക്കേണ്ട കാലമാണിത്. അണ്ണാറ കണ്ണനും തന്നാലായത് എന്ന പോലെ നാം ഓരോരുത്തരും ചിന്തിച്ചാല്‍ വരാനിരിക്കുന്ന കറുത്ത നാളെയെ കുറച്ചെങ്കിലും അകറ്റാന്‍ സാധിച്ചേക്കും.
നാം നല്ലതെന്ന് കണ്ടെത്തി ഉപയോഗിച്ച പലതും പില്‍കാലത്ത് നമുക്ക് ഏറെ ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ആണവോര്‍ജ്ജം. വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യ ത്തിനാണെങ്കില്‍ പോലും ഈ അപകട കാരിയായ പദാര്‍ത്ഥം നാം എവിടെ സുരക്ഷിതമായി കൊണ്ടു വെയ്ക്കുമെന്ന ചോദ്യം ഏവരേയും കുഴക്കുന്നതാണ്. എന്തു കൊണ്ട് നമുക്കിത് വേണ്ട എന്ന് തീര്‍ത്ത് പറയാന്‍ കഴിയാതെ പോകുന്നു?
ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ചീത്ത ശീലത്തെ നമ്മുടെ ജീവിതത്തോട് ഒപ്പം ചേര്‍ത്തു പിടിച്ചതു മുതലാണ് ഭൂമിയില്‍ മാലിന്യങ്ങള്‍ കുന്നു കൂടാന്‍ തുടങ്ങിയത്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും, വ്യവസായ ശാലകള്‍ തുപ്പുന്ന വിഷപ്പുകയും, ജലാശയ ങ്ങളിലേക്ക് തുറന്നു വിടുന്ന വിഷ ദ്രാവകങ്ങളും, കൃഷിയിടങ്ങളില്‍ അടിക്കുന്ന കീടനാശിനികളും എല്ലാം തന്നെ ഇതിനകം ഭൂമിയെ കാര്‍ന്നു തിന്നു കഴിഞ്ഞു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ മാലിന്യം തള്ളാന്‍ വേണ്ടി മാത്രം ഭൂമിയോളം വലിപ്പമുള്ള മറ്റൊരു ഗോളം നാം കണ്ടെത്തേണ്ടി വരും. പ്രകൃതിയെ ആവശ്യത്തിനും അനാവശ്യത്തിനും ആര്‍ത്തിക്കും വേണ്ടി ചൂഷണം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് കാല്‍കീഴിലെ മണ്ണാണെന്ന് മനുഷ്യന്‍ മറക്കുന്നു. 2025 ആകുന്നതോടെ അന്തരീക്ഷ താപനില 1.4 മുതല്‍ 8.9 വരെ വര്‍ദ്ധിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്ന് പഠനങ്ങള്‍ പറയുന്നു. ഇപ്പോള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 383 PPM (Parts Per Million) ആണ്. വ്യവസായ യുഗത്തിന് മുന്‍പ് ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
എന്തായാലും വരാനിരിക്കുന്ന നാളുകള്‍ നാം കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരും എന്ന ബോധം ഈ ഭൌമ ദിനത്തില്‍ ഡെമോക്ലീസിന്റെ വാളായി നാം ഓരോരുത്തരുടെയും തലക്കു മീതെ തൂങ്ങിക്കിടക്കുന്നുണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. കാലാവസ്ഥ വ്യതിയാനം നമ്മെ കൂടുതൽ കൂടുതൽ ചിന്തിപ്പിക്കാൻ, പ്രവർത്തിപ്പിക്കാൻ പ്രേരിപ്പിക്കട്ടെ എന്ന് മാത്രം ഈ ദിനത്തിൽ ഓർമ്മപ്പെടുത്തുന്നു.
- ഫൈസല്‍ ബാവ
വായിക്കുക: global-warming, important-days, nuclear
അമേരിക്കൻ ചെർണോബിൽ ചോരുന്നു
February 26th, 2013വാഷിംഗ്ടൺ : ആണവ അവശിഷ്ടങ്ങൾ എന്തു ചെയ്യും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇല്ല എന്നത് പരസ്യമായ രഹസ്യമാണ്. ഇരട്ടപ്പാളികളുള്ള ഉരുക്ക് ടാങ്കുകളിൽ അടച്ച് ഭൂമിക്കടിയിൽ കുഴിച്ചിടാം എന്നൊക്കെ പറഞ്ഞ് തടി തപ്പുന്ന ആണവ ശാസ്ത്രജ്ഞർ പക്ഷെ ഇവ നിരവീര്യമാകാൻ വേണ്ടി വരുന്ന കാലപരിധി മുഴുവൻ ഇവ സുരക്ഷിതമായി ഇരിക്കുമോ എന്ന ചോദ്യം കേൾക്കാത്ത ഭാവം നടിക്കുകയാണ് പതിവ്.
അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റിലുള്ള ഹാൻഫോർഡ് ന്യൂക്ലിയർ റിസർവേഷൻ എന്ന ആണവ കേന്ദ്രത്തിൽ 1943 മുതൽ 1988 വരെ ആണവ ആയുധങ്ങൾക്കായുള്ള പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു വന്നു. ഈ ആണവ റിയാക്ടറുകൾ തണുപ്പിക്കാൻ കൊളംബിയ നദിയിലെ ജലമാണ് ഉപയോഗിച്ചു വന്നത്. പ്ലൂട്ടോണിയം ഉത്പാദനം നിർത്തി വെച്ചെങ്കിലും വൻ ആണവ അവശിഷ്ട ശേഖരമാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്. പിന്നീടിങ്ങോട്ട് ഇവിടത്തെ പ്രധാന പ്രവർത്തനം ആണവ അവശിഷ്ട നിർമ്മാർജ്ജനം മാത്രമായിരുന്നു.
മൂന്നു നില കെട്ടിടങ്ങളുടെ വലിപ്പമുള്ള 177 ഭൂഗർഭ ടാങ്കുകളിലാണ് ഇവിടെ അണുപ്രസരണ ശേഷിയുള്ള ആണവ മാലിന്യങ്ങൾ നിക്ഷേപിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇതിൽ 70ഓളം ടാങ്കുകൾ പൊട്ടി ഒലിക്കുന്നുണ്ട്. 7 വർഷം കൊണ്ട് ഇത് ഭൂമിക്കടിയിലൂടെ സഞ്ചരിച്ച് കൊളംബിയ നദിയിൽ എത്തിച്ചേരും എന്നാണ് അനുമാനം.
ഇതിനിടെയാണ് കഴിഞ്ഞ ആഴ്ച്ച 6 ടാങ്കുകൾ പൊട്ടിയതായി അമേരിക്കൻ ആണവ ഊർജ്ജ വിഭാഗം അറിയിച്ചത്. അടിയന്തിരമായി ഇത് പൊതു ജനത്തെ ബാധിക്കില്ലെന്നും അതിനാൽ ആശങ്കക്ക് കാരണമില്ല എന്ന അറിയിപ്പും.
എന്നാൽ ഇത് എല്ലാ വാഷിംഗ്ടൺ നിവാസികൾക്കും ആശങ്ക പകരുന്ന വാർത്ത തന്നെയാണ് എന്ന് വാഷിംഗ്ടൺ ഗവർണർ ജേ ഇൻസ്ലീ പറഞ്ഞു.
- ജെ.എസ്.
ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
August 23rd, 2012ടോക്യോ : അപകടത്തെ തുടർന്ന് പൊട്ടിത്തെറിച്ച ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിന്റെ സമീപ പ്രദേശത്തെ കടലിൽ നിന്നും പിടിച്ച മൽസ്യത്തിൽ അപകടകരമായ അണവ വികിരണ ശേഷിയുള്ള സീഷിയം വൻ തോതിൽ കണ്ടെത്തി. മാർച്ച് 2011ൽ നടന്ന ആണവ അപകടത്തെ തുടർന്ന് പ്രദേശത്തെ മൽസ്യ ബന്ധനം നിരോധിച്ചിരുന്നു. അപകടം നടന്നതിന് ഒരു മാസം കഴിഞ്ഞപ്പോൾ ആണവ നിലയ ശുദ്ധീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 11,000 ടണ്ണിലേറെ ആണവ മാലിന്യങ്ങൾ ആണവ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിൿ പവർ കമ്പനി കടലിലേക്ക് ഒഴുക്കിയിരുന്നു. ഇത് അന്ന് വൻ വിമർശനത്തിന് കാരണമാവുകയും ചെയ്തു.
- ജെ.എസ്.
ജപ്പാൻ ആണവ നിലയങ്ങൾ വീണ്ടും പ്രവർത്തിപ്പിക്കുന്നു
June 17th, 2012ടോക്യോ : ചെർണോബിൽ ആണവ ദുരന്തത്തിനു ശേഷമുള്ള എറ്റവും വലിയ ആണവ ദുരന്തമായ ഫുക്കുഷിമ ആണവ ദുരന്തത്തിന് സാക്ഷ്യം വഹിച്ച ജപ്പാനിൽ ആണവ നിലയങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ നീക്കങ്ങൾ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ രണ്ട് നിലയങ്ങളാണ് വീണ്ടും പ്രവർത്തിപ്പിക്കുക. എന്നാൽ ഇത് മറ്റു നിലയങ്ങൾ കൂടി തുറക്കുവാനുള്ള ആദ്യ പടിയാണ് എന്ന് കരുതപ്പെടുന്നു. വ്യാപകമായ പ്രതിഷേധം വക വെയ്ക്കാതെയാണ് അധികൃതർ ആണവ നിലയങ്ങൾ തുറക്കുവാനുള്ള അനുമതി നല്കിയത്.
എന്നാൽ ഫുക്കുഷിമ ദുരന്തത്തെ തുടർന്ന് രാജ്യം നേരിടുന്ന കടുത്ത ഊർജ്ജ ക്ഷാമത്തിന് താല്ക്കാലിക പ്രതിവിധി മാത്രമാണ് ഈ നടപടി എന്നാണ് അധികൃതർ പറയുന്നത്. പാരമ്പര്യേതര ഊർജ്ജ സ്രോതസുകളുടെ ഉപയോഗത്തിൽ വർദ്ധന വരുത്തി അണവ ഊർജ്ജത്തിന്റെ ഉപയോഗം കുറച്ചു കൊണ്ടു വരിക തന്നെയാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് ജപ്പാൻ പ്രധാനമന്ത്രി യൊഷിഹിക്കോ നോഡ വ്യക്തമാക്കി.
ഫുക്കുഷിമ ആണവ ദുരന്തത്തെ തുടർന്ന് ജർമ്മനി അടക്കമുള്ള ചില യൂറോപ്യൻ രാജ്യങ്ങൾ ആണവ് ഊർജ്ജത്തിന് എതിരായ നിലപാട് സ്വീകരിച്ചിരുന്നു. തങ്ങളുടെ എല്ലാ ആണവ നിലയങ്ങളും ജർമ്മനി പൂർണ്ണമായി പ്രവർത്തന രഹിതമാക്കുകയും ചെയ്തു. ആണവ ഊർജ്ജം സുരക്ഷിതമായ ഒരു ഊർജ്ജ സ്രോതസ്സല്ല എന്ന് തെളിഞ്ഞിട്ടും ഇപ്പോഴും ഇന്ത്യ അടക്കമുള്ള പല മൂന്നാം ലോക രാജ്യങ്ങളിലും അമേരിക്കയും ഫ്രാൻസും പോലുള്ള രാജ്യങ്ങൾ ആണവ നിലയങ്ങൾ സ്ഥാപിക്കാൻ മൽസരിക്കുകയാണ്.
- ജെ.എസ്.
വായിക്കുക: nuclear
- a-sujanapal
- accident
- agriculture
- animals
- awards
- birds
- campaigns
- climate
- court
- crime
- dams
- diseases
- eco-friendly
- eco-system
- electricity
- forest
- global-warming
- gm-crops
- green-initiatives
- green-people
- health
- important-days
- living-beings
- mangroves
- medical
- nature
- nuclear
- obituary
- pesticide
- plastic
- poetry
- pollution
- power
- protest
- solar
- struggle
- technology
- toxins
- tragedy
- vandana-shiva
- victims
- water
- wild