ധഹ്ര : സ്ത്രീ പുരുഷ അനുപാതത്തില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്ന പ്രദേശമാണ് ദക്ഷിണേഷ്യ. പെണ്‍ കുട്ടികള്‍ പിറക്കുന്നത് അപശകുനമായും കുടുംബത്തിന്റെ ദൌര്ഭാഗ്യമായുമാണ് ഇന്ത്യയില്‍ പലയിടത്തും കണക്കാക്കപ്പെടുന്നത്. പ്രബുദ്ധ സാക്ഷര കേരളത്തില്‍ പോലും പെണ്‍കുഞ്ഞ് പിറന്നാല്‍ നെറ്റി ചുളിക്കുന്നവര്‍ വിരളമല്ല.
എന്നാല്‍ ബീഹാറിലെ ഒരു ഗ്രാമം തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇതിനെ സമീപിക്കുന്നത്. ഭഗല്‍പൂരിലെ ധഹ്ര ഗ്രാമത്തില്‍ പെണ്‍കുട്ടി ആയി ജനിക്കുന്നത് ഒരു ബഹുമതി തന്നെയാണ്. ഒരു പെണ്‍കുട്ടി ജനിച്ചാല്‍ ഗ്രാമത്തില്‍ ഇവര്‍ ഉടനടി പത്ത് മാവിന്‍ തൈകള്‍ നട്ടു പിടിപ്പിക്കുന്നു. കാലക്രമേണ ഈ ഗ്രാമം പ്രദേശത്തെ ഏറ്റവും പച്ചപ്പുള്ള സ്ഥലമായി മാറി. ഇരുപതിനായിരത്തിലേറെ മാവുകളാണ് ഇവിടെ ഉള്ളത്.
പരിസ്ഥിതിയെ സഹായിക്കുന്നതിനോടൊപ്പം പെണ്‍കുട്ടികളുടെ വിവാഹ ചിലവിലേക്ക് മാങ്ങ വിറ്റ് കിട്ടുന്ന വരുമാനം ഏറെ സഹായകരമാവുന്നു എന്നാണ് ഇതിനെ പറ്റി ഗ്രാമ വാസികള്‍ പറയുന്നത്.
പെണ്‍കുട്ടികളെ ഐശ്വര്യ ദേവതയായ ലക്ഷ്മീദേവിയുടെ അവതാരങ്ങളായാണ് ഭാരതീയ ഹൈന്ദവ സങ്കല്‍പ്പത്തില്‍ കണ്ടു വരുന്നത്. ഏതായാലും മാമ്പഴം മൂലം ഈ ഗ്രാമത്തിന് കൈവന്ന ഐശ്വര്യം ഏറെയാണ്.
ഈ ഗ്രാമത്തിന്റെ വളര്‍ച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശ്രദ്ധയില്‍ പെടാതിരുന്നില്ല. അദ്ദേഹവും ഈയിടെ ഗ്രാമം സന്ദര്‍ശിച്ചു ഒരു മാവിന്‍ തൈ നട്ടു. പെണ്‍കുട്ടികള്‍ക്കായി ഒരു വിദ്യാലയവും ആരംഭിക്കാന്‍ ആദ്ദേഹം മുന്‍കൈ എടുത്തു.
ധഹ്ര ഗ്രാമത്തിന്റെ സമൃദ്ധിയും പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന മാന്യതയും സമീപ ഗ്രാമങ്ങളും മാതൃകയാക്കി തുടങ്ങിയിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: eco-friendly, eco-system, forest, green-initiatives, nature