കൊല്‍ക്കത്ത : ആഗോള താപനം മൂലം കടല്‍ നിരപ്പ് ഉയര്‍ന്നു സുന്ദര്‍ബന്സിലെ കണ്ടല്‍ക്കാടുകളില്‍ നല്ലൊരു ഭാഗം നശിക്കാന്‍ സാധ്യതയുണ്ടെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്‍ജി മുന്നറിയിപ്പ് നല്‍കി. ആഗോള താപനത്തിന്റെ ഫലമായി ബംഗാള്‍ ഉള്‍ക്കടലിലെ ജല നിരപ്പ് ഉയര്‍ന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇത് മൂലം സുന്ദര്‍ബന്സിലെ ബസന്തി ഗോസാബ എന്നീ പ്രദേശങ്ങളിലെ കണ്ടല്‍ക്കാടുകളുടെ നാശം ആസന്നമാണ്. ഇതേ അവസ്ഥ തന്നെയാണ് ബംഗ്ലാദേശിലെ ചില പ്രദേശങ്ങളിലും. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബുദ്ധദേബ്.
നാലായിരത്തിലേറെ ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സുന്ദര്‍ബന്സില്‍ രണ്ടായിരത്തിലേറെ ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍ കാടുകളാണ് ഉള്ളത്. 56 ദ്വീപുകളിലായി പരന്നു കിടക്കുന്ന ഗംഗയുടെ അഴിമുഖത്താണ് കണ്ടല്‍ കാടുകളും വനവും നിറഞ്ഞു നില്‍ക്കുന്ന ഏറെ ഫലഭൂയിഷ്ഠമായ സുന്ദര്‍ബന്‍സ് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ റോയല്‍ ബംഗാള്‍ ടൈഗറിന്റെ വാസസ്ഥലമായ ഇവിടത്തെ ജൈവ വൈവിദ്ധ്യം കണക്കിലെടുത്ത് ഈ പ്രദേശത്തെ യുനെസ്കോ (UNESCO – United Nations Educational, Scientific and Cultural Organization) ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.