ഒറ്റ വൈക്കോല്‍ വിപ്ലവം എന്ന പ്രശസ്തമായ കൃതിയിലൂടെ പ്രകൃതി കൃഷിക്ക് ലോകത്താകമാനമുള്ളവര്‍ക്ക് പ്രചോദനമായി മാറിയ ജപ്പാൻ സ്വദേശിയായ മസനോബു ഫുക്കുവോക്ക (Masanobu Fukuoka) എന്ന മഹാനായ പ്രകൃതി സ്നേഹി നമ്മെ വിട്ടകന്നിട്ട് നാല് വര്ഷം തികയുന്നു. 2008 ഓഗസ്റ്റ് 16ല്‍ 98-ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്. ജൈവ കൃഷി രീതിയുടെ ആധുനിക കാലത്തെ പ്രധാന പ്രയോക്താക്കളിൽ ഒരാളാണ്. ഭൂമി ഉഴുത് മറിക്കുകയോ, കള പറിക്കുകയോ, വളമോ കീടനാശിനിയോ ഉപയോഗിക്കുകയോ ചെയ്യാതെ കൃഷി നടത്തണമെന്ന് ആഹ്വാനം ചെയ്‌ത ശാസ്‌ത്രജ്ഞനാണ് ഫുക്കുവോക്ക.
മൈക്രോബയോളജിസ്‌റ്റായാണ് ഫുക്കുവോക്ക കാർഷിക രംഗത്തേക്ക് കടന്നത്. 25-ാം വയസ്സിൽ ആധുനികമായ കൃഷി രീതിയിൽ സംശയം പ്രകടിപ്പിച്ച അദ്ദേഹം ഗവേഷണ ശാസ്‌ത്രജ്ഞൻ എന്ന ജോലി ഉപേക്ഷിച്ച് സ്വന്തം നാടായ ഷിക്കോക്കുവിൽ മടങ്ങിയെത്തി സ്വന്തം കൃഷിയിടത്തിൽ കൃഷി തുടങ്ങി. ഭൂമിയെ അതേപടി നിലനിർത്തിക്കൊണ്ട് കൃഷി ചെയ്യണമെന്ന ഫുക്കുവോക്കയുടെ താത്ത്വിക ആശയത്തെ പലരും സംശയത്തോടെ വീക്ഷിച്ചെങ്കിലും അവ പിന്നീട് ലോകപ്രശസ്‌തമായി. തൻറെ നിരീക്ഷണങ്ങളെപ്പറ്റി ഫുക്കുവോക്ക എഴുതിയ “The One-Straw Revolution” (ഒറ്റ വൈക്കോൽ വിപ്ലവം) പ്രകൃതിയിലേക്ക് മടങ്ങാന്‍ എന്നീ കൃതികള്‍ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ഈ മഹാനായ പ്രകൃതി സ്നേഹിയുടെ ഓര്‍മ്മയ്ക്ക് മുമ്പില്‍ eപത്രം പച്ചയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: agriculture, eco-friendly, green-people, nature, obituary