ഒറീസയിലെ നിയമഗിരി മലകളില്‍ ബോക്സൈറ്റ് ഖനനം നടത്തി വന്‍ തോതിലുള്ള പരിസ്ഥിതി വിപത്ത് സൃഷ്ടിക്കുന്ന ബ്രിട്ടീഷ് ഖനി കമ്പനിയായ വേദാന്ത റിസോഴ്സസിനു പ്രദേശത്തെ ഗോത്ര വര്‍ഗ്ഗക്കാരുടെ അനുമതി ഉണ്ടെങ്കില്‍ ഖനനം തുടരാം എന്ന് സര്‍ക്കാര്‍ നിയോഗിച്ച പാനല്‍ വ്യക്തമാക്കി. ദേശീയ ഉപദേശക സമിതി അംഗം എന്‍. സി. സക്സേന നയിക്കുന്ന സമിതി കലഹണ്ടി ജില്ലയില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന വന അവകാശ നിയമത്തിന്റെ ലംഘനങ്ങളെ പറ്റി പഠനം നടത്തിയ ശേഷമാണ് ഈ നിലപാട് അറിയിച്ചത്.
കുട്ടിയ, ഡോംഗരിയ കോന്ധ് എന്നീ പ്രദേശത്തെ രണ്ടു പ്രമുഖ ഗോത്രങ്ങളുടെ അനുമതി ഇല്ലാതെ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ അത് ഇവിടത്തെ ജനങ്ങളുടെ ഇടയില്‍ രാജ്യത്തെ നിയമ വ്യവസ്ഥിതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും എന്ന കണ്ടെത്തലാണ് സമിതിയെ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്താന്‍ പ്രേരിപ്പിച്ചത്. അല്ലാതെ ഇവിടെ നടക്കുന്ന പരിസ്ഥിതി നാശമല്ല.
ഒറീസ്സയിലെ നിയമഗിരി മല നിരകളില്‍ ഖനനം നടത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ലോകമെമ്പാടും ഉള്ള പരിസ്ഥിതി പ്രവര്‍ത്തകരും നിയമഗിരിയിലെ ഗോത്ര വര്‍ഗ്ഗക്കാരും ചെറുത്ത് നില്‍പ്പ് നടത്തി വരികയാണ്. ഇതിനിടയില്‍ സുപ്രീം കോടതിയില്‍ നിന്നും കമ്പനിക്ക് ഖനനം നടത്താനുള്ള അനുമതി ലഭിച്ചു. ഇതോടെ മലയുടെ ചെരിവില്‍ വ്യാപകമായി വന നശീകരണം നടത്തുകയും ഖനനത്തിനു വേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തത് പച്ച പിടിച്ച മലയില്‍ വികൃതമായ ഒരു വ്രണം സൃഷ്ടിച്ചിട്ടുണ്ട്. മലയില്‍ നിന്നും ബോക്സൈറ്റ് കുഴിച്ചെടുത്ത് താഴ്വാരത്തിലെ ശുദ്ധീകരണ ശാലയില്‍ എത്തിച്ചാല്‍ 10 ലക്ഷം ടണ്‍ അലുമിന പ്രതിവര്‍ഷം ഇവിടെ നിന്നും ലഭിക്കും എന്നാണ് കമ്പനിയുടെ കണക്കു കൂട്ടല്‍.
എന്നാല്‍ ഖനനം പുരോഗമി ക്കുന്നതോടെ തങ്ങളുടെ വെള്ളവും ജീവിത മാര്‍ഗ്ഗവും അപ്രത്യക്ഷമാവും എന്ന് തദ്ദേശവാസികളും ഭയക്കുന്നു. ഖനനം തുടങ്ങിയതോടെ റിഫൈനറിയില്‍ നിന്നുമുള്ള മലിന ജലവും റിഫൈനറിയില്‍ നിന്നും പുറം തള്ളുന്ന മാലിന്യവും ഒരു ചുവന്ന ചെളി കുണ്ടായി രൂപം കൊണ്ടിരിക്കുന്നത് ഇവരുടെ ഗ്രാമത്തിലാണ്. മലയില്‍ നിന്നും ഉയരുന്ന പൊടി പടലങ്ങളും ഈ മാലിന്യ നിക്ഷേപവും ഇവരുടെ കൃഷി നശിപ്പിക്കുകയും ഇവരുടെ ജീവിതം ദുരിത പൂര്‍ണ്ണം ആക്കുകയും ചെയ്തിരിക്കുന്നു. നിര്‍ത്താതെ ചുമയ്ക്കുന്ന കുട്ടികളും, ക്ഷയ രോഗം ബാധിച്ച മുതിര്‍ന്നവരെയും ആധുനിക ജീവിത ശൈലിയുടെ തിളക്കം കാണിച്ചു വശത്താക്കാനുള്ള ശ്രമമാണ് കമ്പനി ചെയ്യുന്നത്.
മാലിന്യ ചെളി ശേഖരത്തിനായി ഗ്രാമ വാസികളില്‍ നിന്നും ഭൂമി വാങ്ങിയതിനു പകരമായി കൊടുത്ത പണത്തിന് മോട്ടോര്‍ സൈക്കിളുകളും നോക്കിയ മൊബൈല്‍ ഫോണുകളും ടെലിവിഷനുകളും സാറ്റലൈറ്റ് ഡിഷ് ആന്റിനകളും നല്‍കി ഗ്രാമ വാസികളെ കയ്യിലെടുക്കാന്‍ ശ്രമിച്ച കമ്പനി പക്ഷെ തങ്ങളുടെ നില നില്‍പ്പിനു തന്നെ ഭീഷണിയാണെന്ന് ഗ്രാമ വാസികള്‍ മനസ്സിലാക്കി കഴിഞ്ഞു. ഈ ആധുനിക സൌകര്യങ്ങള്‍ നില നിര്‍ത്താനുള്ള പണം കയ്യിലില്ലാത്ത ഇവരുടെ വീടുകളില്‍ ഇതെല്ലാം ഇപ്പോള്‍ ഉപയോഗ ശൂന്യമായി ജീര്‍ണ്ണിക്കുകയാണ്.
വനം അപ്രത്യക്ഷമായതോടെ തങ്ങളുടെ ജീവിത മാര്‍ഗ്ഗം നഷ്ടപ്പെട്ട ഇവിടത്തുകാര്‍ ജീവിക്കാന്‍ ഗതിയില്ലാതെ നട്ടം തിരിയുകയാണ്. തലമുറകളായി തങ്ങളെ സംരക്ഷിച്ച തങ്ങളുടെ ദൈവമാണ് ഈ മലകള്‍ എന്ന് കരുതുന്ന ഇവര്‍ക്ക് ഈ മലകള്‍ നഷ്ടപ്പെ ടുന്നതോടെ തങ്ങളുടെ നിലനില്‍പ്പ് തന്നെയാണ് നഷ്ടപ്പെടുന്നത്. ഇന്ത്യയുടെ ആത്മാവായ ഇത്തരം മല നിരകളും വനാന്തര ഗ്രാമങ്ങളും ഖനനം ചെയ്ത് നശിപ്പിക്കുന്നതോടെ ഇവിടങ്ങളില്‍ നിന്നും ഉറവെടുക്കുന്ന നീരുറവകളും പുഴകളും അപ്രത്യക്ഷമാകും. തങ്ങളുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന ജന ലക്ഷങ്ങളും.
സ്വന്തം നിലനില്‍പ്പി നായുള്ള ഇവരുടെ ചെറുത്തു നില്‍പ്പിനെ അധികാരികള്‍ നേരിടുന്നത് ഇസ്ലാമിക ഭീകരതയുടേയും ചുവപ്പ് ഭീകരതയുടെയും കഥകള്‍ പറഞ്ഞു കൊണ്ടാണ്.
വനാന്തരങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ഇവരെ നിശ്ശബ്ദരാക്കാന്‍ എന്തു ചെയ്യുന്നു എന്ന് അധികമൊന്നും പുറത്തറി യാനുമാവില്ല. ഇവരെ നിശ്ശബ്ദരാക്കാന്‍ ശ്രീലങ്കയിലേത് പോലുള്ള ഒരു സൈനിക പരിഹാരം ഇന്ത്യ തേടുന്നതിനായുള്ള ആദ്യ പടിയാവണം ശ്രീലങ്കയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അന്വേഷണം നടത്തണമെന്ന് ഐക്യ രാഷ്ട്ര സഭയില്‍ ഉയര്‍ന്ന ആവശ്യത്തോട് ഇന്ത്യ പ്രതികൂലമായി പ്രതികരിച്ചത് എന്ന് കരുതപ്പെടുന്നു.
ഇത് ഒറീസ്സയിലെ ബോക്സൈറ്റിന്റെ മാത്രം കാര്യമല്ല. ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, എന്നിവിടങ്ങളിലെ വന്‍ ഇരുമ്പയിര്, യുറാനിയം, ചുണ്ണാമ്പ്, ഡോളൊമൈറ്റ്, കല്‍ക്കരി, ടിന്‍, ഗ്രാനൈറ്റ്, മാര്‍ബിള്‍, ചെമ്പ്, വജ്രം, സ്വര്‍ണം, ക്വാര്‍ട്ട്സൈറ്റ്, കൊറണ്ടം, ബെറില്‍, അലക്സാണ്‍ട്രൈറ്റ്, സിലിക്ക, ഫ്ലൂറൈറ്റ്, ഗാര്‍നെറ്റ് എന്നിങ്ങനെ ഒട്ടേറെ നിക്ഷേപങ്ങള്‍ നൂറ് കണക്കിന് പദ്ധതികളിലൂടെ ഇതേ തന്ത്രത്തിലൂടെ കൈയ്യടക്കി കൊണ്ടിരിക്കുകയാണ്. ജാര്‍ഖണ്ഡില്‍ മാത്രം 90 ഓളം പുതിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
ഇത്തരം കമ്പനികള്‍ക്ക് ഈ “മാവോയിസ്റ്റ് യുദ്ധം” അത്യാവശ്യമാണ്. യുദ്ധം നടത്തി ഇവിടങ്ങള്‍ ആളൊഴിഞ്ഞ് വെടിപ്പാക്കി കിട്ടണം എന്നതാണ് ഇവരുടെ താല്പര്യം.
തങ്ങളുടെ ലക്ഷ്യ സാധ്യത്തിന് കൂടെ നില്‍ക്കാത്തവരെ ഒറ്റപ്പെടുത്താനുള്ള ജോര്‍ജ്ജ് ബുഷ് തന്ത്രം തന്നെ ഇന്ത്യയും പ്രയോഗിക്കുന്നു. “നിങ്ങള്‍ ഞങ്ങളോടൊപ്പം അല്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ മാവോയിസ്റ്റു കളോടൊപ്പം ആണെന്നാണ്” എന്നു പറഞ്ഞ് എതിര്‍പ്പുകളെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
“മാവോയിസ്റ്റ്” ഭീഷണിയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണി എന്ന് മന്‍മോഹന്‍ സിംഗ് ആവര്‍ത്തിച്ച് പറയുന്നുവെങ്കിലും തന്റെ യഥാര്‍ത്ഥ ഉദ്ദേശം പാര്‍ലമെന്റില്‍ ജൂണ്‍ 18ന് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ വെളിപ്പെടുകയുണ്ടായി. “ധാതു സമ്പത്തിനാല്‍ സമ്പന്നമായ പ്രദേശങ്ങളില്‍ ഇടതു പക്ഷം തീവ്രവാദം വളരുന്നത് രാജ്യത്തെ നിക്ഷേപ സാധ്യതയെ പ്രതികൂലമായി ബാധിക്കും” എന്നാണ് അന്ന് മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റിനെ അറിയിച്ചത്.
വേദാന്ത കമ്പനിക്കെതിരെ സുപ്രീം കോടതിയില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിനെതിരെ ഒറീസ്സയിലെ ഒരു സംഘടന കേസ് കൊടുത്തിരുന്നു. വേദാന്ത കമ്പനി നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും പരിസ്ഥിതി കുറ്റങ്ങളും കണക്കിലെടുത്ത് നോര്‍വീജിയന്‍ പെന്‍ഷന്‍ ഫണ്ട് വേദാന്തയില്‍ നിന്നും തങ്ങളുടെ നിക്ഷേപം പിന്‍വലിച്ചത് കോടതിയില്‍ ചൂണ്ടി കാണിച്ചപ്പോള്‍, വേദാന്തക്ക് പകരം ഇതേ കമ്പനിയുടെ സഹോദര സ്ഥാപനമായ സ്റ്റെര്‍ലൈറ്റ് കമ്പനിയെ വേദാന്തക്ക് പകരം സ്ഥാപിക്കാം എന്നാണ് ജസ്റ്റിസ് കപാഡിയ അഭിപ്രായപ്പെട്ടത് എന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക അരുന്ധതി റോയ് പറഞ്ഞു. ജസ്റ്റിസ് കപാഡിയക്ക് ഈ കമ്പനിയില്‍ ഓഹരിയുണ്ട്. സുപ്രീം കോടതിയുടെ വിദഗ്ദ്ധ കമ്മിറ്റി ഇവിടങ്ങളിലെ ഖനനം മൂലം വനം, ജല സ്രോതസ്സ്, പരിസ്ഥിതി, എന്നിവ നശിക്കും എന്നും ഇവിടങ്ങളിലെ ഗോത്ര വര്‍ഗ്ഗക്കാരുടെ ജീവിത മാര്‍ഗ്ഗത്തിനും ജീവനും ഖനനം ഒരു ഭീഷണിയാവും എന്ന് ശുപാര്‍ശ ചെയ്തിട്ടും അദ്ദേഹം സ്റ്റെര്‍ലൈറ്റ് കമ്പനിക്ക് ഖനനം തുടരാനുള്ള അനുമതി നല്‍കുകയായിരുന്നു എന്നും റോയ് വെളിപ്പെടുത്തുന്നു.
26,000 ത്തിലേറെ ഹെക്ടര്‍ ഭൂമി കമ്പനി അനധികൃതമായി ഇവിടെ കൈവശപ്പെടുത്തി യിട്ടുണ്ട് എന്നാണു സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. ഒറീസയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്‍ തോതില്‍ കമ്പനിയ്ക്ക് വേണ്ടി അഴിമതി നടത്തിയതായും സമിതി കണ്ടെത്തി. വ്യാജ രേഖകള്‍ ചമച്ച് ഒട്ടേറെ ഭൂമി കമ്പനിയ്ക്ക് അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒറീസ സര്‍ക്കാര്‍ ഇവിടെ വന അവകാശ നിയമം ഫലപ്രദമായി നടപ്പിലാക്കും എന്ന് കരുതാന്‍ കഴിയില്ല എന്ന് സമിതി വ്യക്തമാക്കി. അതിനാല്‍ ഒരു സ്വതന്ത്ര ഏജന്‍സിയുടെ മേല്‍നോട്ടം ഈ കാര്യത്തില്‍ ആവശ്യമാണ് എന്ന് സമിതി ചൂണ്ടിക്കാട്ടി.
ഇവിടെ ഖനനം നടത്തുന്നത് നിയമ വിരുദ്ധമാണ് എന്ന് മാത്രമല്ല, തദ്ദേശ വാസികളുടെ പരമ്പരാഗത ജീവിത മാര്‍ഗ്ഗത്തിന് തടസ്സവുമാവും. ഇവിടെ നടക്കുന്ന റോഡ് നിര്‍മ്മാണം ഈ വനങ്ങളില്‍ വനം കൊള്ളക്കാര്‍ക്കും വേട്ടക്കാര്‍ക്കും യഥേഷ്ടം പ്രവേശിക്കാനുള്ള വഴി തുറന്നു കൊടുത്ത് ഇവിടത്തെ സമ്പന്നമായ ജൈവ വൈവിധ്യത്തിന് ഭീഷണി സൃഷ്ടിക്കും എന്നും സമിതി അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: campaigns, court, pollution, protest, struggle, toxins, victims