തിരുവനന്തപുരം : തണ്ണീര്‍ത്തടം നികത്തല്‍ തീരുമാനം നടപ്പിലായാല്‍ പ്രതിവര്‍ഷം കേരളത്തിന് 1,22,868 കോടി രൂപക്ക് തുല്യമായ നഷ്ടമുണ്ടാകുമെന്നു റിപ്പോര്‍ട്ട്. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനും തൃശൂരിലെ സലിം അലി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. വി. എസ്. വിജയന്റെ നേതൃത്വത്തിൽ നടന്ന പഠനമാണ് ഈ വിവരം പുറത്ത് കൊണ്ടു വന്നത്. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പദ്ധതിയുടെ ഭാഗമായി രാജ്യത്തെ തണ്ണീര്‍ത്തടങ്ങളെ പറ്റി നടത്തിയ പഠനത്തിലാണ് ഈ വിവരം ഉള്ളത്. ഈ നിയമം നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ 1.61 ലക്ഷം ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങൾ ഇല്ലാതാകാന്‍ സാധ്യത ഏറെയാണെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2011ല്‍ ദി ഇക്കണോമിക്സ് ഓഫ് ഇക്കോ സിസ്റ്റംസ് ആന്‍ഡ് ബയോ ഡൈവേഴ്സിറ്റി (‘ടീബ്’) എന്ന സ്ഥാപനം രാജ്യത്തെ തണ്ണീര്‍ത്തടങ്ങളുടെ പാരിസ്ഥിതിക മൂല്യത്തെപ്പറ്റി വിശദ പഠനം നടത്തിയിരുന്നു. തണ്ണീര്‍ത്തടങ്ങളുടെ നാശം കിണറുകളിലും കുളങ്ങളിലും വെള്ളമില്ലാതാക്കും. ഇതോടെ കടുത്ത കുടിവെള്ള ക്ഷാമവും കൃഷി ആവശ്യത്തിന് വെള്ളം ഇല്ലാതാവുകയും ചെയ്യും. കാലാവസ്ഥാ ക്രമീകരണം, മണ്ണ് സംരക്ഷണം, മണ്ണൊലിപ്പ് തടയല്‍, ഭൂജല നിരപ്പ് സംരക്ഷണം തുടങ്ങിവയും തണ്ണീര്‍ത്തടങ്ങളുടെ സംഭാവനകളാണ്. ഈ തണ്ണീര്‍തടങ്ങള്‍ നികത്തിയാല്‍ സംഭവിക്കുന്ന ഭയാനക നഷ്ടത്തിന്റെ സാമ്പത്തിക മൂല്യം മാത്രം 1,22,868 കോടി രൂപയോളം വരും. ഒരു ഹെക്ടര്‍ തണ്ണീര്‍ത്തടം നികത്തിയാല്‍ പ്രതിവര്‍ഷം 22,24,380 രൂപക്ക് തുല്യമായ നഷ്ടമുണ്ടാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ തണ്ണീര്‍ത്തടങ്ങള്‍ ഏറെ സമ്പുഷ്ടമാണ്. അതുകൊണ്ട് യഥാര്‍ത്ഥ നഷ്ടം ഇതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടിയാകുമെന്ന് സലിം അലി ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു .
റിപ്പോര്‍ട്ട് നേരത്തേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറിയിരുന്നു. ഈ പഠനം കൈയിലിരിക്കെയാണ് ഏറെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ 2005 വരെ അനധികൃതമായി നികത്തിയതടക്കമുള്ള തണ്ണീര്‍ത്തടങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
ഇപ്പോള്‍ തന്നെ പ്രതിവര്‍ഷം 40 ലക്ഷം ടണ്‍ അരി ആവശ്യമുള്ള കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത് വെറും 6 ലക്ഷം ടണ്‍ മാത്രം. നെല്‍കൃഷിയിടത്തിന്റെ വിസ്തൃതി ആപത്കരമാംവിധം കുറയുകയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് 2,34,000 ഹെക്ടര്‍ വയലും 1,60,590 ഹെക്ടര്‍ തണ്ണീര്‍ത്തടവും മാത്രമാണ് ഉള്ളത്. കേരളത്തിലെ കോള്‍നിലങ്ങള്‍ ഒട്ടുമിക്കവയും റാംസര്‍ സൈറ്റ് ആയി പ്രഖ്യാപിച്ചതാണ്. എന്നിട്ടും വയല്‍ നികത്തല്‍ വര്‍ദ്ധിച്ചു വരുന്നു. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് മന്ത്രിസഭയുടെ തീരുമാനം. എന്നാൽ നീര്‍ത്തടം നികത്തലിന് നിയമ സാധുത നല്‍കാന്‍ നിലവിലുള്ള നിയമമനുസരിച്ച് സംസ്ഥാന മന്ത്രിസഭക്ക് പോലും അധികാരമില്ലെന്ന് നിയമ വിദഗ്ദ്ധർ വ്യക്തമാക്കുന്നുണ്ട്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: agriculture, eco-system, nature, water