കാലാകാലങ്ങളായി മനുഷ്യന്റെയും മനുഷ്യന്റെ പുരോഗതിയുടെയും ചൂഷണത്തിന്റെയുമെല്ലാം ഭാരം പേറിയാലും നമ്മെയെല്ലാം ഒരു തറവാട്ടില്‍ എന്ന പോലെ നില നിര്‍ത്തുന്ന ഭൂമിയെക്കുറിച്ച് ഇത്തിരി നേരം ഓര്‍ക്കാം. വലിയ വലിയ കാര്യങ്ങളൊന്നും ഭൂമിയ്ക്കു വേണ്ടി ചെയ്യാന്‍ നമുക്ക് കഴിഞ്ഞുവെന്ന് വരില്ല. എങ്കിലും കഴിയും പോലെ ചില ചെറിയ കാര്യങ്ങള്‍. അതെ, ഒരിത്തിരി നേരം ഇരുട്ടിലിരിക്കാം, ഭൂമിയ്ക്കു വേണ്ടി അത്രയെങ്കിലും നമുക്ക് ചെയ്യാം.
ആഗോള താപനത്തിന്‍റെ ഭീഷണി നേരിടാന്‍ വൈകീട്ട് 8.30 മുതല്‍ 9.30 വരെ ഒരു മണിയ്ക്കൂര്‍ വൈദ്യുതി അണച്ച് ഭൂമിയെ രക്ഷിയ്ക്കാനുള്ള ആഗോള യജ്ഞമായ എര്‍ത്ത് അവര്‍ ഇന്ന് ലോകമെമ്പാടും ആചരിക്കുന്നു. ഒരു യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ പെട്രോളിയം ഉത്‌പന്നങ്ങള്‍ കത്തിക്കുമ്പോള്‍ ഒരു കിലോ ഹരിത ഗൃഹ വാതകമാണ് പുറന്തള്ളപ്പെടുന്നത്. എര്‍ത്ത് അവര്‍ ആചരിക്കുന്നതിലൂടെ അന്തരീക്ഷത്തില്‍ എത്തുന്ന ഹരിത ഗൃഹ വാതകത്തിന്റെ അളവ് പ്രതിവര്‍ഷം 120 ലക്ഷം ടണ്‍ കുറയ്‌ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. 125 ലോക രാജ്യങ്ങളിലെ 2000 ത്തോളം പട്ടണങ്ങളിലെ നൂറു കോടി ജനങ്ങള്‍ എര്‍ത്ത് അവറില്‍ പങ്കാളികളാകും. ലണ്ടന്‍, ബെയ്‌ജിങ്, റോം, മോസ്‌കോ, ലോസ് ആഞ്‌ജലിസ്, റിയോ ഡി ജനൈറോ, ഹോങ്കോങ്, ദുബായ്, സിംഗപ്പൂര്‍, ആതന്‍സ്, ടൊറന്‍േറാ, സിഡ്‌നി, മെക്‌സിക്കോ സിറ്റി, ഇസ്‌താന്‍ബുള്‍, കോപ്പന്‍ ഹേഗന്‍, മനില, ലാസ്‌വേഗാസ്, ബ്രസല്‍സ്, കേപ്‌ടൗണ്‍, ഹെല്‍സിങ്കി എന്നിവ എര്‍ത്ത് അവറില്‍ പങ്കെടുക്കുന്ന മൂവായിരത്തോളം ലോക നഗരങ്ങളില്‍ ചിലതാണ്.
ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളും എര്‍ത്ത് അവര്‍ ആചരിക്കുവാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയൊട്ടാകെ 5 ലക്ഷം വിദ്യാര്‍ഥികള്‍ എര്‍ത്ത് അവര്‍ ആചരണത്തിന്റെ ഭാഗമായി ഒരു മണിക്കൂര്‍ വൈദ്യുത വിളക്കുകള്‍ കെടുത്തും എന്ന പ്രതിജ്ഞ എടുത്തു കഴിഞ്ഞു. കാര്‍ബണ്‍ നിര്‍ഗമനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയിലെ വ്യവസായ ലോകവും ഈ ഉദ്യമത്തില്‍ പങ്കെടുത്ത് പരിസ്ഥിതി സംരക്ഷണത്തില്‍ തങ്ങളുടെ പ്രതിജ്ഞാ ബദ്ധത വ്യക്തമാക്കും. ബോളിവുഡ് നദി വിദ്യാ ബാലന്‍ അടക്കം ഒട്ടേറെ പ്രശസ്തരും സിനിമാ താരങ്ങളും ലോകമെമ്പാടും ഈ പരിപാടിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
ആഗോള താപനത്തെ പറ്റി ഭരണാധിപന്മാര്‍, ശാസ്‌ത്രജ്ഞര്‍, പ്രകൃതി സ്‌നേഹികള്‍ എന്നിവരെ ബോധവത്‌കരിക്കാനും ആഗോള താപനം കുറയ്‌ക്കുന്നതിനുള്ള പ്രവര്‍ത്തന ങ്ങള്‍ക്കുമായി 2007-ല്‍ സിഡ്‌നിയിലാണ് എര്‍ത്ത് അവര്‍ ആരംഭിച്ചത്. മുന്‍ വര്‍ഷങ്ങളിലേക്കാളും ഇപ്പോള്‍ ജനങ്ങള്‍ ഇക്കാര്യങ്ങളില്‍ ബോധവാന്മാരാണെന്നും അതു കൊണ്ട് തന്നെ എല്ലാവരും ഇതിനോട് സഹകരിക്കുമെന്നുമാണ് എര്‍ത്ത് അവറിന്റെ ഉപജ്ഞാതാവായ ആന്റി റ്ഡ്‌ലി പറയുന്നത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: campaigns, electricity, global-warming, important-days