ന്യൂഡല്‍ഹി : ആണവ ബാദ്ധ്യതാ ബില്ലിനെ പറ്റി പഠിക്കുന്ന പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളെ പരിഗണിച്ചില്ലെങ്കില്‍ ബി. ജെ. പി. വിയോജന കുറിപ്പ് രേഖപ്പെടുത്തും എന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് അറിയിച്ചു. ഭാവിയില്‍ ആണവ നിലയങ്ങള്‍ നടത്താന്‍ സ്വകാര്യ കമ്പനികളെ സര്‍ക്കാര്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് തങ്ങള്‍ക്കു ഇതു വരെ മറുപടി ലഭിച്ചിട്ടില്ല. “ആണവ ഊര്‍ജ്ജ ആക്റ്റ്” സ്വകാര്യ കമ്പനികളെ വിലക്കുന്നുണ്ട്. എങ്കില്‍ പിന്നെ ആണവ ബാദ്ധ്യതാ ബില്‍ ഈ കാര്യം വ്യക്തമാക്കാത്തത് എന്ത് കൊണ്ടാണ് എന്ന് സുഷമ ചോദിക്കുന്നു.
സ്വകാര്യ കമ്പനികളെ ആണവ നിലയങ്ങള്‍ നടത്താന്‍ അനുവദിക്കുന്നില്ലെങ്കില്‍ പിന്നെ ഇങ്ങനെയൊരു ആണവ ബാദ്ധ്യതാ ബില്ലിന്റെ ആവശ്യമേയില്ല എന്നാണ് ബി. ജെ. പി. ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍ നടത്തുന്ന ആണവ നിലയങ്ങളില്‍ എന്തെങ്കിലും അപകടങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന് തന്നെയായിരിക്കും എന്നിരിക്കെ ആണവ ബാദ്ധ്യതാ ബില്ലിന്റെ പ്രസക്തി സംശയാസ്പദമാണ്.
ആണവ അപകടങ്ങള്‍ ഉണ്ടായാല്‍ നഷ്ട പരിഹാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു കമ്മീഷന്‍ സംഘടിപ്പിക്കണമെന്നും അന്താരാഷ്‌ട്ര തലത്തില്‍ ആണവ അപകടങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ പ്രാപ്തമാക്കുന്ന നിയമ വ്യവസ്ഥ ഉറപ്പാക്കണമെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെറ്റ്ലി ആവശ്യപ്പെട്ടു. മലിനീകരണം നടത്തുന്ന കക്ഷി നഷ്ട പരിഹാരം നല്‍കണം എന്നാണ് വ്യവസ്ഥ എന്നിരിക്കെ നിലയം നടത്തുന്ന കക്ഷി തന്നെ മലിനീകരണത്തിന്റെ മുഴുവന്‍ ബാദ്ധ്യതയും ഏറ്റെടുക്കണം. സ്വകാര്യ കമ്പനികള്‍ ഈ രംഗത്ത് വരുമോ എന്ന ചോദ്യത്തിനു സര്‍ക്കാര്‍ ഉത്തരം നല്‍കാന്‍ കൂട്ടാക്കാത്തതാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
- ജെ.എസ്.