ന്യൂഡല്‍ഹി : കൂടംകുളം ആണവ പദ്ധതിയ്ക്കെതിരെ പ്രതിഷേധ സമരം നടത്തുന്നവര്‍ക്ക് സന്നദ്ധ സംഘടനകള്‍ അമേരിക്കന്‍ പണം വഴിമാറി ചിലവിട്ടു സഹായം എത്തിക്കുന്നതായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഒരു ശാസ്ത്ര മാസികയ്ക്ക് നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ പ്രസ്താവിച്ചതിനെ റഷ്യ അനുകൂലിച്ചു. തങ്ങള്‍ക്ക് ഈ സംശയം നേരത്തെ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.
റഷ്യക്ക് വന്‍ സാമ്പത്തിക നേട്ടം ലഭിക്കുന്ന കൂടംകുളം ആണവ പദ്ധതിയ്ക്കെതിരെ ഏറെ നാളായി സ്ഥലവാസികള്‍ സമരവുമായി രംഗത്തുണ്ട്.
ഇന്ത്യയുടെ ആണവ പദ്ധതികള്‍ക്ക് അമേരിക്ക ഒരിക്കലും എതിരല്ല എന്ന പ്രസ്താവനയുമായി ഇതിനിടെ അമേരിക്കയും രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയിലെ ആണവ പദ്ധതികളില്‍ അമേരിക്കയ്ക്കും ഫ്രാന്‍സിനും ഏറെ താല്പര്യമുണ്ട്. വന്‍ തുകകള്‍ക്കുള്ള കരാറുകളാണ് വിവിധ മേഖലകളിലായി ഈ പദ്ധതികളിലൂടെ ഫ്രഞ്ച്, അമേരിക്കന്‍ കമ്പനികള്‍ക്ക് ലഭിക്കുക.
പ്രധാനമന്ത്രിയുടെ പ്രസ്താവന ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണങ്ങളുടെ വെളിച്ചത്തിലാണ് എന്ന് അറിയിച്ചു കൊണ്ട് കേന്ദ്ര മന്ത്രി വി. നാരായണ സ്വാമിയും രംഗത്തെത്തിയിട്ടുണ്ട്. ധന സഹായം വഴിമാറി ചിലവിട്ട മൂന്നു സന്നദ്ധ സംഘടനകളുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദ് ചെയ്യുകയും ചെയ്തു.
വിദേശ സഹായം എന്നൊക്കെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് കൂടംകുളം ആണവ പദ്ധതിയ്ക്ക് എതിരെ പ്രതിഷേധ സമരം നടത്തുന്ന തദ്ദേശ വാസികളെയും അവര്‍ക്ക് പിന്തുണയുമായി നിലയുറപ്പിച്ച സന്നദ്ധ സംഘടനകളെയും പരിസ്ഥിതി മനുഷ്യാവകാശ സംഘടനകളുടെയും ആത്മവീര്യം കെടുത്താനുള്ള സംഘടിത ശ്രമത്തിലാണ് അമേരിക്കയുടെയും റഷ്യയുടെയും പിന്‍ബലത്തോടെ ഇന്ത്യന്‍ ഭരണകൂടം.
- ജെ.എസ്.