ഗോത്രങ്ങളുടെ അനുമതിയോടെ വേദാന്തയ്ക്ക് ഖനനം തുടരാം

August 17th, 2010

vedanta-avatar-protest-epathram

ഒറീസയിലെ നിയമഗിരി മലകളില്‍ ബോക്സൈറ്റ്‌ ഖനനം നടത്തി വന്‍ തോതിലുള്ള പരിസ്ഥിതി വിപത്ത്‌ സൃഷ്ടിക്കുന്ന ബ്രിട്ടീഷ് ഖനി കമ്പനിയായ വേദാന്ത റിസോഴ്സസിനു പ്രദേശത്തെ ഗോത്ര വര്‍ഗ്ഗക്കാരുടെ അനുമതി ഉണ്ടെങ്കില്‍ ഖനനം തുടരാം എന്ന് സര്‍ക്കാര്‍ നിയോഗിച്ച പാനല്‍ വ്യക്തമാക്കി. ദേശീയ ഉപദേശക സമിതി അംഗം എന്‍. സി. സക്സേന നയിക്കുന്ന സമിതി കലഹണ്ടി ജില്ലയില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന വന അവകാശ നിയമത്തിന്റെ ലംഘനങ്ങളെ പറ്റി പഠനം നടത്തിയ ശേഷമാണ് ഈ നിലപാട്‌ അറിയിച്ചത്.

niyamagiri-tribal-protest-epathram

സ്ഥലവാസികളുടെ പ്രതിഷേധം

കുട്ടിയ, ഡോംഗരിയ കോന്ധ് എന്നീ പ്രദേശത്തെ രണ്ടു പ്രമുഖ ഗോത്രങ്ങളുടെ അനുമതി ഇല്ലാതെ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ അത് ഇവിടത്തെ ജനങ്ങളുടെ ഇടയില്‍ രാജ്യത്തെ നിയമ വ്യവസ്ഥിതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും എന്ന കണ്ടെത്തലാണ് സമിതിയെ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്താന്‍ പ്രേരിപ്പിച്ചത്. അല്ലാതെ ഇവിടെ നടക്കുന്ന പരിസ്ഥിതി നാശമല്ല.

vedanta-bauxite-tribal-protest-epathram

സ്ഥലവാസികളുടെ പ്രതിഷേധം

ഒറീസ്സയിലെ നിയമഗിരി മല നിരകളില്‍ ഖനനം നടത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ലോകമെമ്പാടും ഉള്ള പരിസ്ഥിതി പ്രവര്‍ത്തകരും നിയമഗിരിയിലെ ഗോത്ര വര്‍ഗ്ഗക്കാരും ചെറുത്ത് നില്‍പ്പ് നടത്തി വരികയാണ്. ഇതിനിടയില്‍ സുപ്രീം കോടതിയില്‍ നിന്നും കമ്പനിക്ക് ഖനനം നടത്താനുള്ള അനുമതി ലഭിച്ചു. ഇതോടെ മലയുടെ ചെരിവില്‍ വ്യാപകമായി വന നശീകരണം നടത്തുകയും ഖനനത്തിനു വേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തത് പച്ച പിടിച്ച മലയില്‍ വികൃതമായ ഒരു വ്രണം സൃഷ്ടിച്ചിട്ടുണ്ട്. മലയില്‍ നിന്നും ബോക്സൈറ്റ് കുഴിച്ചെടുത്ത് താഴ്വാരത്തിലെ ശുദ്ധീകരണ ശാലയില്‍ എത്തിച്ചാല്‍ 10 ലക്ഷം ടണ്‍ അലുമിന പ്രതിവര്‍ഷം ഇവിടെ നിന്നും ലഭിക്കും എന്നാണ് കമ്പനിയുടെ കണക്കു കൂട്ടല്‍.

destruction-in-niyamagiri-epathram

നിയമഗിരിയിലെ പരിസ്ഥിതി നാശം

എന്നാല്‍ ഖനനം പുരോഗമി ക്കുന്നതോടെ തങ്ങളുടെ വെള്ളവും ജീവിത മാര്‍ഗ്ഗവും അപ്രത്യക്ഷമാവും എന്ന് തദ്ദേശവാസികളും ഭയക്കുന്നു. ഖനനം തുടങ്ങിയതോടെ റിഫൈനറിയില്‍ നിന്നുമുള്ള മലിന ജലവും റിഫൈനറിയില്‍ നിന്നും പുറം തള്ളുന്ന മാലിന്യവും ഒരു ചുവന്ന ചെളി കുണ്ടായി രൂപം കൊണ്ടിരിക്കുന്നത് ഇവരുടെ ഗ്രാമത്തിലാണ്. മലയില്‍ നിന്നും ഉയരുന്ന പൊടി പടലങ്ങളും ഈ മാലിന്യ നിക്ഷേപവും ഇവരുടെ കൃഷി നശിപ്പിക്കുകയും ഇവരുടെ ജീവിതം ദുരിത പൂര്‍ണ്ണം ആക്കുകയും ചെയ്തിരിക്കുന്നു. നിര്‍ത്താതെ ചുമയ്ക്കുന്ന കുട്ടികളും, ക്ഷയ രോഗം ബാധിച്ച മുതിര്‍ന്നവരെയും ആധുനിക ജീവിത ശൈലിയുടെ തിളക്കം കാണിച്ചു വശത്താക്കാനുള്ള ശ്രമമാണ് കമ്പനി ചെയ്യുന്നത്.

vedanta-alumina-hazard-epathram

അലുമിന ശുദ്ധീകരണശാലയില്‍ നിന്നുമുള്ള മലിനീകരണം മൂലം ചര്‍മ്മ രോഗം പിടിപെട്ട സ്ഥലവാസി

മാലിന്യ ചെളി ശേഖരത്തിനായി ഗ്രാമ വാസികളില്‍ നിന്നും ഭൂമി വാങ്ങിയതിനു പകരമായി കൊടുത്ത പണത്തിന് മോട്ടോര്‍ സൈക്കിളുകളും നോക്കിയ മൊബൈല്‍ ഫോണുകളും ടെലിവിഷനുകളും സാറ്റലൈറ്റ് ഡിഷ് ആന്റിനകളും നല്‍കി ഗ്രാമ വാസികളെ കയ്യിലെടുക്കാന്‍ ശ്രമിച്ച കമ്പനി പക്ഷെ തങ്ങളുടെ നില നില്‍പ്പിനു തന്നെ ഭീഷണിയാണെന്ന് ഗ്രാമ വാസികള്‍ മനസ്സിലാക്കി കഴിഞ്ഞു. ഈ ആധുനിക സൌകര്യങ്ങള്‍ നില നിര്‍ത്താനുള്ള പണം കയ്യിലില്ലാത്ത ഇവരുടെ വീടുകളില്‍ ഇതെല്ലാം ഇപ്പോള്‍ ഉപയോഗ ശൂന്യമായി ജീര്‍ണ്ണിക്കുകയാണ്.

alumina-pollution-victim-epathram

മലിനീകരണത്തിന്റെ ഇരയായ ഒരു കുട്ടി

വനം അപ്രത്യക്ഷമായതോടെ തങ്ങളുടെ ജീവിത മാര്‍ഗ്ഗം നഷ്ടപ്പെട്ട ഇവിടത്തുകാര്‍ ജീവിക്കാന്‍ ഗതിയില്ലാതെ നട്ടം തിരിയുകയാണ്. തലമുറകളായി തങ്ങളെ സംരക്ഷിച്ച തങ്ങളുടെ ദൈവമാണ് ഈ മലകള്‍ എന്ന് കരുതുന്ന ഇവര്‍ക്ക് ഈ മലകള്‍ നഷ്ടപ്പെ ടുന്നതോടെ തങ്ങളുടെ നിലനില്‍പ്പ് തന്നെയാണ് നഷ്ടപ്പെടുന്നത്. ഇന്ത്യയുടെ ആത്മാവായ ഇത്തരം മല നിരകളും വനാന്തര ഗ്രാമങ്ങളും ഖനനം ചെയ്ത് നശിപ്പിക്കുന്നതോടെ ഇവിടങ്ങളില്‍ നിന്നും ഉറവെടുക്കുന്ന നീരുറവകളും പുഴകളും അപ്രത്യക്ഷമാകും. തങ്ങളുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന ജന ലക്ഷങ്ങളും.

സ്വന്തം നിലനില്‍പ്പി നായുള്ള ഇവരുടെ ചെറുത്തു നില്‍പ്പിനെ അധികാരികള്‍ നേരിടുന്നത് ഇസ്ലാമിക ഭീകരതയുടേയും ചുവപ്പ് ഭീകരതയുടെയും കഥകള്‍ പറഞ്ഞു കൊണ്ടാണ്.

വനാന്തരങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ഇവരെ നിശ്ശബ്ദരാക്കാന്‍ എന്തു ചെയ്യുന്നു എന്ന് അധികമൊന്നും പുറത്തറി യാനുമാവില്ല. ഇവരെ നിശ്ശബ്ദരാക്കാന്‍ ശ്രീലങ്കയിലേത് പോലുള്ള ഒരു സൈനിക പരിഹാരം ഇന്ത്യ തേടുന്നതിനായുള്ള ആദ്യ പടിയാവണം ശ്രീലങ്കയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അന്വേഷണം നടത്തണമെന്ന് ഐക്യ രാഷ്ട്ര സഭയില്‍ ഉയര്‍ന്ന ആവശ്യത്തോട് ഇന്ത്യ പ്രതികൂലമായി പ്രതികരിച്ചത് എന്ന് കരുതപ്പെടുന്നു.

ഇത് ഒറീസ്സയിലെ ബോക്സൈറ്റിന്റെ മാത്രം കാര്യമല്ല. ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, എന്നിവിടങ്ങളിലെ വന്‍ ഇരുമ്പയിര്, യുറാനിയം, ചുണ്ണാമ്പ്, ഡോളൊമൈറ്റ്, കല്‍ക്കരി, ടിന്‍, ഗ്രാനൈറ്റ്, മാര്‍ബിള്‍, ചെമ്പ്, വജ്രം, സ്വര്‍ണം, ക്വാര്‍ട്ട്സൈറ്റ്, കൊറണ്ടം, ബെറില്‍, അലക്സാണ്‍‌ട്രൈറ്റ്, സിലിക്ക, ഫ്ലൂറൈറ്റ്, ഗാര്‍നെറ്റ് എന്നിങ്ങനെ ഒട്ടേറെ നിക്ഷേപങ്ങള്‍ നൂറ് കണക്കിന് പദ്ധതികളിലൂടെ ഇതേ തന്ത്രത്തിലൂടെ കൈയ്യടക്കി കൊണ്ടിരിക്കുകയാണ്. ജാര്‍ഖണ്ഡില്‍ മാത്രം 90 ഓളം പുതിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

ഇത്തരം കമ്പനികള്‍ക്ക് ഈ “മാവോയിസ്റ്റ് യുദ്ധം” അത്യാവശ്യമാണ്. യുദ്ധം നടത്തി ഇവിടങ്ങള്‍ ആളൊഴിഞ്ഞ് വെടിപ്പാക്കി കിട്ടണം എന്നതാണ് ഇവരുടെ താല്പര്യം.

തങ്ങളുടെ ലക്ഷ്യ സാധ്യത്തിന് കൂടെ നില്‍ക്കാത്തവരെ ഒറ്റപ്പെടുത്താനുള്ള ജോര്‍ജ്ജ് ബുഷ് തന്ത്രം തന്നെ ഇന്ത്യയും പ്രയോഗിക്കുന്നു. “നിങ്ങള്‍ ഞങ്ങളോടൊപ്പം അല്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ മാവോയിസ്റ്റു കളോടൊപ്പം ആണെന്നാണ്” എന്നു പറഞ്ഞ് എതിര്‍പ്പുകളെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

“മാവോയിസ്റ്റ്” ഭീഷണിയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണി എന്ന് മന്‍‌മോഹന്‍ സിംഗ് ആവര്‍ത്തിച്ച് പറയുന്നുവെങ്കിലും തന്റെ യഥാര്‍ത്ഥ ഉദ്ദേശം പാര്‍ലമെന്റില്‍ ജൂണ്‍ 18ന് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ വെളിപ്പെടുകയുണ്ടായി. “ധാതു സമ്പത്തിനാല്‍ സമ്പന്നമായ പ്രദേശങ്ങളില്‍ ഇടതു പക്ഷം തീവ്രവാദം വളരുന്നത് രാജ്യത്തെ നിക്ഷേപ സാധ്യതയെ പ്രതികൂലമായി ബാധിക്കും” എന്നാണ് അന്ന് മന്‍‌മോഹന്‍ സിംഗ് പാര്‍ലമെന്റിനെ അറിയിച്ചത്.

വേദാന്ത കമ്പനിക്കെതിരെ സുപ്രീം കോടതിയില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിനെതിരെ ഒറീസ്സയിലെ ഒരു സംഘടന കേസ് കൊടുത്തിരുന്നു. വേദാന്ത കമ്പനി നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും പരിസ്ഥിതി കുറ്റങ്ങളും കണക്കിലെടുത്ത് നോര്‍വീജിയന്‍ പെന്‍ഷന്‍ ഫണ്ട് വേദാന്തയില്‍ നിന്നും തങ്ങളുടെ നിക്ഷേപം പിന്‍‌വലിച്ചത് കോടതിയില്‍ ചൂണ്ടി കാണിച്ചപ്പോള്‍, വേദാന്തക്ക് പകരം ഇതേ കമ്പനിയുടെ സഹോദര സ്ഥാപനമായ സ്റ്റെര്‍‌ലൈറ്റ് കമ്പനിയെ വേദാന്തക്ക് പകരം സ്ഥാപിക്കാം എന്നാണ് ജസ്റ്റിസ് കപാഡിയ അഭിപ്രായപ്പെട്ടത് എന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക അരുന്ധതി റോയ് പറഞ്ഞു. ജസ്റ്റിസ് കപാഡിയക്ക് ഈ കമ്പനിയില്‍ ഓഹരിയുണ്ട്. സുപ്രീം കോടതിയുടെ വിദഗ്ദ്ധ കമ്മിറ്റി ഇവിടങ്ങളിലെ ഖനനം മൂലം വനം, ജല സ്രോതസ്സ്, പരിസ്ഥിതി, എന്നിവ നശിക്കും എന്നും ഇവിടങ്ങളിലെ ഗോത്ര വര്‍ഗ്ഗക്കാരുടെ ജീവിത മാര്‍ഗ്ഗത്തിനും ജീവനും ഖനനം ഒരു ഭീഷണിയാവും എന്ന് ശുപാര്‍ശ ചെയ്തിട്ടും അദ്ദേഹം സ്റ്റെര്‍‌ലൈറ്റ് കമ്പനിക്ക് ഖനനം തുടരാനുള്ള അനുമതി നല്‍കുകയായിരുന്നു എന്നും റോയ് വെളിപ്പെടുത്തുന്നു.

26,000 ത്തിലേറെ ഹെക്ടര്‍ ഭൂമി കമ്പനി അനധികൃതമായി ഇവിടെ കൈവശപ്പെടുത്തി യിട്ടുണ്ട് എന്നാണു സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. ഒറീസയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്‍ തോതില്‍ കമ്പനിയ്ക്ക് വേണ്ടി അഴിമതി നടത്തിയതായും സമിതി കണ്ടെത്തി. വ്യാജ രേഖകള്‍ ചമച്ച് ഒട്ടേറെ ഭൂമി കമ്പനിയ്ക്ക് അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒറീസ സര്‍ക്കാര്‍ ഇവിടെ വന അവകാശ നിയമം ഫലപ്രദമായി നടപ്പിലാക്കും എന്ന് കരുതാന്‍ കഴിയില്ല എന്ന് സമിതി വ്യക്തമാക്കി. അതിനാല്‍ ഒരു സ്വതന്ത്ര ഏജന്‍സിയുടെ മേല്‍നോട്ടം ഈ കാര്യത്തില്‍ ആവശ്യമാണ്‌ എന്ന് സമിതി ചൂണ്ടിക്കാട്ടി.

ഇവിടെ ഖനനം നടത്തുന്നത് നിയമ വിരുദ്ധമാണ് എന്ന് മാത്രമല്ല, തദ്ദേശ വാസികളുടെ പരമ്പരാഗത ജീവിത മാര്‍ഗ്ഗത്തിന് തടസ്സവുമാവും. ഇവിടെ നടക്കുന്ന റോഡ്‌ നിര്‍മ്മാണം ഈ വനങ്ങളില്‍ വനം കൊള്ളക്കാര്‍ക്കും വേട്ടക്കാര്‍ക്കും യഥേഷ്ടം പ്രവേശിക്കാനുള്ള വഴി തുറന്നു കൊടുത്ത് ഇവിടത്തെ സമ്പന്നമായ ജൈവ വൈവിധ്യത്തിന് ഭീഷണി സൃഷ്ടിക്കും എന്നും സമിതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

രാഷ്ട്രീയ ഷണ്ഡത്വം

June 8th, 2010

warren-andersonഭോപ്പാല്‍ : 15000 ത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഒരു അപകടം നടന്നിട്ട് 26 വര്‍ഷങ്ങള്‍ വേണ്ടി വന്നു ഒരു വിധി പറയാന്‍. അതും ഇത്തരമൊരു നാണംകെട്ട വിധി. കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികള്‍ക്ക് വെറും രണ്ടു വര്ഷം തടവ്‌ ശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും.

26 വര്ഷം മാറി മാറി ഭരിച്ച വ്യത്യസ്ത സര്‍ക്കാരുകള്‍ക്കൊന്നും പിടികിട്ടാപ്പുള്ളിയായ അമേരിക്കന്‍ മുതലാളി വാറന്‍ ആന്‍ഡേഴ്‌സനെ ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്കു മുന്‍പില്‍ കൊണ്ട് വരാന്‍ കഴിഞ്ഞില്ല. അമേരിക്കയെ പിണക്കാനുള്ള ഇന്ത്യയുടെ ഭയമായിരുന്നു ഈ കഴിവ് കേടിനു പുറകില്‍. വാറന്‍ ആന്‍ഡേഴ്‌സനെ പോലെയൊരു അമേരിക്കന്‍ മുതലാളിയെ ശിക്ഷിച്ചാല്‍ ഇന്ത്യയിലേക്ക്‌ അമേരിക്കന്‍ നിക്ഷേപകര്‍ കടന്നു വരില്ല എന്നതാണ് സര്‍ക്കാരിന്റെ ന്യായം. എന്നാല്‍ ഇന്ത്യയില്‍ കമ്പനി നടത്തുമ്പോള്‍ ഒരു സുരക്ഷാ നയവും അമേരിക്കയില്‍ കമ്പനി നടത്തുമ്പോള്‍ വേറൊരു നയവും സ്വീകരിക്കുന്ന ഇത്തരം മുതലാളിമാരെ നമുക്കെന്തിനാണ്?

ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ്‌  ഫാക്ടറിയ്ക്ക് സമാനമായ ഒരു ഫാക്ടറി അമേരിക്കയിലെ വെസ്റ്റ്‌ വെര്‍ജീനിയയില്‍ കമ്പനി നടത്തുന്നുണ്ട്. അവിടെ സ്വീകരിച്ചിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ എന്ത് കൊണ്ട് ഇന്ത്യയിലെ ഫാക്ടറിയിലും നടപ്പിലാക്കുന്നില്ല എന്ന ചോദ്യത്തിന് ഇത്രയും നാള്‍ വാറന്‍ ആന്‍ഡേഴ്‌സന്‍ മറുപടി പറയാന്‍ കൂട്ടാക്കിയിട്ടില്ല.

വാറന്‍ ആന്‍ഡേഴ്‌സനെ ഇന്ത്യയിലേയ്ക്ക് കൈമാറ്റം ചെയ്യാന്‍ സര്‍ക്കാര്‍ ഗൌരവമായി ശ്രമിച്ചിട്ടില്ല. ഡിസംബര്‍ 7നു വാറന്‍ ആന്‍ഡേഴ്‌സനെ അറസ്റ്റു ചെയ്ത ഇന്ത്യന്‍ പോലീസ്‌ ഉടന്‍ തന്നെ ഇയാളെ ജാമ്യത്തില്‍ വിട്ടു. ജാമ്യ വ്യവസ്ഥ ലംഘിച്ച ഇയാള്‍ ഒരു ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇന്ത്യ വിടുകയും ചെയ്തു. പിന്നീട് ഇയാള്‍ ഒരിക്കലും ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയ്ക്ക് മുന്‍പില്‍ ഹാജരായില്ല.  വിദേശ നിക്ഷേപം ലക്‌ഷ്യം വെച്ച് ഇന്ത്യ മിണ്ടാതിരുന്നപ്പോള്‍ വാറന്‍ ആന്‍ഡേഴ്‌സനെ കാണാനില്ല എന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. എന്നാല്‍ “കാണാതായി” ദിവസങ്ങള്‍ക്കകം ഇയാളെ ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ “കണ്ടെത്തി”.

warren-anderson-in-hiding

വാറന്‍ ആന്‍ഡേഴ്‌സനെ തേടിപ്പിടിച്ച ബ്രിട്ടീഷ്‌ പത്രമായ ഡേയ്ലി മിറര്‍ പ്രസിദ്ധീകരിച്ച ചിത്രം. ന്യൂയോര്‍ക്കിലെ സ്വന്തം വീടിന്റെ മുന്‍ വാതിലില്‍ വെച്ചെടുത്തതാണീ ഫോട്ടോ.
©Shannon Sweeney/Daily Mirror

കേസിന്റെ കാലപ്പഴക്കവും, വാറന്‍ ആന്‍ഡേഴ്‌സന്റെ പ്രായവും കണക്കിലെടുത്ത് അമേരിക്കന്‍ സര്‍ക്കാര്‍ സഹകരിക്കില്ലെന്നും അതിനാല്‍ ഇനി ഇയാളെ കൈമാറ്റം ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതില്ല എന്നായിരുന്നു 2001 ഓഗസ്റ്റ്‌ 6നു ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ ഔദ്യോഗിക ഉപദേശം.

എന്നാല്‍ കുപ്രസിദ്ധമായ എന്‍റോണ്‍ കേസില്‍ പ്രതിയായ കെന്നെത്ത് ലേയുടെ മരണ ശേഷം പോലും ഇയാളെ കുറ്റവിമുക്തനാക്കാന്‍ അമേരിക്ക്ലന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതേ കേസില്‍ പ്രതിയായ ജെഫ്രി സ്കില്ലിങ്ങിനു അമേരിക്കന്‍ കോടതി 24 വര്ഷം തടവ്‌ ശിക്ഷ വിധിച്ചതും ശ്രദ്ധേയമാണ്.

വാറന്‍ ആന്‍ഡേഴ്‌സനെ പിടിയ്ക്കാന്‍ ശ്രമിക്കേണ്ട എന്ന നിയമോപദേശത്തിനു അടിസ്ഥാനമില്ല എന്ന് വ്യക്തം. ഇയാള്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ഹാംടണസില്‍ സുഖമായി ജീവിത സായാഹ്നം ചിലവഴിക്കുകയാണ്. ഇയാള്‍ ആരുമറിയാതെ ഒളിച്ചു താമസിക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് ഒരു ലേഖനം ഇവിടെ വായിക്കാം.

ഏറെ മാരകമായ മീതൈല്‍ ഐസോസയനെറ്റ്‌ (Methyl Isocyanate – MIC) അനാവശ്യമായി ഉല്‍പ്പാദനത്തിന് ഉപയോഗിച്ചത് എന്തിന് എന്നതാണ് ഉത്തരം കിട്ടാത്ത ഒരു ചോദ്യം. അറ്റകുറ്റപ്പണികള്‍ വേണ്ട വിധം നടത്താഞ്ഞതിനാല്‍ ഫാക്ടറിയുടെ നിലവാരം വളരെ മോശമായിരുന്നു. പ്ലാന്റിന്റെ സുരക്ഷയ്ക്ക് ഒട്ടേറെ ഭീഷണികള്‍ ഉണ്ടായതായി കമ്പനിയുടെ അമേരിക്കയിലെ ഫാക്ടറിയില്‍ കണ്ടെത്തിയിരുന്നു. ഇവ അമേരിക്കന്‍ ഫാക്ടറിയില്‍ പരിഹരിച്ചുവെങ്കിലും ഭോപ്പാലില്‍ ഇവ പരിഹരിയ്ക്കാന്‍ കമ്പനി തുനിഞ്ഞില്ല. ദിവസേന വെറും 37 ഡോളര്‍ ലാഭിയ്ക്കാനായിട്ടായിരുന്നു സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത ഒട്ടേറെ സാങ്കേതിക വിദ്യകള്‍ കമ്പനി ഭോപ്പാലിലെ ഫാക്ടറിയില്‍ ഉപയോഗിച്ചത്. എന്നാല്‍ ഇവ “ബിസിനസ് റിസ്ക്‌” ആണെന്നായിരുന്നു കമ്പനിയുടെ നിലപാട്. ഈ റിസ്കില്‍ പൊലിഞ്ഞത്‌ അനേക ലക്ഷം ജനങ്ങളുടെ ജീവിത സ്വപ്നങ്ങളായിരുന്നു.

ഇന്ത്യന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണ പ്രകാരം നല്‍കിയ 470 മില്യന്‍ ഡോളറിന്റെ നഷ്ടപരിഹാര ത്തുക ഇന്ത്യയില്‍ അത് വരെ നല്‍കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ തുകയാണ് എന്നായിരുന്നു കമ്പനിയുടെ വാദം. ലോകത്തിലേക്കും വെച്ച് നടന്ന ഏറ്റവും വലിയ ഒരു വ്യാവസായിക ദുരന്തമാണ് ഭോപ്പാലില്‍ നടന്നത്. നഷ്ട പരിഹാര തുക വലുതാകുന്നത് സ്വാഭാവികം. എന്നിട്ടും ഇന്ത്യന്‍ നിയമ പ്രകാരം ലഭിയ്ക്കാവുന്നതിനേക്കാള്‍ വലിയ തുകയാണ് ലഭിച്ചത് എന്നൊരു “ഏമ്പക്കം” വിട്ടു ധാരണയെ പറ്റി പരാമര്‍ശം നടത്തവെ ഇന്ത്യന്‍ കോടതി.

ആളോഹരി നഷ്ടപരിഹാരം കണക്ക് കൂട്ടിയാല്‍ ഇത് വെറും ദിനംപ്രതി 0.057 ഡോളര്‍ മാത്രമേ വരൂ. വാതക ദുരന്തത്തില്‍ കാഴ്ച നഷ്ടപ്പെട്ടവര്‍ക്കും മറ്റും 25000 രൂപയാണ് ലഭിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ വെറും 67000 രൂപയും. ഈ തുകകള്‍ അമേരിക്കന്‍ ഡോളറില്‍ നല്‍കിയാല്‍ പോലും തുച്ഛമാണെന്ന് എല്ലാവര്ക്കും അറിയാം.

തങ്ങളുടെ പൌരന്മാരുടെ കാര്യം വരുമ്പോള്‍ അമേരിക്ക തികച്ചും വ്യത്യസ്തമായ സമീപനം കൈക്കൊള്ളുന്നു എന്നതിന് തെളിവാണ് അടുത്തയിടെ ഉണ്ടായ എണ്ണ മലിനീകരണത്തില്‍ കണ്ടത്. ഒരാള്‍ക്ക്‌ 5000 ഡോളര്‍ വെച്ച് അടിയന്തിരമായി ഇടക്കാലാശ്വാസം നല്‍കാനാണ് അമേരിക്ക ബ്രിട്ടീഷ്‌ പെട്രോളിയത്തോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്. എണ്ണ വൃത്തിയാക്കാനുള്ള ചിലവിലേയ്ക്കായി ആദ്യ പടിയായി 69 മില്യന്‍ ഡോളര്‍ നല്‍കാനും. തീരാ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക്‌ അവരുടെ വരുമാന മാര്‍ഗ്ഗം നഷ്ടപ്പെട്ടത്തിന്റെ പേരില്‍ 84 മില്യന്‍ ഡോളര്‍ കമ്പനി ഇതിനോടകം നല്‍കി കഴിഞ്ഞു. മൊത്തം നഷ്ട പരിഹാര തുക എത്രയോ ബില്യന്‍ വരും എന്നാണു കണക്കാക്കപ്പെടുന്നത്.

ഇതിനിടയ്ക്കാണ് ഇന്ത്യയില്‍ മുതല്‍ മുടക്കുന്ന അമേരിക്കന്‍ ആണവ കമ്പനികളുടെ നഷ്ടപരിഹാര തുക വെറും 500 കോടി ആക്കി പരിമിതപ്പെടുത്തുന്ന ആണവ ബാധ്യതാ ബില്‍  സര്‍ക്കാര്‍ പാസ്സാക്കാന്‍ ശ്രമിയ്ക്കുന്നത്. ഈ ബില്‍ പ്രകാരം മൊത്തം ബാധ്യത 2200 കോടിയായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ബാക്കി വരുന്ന 1700 കോടി സര്‍ക്കാര്‍ വഹിയ്ക്കണമത്രേ.

എന്നാല്‍ മൊത്തം നഷ്ടപരിഹാര തുക പരിമിതപ്പെടുത്താവുന്നതല്ല എന്നാണു മിക്ക ലോക രാഷ്ട്രങ്ങളുടെയും നിലപാട്. തുകയുടെ ബാധ്യത പൂര്‍ണ്ണമായി അപകടം ഉണ്ടാക്കുന്ന കമ്പനി തന്നെ വഹിക്കണം എന്നാണു പ്രതിപക്ഷം ആവശ്യപ്പെടുന്നത്. 200 ബില്യന്‍ ഡോളറിന്റെ കച്ചവടത്തിന് സാധ്യതയുള്ള ഇന്ത്യന്‍ ആണവ വിപണിയില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രവേശിക്കണമെങ്കില്‍ ഈ ബില്‍ പാസ്സായേ തീരൂ എന്നതിനാല്‍ ഈ ബില്‍ പാസ്സാക്കാന്‍ സര്‍ക്കാരിന് മേല്‍ വന്‍ സമ്മര്‍ദ്ദമുണ്ട്. ഇന്ത്യന്‍ ജനതയുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തിക്കൊണ്ടു ആണവ കരാര്‍ പാസ്സാക്കിയത് പോലെ ഇതും പാസ്സാക്കി എടുക്കും സര്‍ക്കാര്‍. സുരക്ഷയ്ക്ക് ശാസ്ത്രീയമായ ഒരു ഉറപ്പും നല്‍കാനാവാത്ത സാങ്കേതിക വിദ്യയായ ആണവ ഊര്‍ജ്ജം കൈകാര്യം ചെയ്യുന്ന ആണവ നിലയങ്ങള്‍ മൂലം, ഭോപ്പാല്‍ ദുരന്തം ഒന്നുമല്ലാതാവുന്നത്രയും ഭീകരമായ വന്‍ ദുരന്തങ്ങള്‍ കാത്തിരിപ്പുണ്ട് ഇന്ത്യന്‍ ജനതയെ എന്ന് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നത് നന്ന്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « ഭോപ്പാല്‍ ദുരന്തം – ഏഴു പ്രതികള്‍ കുറ്റക്കാരെന്നു കോടതി
Next » ആന്‍ഡേഴ്‌സനെ വിട്ടു കിട്ടാന്‍ ഇരകള്‍ ഒബാമയ്ക്ക് കത്തയച്ചു »

 • കല്ലേൻ പൊക്കുടൻ അന്തരിച്ചു
 • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
 • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
 • കൂടംകുളം ഇന്നു മുതൽ
 • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
 • അമേരിക്കൻ ചെർണോബിൽ ചോരുന്നു
 • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
 • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
 • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
 • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
 • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
 • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
 • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
 • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
 • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
 • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
 • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
 • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
 • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
 • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

 • © e പത്രം 2010