ന്യൂഡല്‍ഹി: പരിസ്ഥിതിയെ പറ്റി നടത്തിയ ഏറ്റവും ആധികാരിക പഠനം എന്ന് വിശേഷിപ്പിക്കാവുന്ന മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇടുക്കി ജില്ല മുഴുവന്‍ പരിസ്ഥിതി ദുര്‍ബല മേഖലയിലാണെന്നും അതില്‍ അത്യന്തം അപകടാവസ്ഥയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മേഖലയിലെ 50 വര്‍ഷത്തിലേറെ പഴക്കമുള്ള അണക്കെട്ടുകള്‍ ഡീ കമ്മിഷന്‍ ചെയ്യണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഒപ്പം അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കരുതെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. പത്ത് മെഗാവാട്ടില്‍ അധികം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പുതിയ ഡാം ഇത്തരം പ്രദേശങ്ങളില് ഇനി നിര്‍മിക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ വലിയ ദുരന്തം സമീപ ഭാവിയില്‍ തന്നെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമഘട്ടത്തിലെയും അതിനോടു ചേര്‍ന്ന പ്രദേശങ്ങളിലെയും ജൈവവൈവിധ്യ പ്രദേശങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണു പ്രൊഫ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായുള്ള കമ്മിറ്റിയെ നിയോഗിച്ചത്. എന്നാല്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല തുടര്‍ന്ന് ഹൈകോടതി ഇടപെട്ടാണ് പരിസ്ഥിതി മന്ത്രാലത്തെ കൊണ്ട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിപ്പിച്ചത്. റിപ്പോര്‍ട്ടിനെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ 45 ദിവസത്തിനകം സമര്‍പ്പിക്കണമെന്നും പറയുന്നു. സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ കരിങ്കല്‍ ക്വാറിയോ മണല്‍ വാരലോ അനുവദിക്കില്ല. ഇടുക്കിയും വയനാടും ഉള്‍പ്പെടെ കേരളത്തിലെ 14 താലൂക്കുകളാണ് ഈ വിഭാഗത്തില് പെടുന്നത്‍.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: eco-system, forest