തിരുവനന്തപുരം: പശ്ചിമഘട്ട മല നിരകളുടെ പരിസ്ഥിതി ക്ഷമത വിലയിരുത്താന്‍ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രി എ. കെ. ബാലന്‍ രംഗത്ത് വന്നു. അതിരപ്പിള്ളിയില്‍ ജല വൈദ്യുതി പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് ബാലന്റെ എതിര്‍പ്പിനു കാരണം. പ്രൊഫ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ കമ്മിറ്റി പശ്ചിമഘട്ട മലനിരകള്‍ നീണ്ടു കിടക്കുന്ന മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് തയാറാക്കി 2011 ഓഗസ്റ്റ് 31നാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ കടുത്ത എതിര്‍പ്പുകള്‍ മൂലം പ്രസിദ്ധീകരിക്കാതെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രഹസ്യമാക്കി വെച്ചിരുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ ഇടപെടലിലൂടെയാണ് പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ടില്‍ മുല്ലപ്പെരിയാറിനെയും അതിരപ്പിള്ളിയെയും അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി ഉള്‍പ്പെടുത്തിയിരുന്നു. അതിനാല്‍ അതിരപ്പിള്ളി പദ്ധതി ഒരു കാരണവശാലും നടപ്പിലാകരുത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ഇടുക്കിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിന്റെ വര്‍ധിച്ചു വരുന്ന വൈദ്യുതി ആവശ്യം പരിഹരിക്കാനാവും വിധമാണ് അതിരപ്പള്ളി വൈദ്യതി പദ്ധതി തയ്യാറാക്കിയിരിക്കുന്നത് എന്നാണ് എ. കെ. ബാലന്റെ പക്ഷം. അണക്കെട്ടിന് വിലക്ക് നിര്‍ദ്ദേശിക്കുന്നതിലൂടെ പരിസ്ഥിതിയുടെ പേരില്‍ കേരളത്തിന്റെ വികസനത്തെ പരിപൂര്‍ണമായും തകര്‍ത്ത് ഇരുട്ടിലേക്ക് കൊണ്ടു പോകുമെന്നും അതിനാല്‍ ഈ റിപ്പോര്‍ട്ട് തള്ളിക്കളയണം എന്നും ബാലന്‍ പറഞ്ഞു. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെ പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു.