പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ദീപ് ജോഷിക്ക് 2009ലെ മാഗ്സസെ പുരസ്കാരം പ്രഖ്യാപിച്ചു. ഏഷ്യയിലെ നൊബേല്‍ സമ്മാനം എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്. ഇന്ത്യയിലെ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് കാര്യക്ഷമത കൊണ്ടു വരുന്നതിനായി ദീപ് ജോഷി പ്രകടിപ്പിച്ച നേതൃ പാടവവും ദീര്‍ഘ വീക്ഷണവും കണക്കിലെടുത്താണ് അദ്ദേഹത്തിന് ഈ പുരസ്കാരം നല്‍കുന്നത് എന്ന് രമണ്‍ മാഗ്സസെ പുരസ്കാര സമിതി അറിയിച്ചു.
ഈ പുരസ്കാരം ലഭിച്ചതില്‍ സന്തുഷ്ടി രേഖപ്പെടുത്തിയ ദീപ് ജോഷി ഇത് ഒരു വ്യക്തിയുടെ നേട്ടമല്ല, മറിച്ച് ഗ്രാമീണ വികസന രംഗത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള ആശയത്തിന് ലഭിച്ച പുരസ്കാരമാണ് എന്ന് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസവും കഴിവുമുള്ള കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് കടന്നു വന്ന് ഗ്രാമീണ ജനതയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തരാഞ്ചലിലെ ഒരു കര്‍ഷക കുടുംബത്തില്‍ പിറന്ന ദീപ് ജോഷി അമേരിക്കയിലെ പ്രശസ്തമായ മസ്സാഷുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും എഞ്ചിനിയറിങില്‍ ബിരുദാനന്തര ബിരുദവും പിന്നീട് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷം പുനെയിലെ സിസ്റ്റംസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും പിന്നീട് ഫോര്‍ഡ് ഫൌണ്ടേഷനിലും പ്രവര്‍ത്തിച്ചു. ഇവിടെ അദ്ദേഹം ഗ്രാമീണ വികസന രംഗത്ത് ഒട്ടേറെ പഠനങ്ങള്‍ നടത്തുകയുണ്ടായി. ഗ്രാമീണ വികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതു പ്രവര്‍ത്തകരും സാമൂഹ്യ സേവന സംഘടനകളേയും അടുത്തറിഞ്ഞ ജോഷി ഒരു കാര്യം മനസ്സിലാക്കി. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിശാലമായ ഹൃദയവും സദുദ്ദേശവും ഉണ്ടെങ്കിലും അവര്‍ക്ക് വിദഗ്ദ്ധ പരിശീലനവും ഈ രംഗത്ത് ആവശ്യമായ വൈദഗ്ദ്ധ്യവും കുറവാണ് എന്നതായിരുന്നു അത്.
ഫോര്‍ഡ് ഫൌണ്ടേഷന്റെ സഹായത്തോടെ ദീപ് ജോഷി ‘പ്രദാന്‍’ (Professional Assistance for Development Action – PRADAN) എന്ന സംഘടനക്ക് രൂപം നല്‍കി.
ജാര്‍ഖണ്ടിലെ ഗോത്ര വര്‍ഗ സ്ത്രീകളോടൊപ്പം ചേര്‍ന്ന് 2005 ഡിസംബറില്‍ ‘പ്രദാന്‍’ ഒരു പാല്‍ സംഭരണ പദ്ധതിക്ക് രൂപം നല്‍കി. പശുവിന്റെ കിടാവിന് ലഭിക്കേണ്ട പാല്‍ കറന്നെടുക്കുന്നത് പാപമാണ് എന്ന് വിശ്വസിച്ചിരുന്ന ഇവര്‍ക്കിടയില്‍ വ്യാവസായിക പാല്‍ സംഭരണത്തിന്റെ തത്വങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയ ജോഷിക്ക് പ്രതിദിനം ആറായിരം ലിറ്റര്‍ വരെ പാല്‍ സംഭരിക്കുന്ന ഒരു പ്രസ്ഥാനം ഇവിടെ രൂപപ്പെടുത്തുവാന്‍ സാധിച്ചു. 10000 ലിറ്റര്‍ പാല്‍ സംസ്കരിക്കുവാന്‍ ശേഷിയുള്ള ഒരു പാല്‍ സംസ്കരണ കേന്ദ്രവും 600 ഓളം വരുന്ന സ്ത്രീകളുടെ സഹകരണ സംഘം ഇവിടെ സ്ഥാപിച്ചു.
‘കമ്പ്യൂട്ടര്‍ മുന്‍ഷി’ എന്ന ഒരു ലളിതമായ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഈ സ്ത്രീകള്‍ തങ്ങളുടെ കണക്കുകളും മറ്റും സ്വന്തമായി കൈകാര്യം ചെയ്യുന്നു.
ഒരു പ്രദേശത്തെ ജനതയെ മുഴുവന്‍ സ്വയം പര്യാപ്തമാക്കുകയും ദാരിദ്ര രേഖക്ക് മുകളില്‍ കൊണ്ടു വരുവാനും കഴിഞ്ഞ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ദീപ് ജോഷി വികസനം, ശാസ്ത്ര സാങ്കേതിക വ്യവസായ മേഖലകള്‍ പോലെ തന്നെ വെല്ലുവിളി നിറഞ്ഞ, മഹത്തരമായ കര്‍മ്മ മേഖലയാണ് എന്ന് തെളിയിച്ചു. മുളം തണ്ടുകള്‍ കൊണ്ട് നിര്‍മ്മിച്ച ‘പ്രദാന്‍’ ന്റെ ഓഫീസ് കെട്ടിടത്തിലെ വിശാലമായ ഹാളില്‍ ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും മാനേജ്മെന്റ് വിദഗ്ദ്ധരും സ്ഥിരം സന്ദര്‍ശകരാകുന്നതും 62 കാരനായ ജോഷിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഊര്‍ജ്ജം സംഭരിക്കുന്നതും ഇത് കൊണ്ടു തന്നെ.