വാഷിങ്ങ്ടൺ: നിങ്ങളുടെ പൂന്തോട്ടത്തിലെ ചെടികളെ നിരീക്ഷിക്കാനുള്ള പ്രത്യേക ഉപഗ്രഹ സംവിധാനങ്ങൾ ഒരുക്കുന്ന പദ്ധതിയിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഇപ്പോൾ. ഓർബിറ്റിങ്ങ് കാർബൺ ഒബ്സർവേറ്റൊറി – 2 എന്ന് അറിയപ്പെടുന്ന ഈ ഉപഗ്രഹം നിങ്ങളുടെ പൂന്തോട്ടത്തിൽ നിന്ന് ഉയരുന്ന പ്രത്യേക തരം വെളിച്ചമാണ് നിരീക്ഷിക്കുന്നത്.
ഭൂമിയിലെ കാർബൺ സ്രോതസ്സുകളും കാർബൺ സംഭരണികളും തിരിച്ചറിയുക വഴി ഭൂമിയിലെ സസ്യജാലങ്ങളുടെ കാർബൺ ഉപഭോഗം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുകയാണ് നാസയുടെ ലക്ഷ്യം.
പ്രകാശ സംശ്ളേഷണം വഴി അന്തരീക്ഷത്തിലെ കാർബൺ വലിച്ചെടുക്കുന്ന സസ്യങ്ങൾ അതോടൊപ്പം സൂര്യ വെളിച്ചവും ഒപ്പി എടുക്കും. ഈ വെളിച്ചത്തെ പിന്നീട് മറ്റൊരു ഫ്രീക്വൻസിയിൽ പുറത്ത് വിടുന്നതിനെയാണ് ഫോട്ടോസിന്തറ്റിൿ ഫ്ളൂറസെൻസ് എന്ന് പറയുന്നത്. ബഹിരാകാശത്തിൽ നിന്ന് ഭൂമിയിലേക്ക് ഉറ്റുനോക്കുന്ന ഉപഗ്രഹത്തിന് ഈ വെളിച്ചം തിരിച്ചറിയാനാവും. അത് വഴി ഭൂമിയിലെ സസ്യജാലങ്ങൾ എത്രത്തോളം കാർബൺ വലിച്ചെടുക്കുന്നു എന്ന് കണക്ക് കൂട്ടാനും കഴിയും. ഇത്തരം കണക്കുകൾ പാരിസ്ഥിതിക സംരക്ഷണ പദ്ധതികൾക്ക് ഏറെ സഹായകരമാണ്.